അൻപതുകളിലെ മാതൃഭൂമി ആഴ്ചപ്പതിപ്പ് ശേഖരിച്ചിരുന്ന ഒരു അയല്പക്കത്തുനിന്നാണ് എം വി ദേവൻ്റെ ചിത്രങ്ങൾ ആദ്യം കാണുന്നത്. ഞാൻ അന്ന് പത്താം ക്‌ളാസ് വിദ്യാർത്ഥിയായിയുന്നു. ആ കേരളീയത വഴിയുന്ന രേഖാചിത്രങ്ങളുടെ സ്രഷ്ടാവിനെ രണ്ടു വർഷങ്ങൾക്കു ശേഷം നേരിട്ട് കാണാനും വാത്സല്യമനുഭവിക്കാനും കഴിഞ്ഞു. പറവൂർ കവലയിലുള്ള എം വി ദേവൻ്റെ ഒരു ബന്ധൂഗൃഹത്തിൽ വച്ചാണ് കണ്ടത്. പിന്നീട് വളരെക്കഴിഞ്ഞാണ് അദ്ദേഹം ചൂർണ്ണിക്കരയിൽ വീട് വക്കുന്നത്. ‘ചൂർണ്ണി’എന്നായിരുന്നു വീടിന്റെ പേര്. അറുപതുകളുടെ ആദ്യപാദത്തിൽ അദ്ദേഹം മാതൃഭൂമിയിലെ ജോലി ഉപേക്ഷിച്ചു. പിന്നീട് ചിത്ര-ശില്പ കലകളുടെ മണ്ഡലത്തിൽ മാത്രമല്ല ഒരു കലാവിജ്ഞാന വിദഗ്ദ്ധനും വാഗ്മിയുമായി സാംസ്കാരികാന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു -മരണം വരെ. ഇതിനിടെ മദ്രാസിലും കേരളത്തിലും ലളിതകലാ അക്കാദമി അധ്യക്ഷനുമായി. ഫാക്ടിൻ്റെ രൂപകല്പനയിൽ പങ്കെടുക്കുകയും അവിടെത്തന്നെ ‘ഫെഡോ’ യിൽ ഒരു കാലഘട്ടം ജോലി ചെയ്യുകയുമുണ്ടായി.
ദസ്തയേവ്സ്കിയുടെ കൃതികൾ, ഞാൻ ഭാഷാന്തരം ചെയ്യുന്നതിൽ ദേവൻ മാഷ് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ‘സൗമ്യാത്മാവ്’ (The Gentle Spirit ) എന്ന ദസ്തയേവ്സ്കിയൻ നോവൽ മലയാളത്തിലാക്കിയപ്പോൾ ഗംഭീരമായ ഒരു അവതാരിക എഴുതിത്തരികയുമുണ്ടായി. ആ പുസ്തക പ്രകാശനത്തിന് അദ്ദേഹം വരികയും ചെയ്തു.
കേരളീയ കലക്ക് ദേവൻ മാഷ് ചെയ്ത സംഭാവനകൾ നാനാവിധങ്ങളാണ്. അദ്ദേഹത്തിന്റെ ലേഖനങ്ങൾ-സാഹിത്യ സംബന്ധിയായവ വിശേഷിച്ചും ദീപ്തങ്ങളാണ്.അയ്യപ്പ പണിക്കരുടെ സമാഹൃത രചനകൾക്ക് എഴുതിയ അവതാരിക ഒരു ഉത്തമോദാഹരണമാണ്. സൂക്ഷ്മദൃക്കായ ഒരു നിരീക്ഷകനും വിമർശകനും എക്കാലവും ദേവൻ മാഷിൽ സജീവമായി പുലർന്നിരുന്നു.
‘ദേവസ്പന്ദനം’ എന്ന ബൃഹദ് ഗ്രന്ഥം അദ്ദേഹത്തിന്റെ രചനകളുടെയും നിരീക്ഷണങ്ങളുടെയും സമ്പുടമാണ്. അനേകം പുരസ്‌കാരങ്ങൾ ആ ഗ്രന്ഥത്തിന് ലഭിക്കുകയുണ്ടായി.
മലയാളത്തിലെ ആദ്യ ഗസൽ ആൽബമായ ‘പ്രണാമ’ ത്തിനുവേണ്ടി (ഉമ്പായി/1998/പ്രണാമം) കവിതകൾ എഴുതുന്ന കാര്യം സൂചിപ്പിച്ചപ്പോൾ ഗായകന്റെ കണ്ഠം എങ്ങനെയുണ്ട് എന്ന് ദേവൻ മാഷ് ചോദിച്ച രംഗം ഇപ്പോഴും എനിക്കോർമ്മ വരും.
അടുത്ത കാലം വരെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ബാലപംക്തി’ യിൽ ദേവൻ മാഷിന്റെ ഒരു രേഖാചിത്രം ഉപയോഗിച്ചിരുന്നു. (നിലത്തുകിടന്നുകൊണ്ട് ചേച്ചി മാസിക വായിക്കുന്നതു നോക്കി നിൽക്കുന്ന കുട്ടി). ചേതോഹരമായ ഒരു ദൃശ്യം.
ദേവൻ മാഷിന്റെ മരണത്തേത്തുടർന്ന് ആലുവാ മുനിസിപ്പാലിറ്റി നടത്തിയ അനുസ്മരണ യോഗത്തിൽ അനുസ്മരണ പ്രസംഗം നടത്തുവാനും ദൈവഗത്യാ എനിക്കിട വന്നു.ദേവൻ മാഷെക്കുറിച്ചുള്ള ജീവിതദൃശ്യങ്ങൾ എന്നും എന്നിൽ പച്ചച്ചുതന്നെ തുടരും