കൊവിഡ് 19 മഹാമാരിയില്‍ സകലമേഖലയും കിതച്ചപ്പോള്‍ ഓണ്‍ലൈന്‍ വിപണി ടോപ് ഗിയറിലായിരുന്നു. ഈ കാലഘട്ടത്തില്‍ അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് ഒ.ടി.ടി (ഓവര്‍ ദി ടോപ്പ്) പ്ലാറ്റ്‌ഫോമുകള്‍ സ്വന്തമാക്കിയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് തിയേറ്ററുകള്‍ അടക്കം അടഞ്ഞു കിടന്നതോടെ ഒ.ടി.ടി വഴിയായിരുന്നു സിനിമയുടെ റിലീസുകള്‍ നടന്നത്. ഇതിനു പുറമെ നിരവധി സീരിസുകളും പ്ലാറ്റ്‌ഫോമുകളില്‍ നിറഞ്ഞു. ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ ആഗോള തലത്തില്‍ ഏറ്റവും അധികം സബ്സൈക്രൈബേഴ്സ് ഉള്ളത് നെറ്റ്ഫ്ലിക്സിനാണ്. 1997ല്‍ അമേരിക്കയിലാണ് നെറ്റ്ഫ്‌ളിക്‌സിന്റെ പിറവി. 2013 ല്‍ ഹൗസ് ഓഫ് കാര്‍ഡ്സ് എന്ന പരമ്പര നിര്‍മിച്ചുകൊണ്ട് ചലച്ചിത്ര ടെലിവിഷന്‍ നിര്‍മ്മാണ മേഖലയിലേക്ക് നെറ്റ്ഫ്‌ലിക്‌സ് കടന്നത്. തുടര്‍ന്ന് ധാരാളം ചലച്ചിത്രങ്ങളും പരമ്പരകളും നെറ്റ്ഫ്‌ലിക്‌സ് ഒറിജിനല്‍ എന്ന പേരില്‍ അവതരിപ്പിച്ചു. 2018ല്‍ ആരംഭിച്ച ജെഫ് ബസോസിന്റെ ആമസോണ്‍ പ്രൈം നെറ്റ്ഫ്‌ളിക്‌സിന്റെ പ്രധാന എതിരാളി. ഇന്ത്യയിലും ഇപ്പോള്‍ നെറ്റ്ഫ്ലിക്സും പ്രൈമും തമ്മിലാണ് കടുത്ത മത്സരം. ഓരോ മേഖലകള്‍ കേന്ദ്രീകരിച്ചാണ് നെറ്റ്ഫ്ലിക്സിന്റെ വളര്‍ച്ച. ദക്ഷിണ കൊറിയയാണ് അവര്‍ ഇപ്പോള്‍ ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യം. അഞ്ഞൂറ് ദശലക്ഷം ഡോളര്‍ ആണ് പുതിയതായി ഇവര്‍ ചെലവഴിക്കാന്‍ പോകുന്നത്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഏതാണ്ട് 3,657 കോടി രൂപ വരും ഇത്. 2016 ല്‍ ലോഞ്ച് ചെയ്തതിന് ശേഷം ഇതുവരെ ഏതാണ്ട് 700 ദശലക്ഷം ഡോളര്‍ ആണ് കമ്പനി ഇവിടെ മാത്രം നിക്ഷേപിച്ചിട്ടുള്ളത്. അഞ്ച് വര്‍ഷം കൊണ്ട് 5,134 കോടി രൂപ ചെലവിടാന്‍ മാത്രം വലുതാണോ ദക്ഷിണ കൊറിയന്‍ വിപണി എന്ന സംശയവും പലരും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇക്കാലത്തിനിടെ എണ്‍പതിയില്‍ പരം ഒറിജിനല്‍ സീരിസുകളും സിനിമകളും ആണ് ദക്ഷിണ കൊറിയയില്‍ മാത്രം നെറ്റ്ഫ്ലിക്സ് നിര്‍മിച്ചത്. നെറ്റ്ഫ്ലിക്സിനെ പോലെയുള്ള ആഗോള ഒ.ടി.ടി ഭീമനെ സംബന്ധിച്ച് ഇപ്പോഴും ഏഷ്യ അവരുടെ ഏറ്റവും ചെറിയ വിപണിയാണ്. നെറ്റ്ഫ്ലിക്സിന് ഏറ്റവും അധികം സംബ്സ്‌ക്രൈബേഴ്സുള്ളത് നോര്‍ത്ത് അമേരിക്കയിലാണ്. തൊട്ടുപിറികല്‍ ലാറ്റിന്‍ അമേരിക്കയും യൂറോപ്പും ആണ്. ഏഷ്യയിലും ശക്തമായ സാന്നിധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദക്ഷിണ കൊറിയയില്‍ നെറ്റ്ഫ്ലിക്സ് വലിയ നിക്ഷേപം നടത്തുന്നത്. ഏഷ്യയില്‍ ഉപയോക്താക്കളുടെ എണ്ണം കൂട്ടാതെ പിടിച്ചുനില്‍ക്കുക വരുംകാലത്ത് ഏറെക്കുറെ അസാധ്യമാകുമെന്ന വിലയിരുത്തലും കമ്പനിയ്ക്കുണ്ട്. 2020 ഡിസംബറിലെ കണക്കുപ്രകാരം ദക്ഷിണ കൊറിയയില്‍ മാത്രം 3.8 ദശലക്ഷം പെയ്ഡ് സബ്സ്‌ക്രൈബേഴ്സ് ഉണ്ടെന്നാണ് നെറ്റ്ഫ്ലിക്സ് വെളിപ്പെടുത്തിയിട്ടുള്ളത്. രണ്ടര കോടിയാണ് ദക്ഷിണ കൊറിയയിലെ മൊത്തം ജനസംഖ്യ. ദക്ഷിണ കൊറിയയില്‍ ഇത്രയും അധികം നിക്ഷേപിച്ചാല്‍ അതിനനുസരിച്ചുള്ള റിട്ടേണ്‍ കിട്ടുമോ എന്ന ചോദ്യത്തിനും നെറ്റ്ഫ്ലിക്സിന് ഉത്തരമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി കൊറിയന്‍ സീരിസുകള്‍ക്കും സിനിമകള്‍ക്കും അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് അവര്‍ പറയുന്നത്.

ഇന്ത്യയിലെ ഓണ്‍ലൈന്‍ വിപണി കുതിപ്പില്‍
ഇന്റര്‍നെറ്റ് ലഭ്യതയുടെ ചെലവ് കുറഞ്ഞതോടെ ഓണ്‍ലൈനില്‍ വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഇത് കുത്തനെ കുതിച്ചുയരുകയും ചെയ്തു. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഓണ്‍ലൈന്‍ വീഡിയോ വിപണി വന്‍ കുതിപ്പിലേക്കാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 ആകുമ്പോഴേക്കും ഓണ്‍ലൈന്‍ വീഡിയോകളില്‍ നിന്നുള്ള വരുമാനം 4.5 ബില്യണ്‍ ഡോളര്‍ ആകുമെന്നാണ് വിലയിരുത്തല്‍. കൊവിഡ് സാഹചര്യങ്ങളാണ് ഇന്ത്യയിലെ ഓണ്‍ലൈന്‍ വീഡിയോ വിപണിയെ ഉത്തേജിപ്പിച്ചത്. വിനോദങ്ങള്‍ക്കായി പുറത്തിറങ്ങാനായതോടെ കൂടുതല്‍ പേരും ഇത്തരം സാധ്യതകളിലേക്ക് ഒതുങ്ങുകയായിരുന്നു. 2020 ല്‍ ഓണ്‍ലൈന്‍ വീഡിയോ മേഖല മൊത്തത്തില്‍ ഉണ്ടാക്കിയ വരുമാനം 1.4 ബില്യണ്‍ ഡോളര്‍ ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പരസ്യങ്ങളിലൂടെ തന്നെയാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ പ്രധാനമായും വരുമാനം നേടുന്നത്. മീഡിയ പാര്‍ട്‌ണേഴ്‌സ് ഏഷ്യ നടത്തിയ പഠനം പ്രകാരം 2020 ല്‍ ഓണ്‍ലൈന്‍ വീഡിയോ ഇന്‍ഡസ്ട്രിയുടെ 64 ശതമാനവും പരസ്യത്തിലൂടെ ആണ്. 36 ശതമാനം സബ്‌സ്‌ക്രിപ്ഷനിലൂടേയും. അറുപതോളം ഓണ്‍ലൈന്‍ വീഡിയോ പ്ലാറ്റ്‌ഫോമുകളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ വീഡിയോകള്‍ക്കായി ആശ്രയിക്കുന്നത് യൂട്യൂബിനെ തന്നെയാണ്. 43 ശതമാനത്തോളം വരുമിത്. യൂട്യൂബില്‍ സബ്‌സ്‌ക്രിപ്ഷനോ പ്രത്യേക ഫീസോ ഇല്ലാതെ വീഡിയോകള്‍ കാണുന്നതിനുള്ള സൗകര്യമില്ലാ എന്നതാണ് ജനകീയത വര്‍ദ്ധിപ്പിക്കുന്നത്. ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ യൂട്യൂബിന് പിറകില്‍ ഉള്ളത് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ ആണ്. മൊത്തം ഇന്‍ഡസ്ട്രിയുടെ 16 ശതമാനം അവര്‍ക്കാണ്. അതിന് പിറകിലാണ് നെറ്റ് ഫ്‌ലിക്‌സും. 14 ശതമാനം വിപണിയും ഇവരുടെ കൈവശമാണ്. ആമസോണ്‍ പ്രൈം വീഡിയോയും ഫേസ്ബുക്കും ആണ് നാലും അഞ്ചും സ്ഥാനത്തുള്ളത്.