
ഏകാന്ത സന്ധ്യകളില്‍ വിഷാദത്തിന്റെ കുളിരുമായി ആ ശബ്ദം അങ്ങനെ ഒഴുകി നടന്നു. കാലങ്ങള്‍ തോറും. തലമുറകളെ തഴുകി ഋതുഭേദങ്ങളിലൂടെ… ലോകം കണ്ട പുരുഷ ശബ്ദത്തില്‍ ഏറ്റവും മികച്ചതെന്നും അതിനെ മറികടക്കുന്ന ശബ്ദം ഇതുവരെ വന്നില്ലെന്നും സംഗീത ലോകം ഇന്നും പറയുന്നു. മാസ്മരിക ശബ്ദമാധുര്യം കൊണ്ട് ആസ്വാദകരെ കീഴടക്കിയ മുഹമ്മദ് റഫിയുടെ മുഖം ഓര്‍മ്മ വരുമ്പോള്‍ ‘ചൗദ്‌വീന്‍ കാ ചാന്ദ്‌ഹോ ‘ എന്ന ഗാനം നെഞ്ചിനുള്ളില്‍ ഒഴുകിയെത്തും. 1947 ല്‍ ഇറങ്ങിയ ‘ജുഗ്‌നു’ എന്ന സിനിമയിലൂടെയാണ് റഫിയുടെ ശബ്ദം അറിയപ്പെട്ടു തുടങ്ങിയത്. 1952ല്‍ നൗഷാദ് സംഗീതം നല്‍കിയ ബയ്ജു ഭാവ്‌റ എന്ന സിനിമയിലെ മിക്ക ഗാനങ്ങളും മെഗാ ഹിറ്റുകളായി. റഫിയുടെ ‘തു ഗംഗാ കി മൗജ് മെ ജമുനാ കി ധാരാ’ ‘ഓ ദുനിയാ കെ രഖ്‌ലെ’ എന്നീ ഗാനങ്ങളൊക്കെ ഇന്ത്യന്‍ തെരുവീഥികള്‍തോറും അലയടിച്ചു. ദിലീപ്കുമാര്‍, ദേവാനന്ദ്, രാജ്കുമാര്‍, രാജേന്ദ്രകുമാര്‍, സുനില്‍ദത്ത്, ജോയ് മുഖര്‍ജി, ബിശ്വജിത്ത്, ഷമ്മികപൂര്‍, ശശികപൂര്‍ തുടങ്ങിയവര്‍ക്ക് റാഫിയുടെ ശബ്ദം മിഴിവേകി. പിന്നീട് വന്ന ഒട്ടുമിക്ക സിനിമാ താരങ്ങള്‍ക്കും അവരുടെ ശബ്ദത്തില്‍ പാടിയ പാട്ടുകാരനാണ് റഫി. ഹിന്ദിക്ക് പുറമെ മൈഥിലി, ഭോജ്പുരി,ബംഗാളി, തമിഴ്, തെലുങ്ക്, പഞ്ചാബി ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകള്‍ റഫി പാടിയിട്ടുണ്ട്. ഇതില്‍ ഏഴായിരവും ഹിന്ദിയിലായിരുന്നു. താരങ്ങളുടെ വ്യത്യസ്തമായ ശബ്ദങ്ങള്‍ക്കും ആവേഗങ്ങള്‍ക്കും അനുയോജ്യമായി പാടാന്‍ ഈ ശബ്ദവിസ്മയത്തിന് സാധിച്ചു.

1924ല്‍ അമൃത്സറിലെ ഹാജി അലി മുഹമ്മദിന്റെ ആറ് ആണ്‍മക്കളില്‍ രണ്ടാമനായിരുന്നു റഫി. ഫീകോ എന്നായിരുന്നു അദ്ദേഹത്തിന്റെ വിളിപ്പേര്. റഫിയുടെ മൂത്ത സഹോദരി ഭര്‍ത്താവ് റഫിയുടെ സംഗീതത്തിലുള്ള വാസന കണ്ടെത്തുകയും അതു പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഉസ്താദ് ബഡേ ഗുലാം അലിഖാന്‍, ഉസ്താദ് അബ്ദുള്‍ വാഹിദ് ഖാന്‍, പണ്ഡിറ്റ് ജീവന്‍ ലാല്‍ മട്ടോ, ഫിറോസ് നിസാമി എന്നിവരുടെ അടുത്തു നിന്ന് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. പതിമൂന്നാം വയസില്‍ സഹോദരി ഭര്‍ത്താവ് ഹമീദുമായിട്ട് റഫി കെ.എല്‍ സൈഗാളിന്റെ സംഗീതക്കച്ചേരി കേള്‍ക്കാന്‍ പോയി. വൈദ്യുതി തകരാറുമൂലം പരിപാടി തുടങ്ങാന്‍ വൈകിയപ്പോള്‍ അവിടെ കൂടിയിരുന്നവരെ ആശ്വസിപ്പിക്കാന്‍ അവന്‍ പാടി.അതായിരുന്നു റഫിയുടെ ആദ്യ പൊതുപരിപാടി. 1944ല്‍ ബോംബേയിലേക്ക് താമസം മാറിയ റഫിക്ക് പിന്നീട് ഇതിഹാസ സംഗീത സംവിധായകന്‍ നൗഷാദ് അലിയുടെ ഗാനങ്ങള്‍ ആലപിക്കാന്‍ അവസരം ലഭിച്ചു. 1949 ലാണ് സോളോകള്‍ ലഭിക്കാന്‍ തുടങ്ങിയത്. കെഎല്‍ സൈഗലും ജിഎം ദുരാനിയും റഫിയെ വളരെയധികം പ്രചോദിപ്പിച്ചു. ജവഹര്‍ലാല്‍ നെഹ്റു റാഫിയെ പാടാന്‍ ക്ഷണിച്ചിട്ടുണ്ട്. നൗഷാദ്, എസ്ഡി ബര്‍മന്‍, ആര്‍ഡി ബര്‍മന്‍, റോഷന്‍, സര്‍ദാര്‍ മാലിക്, സപന്‍ ജഗ്മോഹന്‍, സോണിക് ഒമി, ഒ പി നയ്യാര്‍, ചിത്രഗുപ്ത്, ശങ്കര്‍ ജയ്കിഷന്‍, കല്യാഞ്ചി ആനന്ദ്ജി, ജയദേവ്, ലക്ഷ്മികാന്ത് പ്യാരേലികാന്ത് പ്യാരെമന്ത് പ്യാരെ തുടങ്ങിയ നിരവധി സംഗീത സംവിധായകരോടൊപ്പമാണ് കൂടുതലും റഫി പ്രവര്‍ത്തിച്ചത്.

ബോളിവുഡിലെ ആദ്യത്തെ വനിതാ സംഗീത സംവിധായകരിലൊരാളായ ഉഷാ ഖന്നയുമായി റഫി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ദില്‍ ദെകെ ദേഖോയുടെ (1959) ഗാനങ്ങള്‍ അദ്ദേഹം അവര്‍ക്കായി പാടി. പതിനഞ്ച് വര്‍ഷത്തിന് ശേഷം ഹവാസില്‍ റഫി അവര്‍ക്കായി ”തെരി ഗാലിയോണ്‍ മെന്‍ നാ അയെങ്കെ സനം’ എന്നു പാടി. ഷമ്മി കപൂറിനായി പാടുമ്പോള്‍ റഫി സ്വയം ചെരിപ്പിടുമായിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി അവതരിപ്പിച്ച നിരവധി ലൈവ് ഷോകളിലും മുഹമ്മദ് റഫി തന്റെ മനോഹര ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ലൈവ് പാടുമ്പോള്‍ പല നമ്പറുകളുമിട്ട് ഗാനമേള കൊഴുപ്പിക്കുന്ന ശീലവും റഫിക്കുണ്ടായിരുന്നു. കൃഷ്ണ മുഖര്‍ജിയും റാഫിയും കൂടി പാടിയ ‘സോ സാല്‍ പെഹ്ലെ, മുഝേ തും സെ പ്യാര്‍ ഥാ..’ എന്ന യുഗ്മഗാനത്തിന്റെ ഗാനമേളാ വേര്‍ഷന്‍ ഏറെ പ്രസിദ്ധമാണ്. അമ്പത്തഞ്ചാമത്തെ വയസിലാണ് റഫി മരിക്കുന്നത്. കടുത്ത നെഞ്ചുവേദനയോടെ അദ്ദേഹത്തെആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഹൃദയസ്തംഭനം വന്ന് ഒരു ജൂലായില്‍ ആരാധകരെ വിട്ടുപിരിഞ്ഞു. അതിന് മണിക്കൂറുകള്‍ മുമ്പാണ് അദ്ദേഹം തന്റെ അവസാന ഗാനമായ ‘ ശാം ഫിര്‍ ക്യൂം ഉദാസ് ഹേ ദോസ്ത്.’ റെക്കോര്‍ഡ് ചെയ്തത് എന്ന് പറയപ്പെടുന്നു.