” എനിക്കു പഴങ്ങള്‍ ഇഷ്ടമാണ്;
ഞാന്‍ പഴങ്ങള്‍ മോഷ്ടിച്ചു.
പക്ഷേ ഒരു മൃഗത്തെപ്പോലെ
നാലുകാലില്‍ നിന്നു കൊണ്ടാണ്
ഞാനവ തിന്നത്.
മൃഗങ്ങള്‍ മറ്റുള്ളവരുടെ
പഴങ്ങള്‍ എടുക്കുന്നത് ഒരു പാപമല്ലല്ലോ ”
സ്വന്തം അനുഭവങ്ങളെ മിത്തുകളായി അവതരിപ്പിക്കുന്നതിലെ അസാമാന്യ പ്രതിഭയാണ് ഇത്തവണത്തെ സാഹിത്യ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹയായ ലൂയിസ് ഗ്ലൂക്ക്. താന്‍ ജീവിക്കുന്ന കാലത്തോട് നിരന്തരം പ്രതികരിച്ച അവര്‍ ആത്മാവിന്റെ സ്വപ്‌നങ്ങളെയും നിരാശകളെയും അക്ഷരങ്ങളില്‍ കൊത്തിവച്ചു. പ്രകൃതി, മിത്തുകള്‍, ചരിത്രം, ഏകാന്തത തുടങ്ങിയവയിലൂടെ ആന്തരിക ലോകത്തെ ആവിഷ്‌കരിക്കുന്ന വൈകാരിക തീവ്രത ലൂയിസിന്റെ കവിതകളിലുണ്ട്. ഒരു കാലത്ത് അമേരിക്കയുടെ ആസ്ഥാന കവയിത്രിയായിരുന്ന ഗ്ലൂക്കിന് നൊബേല്‍ സമ്മാനം ലഭിക്കുമ്പോള്‍ അത് സ്ത്രീത്വത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ്. ‘ ദ് പാസ്റ്റ് ‘ എന്ന കവിതയില്‍ പൈന്‍ മരത്തില്‍ കാറ്റുപിടിച്ചുണ്ടാകുന്ന ശബ്ദത്തെ തന്റെ അസ്തിത്വത്തിന്റെ അറിയാത്ത ലോകത്തെ വ്യാഖ്യാനിക്കാനുള്ള സൂചകമായി ലൂയിസ് ഉപയോഗിക്കുന്നു. ‘ ദ് എംപ്റ്റി ഗ്ലാസ് ‘ എന്ന കവിതയിലാകട്ടെ ധാര്‍മികമായ ആത്മരതി മനുഷ്യന്റെ പരിവര്‍ത്തനത്തിന്റെ ഒരു ഘടകമായി ദര്‍ശിക്കുന്നു. സ്ത്രീയുടെ കണ്ണീരും യാതനകളും തെല്ലും ഗഹനമല്ലാത്തൊരു ഭാഷയില്‍ എഴുതുകയും ഇതാണ് തന്റെ രീതിയെന്ന് അവര്‍ ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. ജീവിതത്തിലെ പിഴവുകളും മാറ്റങ്ങളും കൊണ്ട് മാത്രമല്ല ലൂയിസ് ഗ്ലൂക്ക് ഇടപഴകുന്നത്. സമൂലമായ മാറ്റത്തിന്റെയും പുന:ര്‍ജന്മത്തിന്റെയും കവി കൂടിയാണ് ഈ എഴുപത്തിയേഴുകാരി. ഗ്ലൂക്കിന്റെ രചനാരീതിയെക്കുറിച്ച് നൊബേല്‍ സമ്മാനദാതാക്കളായ സ്വീഡിഷ് അക്കാഡമി വിശേഷിപ്പിച്ചത് വ്യക്തിയുടെ അസ്തിത്വത്തെ സാര്‍വലൗകികമാക്കുന്ന ഇന്ദ്രജാലകതയാണ് അവരുടെ കവിതകളിലെന്നാണ്. സ്നേഹമാണതിന്റെ കാമ്പ്. എങ്ങുനിന്നോ പെറുക്കിയെടുത്തുവെച്ച വെറും വാക്കുകളല്ല അവ. ആത്മാംശം തുളുമ്പുന്നവയാണവയധികവും. ദുരന്തങ്ങളും ആശകളും പ്രകൃതിയുമെല്ലാം അതില്‍ ഇതിവൃത്തമായി.

രാപകല്‍ ഭേദമില്ലാതെ പുസ്തകങ്ങളുമായി സല്ലപിച്ചിരുന്ന ലൂയിസ് ഗ്ലൂക്ക് ചെറുപ്രായത്തില്‍ തന്നെ കാഫ്കയുടെ ചെറുകഥകള്‍ മനഃപാഠമാക്കിയിരുന്നു. അതിലെ ഗഹനതയും ഒഴുക്കും അവള്‍ ഒപ്പിയെടുത്തു. പിന്നെ കുടുംബ ബന്ധങ്ങളിലെ ആധിയും വ്യഥയും വേര്‍തിരിച്ച് കുട്ടിക്കാല ഓര്‍മ്മകളുടെ തീഷ്ണതയില്‍ ചാലിച്ച് ചില മിത്തുകളേയും കൂട്ടിയിണക്കി എഴുതിത്തുടങ്ങി. കുട്ടിക്കാലത്ത് ഗ്ലൂക്കിന്റെ മാതാപിതാക്കള്‍ ഗ്രീക്ക് പുരാണങ്ങളും ജോവാന്‍ ഓഫ് ആര്‍ക്കിന്റെ ജീവിതം പോലുള്ള ക്ലാസിക് കഥകളും അവളെ പഠിപ്പിച്ചിരുന്നു. കൗമാരകാലഘട്ടത്തില്‍ ഭക്ഷണം കഴിക്കുന്നതിലെ തകരാറായ അനോറെക്‌സിയ നെര്‍വോസ ഗ്ലൂക്കിനെ വല്ലാതെ വേട്ടയാടിയിരുന്നു. അതില്‍ നിന്നെല്ലാം രക്ഷനേടാന്‍ അവള്‍ കവിതകളിലാണ് അഭയം പ്രാപിച്ചത്. തന്റെ കവിതകളെക്കുറിച്ച് ചര്‍ച്ചകളും സംവാദങ്ങളും ഏറെയുണ്ടാകണമെങ്കില്‍ കവിത ഏറെ ലളിതമായിരിക്കണം എന്ന് ലൂയിസ് അനുഭവം കൊണ്ട് മനസിലാക്കി.
ജീവിതത്തിന്റെ ക്ലേശങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ സങ്കല്പങ്ങളെ ആശ്രയിക്കുന്ന മനുഷ്യര്‍ പലപ്പോഴും ഗ്ലൂക്കിന്റെ കവിതകളില്‍ കടന്നു വരുന്നുണ്ട്. ‘കുമ്പസാരം ‘ എന്ന കവിതയില്‍ പുരോഹിതന്റെ മുമ്പില്‍ പാപങ്ങള്‍ വെളിപ്പെടുത്തുന്നയാള്‍ പറയുന്നതിങ്ങനെ: ” എനിക്കു പഴങ്ങള്‍ ഇഷ്ടമാണ്; ഞാന്‍ പഴങ്ങള്‍ മോഷ്ടിച്ചു. പക്ഷേ ഒരു മൃഗത്തെപ്പോലെ നാലുകാലില്‍ നിന്നു കൊണ്ടാണ് ഞാനവ തിന്നത്. മൃഗങ്ങള്‍ മറ്റുള്ളവരുടെ പഴങ്ങള്‍ എടുക്കുന്നത് ഒരു പാപമല്ലല്ലോ ” . ഭാവിയും ഭൂതവും വെറും സങ്കല്പങ്ങളും കെട്ടുകഥകളമാണെന്ന് കവി പറയാതെ പറയുന്നു. വര്‍ത്തമാനം മാത്രമാണ് യഥാര്‍ത്ഥ്യം. അതില്‍ കാലൂന്നി നിന്നുകൊണ്ട് മനുഷ്യര്‍ മിത്തുകളിലേക്കും കെട്ടുകഥകളിലേക്കും രക്ഷപ്പെടാന്‍ വെറുതെ ശ്രമിക്കുന്നു. ഗ്ലൂക്കിന്റെ കവിതകളില്‍ ശീതക്കാറ്റിന്റെ ദുഃഖം നിറഞ്ഞ മര്‍മ്മരം കേള്‍ക്കാം. അവ മനുഷ്യാസ്തിത്വത്തിന്റെ നേര്‍ക്ക് പിടിച്ച ഇരുണ്ട കണ്ണാടികളാണ്. ശിക്ഷിക്കപെട്ടവരുടെയും ഒറ്റുകൊടുക്കപെട്ടവരുടെയും ഉപേക്ഷിക്കപ്പെട്ടവരുടെയും ശബ്ദമായി കവിതകള്‍.

” അതിജീവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല,
ഭൂമി എന്നെ അടിച്ചമര്‍ത്തുന്നു. ഞാന്‍ പ്രതീക്ഷിച്ചില്ല
വീണ്ടും ഉണരുക, അനുഭവിക്കാന്‍
നനഞ്ഞ ഭൂമിയില്‍ എന്റെ ശരീരം
വീണ്ടും പ്രതികരിക്കാന്‍ കഴിയും
ഓര്‍മ്മിക്കാന്‍ വീണ്ടും പ്രതികരിക്കാന്‍ കഴിയും
വളരെക്കാലത്തിനുശേഷം വീണ്ടും എങ്ങനെ തുറക്കാം
തണുത്ത വെളിച്ചത്തില്‍ ”
ദ് വൈല്‍ഡ് ഇറിസ്, ദ് ട്രയംഫ് ഒഫ് അക്കിലസ് എന്നി കൃതികളില്‍ ആത്മാവിന്റെ മുറിവുകളാണ് അനാവരണം ചെയ്യുന്നത്. ഒരു കവി എന്നത് ഒരു തൊഴിലിന്റെ പേരല്ലന്നാണ് ലൂയിസ് ഗ്ലൂക്കിന്റെ അഭിപ്രായം. ‘കല സ്വപ്നം കാണുന്നത് നമുക്കറിയാവുന്ന കാര്യങ്ങള്‍ ഉറപ്പിച്ചെടുക്കാനല്ല; അജ്ഞാതമായതിനെ വെളിച്ചത്തിലേക്ക് കൊണ്ടുവരാനാണ്. അറിയാത്തതിനെക്കുറിച്ചുള്ള ഉത്ക്കണ്ഠയാണ് ഒരു കവിയെ എഴുത്തുകാരനെ ത്വരിപ്പിക്കേണ്ടത്. അജ്ഞാതമായതിനെ കണ്ടെത്തുന്നതിലാണ് വ്യഥയും ലഹരിയുമുള്ളത്. കുറച്ചു വാക്കുകള്‍ ഉപയോഗിക്കുന്ന ഗ്ലൂക്ക് ഒരിടത്തും തന്റെ കവിതകളെ പ്രഭാഷണപരമാക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. ഈ ഗുണം കവിതകള്‍ക്ക് ഏകാന്ത പ്രാര്‍ത്ഥനയുടെ പവിത്രത നേടിക്കൊടുക്കുന്നു. തന്നില്‍ നിന്നു ഉത്ഭവിക്കുന്ന വിഷാദത്തെ പ്രാപഞ്ചികമാക്കുകയാണ് ഈ കവി ചെയ്തത്.

പന്ത്രണ്ട് കവിതാസമാഹാരങ്ങളും കവിതയെപ്പറ്റിയുള്ള ലേഖനങ്ങളുമെഴുതിയിട്ടുള്ള ഗ്ലൂക്ക് 1968 ല്‍ പ്രസിദ്ധീകരിച്ച ഫസ്റ്റ് ബോണ്‍ എന്ന കവിതയിലൂടെയാണ് സാഹിത്യ രംഗത്തേക്ക് ഗ്ലൂക്ക് കടന്നുവന്നത്. വളരെ ദീര്‍ഘമായോ അധികമായോ എഴുതുന്ന പ്രകൃതമല്ലായിരുന്നു അവരുടെത്. ബാല്യവും കുടുംബവും മാതാപിതാക്കളും സഹോദരങ്ങളുമായുള്ള അടുത്ത ബന്ധവുമാണ് ലൂയിസ് ഗ്ലൂക്കിന്റെ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. 1985 ലെ ‘ദ ട്രയംഫ് ഓഫ് അക്കിലീസ്’ , 1990 ലെ ‘അററാത്ത്’ എന്നീ കവിതാസമാഹാരങ്ങളിലൂടെ അമേരിക്കന്‍ ജനതയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ സാധിച്ചു. ‘അററാത്തില്‍’ കുടുംബ ബന്ധങ്ങളുടെ പച്ചയായ ആവിഷ്‌കാരം കാണാം. കാവ്യാത്മകമായ അലങ്കാരങ്ങള്‍ ഇല്ലാതെ കുടുംബ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ സ്പഷ്ടമായി അവര്‍ അവതരിപ്പിച്ചു. 1943 ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ഗ്ലൂക്ക് നിലവില്‍ കേംബ്രിജിലെ യേല്‍ യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് പ്രൊഫസറാണ്. 1993 ല്‍ പുലിറ്റ്സര്‍ പുരസ്‌കാരവും 2014 ല്‍ നാഷണല്‍ ബുക്ക് അവാര്‍ഡും നേടിയിട്ടുണ്ട്. 1993ല്‍ ടോണി മോറിസണിനു ശേഷം അമേരിക്കയിലെ എഴുത്തുകാര്‍ക്ക് നൊബേല്‍ സമ്മാനം ലഭിക്കാതിരുന്നത് പലപ്പോഴും സാഹിത്യലോകത്ത് ചര്‍ച്ചയായിട്ടുണ്ട്. അമേരിക്കയില്‍ പ്രതിഭാധനരായ എഴുത്തുകാര്‍ ഇല്ലെന്നും അവര്‍ക്ക് നായകത്വം നഷ്ടപ്പെട്ടു എന്നുവരെ നൊബേല്‍ കമ്മിറ്റിയിലെ പ്രമുഖര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 2016 ല്‍ ബോബ് ഡിലന് നൊബേല്‍ ലഭിച്ചുന്നെങ്കിലും സംഗീതമായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. ഒരു ഡസന്‍ കവിതാസമാഹാരങ്ങളും ധാരാളം ലേഖനങ്ങളും എഴുതിയിട്ടുള്ള ഗ്ലൂക്കിന് കാലം കരുതിവച്ച അംഗീകാരമായിരുന്നു നൊബേല്‍ പുരസ്കാരം.