ആകാശദീപങ്ങളെ സാക്ഷി നിര്‍ത്തി അക്ഷരനക്ഷത്രം കോര്‍ത്ത ജപമാലയും കൈയിലേന്തി സംഗീതത്തിന്റെ ഹരിതവൃന്ദാവനത്തില് കൈക്കുടന്ന നിറയെ മധുരഗാനങ്ങളുമായി അയാള്‍ വന്നു. വിടപറഞ്ഞിട്ടും പിന്നെയും പിന്നെയും മലയാളികള്‍ ഗിരീഷ് പുത്തഞ്ചേരി എന്ന ക്യാവസുഗന്ധത്തിന്റെ തണലിലേക്ക് തലമുറകള്‍ തോറും ചേക്കേറിക്കൊണ്ടിരിക്കുന്നു. വളരെ ലളിതമായ വരികളിലൂടെ ആശയപ്പൊലിമയുള്ള ഗാനങ്ങളാണ് തൂലികയില്‍ പിറന്നത്. വാക്കുകള്‍ക്ക് വെളിച്ചവും തിളക്കവും കിലുക്കവും ആവോളമുണ്ടായിരുന്നു, അക്ഷരവും സംഗീതവും തമ്മില്‍ അഗാധമായി പ്രണയിച്ചിരുന്നു. ലാളിത്യത്തിന്റെ ലോലഭാവത്തില്‍ കാവ്യഗുണമുള്ള എത്രയോ എത്രയോ മധുരഗാനങ്ങള്‍ രചിച്ച ഗിരീഷ് പുത്തഞ്ചേരിയ്ക്ക് പ്രണയം മധുമഴയായി പൊഴിയുന്ന ആത്മബന്ധം നന്നായി അറിയാമായിരുന്നു. മലയാള സിനിമാഗാനശാഖയെ പുഴപോലെ ശക്തമായി ഒഴുകാന്‍ സഹായിച്ച ഗിരീഷ് പുത്തഞ്ചേരി വിട പറഞ്ഞിട്ട് ഫെബ്രുവരിയില്‍ പന്ത്രണ്ടു വര്‍ഷം തികയുന്നു. പുത്തഞ്ചേരിയുടെ ഒരു ഗാനമെങ്കിലും മൂളാതെ മലയാളിക്ക് ഒരു ദിവസം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. കവിയുടെ ഭൗതിക ശരീരം മാത്രമേ നമ്മെ വിട്ടു പിരിഞ്ഞിട്ടിള്ളു. അദ്ദേഹം സമ്മാനിച്ച കാവ്യസുഗന്ധം ഇപ്പോഴും ഇവിടെയൊക്കെത്തന്നെയുണ്ട്. ഗിരീഷ് പുത്തഞ്ചേരിക്കു മരണമില്ല. മറന്നിട്ടും മനസില്‍ തുളുമ്പുന്ന മൗനാനുരാഗം പോലെ. ഒരു യാത്രാമൊഴി പറഞ്ഞകന്നെങ്കിലും ഹൃദയം തഴുകി ഉണര്‍ത്തുന്ന പാട്ടുകള്‍ സമ്മാനിച്ച അദ്ദേഹം പിന്നെയും പിന്നെയും നമ്മുടെ മനസില്‍ പടികടന്നെത്തുന്ന പദനിസ്വനമാകും.
പുളിക്കൂല്‍ കൃഷ്ണപ്പണിക്കരുടെയും കര്‍ണാടക സംഗീത വിദൂഷിയായ മീനാക്ഷിയമ്മയുടേയും മകനായി 1961 മേയ് ഒന്നിന് കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയിലാണ് ഗിരീഷ് പുത്തഞ്ചേരിയുടെ ജനനം. സര്‍ക്കാര്‍ എ.എല്‍.പി.സ്കൂള്‍ പുത്തഞ്ചേരി, മൊടക്കല്ലൂര്‍ എ.യു.പി.സ്കൂള്‍, പാലോറ സെക്കന്‍ഡറി സ്കൂള്‍, ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളില്‍ പഠനം. പുത്തഞ്ചേരി ഗ്രാമത്തിലെ ബാലസംഘത്തിലെ സജീവ അംഗമായിരുന്ന ഗിരീഷ് ചെറിയ പ്രായത്തില്‍ തന്നെ എഴുത്തില്‍ ആകൃഷ്ടനായി. പിന്നീട് സാംസ്കാരിക കൂട്ടായ്മയായ ചെന്താര പുത്തഞ്ചേരിയുടെ സജീവ അംഗമായും പ്രവര്‍ത്തിച്ചു അന്ന് ചെന്താര കൂട്ടായ്മയുടെ നാടകങ്ങള്‍ രചിച്ചതും സംവിധാനം ചെയ്തതും അദ്ദേഹമായിരുന്നു. പതിനാലാം വയസില്‍ ആദ്യ കവിത ചെന്താരയുടെ മോചനം എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ചു. പഠനകാലത്ത് കോഴിക്കോട് ആകാശവാണി, എച്ച്.എംവി , തരംഗിണി എന്നി റെക്കോഡിംഗ് കമ്പനികള്‍ക്ക് വേണ്ടി ലളിത ഗാനങ്ങള്‍ എഴുതിക്കൊണ്ടാണ് ഈ രംഗത്തേക്കുള്ള ചുവടുവച്ചത്. 1989 ല്‍ എന്‍ക്വയറി എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രമേഖലയിലേക്കുകടന്ന ഗിരീഷ് പുത്തഞ്ചേരിയെന്ന ഗാനരചയിതാവിനെ ജനഹൃദയങ്ങള്അംഗീകരിച്ചത് 1992 ലാണ്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ജയരാജ് സംവിധാനം ചെയ്ത ജോണിവാക്കര്‍ എന്ന ചിത്രത്തിലെ ശാന്തമീ രാത്രിയില്‍ എന്ന ഗാനം ഏറെ ജനശ്രദ്ധ ഏറ്റുവാങ്ങിയതോടെ ഗിരീഷ് പുത്തഞ്ചേരിയുടെ കാലം തെളിയുകയായിരുന്നു. അതേ വര്‍ഷം തന്നെയായിരുന്നു തലസ്ഥാനത്തില്പൂക്കാലം പോയെല്ലോ എന്നു കാറ്റുപറഞ്ഞത് കേട്ട് മലയാളക്കര ഉണര്‍ന്നതും പ്രണയവും വിരഹവും ഭക്തിയും തുടങ്ങി മനുഷ്യമനസിന്റെ തീവ്രവികാരങ്ങളെ ഭാവതന്മയത്വത്തടെ ഗിരീഷ് വരികളാക്കി. വളരെ ലളിതമായ വരികളിലൂടെ ആശയപ്പൊലിമയുള്ള ഗാനങ്ങളാണ് ആ തൂലിക സമ്മാനിച്ചത്. ഒപ്പം പ്രണയാര്‍ദ്രവും. അക്ഷരനക്ഷത്രം കോര്‍ത്ത ജപമാല കൈയ്യിലേന്തി അഗ്നിദേവന് എത്തിയപ്പോള്‍ പുത്തഞ്ചേരിക്ക് 1995 ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം ആദ്യമായ് ലഭിച്ചു. എം.ജി രാധാകൃഷ്ണന്റെതായിരുന്നു സംഗീതം. വിദ്യാസാഗര്‍, എസ്.പി വെങ്കിടേഷ്, രവീന്ദ്രന് മാഷ്, ബേണി ഇഗ്നേഷ്യസ്, ഔസേപ്പച്ചന്, ജോണ്സണ്, എം.ജയചന്ദ്രന് തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകര്‍ക്കൊപ്പം ഗിരീഷ് പുത്തഞ്ചേരി പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊന്നില്‍ക്കുളിച്ചു നിന്ന ചന്ദ്രികാ വസന്തമായ് പുഴ കടന്നു മലയാളിയുടെ മനസില്‍ കാക്കക്കറുമ്പനായ് ഒരു കൂടുകൂട്ടാന്‍ പുത്തഞ്ചേരിക്ക് കഴിഞ്ഞു.
ഒത്തിരിയൊത്തിരി സ്വപ്നങ്ങളുമായ് പ്രണയവര്‍ണങ്ങള്‍ എത്തിയപ്പോള്‍ വിഗ്യാസാഗര്-പുത്തഞ്ചേരി കൂട്ടുകെട്ട് മനസിന്റെ മണ്‍വീണയില്‍ ആരോ വിരല്‍ മീട്ടിയതു പോലെ അനശ്വരമായി. അതേ വര്‍ഷം തന്നെയാണ് ഇരുവരുടെയും കൂട്ടുകെട്ടില്‍ സമ്മര്‍ ഇന്‍ ബത്ലഹിമില് ചൂളമടിച്ചു നടന്ന ചോലക്കുയില് വന്നതും മനസിനെ ആഴത്തില്‍ സ്പര്‍ശിച്ച് ഒരു രാത്രിയില്‍ വിടവാങ്ങിയതും. എത്രയോ ജന്മമായ് കണ്മണിയെ കാത്തിരുന്നു ഒടുവില്‍ കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്തു കൊണ്ടെത്തിച്ചപ്പോള്‍ 1997ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരവും പുത്തഞ്ചേരിയെത്തേടിയെത്തി.
ആറാം തമ്പുരാനില്‍ രവീന്ദ്രസംഗീതം കൂടിച്ചേര്‍ന്ന് ഹരിമുരളീരവമായി നമ്മെ കുളിരണിയിച്ച ഗാനം. രവീന്ദ്രസംഗീതത്തിന്റെ മാറ്റൊലിയില്‍ ഒരുപാട് അനശ്വരഗാനങ്ങള്‍ പുത്തഞ്ചേരിയുടെ തൂലിക സമ്മാനിച്ചിട്ടുണ്ട്. മൂവന്തിതാഴ് വരയില്‍ വെന്തുരുകുന്ന വിണ്സൂര്യനെ വര്‍ണ്ണിച്ച്, മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുപോലെ ഹൃദയത്തെ സ്പര്‍ശിച്ച കന്മദം, മനസ്സിന് മണിച്ചിമിഴില്‍ ദീനദയാലോ രാമാ പാടിച്ച അരയന്നങ്ങളുടെ വീട്, മനസ്സില്‍ മിഥുനമഴ പെയ്യിച്ച നന്ദനം, എന്തേ മുല്ലേ പൂക്കാത്തൂ എന്നു ചോദിച്ച പഞ്ചലോഹം തുടങ്ങി കളഭത്തിനൊപ്പം വടക്കുംനാഥന് മനസും സമര്‍പ്പിച്ച് നീളുന്നു. എം.ജയചന്ദ്രനൊപ്പം അമ്മമഴക്കാറിനെ കണ്നിറയിച്ചും ഉറങ്ങാതെ രാവുറങ്ങാതെ രാവുകള്‍ സമ്മാനിച്ചും കണ്ണുനട്ട് സംഗീതാസ്വാദകരെ തന്റെ തൂലികയിലേക്ക് ഗിരീഷ് പുത്തഞ്ചേരി ആകര്‍ഷിച്ചുകൊണ്ടിരുന്നു. 344 ചിത്രങ്ങളിലായി 1600ലേറെ ഗാനങ്ങള്‍ ഗിരീഷ് പുത്തഞ്ചേരി രചിച്ചു. അതിനുപുറമെ നിരവധി ലളിതഗാനങ്ങളും കവിതകളും ആ തൂലികയില്‍ പിറന്നു.
ഏഴ് തവണയാണ് കാവ്യഗന്ധര്വനെ തേടി സംസ്ഥാന പുരസ്കാരം എത്തിയത്. 2004ല്‍ കഥാവിശേഷനിലാണ് അവസാനമായി പുരസ്കാര നിറവിലെത്തിയത്. മേലേപറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തിന് കഥയും വടക്കുനാഥന്, പല്ലാവൂര്‍ ദേവനാരായണന്, കിന്നരിപ്പുഴയോരം എന്നി ചിത്രങ്ങള്‍ക്ക് തിരക്കഥയും രചിച്ചു. അവസാനകാലത്ത് സ്വന്തം തിരക്കഥയില്‍ രാമന് പൊലീസ് എന്ന പേരില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. ഗിരീഷ് പുത്തഞ്ചേരിക്കു മരണമില്ല. മറന്നിട്ടും മനസില്‍ തുളുമ്പുന്ന മൗനാനുരാഗം പോലെ. മനസില്‍ കുളിരുകോരുന്ന ഗ്രാമഫോണ്‍ പോലെ ഒരേ കടലില്‍ നീറുന്ന പ്രണയസന്ധ്യയുടെ വിരഹവേദന പോലെ.