ജനാധിപത്യത്തിന്റെ ഉത്സവമായ തിരഞ്ഞെടുപ്പ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ വഴിനീളെ സ്ഥാനാര്‍ത്ഥികളുടെ ചിരിച്ച മുഖങ്ങളാണ് മനസിലേക്ക് ആദ്യം ഓടിയെത്തുന്നത്. മതിലിലും മരത്തിലും നാല്‍കവലയിലും എന്നു വേണ്ട കണ്‍വെട്ടമെത്തു ഏതു സ്ഥലത്തും മുഖങ്ങള്‍ മാത്രം. പലഭാവത്തില്‍ പലവേഷത്തില്‍ നിറങ്ങളില്‍ ഓരോ സ്ഥാനാര്‍ത്ഥികളും നമ്മുടെയുള്ളില്‍ അടയാളപ്പെടുത്തി കൊണ്ടിരിക്കുന്നു. ആശങ്ങള്‍, വാഗ്ദാനങ്ങള്‍ എന്നിവയെക്കാള്‍ ഉപരി സ്വന്തം മുഖം തന്നെയാണ് പ്രചാരണ ആയുധമായി ഓരോരുത്തരും ഉപയോഗിക്കുന്നത്. പത്രത്തിലും ചാനലുകളിലും സൂര്യനെക്കാള്‍ ജ്വലിച്ച മുഖം വരണമെന്ന് ആഗ്രഹിക്കുന്നവരാണ് സ്ഥാനാര്‍ത്ഥികളെല്ലാം. മുഖംമറച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി വിജയിച്ച അപൂര്‍വ വ്യക്തിയാണ് പിയേറ ആയേലോ എന്ന ഇറ്റാലിയന്‍ പെണ്‍കരുത്ത്. ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാകണം മുഖംമറച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ഒരു സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്.
ഇറ്റലിയിലെ പൊതുതിരഞ്ഞെടുപ്പില്‍ ഫൈവ് സ്റ്റാര്‍ മൂവ്മെന്റ് എന്ന പുതുതലമുറ പാര്‍ട്ടിയുടെ പ്രതിനിധിയായി മത്സരിച്ച് വിജയിച്ച പിയേറയുടെ മുഖം ഒരിക്കല്‍ പോലും വോട്ടര്‍മാര്‍ കണ്ടിട്ടില്ല. തിരഞ്ഞെടുപ്പ് സംവാദ വേളകളിലെല്ലാം പിയേറ പ്രത്യക്ഷപ്പെട്ടത് കറുത്ത സ്‌കാര്‍ഫ് കൊണ്ട് മുഖംമറച്ചാണ്. പ്രസംഗങ്ങള്‍ക്ക് മുമ്പ് ആമുഖമായി പിയേറ അപേക്ഷിക്കും ദയവു ചെയ്ത് ആരും എന്റെ ചിത്രങ്ങള്‍ പകര്‍ത്തരുത്. നേരിട്ട ദുരിതങ്ങളോടുള്ള ഭയം കൊണ്ടാണ് അവര്‍ തന്റെ മുഖം മറച്ചുപിടിച്ചത്. കാണാമറയത്തെ തോക്കിന്‍ മുനകള്‍ക്ക് മുന്നിലൂടെയാണ് പിയേറയുടെ ഓരോ ദിനവും കടുപോകുന്നത്. ഏതുനിമിഷവും ഒരു വെടിയുണ്ട ജീവിനെടുത്ത് ചീറിപ്പാഞ്ഞുപോയേക്കാം എന്ന ഭയം അവര്‍ക്കുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ കൊണ്ടു തന്നെയാണ് തിരഞ്ഞെടുപ്പില്‍ പിയേറയ്ക്ക് മുഖം ഒളിപ്പിച്ചുവയ്ക്കേണ്ടിവന്നത്. പിന്നെ എന്തുകൊണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരമുണ്ട് പിയോറയുടെ കൈയില്‍. കൃത്യമായ രാഷ്ട്രീയ നിലപാടും പ്രതിസന്ധികളില്‍ തളരാത്ത ഉറച്ചൊരു മനസു കൂടെയുള്ളതു കൊണ്ടാണ് മുഖം മറച്ചുള്ള ഈ പോരട്ടത്തിന് അന്‍പത്തിമൂന്നുകാരിയായ പിയേറ ഇറങ്ങിതിരിച്ചത്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ആരംഭിച്ച സിസിലിയന്‍ മാഫിയക്ക് എതിരെ പോരാടനാണ് ജനാധിപത്യത്തിന്റെ വഴി പിയേറ തിരഞ്ഞെടുത്തത്. ഇറ്റലി, ജര്‍മ്മി, അമേരിക്ക, ക്യാനഡ എന്നി രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് മയക്കമരുന്ന് കടത്തും കൊലപാതകവുമടക്കം നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാഫിയയാണ് സിസിലിയന്‍. 1991 ല്‍ മാഫിയാ സംഘം നിയോഗിച്ച രണ്ടുപേര്‍ പിയേറയുടെ ഭര്‍ത്താവിനെ കണ്‍മുന്നിലിട്ട് വെടിവച്ചു കൊന്നു. അതിനു ശേഷമാണ് പിയേറ ഹിറ്റ് ലിസ്റ്റിലായത്. അന്നുമുതല്‍ തുടങ്ങിയതാണ് ഒളിഞ്ഞും തെളിഞ്ഞുമുള്ള ജീവിതം. നിരാശയിലും ആത്മഹത്യയിലും ജീവിതം ഹോമിക്കാതെ മാഫിയക്കെതിരെ പോരാടാനായിരുന്നു ആ ധീരവനിതയുടെ തീരുമാനം.
ട്രപ്പാനി പ്രവിശ്യയിലെ പാര്‍ടാ പട്ടണത്തിലാണ് പിയോ ജനിച്ചത്. പതിനാലാമത്തെ വയസില്‍ അവിചാരിതമായി നിക്കോളോ എന്ന യുവാവിനെ കണ്ടുമുട്ടി. കണ്ടമാത്രയില്‍ തന്നെ അവന് പിയേറയോട് പ്രണയം തോന്നി. സിസിലിയന്‍ മാഫിയാ തലവന്‍ വിറ്റോ ആട്രിയയുടെ മകനായിരുന്നു നിക്കോളോ. പെട്ടെന്നൊരു ദിവസം അമ്പരപ്പിച്ചുകൊണ്ട് വിറ്റോ ആട്രിയ പിയോറയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് മകനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടു. ഇതനുസരിച്ചില്ലെങ്കില്‍ കുടുംബത്തെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. വെറേ വഴിയില്ലാതെ ഒരിറ്റു സ്നേഹം പോലും തോന്നാത്ത നിക്കോളോയെ പിയേറയ്ക്ക് വിവാഹം കഴിക്കേണ്ടി വന്നു. ഒരുപാട് പീഡനങ്ങള്‍ സഹിച്ചാണ് പിയേറ മാഫിയ തലവന്റെ മകന്റെയൊപ്പം കഴിഞ്ഞത്. 1985 ല്‍ ഭര്‍തൃപിതാവ് വിറ്റോ വെടിയേറ്റു മരിച്ചമതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. പിതാവിനെ കൊന്നതില്‍ പ്രതികാരം ചെയ്യുമെന്ന് മകന്‍ നിക്കോള ദൃഢപ്രതിജ്ഞ ചെയ്തു. ഈ നീക്കം മനസിലാക്കിയ ശത്രുക്കള്‍ നിക്കോളിന്റെ പേരിനു മീതെയും ചുവമഷി കോറിയിട്ടു കഴിഞ്ഞിരുന്നു. പിയേറയുമൊത്ത് ഒരു പിസാ കേന്ദ്രത്തില്‍ ചെലവഴിക്കുതിനിടെയാണ് കൊലയാളികള്‍ കടന്നുവന്നത്. നിക്കോളിന്റെ കണ്ണുകളിലേക്ക് നോക്കിത്തന്നെ അവര്‍ വെടിയുതിര്‍ത്തു. ഇരുപത്തിയേഴുകാരനായ നിക്കോളോ പിയോറോയുടെ കൈകളിലേക്ക് ചോരപ്പുഴയായി കുത്തിയൊഴുകി മരണത്തിന് കീഴടങ്ങി. മരണത്തിന് ദൃക്സാക്ഷിയാകേണ്ടിവതിന്റെ അപകടം മണത്ത പിയേറ പിറ്റേന്നുതന്നെ മൂന്നു വയസുകാരി മകളുമായി പാര്‍ടായില്‍ നിന്ന് രക്ഷപ്പെട്ടു. പിന്നില്‍ മരണം വേട്ടയാടുമ്പോഴും മുന്നോട്ട് പോരാടാനായിരുന്നു പിയേറയുടെ തീരുമാനം. സിസിലായുടെ തലസ്ഥാനമായ പലേര്‍മോയിലെ മജിസ്ട്രേറ്റ് പൗലോ ബോര്‍സെല്ലിനോയാണ് അവള്‍ക്ക് അഭയം നല്‍കിയത്. മാഫിയാകള്‍ക്ക് എതിരെയുള്ള പോരാട്ടത്തിന് അദ്ദേഹം പിയേറയ്ക്ക് ധൈര്യം നല്‍കി. പിന്നീടുള്ള അജ്ഞാതവാസക്കാലത്ത് മാഫിയയ്ക്കെതിരെ എങ്ങനെ പോരാടം എന്നതു മാത്രമായി പിയേറയുടെ ചിന്ത. അതിനുള്ള പദ്ധതികളും ആവിഷ്‌കരിച്ചു തുടങ്ങി.
പോരാട്ടത്തിന്റെ തുടക്കമെന്നോണം ഭര്‍ത്താവിന്റെ മാഫിയാ കുടുംബത്തിന്റെ മുഴുവന്‍ വിവരങ്ങളും പോലീസിന് കൈമാറി. നിയമവിരുദ്ധമായി ചെയ്യുന്ന പ്രവൃത്തികളും അതിന്റെ രേഖകളും അതില്‍ ഉള്‍പ്പെടുന്നു. ഇതേ തുടര്‍ന്ന് സംഘങ്ങളിലെ നിരവധിപേര്‍ ജയിലിലായി. ഒടുവില്‍ അഭയം നല്‍കിയ പൗലോയെ ബോംബെറിഞ്ഞു കൊന്ന് പിയേറയെ തളര്‍ത്താമെന്ന മാഫിയയുടെ നീക്കവും വിലപ്പോയില്ല.പൂര്‍വാധികം ശക്തിയോടെ അവര്‍ പോരാട്ടം മുന്നോച്ച് നയിച്ചു. മാഫിയകള്‍ക്ക് എതിരായി സാക്ഷിയാകേണ്ടി വന്ന സ്ത്രീക്കു മുന്നില്‍ വെല്ലുവിളികളുടെ കോട്ടമതിലുകളാണ് ഇതോടെ രൂപപ്പെട്ടത്. മകളോ സ്‌കൂളില്‍ ചേര്‍ക്കാന്‍പോലും കഴിയാത്ത അവസ്ഥയുണ്ടായി പിയേറയ്ക്ക്, എങ്കിലും അവര്‍ തളര്‍ന്നില്ല. മാഫിയകള്‍ക്ക് എതിരേ തെളിവുകള്‍ നല്‍കിയതിന്റെ പേരില്‍ തെരുവിലാക്കപ്പെട്ടവരുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ജനപിന്തുണയേറി. മാഫിയ്ക്കും അഴിമതിക്കും എതിരേ പോരാടുന്നവരെ രാജ്യം ഒറ്റപ്പെടാതിരിക്കാനുള്ള പോരാട്ടമാണ് എന്റേത് എന്നതായിരുന്നു പിയേറയുടെ നിലപാട്. ഇതിനു വേണ്ടിയാണ് ജനാധിപത്യത്തിന്റെ പാതയില്‍ പോരാടാന്‍ തീരുമാനിച്ചത്. 2019ല്‍ ബി.ബി.സിയുടെ ലോകത്തെ മികച്ച നൂറു വനിതകളുടെ പട്ടികയില്‍ പിയേറയും ഇടം പിടിച്ചു.