കൊവിഡ് 19 മഹാമാരിയ്ക്ക് മുമ്പും പിന്‍പും എന്നായിരിക്കും വരും കാലങ്ങളില്‍ മാനവരാശിയെ ചരിത്രം അടയാളപ്പെടുത്താന്‍ പോകുന്നത്. മഹാമാരികളും ദുരന്തങ്ങളും മനുഷ്യജീവിതത്തെ പലപ്പോഴും വേട്ടയാടിട്ടുണ്ടെങ്കിലും ലോകമാകെ ലോക്ഡൗണുകളിലേക്ക് തള്ളിവിട്ട പ്രതിഭാസം മുമ്പ് ഉണ്ടായിട്ടില്ല. ഏറ്റവും സങ്കീര്‍ണമായ അവസ്ഥകളിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കൊവിഡ് 19 എന്ന വൈറസ് മനുഷ്യ സമൂഹത്തെ പരിചിതമല്ലാത്ത ജീവിതാവസ്ഥകളിലേക്കാണ് തള്ളിവിട്ടത്. ഒരു രോഗത്തിന്റെ പേരില്‍ പുതിയ ജീവിത രീതികളും ക്രമവും രൂപപ്പെടുകയും ആ അവസ്ഥയോട് മനുഷ്യവര്‍ഗം ഇഴുകിച്ചേരുകയും ചെയ്ത കാഴ്ചകളാണ് 2020 സാക്ഷ്യം വഹിച്ചത്. പൊതുജീവിതം വെല്ലുവിളിയായ ഒരാണ്ടിലൂടെ കടന്നുപോകുമ്പോള്‍ അതിജീവനത്തിന്റ നവതരംഗങ്ങള്‍ സൃഷ്ടിച്ച് ജീവിതം പുതിയ വഴികള്‍ തേടി ഒഴുകുകയാണ്.

2019 നവംബര്‍ 17 നാണ് ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ചത്. എന്നാല്‍ ചൈനീസ് ഭരണകൂടം ഇത് മറച്ചുവയ്ക്കുകയായിരുന്നുവെന്ന് ചൈന മോണിംഗ് പോസ്റ്റ് വാര്‍ത്ത പുറത്തുവിട്ടു. സാര്‍സ് വൈറസിന് സമാനമായ ഒന്ന് ഭീകരമായി പടരുന്നതായി ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ചൈനീസ് സര്‍ക്കാര്‍ അത് ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു. വിവരം പുറംലോകത്തെ അറിയിച്ച ആരോഗ്യ പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും ശിക്ഷിക്കാനാണ് ചൈനീസ് ഭരണകൂടം ആദ്യം മുതിര്‍ന്നത്. പിന്നീട് ലോകാരോഗ്യ സംഘടനയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഡിസംബര്‍ എട്ടിന് രാജ്യത്ത് കൊറോണയുണ്ടെന്ന് ചൈന സമ്മതിച്ചത്.

ലോകാരോഗ്യ സംഘടന കൊറോണ വൈറസ് ബാധയ്ക്ക് കോവിഡ്-19 എന്ന് നാമകരണം ചെയ്ത 2020 ജനുവരിയില്‍ തന്നെ രോഗം ഇന്ത്യയില്‍ എത്തി. മാര്‍ച്ച് 11 നാണ് ലോകാരോഗ്യസംഘടന കൊറോണയെ ഒരു ആഗോള മഹാമാരിയായി പ്രഖ്യാപിച്ചത്. മാര്‍ച്ച് അവസാനമാകുമ്പോഴേക്കും ഐക്യരാഷ്ട്രസംഘടനയുടെ 193 അംഗരാജ്യങ്ങളിലും കൊറോണ എത്തി. രാജ്യങ്ങള്‍ തമ്മിലുള്ള വിമാനയാത്രകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ വന്നു. രാജ്യങ്ങള്‍ ആഭ്യന്തരമായി അടച്ചു, തൊഴിലും വിദ്യാഭ്യാസവും വലിയ തോതില്‍ തടസപ്പെട്ടു. അത്തരത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥക്കപ്പുറം ലോകത്തെയാകെ വരിഞ്ഞുമുറുക്കുന്ന, ഈ തലമുറയിലെ മനുഷ്യര്‍ നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ സാമ്പത്തിക പ്രശ്‌നമായി കൊറോണ മാറി.ദരിദ്രനെന്നോ ധനവാനെന്നോ ഭേദമില്ലാതെ വികസിത രാഷ്ട്രമെന്നോ പട്ടിണിരാഷ്ട്രമെന്നോ ഉള്ള വ്യത്യാസങ്ങളില്ലാതെ രോഗം സര്‍വവ്യാപിയാകുന്ന കാഴ്ചകളിലൂടെയാണ് 2020 കടന്നുപോയത്. ലോകത്തിന്റെ ജീവിതക്രമം മാറിമറിഞ്ഞു. മനുഷ്യര്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായി. വേഷവിധാനം മാറി, ഭാഷാഭേദമില്ലാതെ കുറെ വാക്കുകള്‍ എല്ലാ ഭാഷയുടേതുമായി മാറി, വിദ്യാഭ്യാസരംഗം, കല, സിനിമ, മാധ്യമങ്ങള്‍, സാമ്പത്തിക മേഖല എല്ലാം മാറ്റത്തിന് വിധേയമായി. പല തൊഴിലുകളും അതിന്റെ രീതികളും പുനര്‍നിര്‍വചിക്കപ്പെട്ടു.


2020 ല്‍ കോവിഡ് നല്‍കിയ ദിനചര്യകളിലേക്ക് കടന്നുവന്നവയാണ് ലോക്ഡൗണ്‍, ക്വാറന്റൈന്‍, സോഷ്യല്‍ ഡിസ്റ്റന്‍സ്, സ്റ്റേഹോം, മാസ്‌ക്, ഐസൊലേഷന്‍ തുടങ്ങിയ നിരവധി പദങ്ങള്‍. ബാങ്കിങ് മേഖല, വിദ്യാഭ്യാസം, സേവന നിര്‍വഹണമേഖല തുടങ്ങി മനുഷ്യ വ്യവഹാരത്തിന്റെ മിക്കയിടങ്ങളും ഡിജിറ്റലൈസ് ആയതോടെ പുതിയൊരു തൊഴില്‍ സംസ്‌കാരം രൂപപ്പെട്ടിരിക്കുകയാണ്. കൊറോണക്കാലത്ത് നിത്യജീവിതത്തിലേക്ക് കടന്നുവന്ന ഓരോ വാക്കും ഉള്‍ക്കൊള്ളുന്ന വാച്യാര്‍ത്ഥവും വ്യംഗ്യാര്‍ത്ഥവും നിത്യജീവിതത്തിലും പ്രതിഫലിച്ചു തുടങ്ങും. കൊറോണ പലതിന്റെയും കുത്തക പൊളിച്ചടുക്കിയപ്പോള്‍ പലതിനും കണക്കറ്റ് ലാഭം കുന്നുകൂടാന്‍ അവസരവുമൊരുക്കിയിട്ടുണ്ട്. തലമുറയെ രൂപപ്പെടുത്തുന്ന വിദ്യാഭ്യാസമേഖലയ്ക്ക് കെടുതികളാണ് കോവിഡ് 19 വരുത്തിയിരിക്കുന്നത്. കോവിഡാനന്തരം സംജാതമാകുന്ന അസന്തുലിതാവസ്ഥയെ ചിട്ടപ്പെടുത്തുക എന്നത് ഭരണാധികാരികളുടെയും സാമൂഹിക സംഘടനകളുടെയും ഭാരിച്ച കര്‍ത്തവ്യമാണ്. ലോകത്ത് ഇതുവരെ എട്ട് കോടിയിലധികം പേരെ ബാധിച്ച കൊറോണ പതിനേഴ് ലക്ഷത്തിലധികം ആളുകളുടെ ജീവന്‍ അപഹരിച്ചു.
കൊവിഡ് 19 അവസാനത്തെ മഹാമാരിയല്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. കലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കല്‍, മൃഗ സംരക്ഷണം എന്നിവയില്‍ ആഗോള സമൂഹം പരാജയപ്പെട്ടാല്‍ മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടും. ലോകരാഷ്ട്രങ്ങള്‍ പൊതുജനാരോഗ്യരംഗത്തെ നിക്ഷേപം വര്‍ധിപ്പിക്കേണ്ട കാലമായെന്നും സംഘടന വ്യക്തമാക്കുന്നു. കാലാവസ്ഥാവ്യതിയാനത്തെ തടയുന്നതിനും ജൈവസമ്പത്തിനെ സംരക്ഷിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ മനുഷ്യര്‍ കൂടുതലായി ഇടപെടേണ്ടതുണ്ട്. യാതൊരു ദീര്‍ഘ വീക്ഷണവുമില്ലാതെയാണ് കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ആളുകള്‍ പണം ചെലവഴിക്കുന്നത്. അടുത്ത മഹാമാരി പ്രതിരോധിക്കാനുള്ള മുന്‍കരുതല്‍ ഒന്നും തന്നെ നടക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു.