രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിരോഷിമയില്‍ അണുബോംബ് വീഴുമ്പോള്‍ രണ്ടു വയസുകാരിയായ സഡാക്കോ സസാക്കി സംഭവ സ്ഥലത്തു നിന്നും രണ്ട് കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു. ഏകദേശം മുഴുവന്‍ അയല്‍വാസികളും മരിച്ചെങ്കിലും അവള്‍ക്ക് പ്രത്യക്ഷത്തില്‍ പരിക്കുകളൊന്നുമില്ലായിരുന്നു. ഏഴാം ക്ലസില്‍ പഠിക്കുമ്പോള്‍ റിലേ മത്സരത്തില്‍ ഒന്നാമതെത്തി വിശ്രമിക്കുമ്പോള്‍ അവള്‍ക്ക് വല്ലാതെ തളര്‍ച്ച അനുഭവപ്പെട്ടു. പിന്നീട് ഈ തളര്‍ച്ച പലപ്പോഴായി ആവര്‍ത്തിച്ചു. ഒരു ദിവസം സ്‌കൂളില്‍ തളര്‍ന്നു വീണ സഡാക്കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴാണ് അവള്‍ക്ക് ലുക്കീമിയ എന്ന ബ്ലഡ് കാന്‍സര്‍ പിടിപെട്ട വിവരമറിയുന്നത്. അണുബോംബിന്റെ പാര്‍ശ്വ ഫലങ്ങളിലൊന്നായാണ് ഈ രോഗം അറിയപ്പെടുന്നത്. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ തീവ്രമായി ആഗ്രഹിച്ച അവളെ കാണാന്‍ ഒരുദിവസം ചിസുകെ എന്ന സുഹൃത്ത് എത്തി. കുറച്ച് ഫോള്‍ഡിംഗ് പേപ്പറുമായിട്ടാണ് ചിസുകെയുടെ വരവ്. ജാപ്പനീസ് വിശ്വാസമനുസരിച്ച് ആയിരം പേപ്പര്‍ കൊക്കുകളെ നിര്‍മ്മിച്ചാല്‍ രോഗം സുഖപ്പെടുമെന്നാണ്. എന്നാല്‍ 644 എണ്ണമായപ്പോഴേയ്ക്കും സഡാക്കോ യാത്രയായി.
ലോകപ്രശസ്തമായ ജാപ്പനീസ് കലയും വിനോദവുമായ ഒറിഗാമിയെക്കുറിച്ച് പറയുമ്പോള്‍ ഡഡാക്കോ എന്നും നൊമ്പരമുള്ള ഒരു ഓര്‍മയാണ്. കടലാസുകള്‍ മടക്കി വിവിധ രൂപങ്ങള്‍ സൃഷ്ടിക്കുന്ന വിസ്മയ കലയാണ് ഒറിഗാമി. മടക്കല്‍ എന്നര്‍ത്ഥമുള്ള ഒറു, കടലാസ് എന്നര്‍ത്ഥമുള്ള കാമി എന്നീ ജാപ്പനീസ് വാക്കുകളില്‍ നിന്നാണ് ഒറിഗാമി എന്ന പദം രൂപപ്പെട്ടത്. ഡഡാക്കോവിന്റെ ഓര്‍മയ്ക്കായി വര്‍ഷം തോറും നിര്‍മ്മിക്കപ്പെടുന്ന സുഡോകു എന്ന കൊക്കു രൂപം ലോകവ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഒരു കടലാസ് മുറിക്കാതെയോ ഒട്ടിക്കാതെയോ വസ്തുക്കളുടെ രൂപങ്ങള്‍ വിവിധ ജ്യാമിതീയ രീതികളില്‍ മടക്കി മാത്രം സൃഷ്ടിക്കുക എന്നതാണ് ഈ കലാരൂപത്തിന്റെ അടിസ്ഥാനം. സാധാരണ ഒറിഗാമിയില്‍ മടക്കുകളുടെ എണ്ണം കുറവായിരിക്കും. പക്ഷേ ഈ മടക്കുകളെ വിവിധങ്ങളായ രീതിയില്‍ സംജോജിപ്പിച്ച് സങ്കീര്‍ണമായ രൂപങ്ങള്‍ സൃഷ്ടിക്കുന്നു. ഒറിഗാമിയില്‍ ഉപയോഗിക്കുന്ന കടലാസിനു സമചതുരത്തിലുള്ളതും വശങ്ങള്‍ വിവിധങ്ങളായ വര്‍ണങ്ങളോടു കൂടിയവയുമായിരിക്കും. നാം ചെറുപ്പത്തില്‍ പേപ്പറുകൊണ്ടാക്കിയ വള്ളവും വിമാനവും തവളയുമൊക്കെ ഒറിഗാമികള്‍ തന്നെയായിരുന്നു !!.
ഒറിഗാമിയുടെ ചരിത്രം
ഒറിഗാമിയുടെ ഉത്ഭവത്തെക്കുറിച്ച് നിരവധി വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആധുനിക ഒറിഗാമിയുടെ ഉത്ഭവം ജപ്പാനില്‍ നിന്നാണെന്നാണ് വിലയിരുത്തല്‍. നേരത്തെ തന്നെ കടലാസുകള്‍ മടക്കിയുണ്ടാക്കുന്ന കല ചൈന, ജര്‍മ്മനി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലും നിലനിന്നിരുന്നു. ഇതുവരെ ലഭ്യമായിട്ടുള്ളതില്‍ വെച്ച് ഏറ്റവും പഴക്കമേറിയ ഒറിഗാമിയെക്കുറിച്ചുള്ള പരാമര്‍ശം ലഭിച്ചിട്ടുള്ളത് 1680ല്‍ ഇഹറ സായ്ക്കാക്കു എഴുതിയ ഹ്രസ്വകവിതയിലാണ്. സ്വപ്നത്തില്‍ കടലാസു പൂമ്പാറ്റകള്‍ വരുന്നതായിരുന്നു പരാമര്‍ശം. കുട്ടികള്‍ക്ക് പഠിക്കാനുള്ള എളുപ്പത്തിനാണ് ഒറിഗാമി എന്ന പേര് നല്‍കിയതെന്നും അനുമാനമുണ്ട്.
ചൈനയിലും യൂറോപ്പിലും ഒറിഗാമിക്ക് വേരുകളുണ്ട്. പരമ്പരാഗത ഒറിഗമിയില്‍ ഒരു ചതുരക്കടലാസ് (പലപ്പോഴും നിറമുള്ള വശത്തോടുകൂടിയ) ഒരു ശില്പത്തിലേക്ക് മുറിക്കുകയോ ഒട്ടിക്കുകയോ ടാപ്പു ചെയ്യുകയോ അടയാളപ്പെടുത്തുകയോ ചെയ്യാതെ മടക്കിക്കളയുന്നു. ഒറിഗാമിയെ ഇന്നത്തെ നിലയിലെത്തിക്കാന്‍ പല രാജ്യങ്ങളില്‍ നിന്നുള്ള സംഭാവന സഹായിച്ചിട്ടുണ്ട്. എ.ഡി. 105 ആണ് ചൈനയില്‍ പേപ്പര്‍ കണ്ടുപിടിച്ചത്. എ.ഡി 900 ആയപ്പോഴേക്കും പരമ്പരാഗത ചൈനീസ് ശവസംസ്‌കാര ചടങ്ങുകളില്‍ സ്വര്‍ണ- മഞ്ഞ കടലാസ് മടക്കിക്കൊണ്ട് പെട്ടെന്നുണ്ടാക്കുന്ന ആഭരണങ്ങള്‍ ചടങ്ങിന്റെ അവസാനം തീയിലേക്ക് വലിച്ചെറിയുന്ന രീതിയുണ്ടായിരുന്നു. ആധുനിക ജാപ്പനീസ് ഒറിഗാമിയുമായി ഏറെ സാമ്യമുള്ളതായിരുന്നു ഈ ചടങ്ങ്.
ആറാം നൂറ്റാണ്ടിലാണ് ജാപ്പനീസ് ആദ്യമായി പേപ്പര്‍ ഉപയോഗിച്ചത്. മറ്റ് സംസ്‌കാരങ്ങള്‍ വിവിധ രൂപത്തിലുള്ള പേപ്പര്‍ മടക്കുകളില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും കലാപരമായ സാധ്യതകള്‍ ആദ്യമായി കണ്ടെത്തിയത് ജാപ്പന്‍ ആണ്. ഈ സമയത്ത്, പേപ്പര്‍ മടക്കാനുള്ള പരിശീലനം ഷിന്റോ മതാചാരമായി ഉയര്‍ന്നുവന്നു. ജപ്പാനിലെ എഡോ പിരീഡ് (1603 – 1868) വരെ ഒറിഗാമിയെ ഒരു ഉല്ലാസ പ്രവര്‍ത്തനമായും കലാരൂപമായും കണ്ടിരുന്നു. പൂക്കള്‍, പക്ഷികള്‍, പ്രകൃതി അടിസ്ഥാനമാക്കിയുള്ള മറ്റ് രൂപങ്ങള്‍ ആ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടതായി കരുതപ്പെടുന്നു. ഒറിഗാമിയെ തുടക്കത്തില്‍ അറിയപ്പെട്ടിരുന്നത് ഒറികാറ്റ (മടക്കിവെച്ച രൂപങ്ങള്‍) എന്നാണ്. 1880കളില്‍ ഈ കരകൗശല വിരുത് ഒറിഗാമി എന്നറിയപ്പെട്ടു തുടങ്ങി.
യൂറോപ്പില്‍ 17ാം നൂറ്റാണ്ടില്‍ പ്രചാരത്തിലുണ്ടായിരുന്ന തൂവാല മടക്കലില്‍ നിന്ന് ഉണ്ടായതാണ് ഒറിഗാമി എന്നും വാദമുണ്ട്. ആദ്യകാലത്ത് ഒറിഗാമി വരേണ്യവര്‍ഗത്തിന് മാത്രമുള്ള ഒരു കരകൗശലമായിരുന്നു. ജാപ്പനീസ് സന്യാസിമാര്‍ മതപരമായ ആവശ്യങ്ങള്‍ക്കായി ഒറിഗാമി കണക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ജാപ്പനീസ് ദമ്പതികളുടെ വിവാഹസല്‍ക്കാരത്തില്‍ പേപ്പര്‍ ചിത്രശലഭങ്ങളെ മടക്കിക്കളയുന്ന രീതി പോലുള്ള ഓപപചാരിക ചടങ്ങുകളിലും ഒറിഗാമി പ്രത്യക്ഷപ്പെട്ടിരുന്നു. ആത്മാര്‍ത്ഥതയുടെയും വിശുദ്ധിയുടെയും പ്രതീകമായി ചില ചടങ്ങുകളില്‍ മടക്കിവെച്ച പേപ്പര്‍ ഗിഫ്റ്റുകള്‍ ഉപയോഗിച്ചു. വിലയേറിയ സമ്മാനത്തോടൊപ്പമുള്ള മടക്കിവെച്ച കടലാസായ സുക്കി, ആചാരപരമായ പേപ്പര്‍ മടക്കാനുള്ള മറ്റൊരു ഉദാഹരണമാണ്. പേപ്പറിന്റെ വില സാധാരണക്കാര്‍ക്ക് കൂടി താങ്ങന്‍ സാധിച്ചതോടെ അവരുടെ കത്തിടപാടുകള്‍ക്കായി മടക്കിവെച്ച കാര്‍ഡുകളും എന്‍വലപ്പുകളും സൃഷ്ടിക്കാന്‍ തുടങ്ങി. മടക്ക പ്രക്രിയയില്‍ ഗണിതശാസ്ത്ര പഠനത്തിന് പ്രസക്തമായ നിരവധി ആശയങ്ങള്‍ ഉള്‍പ്പെടുന്നതിനാല്‍ ഒറിഗാമി ഒരു വിദ്യാഭ്യാസ ഉപകരണമായി മാറി. ഒറിഗാമിയെക്കുറിച്ചുള്ള ആദ്യത്തെ പുസ്തകം അക്കിസാറ്റോ റിറ്റോ എഴുതിയ സെംബാസുരു ഓറികാറ്റ (ആയിരം ക്രെയിന്‍ മടക്കിക്കളയല്‍) 1797 ല്‍ പ്രസിദ്ധീകരിച്ചു.
‘ഒറിഗാമിയുടെ ഗ്രാന്‍ഡ് മാസ്റ്റര്‍ ‘ എന്നാണ് അക്കിര യോഷിസാവ അറിയപ്പെടുന്നത്. 1911 ല്‍ ജനിച്ച അദ്ദേഹം കുട്ടിക്കാലത്ത് ഒറിഗാമി പഠിച്ചു. 1954 ല്‍ യോഷിസാവ അറ്റരാഷി ഒറിഗാമി ഗൈജുത്സു (പുതിയ ഒറിഗാമി ആര്‍ട്ട്) പ്രസിദ്ധീകരിച്ചു. തന്റെ ജീവിതകാലം മുഴുവന്‍ ജപ്പാനിലെ ഒരു സാംസ്‌കാരിക അംബാസഡറായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ഒറിഗാമി സങ്കേതങ്ങളെക്കുറിച്ച് ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ കൂടുതല്‍ അവബോധം കൊണ്ടുവരാനും അദ്ദേഹത്തിനായി.
ഒറിഗാമിയില്‍ തുടക്കത്തില്‍ കട്ടിംഗ് അല്ലെങ്കില്‍ ഒട്ടിക്കല്‍ അനുവദിച്ചില്ല. എന്നാല്‍ അന്തിമ രൂപകല്‍പ്പനയ്ക്ക് കൂടുതല്‍ സ്ഥിരത നല്‍കുന്നതിന് ഏതെങ്കിലും തരത്തിലുള്ള കട്ടിംഗ് ഉള്‍പ്പെടുന്ന മാറ്റങ്ങള്‍ ഇന്ന് പരീക്ഷിക്കുന്നുണ്ട്. ഒറിഗാമി വിനോദം എന്നതിലുപരി പലരുടെയും ജീവിത മാര്‍ഗം കൂടിയാണ്. കടലാസ് ഉപയോഗിച്ചു നിര്‍മിക്കുന്ന അലങ്കാര പുഷ്പ്പങ്ങളും, ക്രിസ്തുമസ് നക്ഷത്രങ്ങളും, പേപ്പറില്‍ നിര്‍മ്മിക്കുന്ന ഷോപ്പിംഗ് ബാഗുകളും ലക്ഷക്കണക്കിനു രൂപയുടെ കച്ചവടം നടക്കുന്ന നിര്‍മാണ, വ്യാപാര മേഖലകളാണ്.