ഇന്ത്യയുടെ രത്‌നം എന്നാണ് സപ്തസഹോദരിമാരില്‍ പ്രധാനായിയായ മണിപ്പൂരിന്റെ വിശേഷണം. സംസ്‌കാരങ്ങളും വൈവിധ്യങ്ങളും ഒരുപോലെ നിറഞ്ഞ നാടാണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ സ്മരണകള്‍ ഉറങ്ങുന്ന മണിപ്പൂര്‍. ഗ്രാമീണ ജീവിതങ്ങള്‍ ഒരു ഭാഗത്തും പാരമ്പര്യത്തെ ജീവനേക്കാള്‍ കരുതുന്നവര്‍ മറുഭാഗത്തും ജീവിക്കുന്ന ഇവിടം സഞ്ചാരികളുടെ സ്വര്‍ഗമാണ്. വടക്കു കിഴക്കന്‍ ഇന്ത്യയുടെ ആഭരണം എന്നറിയപ്പെടുന്ന മണിപ്പൂര്‍ കാടുകള്‍ കൊണ്ടു സമൃദ്ധമാണ്. സംസ്ഥാനത്തിന്റെ ആകെ വിസ്തീര്‍ണത്തില്‍ 67 ശതമാനവും വനങ്ങളാണ്. കാലങ്ങള്‍കൊണ്ടു കെട്ടിപ്പടുത്ത സംസ്‌കാരം ഇന്നും ഒരുതരി പോലും വിട്ടുകൊടുക്കാതെ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരെ ഈ നാട്ടില്‍ കാണാന്‍ സാധിക്കും. മനോഹരമായ ഗ്രാമങ്ങളും നാടുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളുമൊക്കെ സ്ഥിതി ചെയ്യുന്നത് മണിപ്പൂര്‍ വശ്യസുന്ദരിയാണ്. ലോകത്തിലെ ഏറ്റവും പഴയ ടീം ഗെയിമുകളില്‍ ഒന്നാണ് പോളോ. ബ്രിട്ടീഷുകാരണ് ഈ കളി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലോക്ക് വ്യാപിപ്പിച്ചതെങ്കിലും ഇത് യഥാര്‍ഥത്തില്‍ തുടങ്ങിയത് മണിപ്പൂരിലാണെന്നു കരുതപ്പെടുന്നു. കോളനിഭരണകാലത്ത് ബ്രിട്ടീഷുകാര്‍ ഇവിടുത്തെ പോളോയുടെ പരമ്പരാഗത രൂപത്തെ ഒന്ന് മാറ്റി ഇന്നു കാണുന്ന രീതിയിലാക്കുകയായിരുന്നു. കൂടാതെ ലോകമെമ്പാടും അത് വ്യാപിപ്പിക്കുന്നതിന് മുന്‍കൈ എടുക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും പഴയ പോളോ ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നതും ഇംഫാലിനു സമീപമാണ്. രണ്ടാം ലോക മഹയുദ്ധസമയത്ത് ബ്രിട്ടീഷുകാരും ജപ്പാന്‍കാരും നേരിട്ട് ഏറ്റുമുട്ടിയ നഗരം ലോക്പാചിങ്ങാണ്. റെഡ്ഹില്‍ എന്നാണിത് അറിയപ്പെടുന്നത്. യുദ്ധത്തിന്റെ സ്മാരകവും ഇവിടെ സ്ഥിതി ചെയ്യുന്നു.
ശിലായുഗം മുതല്‍ തന്നെയുള്ള മനുഷ്യവാസത്തിന്റെ അടയാളങ്ങള്‍ മണിപ്പൂരിലുണ്ട്. 30,000 ബി.സിയില്‍ തന്നെ ഇവിടെ മനുഷ്യവാസം ആരംഭിച്ചിരുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിന്റെ അടയാളങ്ങളുള്ള ഗുഹകളും മറ്റും ഇന്നും കാണാന്‍ സാധിക്കും. ഇന്ത്യയില്‍ കാണപ്പെടുന്ന 126 തരം മുളകളില്‍ 53 എണ്ണവും മണിപ്പൂരില്‍ കാണപ്പെടുന്നു. 10 ലക്ഷം ടണ്ണിലധികം മുളയാണ് വര്‍ഷം തോറും ഉത്പാദിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഏക ഒഴുകുന്ന ദേശീയോദ്യാനം എന്നറിയപ്പെടുന്നതാണ് കിബുള്‍ ലംജാവോ . ബിഷ്ണുപൂര്‍ ജില്ലയില്‍ 40 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം
1977 ലാണ് നിലവില്‍ വരുന്നത്. ഇംഫാലില്‍ നിന്നും 53 കിലോമീറ്റര്‍ അകലെ ചതുപ്പു പ്രദേശമായ ഇവിടം വംശനാശ ഭീഷണി നേരിടുന്ന സാംഗായ് മാനുകളുടെ സ്വാഭാവീക വാസസ്ഥലം കൂടിയാണ്. സാംഗായ് മാനുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് ഇതിനെ ദേശീയോദ്യാനമാക്കി മാറ്റിയത്. 1977ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റെല്ലാ നഗരങ്ങളെയും അപേക്ഷിച്ച് ഉന്നത നിലയിലാണ് മണിപ്പൂരിലേത്. ദേശീയ സാക്ഷരതാ നിരക്ക് 77 ശതമാനം മാത്രമുള്ളപ്പോള്‍ ഇവിടെയത് 79.85 ശതമാണ്.
സ്ത്രീകള്‍ നടത്തപ്പെടുത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാര്‍ക്കറ്റൊയ ഇമ കെയ്താല്‍ മണിപ്പൂരിന്റെ മറ്റൊരു ആകര്‍ഷണമാണ്. അമ്മമാരുടെ മാര്‍ക്കറ്റ് എന്നാണ് ഇമാ കെയ്താല്‍ എന്ന വാക്കിന്റെ അര്‍ത്ഥം. പൂര്‍ണമായും സ്ത്രീകളാല്‍ നിയന്ത്രിക്കപ്പെടുന്ന മാര്‍ക്കറ്റില്‍ എല്ലാത്തരം ഉത്പന്നങ്ങളും ലഭിക്കും. പതിനാറാം നൂറ്റാണ്ട് മുതല്‍ നിലനില്‍ക്കുന്ന മാര്‍ക്കറ്റാണിത്. ഹിന്ദിയെ പടിക്കു പുറത്ത് നിര്‍ത്തിയിരിക്കുന്ന ഒരിടം കൂടിയാണ് മണിപ്പൂര്‍. ഇവിടെ ഹിന്ദി ഭാഷയിലുള്ള സിനിമകള്‍ റിലീസ് ചെയ്യില്ല എന്നു മാത്രമല്ല, ഹിന്ദിയിലുള്ള ടിവി ഷോകള്‍ക്ക് വരെ വിലക്കുണ്ട്. ചില വിപ്ലവ കൂട്ടങ്ങളാണ് ഹിന്ദിക്ക് ഇവിടെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെയും പോലെ തന്നെ മണിപ്പൂരില്‍ കടക്കണമെങ്കില്‍ മുന്‍കൂട്ടിയുള്ള അനുമതികള്‍ ആവശ്യമാണ്. ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് എന്നാണിത് അറിയപ്പെടുന്നത്. രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്നുള്ള സംസ്ഥാനങ്ങളും അവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ ഇത് അത്യാവശ്യമാണ്. വിവിധ തരത്തിലുള്ള ഗോത്രവര്‍ഗക്കാരാണ് മണിപ്പൂരിന്റെ പ്രത്യേകത. ആചാരങ്ങളിലും സംസ്‌കാരങ്ങളിലും എന്തിന് സംസ്‌കാരത്തില്‍ വരെ വ്യത്യസ്തത കാത്തുസൂക്ഷിക്കുന്നവരാണ് ഇവിടുള്ളവര്‍. അതില്‍ ഏറ്റവും പ്രധാന വിഭാഗം മെയ്‌തേയ് എന്നറിയപ്പെടുന്ന വിഭാഗമാണ്. ആകെയുള്ള ജനസംഖ്യയുടെ 50 ശതമാനത്തിലധികവും ഈ വിഭാഗത്തില്‍ പെടുന്നവരാണ്. മണിപ്പൂരിനെക്കുറിച്ച് പറയുമ്പോള്‍ ഇടിക്കൂട്ടിലെ റാണി മേരികോമിനെയും ഉരുക്കു വനിത ഇറോം ശര്‍മ്മിളയെയും കുറിച്ച് പരാമര്‍ശിക്കാതിരിക്കാനാവില്ല. കഞ്ചുറാണി ദേവി, സരിത ദേവി, മീരാഭായ് ചാനു, ഒക്രം ഒബോയ് സിംഗ്, ബീരന്‍ സിംഗ് തുടങ്ങി നിരവധി പ്രതിഭകള്‍ മണിപ്പൂരിന്റെ ഖ്യാതി വിളിച്ചോതിയവരാണ്.