സാംസങ് എന്ന കൊറിയന്‍ വാക്കിന്റെ അര്‍ത്ഥം മൂന്നു നക്ഷത്രങ്ങള്‍ എന്നാണ്. സാംസങ്ങിന്റെ ഒരു ഇലക്ട്രോണിക് ഉപകരണമെങ്കിലും കാണാത്തവരായിട്ട് ആരും തന്നേയുണ്ടാവില്ല. ലോകത്തിന്റെ മുക്കിലും മൂലയിലും വരെ സാംസങ്ങിന്റെ ഉത്പന്നങ്ങള്‍ സുലഭമാണ്. യുദ്ധത്തില്‍ തകര്‍ന്ന ദക്ഷിണകൊറിയയെ ലോകത്തെ പന്ത്രണ്ടാമത്തെ സമ്പന്നരാജ്യമാക്കി മാറ്റിയതില്‍ സാംസങ് വഹിച്ച പങ്ക് വലുതാണ്. ദക്ഷിണകൊറിയുടെ ജി.ഡി.പിയുടെ 17 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് സാംസങ് ആണ്. 82 വര്‍ഷങ്ങള്‍ക്ക് മുമ്പ് മീനും പച്ചക്കറികളും പഴങ്ങളും കയറ്റുമതി ചെയ്യാനായി ആരംഭിച്ച സാംസങിനെ സാങ്കേതിക രംഗത്തെ ആഗോളഭീമനാക്കി വളര്‍ത്തിയത് ചെയര്‍മാന്‍ ലീ കുന്‍ ഹീ ആണ്.
സാംസങ്ങിന്റെ മാത്രമല്ല ബിസിനസ് ലോകത്തെ തന്നെ തിളക്കമുള്ള നക്ഷത്രങ്ങളിലൊന്നാണ് ലീ കുന്‍ ഹീ. ദക്ഷിണകൊറിയയിലെ ഏറ്റവും വലിയ ധനികനായിരിക്കുമ്പോഴും ഉള്‍വലിഞ്ഞുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഇത് ബിസിനസുകാര്‍ക്കിടയില്‍ ‘ താപസശ്രേഷ്ഠന്‍ ‘ എന്ന പേര് നേടിക്കൊടുത്തു. സെന്‍ട്രല്‍ സോളിലെ വീട്ടില്‍ നിന്നും തൊട്ടടുത്തുള്ള കമ്പനി ആസ്ഥാനം സന്ദര്‍ശിക്കാന്‍ പോകുന്നത് പോലും ലീ വിരളമായിരുന്നു.
ദക്ഷിണകൊറിയയിലെ ഏറ്റവും പ്രബലമായ ബിസിനസ് കുടുംബത്തില്‍ 1942 ജനുവരി ഒമ്പതിന് ലീ കുന്‍-ഹീയുടെ ജനനം. സാംസങിന്റെ സ്ഥാപകന്‍ ലീബ്യുങ് ചുലും പാര്‍ക്ക് ഡു യൂളുമായിരുന്നു മാതാപിതാക്കള്‍. ദമ്പതികളുടെ മൂന്നാമത്തെ മകനായിരുന്നു ലീ. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ മുതല്‍ കെട്ടിട നിര്‍മ്മാണം വരെ സാംസങ്ങിനുണ്ടായിരുന്നു. ജപ്പാനിലെ വാസെഡ സര്‍വകലാശയിലെ പഠനശേഷം അമേരിക്കയിലെ ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.എ നേടി മുപ്പത്തിയാറാമത്തെ വയസില്‍ ലീ സാംസങ് ഗ്രൂപ്പിന്റെ നിര്‍മ്മാണ വ്യാപാര വിഭാഗത്തിന്റെ വൈസ് ചെയര്‍മാനായി. ഒമ്പത് വര്‍ഷത്തിന് ശേഷം പിതാവിന്റെ മരണത്തോടെ 1987 ല്‍ സാംസങ് ഗ്രൂപ്പിന്റെ
ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. ലീ ബ്യുങ് ചുലിന്റെ മരണത്തോടെ സാംസങ് ഗ്രൂപ്പ്, ഷിന്‍സെഗേ ഗ്രൂപ്പ്, സി.ജെ ഗ്രൂപ്പ്, ഹാന്‍സോള്‍ ഗ്രൂപ്പ് എന്നിങ്ങനെ നാല് വ്യത്യസ്ത കമ്പനികളായി സാംസങ് വിഭജിക്കപ്പെട്ടിരുന്നു. ഇതില്‍ സാംസങ് ഗ്രൂപ്പിന്റെ നേതൃത്വമാണ് ലീ കുന്‍ ഹീ ഏറ്റെടുത്തത്. 1990 ന് ശേഷം ലീയുടെ നേതൃത്വത്തില്‍ സാംസങ് ആഗോള വിപണി ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കങ്ങള്‍ ആരംഭിച്ചു.
മൊബൈല്‍ ഫോണുകള്‍, സെമി കണ്ടക്ടറുകള്‍ പോലുള്ള ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ സാംസങ് ആഗോള വിപണിയില്‍ വലിയ ലാഭത്തില്‍ വിറ്റഴിച്ചു. കമ്പനിയുടെ പ്രധാന വരുമാന സ്രോതസും ഇലക്ട്രോണിക് ഉത്പന്നങ്ങളായിരുന്നു. 2020 ല്‍ ആഗോള തലത്തില്‍ ഏറ്റവും മൂല്യമുള്ള എട്ട് ബ്രാന്‍ഡുകളില്‍ ഒന്നാണ് സാംസങ്. ലോകത്തെ ഏറ്റവും വലിയ ഐ.ടി കമ്പനി, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ചിപ്പ് നിര്‍മ്മാണം, സാംസങ് ഇലക്ട്രോണിക്സ്, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പല്‍ നിര്‍മാതാക്കളായ സാംസങ് ഹെവി ഇന്‍ഡസ്ട്രീസ്, ലോകത്തെ വലിയ നിര്‍മാണ കമ്പനികളായ സാംസങ് എന്‍ജിനിയറിംഗ്, സാംസങ് സി ആന്‍ഡ് ടി, സാംസങ് ലൈഫ് ഇന്‍ഷുറന്‍സ്, ദക്ഷിണ കൊറിയയിലെ ഏറ്റവും പഴക്കമുള്ള തീം പാര്‍ക്കായ എവര്‍ലാന്‍ഡ് റിസോര്‍ട്ടിന്റെ നടത്തിപ്പുകരായ സാംസങ് എവര്‍ലാന്റ്, ഏറ്റവും വലിയ പരസ്യ കമ്പനികളിലൊന്നായ ചെയ്ല്‍ വേള്‍ഡ് വൈഡ് എന്നിവയാണ് സാംസങ് ഗ്രൂപ്പിന്റെ പ്രധാന കമ്പനികള്‍.

ദക്ഷിണ കൊറിയയുടെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ വികാസത്തില്‍ സാംസങ് ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് വലിയ പങ്കുണ്ട്. രാജ്യത്തെ ആകെ കയറ്റുമതിയില്‍ അഞ്ചിലൊന്ന് സാംസങിന്റേതാണ്. രാജ്യത്തിന്റെ 1082 ബില്യണ്‍ ഡോളര്‍ വരുന്ന മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 17 ശതമാനത്തിന് തുല്യമാണ് സാംസങിന്റെ വരുമാനം. 1987 മുതല്‍ 2008 വരെയും 2010 മുതല്‍ 2020 വരെയുമാണ് ലീ കുന്‍ ഹീ സാംസങ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്തുണ്ടായിരുന്നത്. ഫോര്‍ബ്സിന്റെ പട്ടികയില്‍ ലോകത്ത് ഏറ്റവും സമ്പന്നരായ കുടുംബമാണ് ലീയുടേത്. ലോകത്ത് ഏറ്റവും ശക്തരായ 35-മാത്തെ വ്യക്തിയായും ശക്തനായ കൊറിയക്കാരനായും ഫോര്‍ബ്സ് ലീയെ വിലയിരുത്തുന്നു. വിവാദ രാഷ്ട്രീയ ബന്ധങ്ങള്‍ കൊണ്ടും ലീ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. രണ്ട് തവണ ക്രിമിനല്‍ കേസുകളില്‍ പ്രതിയായി. മുന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹൈയ്ക്ക് കൈക്കൂലി നല്‍കിയെന്നതടക്കമുള്ള കേസുകളാണ് സാംസങ് ചെയര്‍മാനെതിരെ വന്നത്. ഭാര്യയെയും കുട്ടികളെയുമല്ലാതെ മറ്റെല്ലാം നമുക്ക് മാറ്റാം എന്നാണ് ലീ ഒരിക്കല്‍ പറഞ്ഞത്. വെറുതെ പറയുക മാത്രമല്ല കമ്പനിയില്‍ സ്റ്റോക്കുണ്ടായിരുന്ന ഒന്നരലക്ഷത്തോളം മൊബൈല്‍ ഫോണുകള്‍ അദ്ദേഹം നശിപ്പിച്ചു കളഞ്ഞു. തുടര്‍ന്ന് സാംസങ് അവതരിപ്പിച്ച സ്ലൈഡിംഗ് മൊബൈലായ എനിക്കാള്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ചു. സാംസങ് ആസ്ഥാനത്ത് ചൈനീസ് ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച് തന്റെ ജീവനക്കാര്‍ക്ക് ചൈന എങ്ങനെയാണ് മുന്നേറുന്നതെന്ന് മനസിലാക്കി കൊടുത്തിട്ടുണ്ട് അദ്ദേഹം. 2014ല്‍ സംഭവിച്ച ഹൃദയാഘാതമാണ് ലീ കുന്‍ ഹീയെ തളര്‍ത്തിയത്. പിന്നീട് മരണത്തിന് കീഴടങ്ങുന്നതുവരെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ആരോഗ്യ അവസ്ഥയെക്കുറിച്ച് പുറം ലോകത്തിന് കൃത്യമായ അറിവില്ലായിരുന്നു.
