ഏഷ്യ-പസഫിക് മേഖലയില്‍ ഇന്ത്യക്കാരാണ് കൂടുതല്‍ ജോലിഭാരമുള്ളവരെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐ.എല്‍.ഒ.) വെളിപ്പെടുത്തല്‍. ഏറ്റവും കൂടുതല്‍ തൊഴില്‍ സമയമുള്ള ലോകരാജ്യങ്ങളില്‍ അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം. ഗാംബിയ, മംഗോളിയ, മാലദ്വീപ്, ഖത്തര്‍ എന്നിവയാണ് പട്ടികയിലുള്ള ആദ്യ രാജ്യങ്ങള്‍. കോവിഡ് കാലയളവില്‍ ലോകരാജ്യങ്ങളിലെ തൊഴില്‍സ്ഥിതി താരതമ്യംചെയ്തു തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. മറ്റു രാജ്യങ്ങളിലെ തൊഴിലാളികളെ അപേക്ഷിച്ച് ലഭിക്കുന്ന വേതനം കുറവാണെന്നും വിനോദത്തിനായി ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് സമയം ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഏഷ്യാ-പസഫിക് മേഖലയില്‍ ബംഗ്ലാദേശിനെ ഒഴിച്ച് നിര്‍ത്തിയാല്‍ ഏറ്റവും കുറവ് വേതനം വാങ്ങുന്നവരും ഇന്ത്യയിലെ തൊഴിലാളികളാണ്. സാധാരണ അത് ആഴ്ചയില്‍ 48 മണിക്കൂറോ അതില്‍ കൂടുതലോ ആണെന്നും ഐ.എല്‍.ഒ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയേക്കാളും കൂടുതല്‍ ജോലി സമയമുളള രാജ്യങ്ങള്‍ ഗാംബിയ, മംഗോളിയ, മാലിദ്വീപ്, ഖത്തര്‍ എന്നി രാജ്യങ്ങളാണ്. ഈ രാജ്യങ്ങളിലാകട്ടെ വലിയൊരു ശതമാനവും ഇന്ത്യയില്‍ നിന്നുളളവരാണ് താനും.
ചൈനയില്‍ ഒരാഴ്ചത്തെ ഒരാളുടെ ഏകദേശ ജോലി സമയം 46 മണിക്കൂറാണ്. അമേരിക്കയില്‍ അത് 37 മണിക്കൂറും ഇംഗ്ലണ്ടില്‍ 36 മണിക്കൂറും ഇസ്രയേലില്‍ 36 മണിക്കൂറുമാണ്. ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് ലോകത്ത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കിയാല്‍ വളരെ കുറഞ്ഞ വേതനമാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയില്‍ നഗരങ്ങളില്‍ നല്ല ശമ്പളമുളള ജോലി ചെയ്യുന്നവര്‍ക്കാണ് ഗ്രാമങ്ങളില്‍ ഉളളവരേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടതായി വരുന്നത്.ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും സ്ത്രീകളേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുന്നത് പുരുഷന്മാര്‍ക്കാണ് എന്നും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. അഫ്രിക്കയിലെ ചില രാജ്യങ്ങള്‍ മാത്രമാണ് മിനിമം വേതനത്തില്‍ ഇന്ത്യയേക്കാള്‍പിന്നിലുള്ളത്. 48 മണിക്കൂറോളം സ്വയം തൊഴിലുള്ള പുരുഷന്മാര്‍ ജോലി ചെയ്യുമ്പോള്‍ 7 മണിക്കൂറോളമാണ് സ്ത്രീകള്‍ ജോലി ചെയ്യുന്നത്. സ്ഥിരവരുമാനമുള്ള ശമ്പളക്കാരില്‍ റൂറല്‍ മേഖലകളില്‍ പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ 52 മണിക്കൂറും സ്ത്രീകള്‍ക്ക് 44 മണിക്കൂറോളം ജോലി ചെയ്യേണ്ടി വരുന്നു. കരാര്‍ തൊഴിലാളികളില്‍ യഥാക്രമം ഇത് 45ഉം 39ഉം മണിക്കൂര്‍ വീതമാണ്. തൊഴിലിടങ്ങളില്‍ നിന്ന് താമസ സ്ഥലങ്ങളിലേക്കുംതൊഴിലിടങ്ങളിലെ ഭക്ഷണത്തിനുമായുള്ള ഇടവേളകളുമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ദിവസത്തിന്റെ പത്തിലൊന്ന സമയം പോലും വിനോദത്തിനായി ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. സ്ത്രീകള്‍ക്ക് ലഭിക്കുന്ന വിശ്രമ വേളകള്‍ പുരുഷന്മാരേക്കാള്‍ വളരെ കുറവാണ്. ദേശീയ-സംസ്ഥാനതലങ്ങളില്‍ വെവ്വേറെ നിരക്കുകളുമായി മിനിമം വേതനവ്യവസ്ഥ ഇന്ത്യയില്‍ സങ്കീര്‍ണമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തി. വിവിധ തൊഴിലുകളിലായി സംസ്ഥാനങ്ങളില്‍ 1915 വേതന നിരക്കുകളും ദേശീയതലത്തില്‍ 48 നിരക്കുകളുമുണ്ടായിരുന്നു. എന്നാല്‍ തൊഴില്‍ കോഡുകള്‍ വരുന്നതോടെ ഇതു കുറഞ്ഞതു നാലും പരമാവധി പന്ത്രണ്ടുമായിപരിഷ്‌കരിക്കപ്പെടുമെന്നും റിപ്പോട്ട് നിരീക്ഷിച്ചു.
ഇന്ത്യയില്‍ കൂലിയില്ലാതെ കൂടുതല്‍ സമയം ജോലി ചെയ്യുന്നത് സ്ത്രീകളാണെന്ന് രാജ്യത്ത് ആദ്യമായി നടത്തിയ സമയവിനിയോഗ (ടൈംയൂസ് സര്‍വേ- ടി യു എസ്) സര്‍വേയില്‍ പറയുന്നു. വ്യക്തികള്‍ എന്തിനൊക്കെയാണ് സമയം ചെലവഴിക്കുന്നത് എന്നതിനെകുറിച്ചുള്ള സര്‍വേയാണ് സമയ വിനിയോഗ സര്‍വേ. സ്ത്രീകളും പുരുഷന്മാരും വേതനം ലഭിക്കുന്നതും ലഭിക്കാത്തതുമായ തൊഴിലുകളില്‍ എത്രത്തോളം ഇടപെടുന്നു എന്നതിനെ കുറിച്ച് പരിശോധിക്കുന്നതായിരുന്നു സര്‍വേയുടെ പ്രാഥമിക ലക്ഷ്യം. ഇതിന് പുറമെ വേതനം ലഭിക്കുന്ന ജോലി, കുട്ടികളുടെ പരിചരണം, സാമൂഹികമായ ഇടപെടല്‍, സന്നദ്ധപ്രവര്‍ത്തനം എന്നിവയൊക്കെ ഉള്‍പ്പെടുന്നുണ്ട്. ജാതി, വര്‍ഗം, ലിംഗം ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ ഒക്കെ ഇതില്‍ കാണാം. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ആണ് 2019ല്‍ സര്‍വേ നടത്തിയത്.
രാജ്യത്തൊട്ടാകെ 1.39 ലക്ഷം വീടുകളെയും നാലരലക്ഷത്തോളംപേരെ ഉള്‍പ്പെടുത്തയായിരുന്നു ഈ സാംപിള്‍ സര്‍വേ. ഈ സര്‍വേ പ്രകാരം ഇന്ത്യയിലെ സ്ത്രീകളില്‍ അവര്‍ ചെയ്യുന്ന ജോലിയുടെ 84 ശതമാനവും വേതനം ലഭിക്കുന്നില്ല. ഇതേ സമയം പുരുഷന്മാരുടെ 80 ശതമാനം ജോലി സമയവും വേതനം ലഭിക്കുന്ന ജോലി ചെയ്യുന്നതാണ്. ആറ് ശതമാനം പുരുഷന്മാര്‍ മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള അടുക്കള ജോലികളില്‍ പങ്കാളികളാകുന്നത്. എട്ട് ശതമാനം പുരുഷന്മാര്‍ മാത്രമാണ് വീട് വൃത്തിയാക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നതെന്നും പറയുന്നു. സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ഈ വലിയ വ്യത്യാസത്തിന് പുറമെ ദരിദ്രരും ധനികരും തമ്മിലും സവര്‍ണ ജാതിയില്‍പ്പെട്ടവരും അല്ലാത്തവരും തമ്മിലും കാതലായ വ്യത്യാസം ഈ സര്‍വേയില്‍ തെളിഞ്ഞുകാണാം. ദരിദ്രരും ധനികരും തമ്മില്‍ തൊഴില്‍ വേതനത്തില്‍ വ്യത്യാസമുണ്ട്. ഇന്ത്യയിലെ ദരിദ്രര്‍ക്ക് അവരുടെ കൂടുതല്‍ സമയ ജോലി ചെയ്യുന്നുണ്ടെങ്കിലും കുറഞ്ഞ സമയത്തെ ജോലിക്ക് മാത്രമാണ് കൂലി ലഭിക്കുന്നത് എന്ന് സര്‍വേ വെളിപ്പെടുത്തുന്നത്.