ഒരു രാജമല്ലി വിടരുന്നതുപോലെ, കാതോട് കാതോരം… മൂന്നുപതിറ്റാണ്ടിലേറെയായി മലയാളിയുടെ ഹൃദയവനികയില്‍ പാട്ടിന്റെ വസന്തം തീര്‍ത്ത സംഗീത സംവിധായകനാണ് ഔസേപ്പച്ചന്‍. ശുദ്ധസംഗീതത്തിന്റെ നാമ്പുകള്‍ വിരിയിച്ച ഔസേപ്പച്ചന്‍ മികച്ചൊരു വയലിന്‍ വാദകന്‍ കൂടിയാണ്. മനോഹരമായ ഒരു വയലിന്‍ പീസ് കേട്ടാല്‍ മതി മനസില്‍ ആഹ്ളാദം വന്നു തുളുമ്പാന്‍. അതല്ലാതെ മറ്റൊരു പ്രചോദനവും എനിക്കാവശ്യമില്ലാ. വയലിന്റെ ശബ്ദത്തോളം സുന്ദരമായമറ്റൊന്നും ഈ ലോകത്തില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. മമ്മൂട്ടി വയലിനിസ്റ്റായെത്തിയ കാതോട് കാതോരം എന്ന ഭരതന്‍ ചിത്രത്തിലൂടെ മലയാളസിനിമയുടെ പൂമഖത്തേയ്ക്ക് വന്നത് കാലത്തിന്റെ കാവ്യനീതിയായിരുന്നു. നായകന്‍ വയലിനിസ്റ്റ് ആയതിനാലാവണം ഔസേപ്പച്ചനെ അഴിച്ചു വിടാന്‍ ഭരതന്‍ തീരുമാനിച്ചത്. ആ സ്വാതന്ത്ര്യം ആഘോഷിക്കുക തന്നെ ചെയ്തു തുടക്കക്കാരനായ ആ സംഗീത സംവിധായകന്‍. വയലിന്‍ നാദവീചികള്‍ വിസ്മയം തീര്‍ത്ത ചിത്രത്തിലൂടെ ഔസേപ്പച്ചന്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. വയലിന്‍ ഔസേപ്പച്ചന്റെ ശരീരവും ആത്മാവുമായിരുന്നു. എന്റെ കാമുകിയും ഭാര്യയുമെല്ലാം വയലിനായിരുന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കാതോട് കാതോരത്തിന്റെ ഓര്‍ക്കസ്ട്രയിലുണ്ടായിരുന്ന രണ്ട് പേര്‍ വിഖ്യാത സംഗീത സംവിധായകരായി വളര്‍ന്നു. സാക്ഷാല്‍ എ.ആര്‍ റഹ്മാനും വിദ്യാസാഗറും.
തൃശൂര്‍ ജില്ലയിലെ ഒല്ലൂരില്‍ മേച്ചെരി ലൂയിസിന്റെയും മാത്തിരി പാലിയെക്കരയുടെയും മകനായി 1954ലാണ് മേച്ചേരില്‍ ലൂയിസ് ഔസേപ്പച്ചന്‍ എന്ന ഔസേപ്പച്ചന്‍ ജനിച്ചത്. ചെറുപ്പം മുതലെ സംഗീതത്തോടും സംഗീതോപകരണങ്ങളോടും താല്‍പ്പര്യമുണ്ടായിരുന്നു. ഒല്ലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്ന് ബി.കോം ബിരുദവും നേടി. പിന്നീട് തൃശൂരിലെ അന്നത്തെ പ്രമുഖ സംഗീത കൂട്ടായ്മയായിരുന്ന വോയ്‌സ് ഓഫ് തൃശൂരിന്റെ വാദ്യവൃന്ദത്തില്‍ വയലിനിസ്റ്റായി പ്രവര്‍ത്തിച്ചു. പിന്നീട് പ്രശസ്ത പിന്നണി ഗായിക മാധുരിയുടെ സംഗീത കച്ചേരികളില്‍ വയലിനിസ്റ്റാകാനുള്ള അവസരം ലഭിച്ചു. പ്രമുഖ സംഗീത സംവിധായകന്‍ പരവൂര്‍ ദേവരാജന്റെ മാസ്റ്ററുടെ ശ്രദ്ധയില്‍ പെട്ടതാണ് സിനിമാ രംഗത്തേയ്ക്കുള്ള വരവിന് അവസരം ഒരുക്കിയത്. വയലിനിസ്റ്റായി പേരെടുത്ത ശേഷം അദ്ദേഹം മദ്രാസിലേക്ക് വണ്ടി കയറി. ഈണം എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയതായിരുന്നു ചലച്ചിത്രരംഗത്തെ ആദ്യ ചുവടുവയ്പ്.

ഭരതന്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത ആരവം എന്ന ചിത്രത്തില്‍ ഒരു വയലിനിസ്റ്റിന്റെ റോള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. പിന്നീട് 1985ല്‍ ഭരതന്റെ തന്നെ കാതോട് കാതോരത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി. ഉണ്ണികളേ ഒരു കഥ പറയാം എന്ന ചിത്രത്തിന് 1987ലെ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. 2007ലെ ഏറ്റവും മികച്ച സംഗീതസംവിധായകനുള്ള ദേശീയപുരസ്‌കാരവും ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരേ കടല്‍ എന്ന ചിത്രത്തിലൂടെ ഔസേപ്പച്ചനെ തേടിയെത്തി. 2016ല്‍ എം.പത്മകുമാര്‍ സംവിധാനം ചെയ്ത ജലം എന്ന ചിത്രത്തിലെ സംഗീതത്തിന് ഓസ്‌കാര്‍ നോമിനേഷവും മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന് ലഭിച്ചിട്ടുണ്ട്. ഗാനങ്ങളില്‍ വയലിന്‍ മനോഹരമായി ഔസേപ്പച്ചനോളം സന്നിവേശിപ്പിച്ച മറ്റൊരു സംഗീതജ്ഞനില്ലെന്നു തന്നെ പറയാം. വിദ്യാസാഗര്‍, ഹാരിസ് ജയരാജ്, ഗോപി സുന്ദര്‍ തുടങ്ങി ഒരു പിടി ശിഷ്യഗണങ്ങളും ഔസേപ്പച്ചനുണ്ട്.
കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികളിലെ കണ്ണാം തുമ്പീ പോരാമോ, കാതോട് കാതോരത്തിലെ നീ എന്‍ സര്‍ഗസൗന്ദര്യമേ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നുവിലെ ഓര്‍മ്മകള്‍ ഓടി കളിക്കുവാനെത്തുന്ന, വന്ദനത്തിലെ അന്തിപൊന്‍വെട്ടം, പൂക്കാലം വരവായിലെ ഏതോ വാര്‍മുകലിന്‍ തുടങ്ങി ഔസേപ്പച്ചന്‍ ജന്മം നല്‍കിയ ഗാനങ്ങള്‍ ഒരുതലമുറ ഏറ്റുപാടി. 1997ല്‍ പുറത്തിറങ്ങിയ ഫാസില്‍ ചിത്രം അനിയത്തിപ്രാവിലൂടെ ഔസേപ്പച്ചന്‍ യുവതലമുറയുടെ ഹരമായി. ഒരു രാജമല്ലി വിടരുന്ന പോലെ. ഓ പ്രിയേ, എന്നും നിന്നെ പൂജിക്കാം തുടങ്ങിയ ഗാനങ്ങള്‍ ക്യാമ്പസുകള്‍ ആഘോഷമാക്കി. മീനത്തില്‍ താലിക്കെട്ടില്‍ ഗിരീഷ് പുത്തഞ്ചേരിക്കൊപ്പം ഔസേപ്പച്ചന്‍ സമ്മാനിച്ച ഗാനങ്ങള്‍ മൂളാത്ത മലയാളികളുണ്ടാകില്ല. ഹരികൃഷ്ണന്‍സ്, സൂര്യപുത്രന്‍, മേഘം, ഞങ്ങള്‍ സന്തുഷ്ടരാണ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, മുല്ലവള്ളിയും തേന്മാവും, കസ്തൂരിമാന്‍, വിസ്മയത്തുമ്പത്ത്, തിരുമ്പാടി തമ്പാന്‍ തുടങ്ങി നൂറലധികം ചലച്ചിത്രങ്ങള്‍ക്ക് ഔസോപ്പച്ചന്‍ സംഗീതം നല്‍കിയിട്ടുണ്ട്. വി.കെ പ്രകാശ് ഒരുക്കിയ ഫ്രീക്കി ചക്ര എന്ന ഹിന്ദി ചിത്രത്തിനും സോഹന്‍ റോയുടെ ഡാം 999 എന്ന ഇംഗ്ലീഷ് സിനിമയ്ക്കും ഔസേപ്പച്ചന്‍ സംഗീതമൊരുക്കി. അറുപത്തിയഞ്ചിന്റെ നിറവിലെത്തിയ ഔസേപ്പച്ചനിലൂടെ ഇനിയും മാധുര്യമൂറുന്ന ഒരുപിടി ഗാനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സംഗീത ആസ്വാദകര്‍.