വനിതാ മാധ്യമ പ്രവർത്തകരുടെ വീടുകളിൽപ്പോലും റെയ്ഡ് നടത്തുകയും കട്ടവനെ കിട്ടിയില്ലങ്കിൽ കിട്ടിയവനെ പ്രതിയാക്കുകയും ചെയ്യുന്ന പോലീസ് നടപടികളിൽ ഓൺലൈൻ മീഡിയ പ്രസ് ക്ലബ് എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഒളിവിലെ പ്രതിയെ പിടിക്കാൻ പൊലീസിന് കഴിയാതെ വന്നാൽ അയാൾ നടത്തുന്ന സ്ഥാപനം പൂട്ടിക്കുന്നതും അവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഫോണുകൾ കസ്റ്റഡിയിൽ എടുക്കുന്നതും അന്യായമാണ്. ‘മറുനാടന്‍ മലയാളി’യില്‍ ജോലിചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്ന പോലീസ് നടപടി കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതെന്ന കേരളത്തിലെ പത്രപ്രവര്‍ത്തക യൂണിയനുകളുടെ നിലപാടിനോട് ഓ എം പി സി പൂർണ യോജിപ്പ് രേഖപ്പെടുത്തി.
“മറുനാടന്‍ മലയാളി’ക്കും അതിന്റെ ഉടമ ഷാജന്‍ സ്‌കറിയക്കുമെതിരെ കേസുണ്ടെങ്കില്‍ അന്വേഷണം നടത്തുകയും കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കുകയും വേണമെന്ന് തന്നെയാണ് ഓ എം പി സിയുടെയും നിലപാട്. ‘മറുനാടന്‍ മലയാളി’യുടെ മാധ്യമ രീതിയോട് യോജിപ്പില്ല, എന്നാല്‍ ഉടമയ്ക്ക് എതിരായ കേസിന്റെ പേരില്‍ അവിടെ തൊഴില്‍ എടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെയാകെ വീടുകളില്‍ റെയ്ഡ് നടത്തുന്നത് പ്രതിഷേധാര്‍ഹമാണെന്നും ജില്ലാ കമ്മിറ്റിയുടെ പത്രക്കുറിപ്പിൽ പറയുന്നു.