തമിഴ്‌നാട്ടില്‍ നിന്ന് ബര്‍മയിലേക്ക് കുടിയേറിയ സഹോദരങ്ങളാണ് ചന്ദ്രശേഖരനും ജ്ഞാനശേഖരനും ഗുണശേഖരനും. അവരുടെ ഇളയ സഹോദരി കല്യാണി അച്ഛനൊപ്പം മധുരയിലാണ് താമസിക്കുന്നത്. അവളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സഹോദരങ്ങള്‍ തമിഴ്‌നാട്ടിലേക്ക് പോകാന്‍ തീരുമാനിക്കുന്നു. എന്നാല്‍ രണ്ടാം ലോകമഹായുദ്ധം കാരണം ഇളയസഹോദരനായ ഗുണശേഖരന് മാത്രമേ കപ്പലില്‍ ടിക്കറ്റ് ലഭിച്ചുള്ളൂ. യുദ്ധത്തിന്റെ തീവ്രത കാരണം മാസങ്ങളോളം കപ്പല്‍ കടലില്‍ കുടങ്ങിയതിനാല്‍ കല്യാണിയുടെ വിവാഹമൊക്കെ കഴിഞ്ഞ് ഏറെ വൈകിയാണ് ഗുണശേഖരനെത്തുന്നത്. എന്നാല്‍ അയാളെ കാത്തിരുന്നത് സഹോദരി ഭര്‍ത്താവിന്റെ മരണവും കൈകുഞ്ഞുമായി അവള്‍ തെരുവുകള്‍ തോറും അലയുന്ന കാഴ്ചയ്ക്കുമായിരുന്നു. ഭ്രാന്തിയായി മാറിക്കഴിഞ്ഞ അവളെ പലരും ചൂഷണം ചെയ്തു. സഹോദരിയെ ജീവിതത്തിലേക്ക് തിരിയെകൊണ്ടു വരാനായി ശ്രമിക്കുന്ന ഗുണശേഖരനിലൂടെയും കല്യാണിയിലൂടെയും സമൂഹത്തില്‍ നിലനിന്നിരുന്ന വ്യവസ്ഥകളെ ചോദ്യം ചെയ്യുകയാണ് 1952ല്‍ പുറത്തിറങ്ങിയ പരാശക്തി എന്ന തമിഴ്ചലച്ചിത്രം. അയിത്തം, ബ്രാഹ്‌മണിക്കല്‍ മേല്‍ക്കോയ്മ, ജന്മിസമ്പ്രദായം എന്നിവയുടെയൊക്കെ ജീര്‍ണതകള്‍ തുറന്നു കാട്ടുന്നതായിരുന്നു ഈ ചിത്രം. തമിഴ്‌സിനിമയുടെ തലവരമാറ്റിയെഴുതിയ പരാശക്തി ഇന്ത്യന്‍ ചലച്ചിത്രലോകത്തിന് ഒരു അമൂല്യരത്‌നം സമ്മാനിച്ചു. നടികര്‍ തിലകമെന്ന് ആരാധകര്‍ വിളിക്കുന്ന സാക്ഷാല്‍ ശിവാജി ഗണേശനെ. ഗുണശേഖരന്‍ എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കി വിഴുപുരം ചിന്നയ്യ ഗണേശനെന്ന സാക്ഷാല്‍ ശിവാജി ഗണേശന്‍ ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ചു.
ഈ ചിത്രത്തില്‍ കരുണാനിധി എഴുതിയ നെടുനീളന്‍ ഡയലോഗുകളിലൂടെ ശിവാജി ഗണേശന്‍ കാണികളെ ഇളക്കിമറിച്ചു. ഇന്ത്യകണ്ട എക്കാലത്തെയും ഇതിഹാസതുല്യനായ അഭിനേതാവായിരുന്നു ശിവാജി. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ നടനാണ് ശിവാജി ഗണേശന്‍. 1959ല്‍ കെയ്‌റോയില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ വീരപാണ്ഡ്യകട്ടബൊമ്മന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസകാരം. 47 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം സിനിമകളില്‍ വേഷമിട്ടു. 1999ല്‍ പുറത്തിറങ്ങിയ പടയപ്പ ആണ് അവസാനം ചിത്രം.
റേയില്‍വേ ഉദ്യോഗസ്ഥനായ ചിന്നൈയ്യ പിള്ളെ മന്നയാറിന്റെയും രാജാമണി അമ്മയുടെയും നാലാമത്തെ മകനായിട്ട് 1928 ഒക്ടോബര്‍ ഒന്നിന് തഞ്ചാവൂര്‍ സൂരക്കോട്ടയിലായിരുന്നു ശിവാജി ഗണേശന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. ചെറുപ്പം മുതലെ അഭിനയത്തില്‍ തല്‍പ്പരനായിരുന്ന ശിവാജി ഏഴാമത്തെ വയസില്‍ ഒരു ടൂറിംഗ് സ്റ്റേജ് നാടക കമ്പനിയില്‍ ചേരാന്‍ തീരുമാനിച്ചു. പത്താമത്തെ വയസുമുതല്‍ സ്റ്റേജ് നാടകങ്ങള്‍ അഭിനിയിക്കാന്‍ തുടങ്ങി. ഭരതനാട്യം, കഥക്, മണിപ്പൂരി നൃത്തരൂപങ്ങളില്‍ പരിശീലനം നേടി. ദൈര്‍ഘ്യമേറിയ വരികള്‍ എളുപ്പത്തില്‍ ഓര്‍മ്മിക്കാനുള്ള കഴിവ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഇതോടെ നായകനാകാന്‍ സംഘം ഗണേശനെ അനുകൂലിച്ചു. ശിവാജി കാന്ദ ഹിന്ദു രാജ്യം എന്ന സ്റ്റേജ് നാടകത്തില്‍ ശിവാജിയെ അവതരിപ്പിച്ചതിലൂടെ അദ്ദേഹത്തിന് ശിവാജി എന്ന പേര് ലഭിച്ചു. ഇത് സാമൂഹ്യപരിഷ്‌കര്‍ത്താവ് ഇ.വി രാമസാമിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഒരു പൊതുചടങ്ങില്‍ വച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. അതിനുശേഷം അദ്ദേഹത്തെ ശിവാജി എന്ന് വിളിച്ചു പോരുന്നു.
ശിവാജി ഗണശേന്റെ സിനിമാ പ്രവേശനത്തിന് പ്രധാനമായും രണ്ട് കാര്യങ്ങള്‍ തുണയായി. ആദ്യത്തേത് 1940കളിലും 1950 കളിലും തമിഴ്‌സിനിമകളിലെ പ്രധാന താരങ്ങള്‍ തെലുങ്ക് നടന്‍മാരായിരുന്നു. അവരുടെ അഭിനയം തമിഴിലെ ഡയലോഗ് ഡെലിവറിയുമായി പൊരുത്തപ്പെടുന്നില്ലായിരുന്നു. മറ്റൊന്ന് 1950കളില്‍ തമിഴ്നാട്ടിലെ ദ്രാവിഡ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും. സി.എന്‍ അണ്ണാദുരൈ, എം.കരുണാനിധി എന്നിവരുടെ നേതൃത്വത്തില്‍ മികച്ച എഴുത്തുകാര്‍ സിനിമാ പ്രവേശം നടത്തിയത്. 1952ല്‍ കൃഷ്ണന്‍-പഞ്ജു ജോഡി സംവിധാനം ചെയ്ത പരാശക്തിയിലൂടെ നടികര്‍ തിലകം സിനിമിയില്‍ എത്തി. കുറച്ചുകാലം കൊണ്ട് ശിവാജി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി. അദ്ദേഹത്തിന്റെ ശബ്ദം ആകര്‍ഷകവും ദൈര്‍ഘ്യമേറിയ സംഭാഷണങ്ങള്‍ കവിത പോലെ പാരായണം ചെയ്യുന്നത് പ്രേക്ഷകര്‍ക്ക് നവ്യാനുഭവമായി. 1954ലെ അന്തനാള്‍ എന്ന ചിത്രം തമിഴ്‌സിനിമയിലെ ട്രെന്‍ഡ് സെറ്ററായിരുന്നു. ഈ ചിത്രം പ്രസിഡന്റിന്റെ വെള്ളി മെഡല്‍ നേടിയിട്ടുണ്ട്. പിന്നീട് എം.ജി.ആര്‍-ശിവാജി ഗണേശന്‍ ദ്വന്ദങ്ങള്‍ തന്നെ തമിഴ്‌സിനിമയുടെ സമവാക്യമായി മാറി. ശിവാജിയുടെ പുരാണ-ചരിത്ര കഥാപാത്രങ്ങള്‍ക്ക് ഇന്നും ഏറെ ആരാധകരുണ്ട്. ഭാഗ്യപിരിവിനേ, വീരപാണ്ഡ്യ കട്ടബൊമ്മന്‍, തിരുവിളയാടല്‍, മുതല്‍ മര്യാദെ, കര്‍ണന്‍, ഗൗരവം, പാസമലര്‍ തുടങ്ങി നിരവധി സിനിമകളില്‍ ശിവാജി വിസ്മയം തീര്‍ത്തിട്ടുണ്ട്. 1966ല്‍ പത്മശ്രീ പുരസ്‌കാരവും 1984ല്‍ പത്മഭൂഷന്‍ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയാര്‍ പുരസ്‌കാരത്തിനും അര്‍ഹനായി. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം യാത്രാമൊഴി എന്ന ചിത്രത്തില്‍ ആണ് അദ്ദേഹം അഭിനയിച്ചത്. രണ്ട് പ്രതിഭകളുടെ മത്സരിച്ചുള്ള അഭിനയം ഈ ചിത്രത്തിന്റെ സവിശേഷതയായിരുന്നു.
രാഷ്ട്രീയത്തിലും സജീവമായി ശിവാജി ഗണേശന്‍ ഉണ്ടായിരുന്നു. 1955 വരെ ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടിയില്‍ അംഗമായിരുന്നു. പിന്നീട് ഒരു വിവാദത്തില്‍ പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. തുടര്‍ന്ന് 1961 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1992ല്‍ തേവര്‍മകനിലൂടെ നാഷണല്‍ അവാര്‍ഡ് നേടിയ ശിവാജി മൂന്നു തവണ തമിഴ്‌നാട്ടിലെ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് 2001 ജൂലൈ 21ന് നടികര്‍ തിലകം ഈ ലോകത്തു നിന്ന് യാത്രയായി. അണ്ണാദുരൈയുടെയും എം.ജി.ആറിന്റെയും ശവസംസ്‌കാരങ്ങള്‍ക്കു ശേഷം വലിയ ജനപങ്കാളിത്തം ലഭിച്ച ശവസംസ്‌കാരമായിരുന്നു ശിവാജിയുടേത്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി 2006ല്‍ ചെന്നൈയില്‍ ഒരു പ്രതിമ അന്നത്തെ മുഖ്യമന്ത്രിയായ എം.കരുണാനിധി അനാച്ഛാദനം ചെയ്തു. നടന്‍ പഭു ഉള്‍പ്പെടെ നാല് മക്കളുണ്ട് ശിവാജി ഗണേശന്.