ദേവദാരുവിന്റെ നാട്ടില്‍ മുല്ലപ്പൂമണപ്പൂവിന്റെ വെണ്‍മയാണ് മുനീബ മന്‍സാരിയുടെ കാന്‍വാസിനും ജീവിതത്തിനും. പാക്കിസ്ഥാന്‍ ലോകത്തിന് സമ്മാനിച്ച ഉരുക്കുവനിതയാണ് ഈ സകലകലാവല്ലഭ. നിറങ്ങളാണ് ഈ ലോകത്ത് സേന്താഷം പ്രധാനം ചെയ്യുന്നവയിലൊന്ന്. നിറങ്ങള്‍ ആസ്വദിക്കണമെങ്കില്‍ ഇമകള്‍ക്കൊപ്പം മനസും തുറക്കണം. നിറങ്ങളെ ഏറെ സ്‌നേഹിച്ചിരുന്ന മുനീബ മസാരിയുടെ ജീവിതം ഡാവിഞ്ചിയുടെ മൊണാലിസ ചിത്രം പോലെ വിസ്മയങ്ങളുടെ വരക്കൂട്ടാണ്. പന്ത്രണ്ട് വര്‍ഷമായി വീല്‍ചെയറില്‍ സദാസമയം ചുണ്ടില്‍ നറുചിരിയോടെ ലോകമെമ്പാടും സഞ്ചരിക്കുന്ന മുനീബ വരച്ച് കൂട്ടിയത് ആയിരക്കണക്കിന് ചിത്രങ്ങളാണ്. വിധിയോട് തോല്‍ക്കാതെ കലയുടെ ലോകത്ത് കൂടുകൂട്ടിയ അവര്‍ പകര്‍ന്നു നല്‍കിയത് വലിയ പാഠങ്ങളായിരുന്നു. ചിത്രകാരി എന്നതിനു പുറമെ പാക്കിസ്ഥാനില്‍ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകയും പ്രഭാഷകയും മോഡലും കൂടിയാണ് ഈ മുപ്പത്തി മൂന്നുകാരി.
ബലൂചിസ്ഥാനിലെ ഒരു കൊച്ചുഗ്രാമത്തിലായിരുന്നു മുനീബയുടെ ജനനം. ബാല്യത്തില്‍ അവള്‍ നിറങ്ങളുടെ ലോകവുമായി ചങ്ങാത്തത്തിലായി. തന്റെ കൊച്ചു കൊച്ചു സ്വപ്‌നങ്ങളും ആഗ്രഹങ്ങളും അവള്‍ കടലാസു തുണ്ടുകളില്‍ പകര്‍ത്തി. നീലയും പച്ചയും മഞ്ഞയുമൊക്കെയായി വര്‍ണങ്ങള്‍ നല്‍കി ആ സ്വപ്‌നങ്ങളെ നെഞ്ചോടു ചേര്‍ത്തു. വളര്‍ന്നു വലുതാകുമ്പോള്‍ ഒരു ചിത്രകാരിയാകുമെന്ന് അവള്‍ മനസില്‍ കുറിച്ചു. പാക്കിസ്ഥാന്റെ ചിത്രകാരായ ജമീല്‍ നഖ്ഷും സലീമ ഹാഷ്മിയും ഒക്കെ അവളുടെ സ്വപ്‌നങ്ങളില്‍ നിറഞ്ഞു നിന്നു. തന്റെ സ്വപ്‌നങ്ങളുടെ കാന്‍വാസുകള്‍ നിറഞ്ഞു കഴിയുമ്പോഴേയ്ക്കും പിതാവു വില്ലനായെത്തി. പഠിക്കണമെന്നും ചിത്രകാരിയാകണമെന്നുമൊക്കെയുള്ള ആഗ്രങ്ങള്‍ അവള്‍ അച്ഛനു മുന്നില്‍ തുറന്നു പറഞ്ഞെങ്കിലും അദ്ദേഹം അതു കേള്‍ക്കാന്‍ തയ്യാറായില്ല. ഒരു ഭാരമായി മാത്രം മുനീബയെ കരുതിയിരുന്ന അയാള്‍ പ്രായപൂര്‍ത്തിയാകും മുമ്പേ അവളെ വിവാഹം കഴിച്ച് അയയ്ക്കാന്‍ തീരുമാനിച്ചു. മനസിലെ ചിത്രകാരിയാകണമെന്നുള്ള സ്വപ്‌നങ്ങള്‍ ചിറകുമുളച്ച് പറക്കാന്‍ നില്‍ക്കുന്ന പതിനേഴാമെത്ത വയസില്‍ മുനീബയുടെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ അച്ഛന്‍ അവളുടെ വിവാഹം നടത്തി.
ഒരു തടവറയില്‍ നിന്നും മറ്റൊരു തടവറയിലേക്കുള്ള യാത്രയായിരുന്നു മുനീബയെ സംബന്ധിച്ചിടേത്താളം വിവാഹം. പിതാവിനേക്കാള്‍ യാഥാസ്ഥിതികനും കര്‍ക്കശക്കാരനുമായിരുന്നു മുനീബയുടെ ജീവിതപങ്കാളി. അയാള്‍ അവളെ കൂട്ടിലടച്ച വളര്‍ത്തുമൃഗത്തെപ്പോലെയായിരുന്നു കണ്ടിരുന്നത്. എന്നിട്ടും അവള്‍ തന്റെ ഭര്‍ത്താവിനെ വെറുത്തില്ല. ജീവിതേത്താട് പൊരുത്തെപ്പടാന്‍ ശ്രമിച്ചു. അയാളെ ആത്മാര്‍ഥമായി സ്‌നേഹിച്ചു. പക്ഷെ അവളുടെ സ്‌നേഹത്തിനും കരുതലിനും ആ മനുഷ്യന്‍ യാതൊരു വിലയും കല്‍പ്പിച്ചില്ല. ഭര്‍ത്താവിനൊപ്പമുള്ള ഒരു കാര്‍ യാത്രയിലാണ് 2007ല്‍ ഇരുപത്തിയൊന്നാമത്തെ വയസില്‍ മുനീബയെ തേടി ദുരന്തമെത്തിയത്. യാത്രയ്ക്കിടെ ഭര്‍ത്താവ് ഉറങ്ങിപ്പോയതായിരുന്നു അപകടകാരണം. മുനീബയ്ക്ക് നട്ടെല്ലിന് ക്ഷതമേറ്റു. വാരിയെല്ലിലും കൈകളിലുമായി നിരവധി ഒടിവുകളുണ്ടായി. ഭര്‍ത്താവ് പുറേത്തക്ക് ചാടി സാരമായ പരിക്കുകളോടെ രക്ഷെപ്പട്ടു. എന്നാല്‍ കാറിനുള്ളില്‍ കുടിങ്ങിപ്പോയ മുനീബയാകട്ടെ മണിക്കൂറുകളോളം രക്തം വാര്‍ന്ന് വാഹനത്തിനുള്ളില്‍ കിടന്നു. മരണേത്താട് മല്ലടിച്ച് പിടയുന്ന സ്വന്തം ഭാര്യയെ രക്ഷിക്കാന്‍ അയാള്‍ തയ്യാറായില്ല. ഒടുവില്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് മുനീബയെ നിന്നും പുറെത്തടുത്തു. അപ്പോഴേക്കും അവളുടെ ശരീരത്തില്‍ ഒടിയാത്തതായി ഒരെല്ലു പോലും ഉണ്ടായിരുന്നില്ല. ആശുപത്രികള്‍ തോറും കയറിയിറങ്ങിയെങ്കിലും മുറിവുകള്‍ ഗുരതരമായതിനായാല്‍ മുനീബയെ സ്വീകരിക്കാന്‍ ആരും തയ്യാറായില്ല. ഏറെ നേരത്തിനുശേഷം കറാച്ചിയിലെ ഒരു ആശുപത്രിയില്‍ എത്തിച്ചു.
മണിക്കൂറകള്‍ നീണ്ട ഓപ്പറേഷനുകള്‍ക്ക് ശേഷം മുനീബയെ അവര്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. രണ്ടാംദിനം ഡോക്ടര്‍മാര്‍ക്ക് അവളോട് പറയാനുണ്ടായിരുന്ന കാര്യം അതിലും ദുഃഖകരമായിരുന്നു. നടുവിനേറ്റ ക്ഷതംമൂലം അരയ്ക്കു താഴോട്ട് ഇനി മുതല്‍ ചലിപ്പിക്കാനാവില്ല.
ഒന്നെഴുന്നേറ്റു പോയി ഒരു വാതിലിനു പുറകില്‍ ആരും കാണാതെ നിന്ന് പൊട്ടിക്കരയണമെന്ന് അവള്‍ ആഗ്രഹിച്ചു. പക്ഷെ അതുപോലും നിഷേധിക്കെപ്പട്ട ആ നിമിഷത്തില്‍ മരണം തന്നെ തേടിയെ ത്താത്തതില്‍ അവള്‍ സ്വയം ശപിച്ചു. ഇതിനോടകം ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചിരുന്നു. പിന്നെ അവള്‍ക്ക് തണലായത് അമ്മയും സഹോദരനുമാണ്. ആശുപത്രിമുറിയിലെ വെളുത്ത നാലു ചുവരുകള്‍ക്കിടയില്‍ വീര്‍പ്പുമുട്ടിയ അവള്‍ ഒരിക്കല്‍ സഹോദരനോട് പറഞ്ഞു. ഈ ആശുപത്രിയുടെ വെള്ളചുവരുകള്‍ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു. എനിക്ക് നിറങ്ങളുടെ ലോകത്ത് ജീവിക്കണം. നിനക്ക് സാധിക്കുമെങ്കില്‍ കുറച്ച് ചായങ്ങളും കാന്‍വാസും വാങ്ങി തരുമോ ? അതു മുനീബയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. തന്റെ ഇച്ഛയ്‌ക്കൊത്ത് ചലിക്കില്ലന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കൈകള്‍ ഉപയോഗിച്ച് അവള്‍ വീണ്ടും വര്‍ണങ്ങളുടെ ലോകത്ത് എത്തപ്പെട്ടു. ഒടുവില്‍ രണ്ടുവര്‍ഷം നീണ്ട ആശുപത്രി വാസത്തിനുശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴേക്കും അവള്‍ വരച്ചു തീര്‍ത്തത് നൂറുകണക്കിന് ചിത്രങ്ങളായിരുന്നു.
പതിയെ അവള്‍ ജീവിതെത്ത സ്വന്തം വഴിയിലേക്കെത്തിച്ചു. വിവാഹത്തോടെ ഉപേക്ഷിക്കേണ്ടി വന്ന കാന്‍വാസില്‍ അവള്‍ വീണ്ടും സ്വപ്‌നം കണ്ടു തുടങ്ങി. പിന്നീട് ഒരു കുഞ്ഞിനെ ദത്തെടുത്തു വളര്‍ത്തണം എന്നായി മുനീബയുടെ ആഗ്രഹം. പാക്കിസ്ഥാനിലെ വിവിധ അനാഥാലയങ്ങളില്‍ കുട്ടിയെ ദെത്തടുക്കുവാനുള്ള അപേക്ഷകള്‍ നല്‍കി. രണ്ടുവര്‍ഷത്തിനുശേഷം ഒരു ആണ്‍കുഞ്ഞിനെ ദത്തെടുത്തു. മാതാപിതാക്കള്‍ ഇല്ലാതെ ഒറ്റപ്പെട്ടു കഴിയുന്ന അനേകം കുഞ്ഞുങ്ങള്‍ക്ക് ഇന്ന് അമ്മയാണ് ഈ കലാകാരി ഇന്ന്. സ്വാതന്ത്ര്യമുള്ള ഒരു സ്ത്രീയായി ചിന്തിച്ച് തന്റെ ആശയങ്ങള്‍ പങ്കുവെച്ച് ഒരമ്മയായ തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് മറ്റുള്ളവരെ പ്രചോദിപ്പിച്ചു. സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തു ചെയ്യാന്‍ പറ്റുമെന്നായി അടുത്ത ചിന്ത വീല്‍ചെയറില്‍ ജീവിക്കുന്നവരെക്കുറിച്ച് സമൂഹത്തിനുള്ള ധാരണമാറ്റിയെടുക്കണമെന്ന് അവള്‍ക്ക് തോന്നി. അങ്ങനെ സ്വജീവിതത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട്. മറ്റുള്ളവര്‍ക്ക് വാക്കുകളിലൂടെ ധൈര്യം പകരാന്‍ മുനീബയ്ക്ക് സാധിച്ചു.ലോകമറിയുന്ന മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ് മുനീബാ. 2015ല്‍ ബി.ബി.സിയുടെ ലോകെത്ത സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയിലും അവര്‍ ഇടംപിടിച്ചു. ജീവിതത്തിന്റെ വര്‍ണങ്ങളെ മാറോട് ചേര്‍ക്കുമ്പോഴാണ് നാമെല്ലാം വര്‍ണപ്പടങ്ങളായി മാറുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 1.6 മില്ല്യണ്‍ ഫോളോവേഴ്‌സാണ് മുനീബയ്ക്കുള്ളത്. സമൂഹമാധ്യമങ്ങളില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിനൊപ്പം വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശനവും നടത്തിയിട്ടുണ്ട്. യുന്‍ ഗുഡ്‌വില്‍ അംബാസിഡര്‍ ആയ ആദ്യ പാക്കിസ്ഥാന്‍ വനിത എന്ന ബഹുമതി മുനീബയ്ക്ക് സ്വന്തമാണ്.