
ഇരുപത്തിനാലാം ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന റെക്കോഡില്‍ കണ്ണുംനട്ടെത്തിയ സാക്ഷാല്‍ സെറീന വില്ല്യംസിന് ആസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ നവോമി ഒസാക്ക എന്ന ജപ്പാന്‍ തിരുത്ത് കടക്കാന്‍ സാധിച്ചില്ല. ലോകത്തിന് മുന്നില്‍ ജപ്പാനെന്ന് കേള്‍ക്കുമ്പോള്‍ രണ്ടാം ലോക മഹായുദ്ധവും അതില്‍ നിന്നുള്ള അതിജീവനവും സമുറായിമാരും റോബോര്‍ട്ടുകളുമൊക്കെയാണ് ആദ്യം ഓര്‍മയിലെത്തുന്നത്. എന്നാല്‍ ഇന്ന് ജപ്പാന്റെ അഭമാനങ്ങളിലൊന്നാണ് നവോമി ഒസാക്ക എന്ന ലോക രണ്ടാം നമ്പര്‍ താരം. നവോ എന്ന ജാപ്പനീസ് വാക്കിന് വിശ്വസ്തതയുള്ള, തുറന്നു പറയുന്ന എന്നൊക്കെയാണര്‍ഥം. മി എന്നാല്‍ സൗന്ദര്യമുള്ളത്. പേരിനോടു 101 ശതമാനവും ആത്മാര്‍ഥത കാട്ടുന്നവളാകുന്നു നവോമി ഒസാക. 2021ലെ ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ഉള്‍പ്പെടെ നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളാണ് ഇരുപത്തിമൂന്നുകാരിയായ ഒസാക്കയുടെ സമ്പാദ്യം. രണ്ട് വീതം യു.എസ് ഓപ്പണ്‍, ആസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2018 ല്‍ യു.എസ് ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ സീഡില്ലാതെയെത്തി സാക്ഷാല്‍ സെറീന വില്ല്യംസിനെ അട്ടിമറിച്ച് കന്നി ഗ്രാന്റ് സ്ലാം നേടിയതോടെയാണ് ഒസാക്ക ശ്രദ്ധയാകര്‍ഷിച്ചത്. തുടര്‍ന്നങ്ങോട്ട് ടെന്നീസ് ലോകത്ത് ഒസാക്കയുടെ തേരോട്ടമായിരുന്നു. മുമ്പൊരിക്കലും ആരുമാവാത്ത വിധം എനിക്ക് മികച്ചതാകണം. ആഗ്രഹങ്ങളെക്കുറിച്ച് നവോമി ഒസാക്കയുടെ വാക്കുകളാണിത്. അതേ എനിക്ക് മികച്ചവളാകണം, പോകാവു ദൂരത്തോളം സഞ്ചരിക്കണം. ഒസാക്കയ്ക്ക് ഇതൊരു ജയം മാത്രമല്ല, മറിച്ച് സ്വപ്നസാക്ഷാത്കാരം കൂടിയായിരുന്നു ആ യു.എസ് ഓപ്പണ്‍ കിരീട നേട്ടം. സെറീന വില്ല്യംസ് ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുമ്പോള്‍ ഒസാക്കയ്ക്ക് രണ്ട് വയസ് പ്രായം.

സെറീന ഇരുപത്തിനാലാം ഗ്രാന്‍ഡ് സ്ലാമിലേക്ക് കുതിക്കുമ്പോള്‍ അതിന് തടയിടാനുള്ള നിയോഗവും ലഭിച്ചത് ഒസാക്കയ്ക്കായിരുന്നു. ജീവിതമായാലും മത്സരമായാലും നേര്‍ക്കുനേര്‍ പോരാട്ടമാണ്. ജീവിതത്തില്‍ പ്രതിസന്ധികളും കളക്കളത്തില്‍ മറ്റൊരാളുമായിരിക്കും ഓരോരുത്തരുടെയും എതിരാളികള്‍. ഇതിനെ രണ്ടും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ നേരിട്ടാല്‍ തളരില്ല. ഒസാക്കയുടെ അമ്മ തമക്കി ജപ്പാന്‍കാരിയും അച്ഛന്‍ ഹെയ്തിക്കാരനായ കറുത്ത വര്‍ഗക്കാരനുമായിയിരുന്നു. ഇവരുടെ ബന്ധത്തെ ഒസാക്കയുടെ അമ്മയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു. പത്ത് വര്‍ഷത്തോളം അവര്‍ സ്വന്തം വീട്ടുകാരുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. ഈ പ്രതിസന്ധികള്‍ക്കിടയിലും ആ മാതാപിതാക്കള്‍ കുട്ടികളെ അവരുടെ അഭിരുചികള്‍ പ്രോത്സാഹിപ്പിച്ചാണ് വളര്‍ത്തിയത്.

ജപ്പാനുവേണ്ടിയും ഹെയ്തിയ്ക്ക് വേണ്ടിയും കളിക്കാനുള്ള അവസരം ഒസാക്കയ്ക്ക് ഉണ്ടായിരുന്നെങ്കിലും ജപ്പാനാണ് അവള്‍ സ്വീകരിച്ചത്. ജപ്പാനിലെ ഹോന്‍ഷു ദ്വീപിലുള്ള ഒസാകയിലാണു നവോമിയുടെ ജനനം. അമ്മയുടെ തമക്കിയുടെ പൂര്‍വികര്‍ പേരിനൊപ്പം സ്ഥലപ്പേര് ചേര്‍ത്താണ് അറിയപ്പെട്ടിരുന്നത്. അങ്ങനെയാണ് നവോമിയുടെ പേരിനൊപ്പവും ജപ്പാനിലെ ഒസാക്കയും ഇഴുകു ചേര്‍ന്നു. സ്‌കൂള്‍ പഠനം ആരംഭിക്കുന്നതിന് മുമ്പേ ഒസാക്കയുടെ കുടുംബം ഫ്ളോറിഡയിലേക്ക് കൂടുമാറി. അവിടെ നിന്നാണ് അവളുടെ കൂടെ ഒരു അവയവം പോലെ ടെന്നീസ് റാക്കറ്റ് സ്ഥാനം പിടിച്ചത്. സഹോദരി മരി ഒസാക്കയ്ക്ക് കൂട്ടായി കോര്‍ട്ടില്‍ എപ്പോഴും ഉണ്ടാകാറുണ്ട്.
സഹോദരിമാര്‍ മികവ് തെളിയിച്ചതോടെ ജപ്പാനീസ് ടെന്നീസ് അസോസിയേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്തു കളികാര്യമായി എടുക്കാന്‍ തുടങ്ങി. ഒസാക്കയ്ക്ക് അമേരിക്കയുടെയും ജപ്പാന്റെയും പൗരത്വമുണ്ട്. എന്നെ ആരാധിക്കുന്ന ഏതെങ്കിലും പെണ്‍കുട്ടിക്കെതിരെ മത്സരിക്കാന്‍ കഴിയുന്ന കാലത്തോളം ടെന്നിസ് കോര്‍ട്ടില്‍ തുടരണമെന്നാണ് എന്റെ ആഗ്രഹമെന്ന് ഒസാക്ക പറയുന്നു. കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണില്‍ ഒസാകയുടെ ധീരമായ നിലപാടുകള്‍ ഫ്ളഷിങ് മീഡോസിലൂടെ ലോകമറിഞ്ഞു. യുഎസില്‍ പൊലീസിന്റെയും തദ്ദേശീയരുടെയും ക്രൂരതയ്ക്ക് ഇരയായി ജീവന്‍ വെടിഞ്ഞ കറുത്ത വര്‍ഗക്കാരുടെയും അഭയാര്‍ഥികളുടെയും പേരുകളെഴുതിയ മാസ്‌ക്കുകള്‍ അണിഞ്ഞായിരുന്നു ഓരോ മത്സരത്തിലും ഒസാക ഇറങ്ങിയത്. ‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ ക്യാംപെയ്ന്‍ സജീവമായി നിന്ന കാലത്ത് കോര്‍ട്ടിലെ അചഞ്ചല നിലപാടിലൂടെ നവോമി തന്റെ പൗരബോധം തുറന്നുകാട്ടി.