
ശാസ്ത്രം വികസിക്കുന്നത് മനുഷ്യന്റെ സ്വപ്നങ്ങള്‍ക്കൊപ്പമാണെന്നു ചരിത്രം പഠിപ്പിക്കുന്നത്. വിമാനവും മൊബൈലും ഗോളാന്തര യാത്രയുമൊക്ക മുമ്പ് കണ്ട സ്വപ്നങ്ങളായിരുന്നു. ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ചിലപ്പോള്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളും ഉണ്ടാകും. കോഴിയിറച്ചി കഴിക്കാന്‍ ഇനി കോഴിയെ വളര്‍ത്തേണ്ടതില്ല എന്നുള്ളതാണ് ശാസ്ത്രത്തിന്റെ മറ്റൊരു വിസ്മയമായ കണ്ടുപിടിത്തം. അമേരിക്കന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഈറ്റ് ജസ്റ്റിന് ലാബോറട്ടറിയില്‍ വളര്‍ത്തിയെടുത്ത കോഴി ഇറച്ചി വില്‍ക്കാന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ലോകത്ത് തന്നെ ആദ്യമായിട്ടാണ് കൃത്രിമമായി വളര്‍ത്തിയെടുത്ത ഇറച്ചി വിപണിയില്‍ എത്തിക്കാന്‍ ഇങ്ങനെ ഒരു അനുമതി ലഭിക്കുന്നത്. സിംഗപ്പൂര്‍ ഫുഡ് ഏജന്‍സി നടത്തിയ ഒട്ടനവധി സുരക്ഷാ പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് ലാബ് ചിക്കന് അംഗീകാരം നല്‍കിയിരിക്കുകയാണ്. നേരത്തെ വെജിറ്റബിള്‍ മുട്ട വിപണിയിലെത്തിച്ച് ശ്രദ്ധനേടിയ കമ്പനിയാണ് ഈറ്റ് ജസ്റ്റ്.

ആദിമ മനുഷ്യന്‍ കാട്ടില്‍ കണ്ടെത്തിയ മൃഗങ്ങളെ കൊന്നു തിന്നു. മനുഷ്യന്‍ പുരോഗമിച്ചപ്പോള്‍ മറ്റു വളര്‍ത്തു മൃഗങ്ങളെപ്പോലെ കോഴിയെ വീട്ടില്‍ വളര്‍ത്താന്‍ തുടങ്ങി. അധികകാലം വേണ്ടി വന്നില്ല തീന്‍മേശയിലെ മുഖ്യവിഭവങ്ങളില്‍ കോഴിയിറച്ചി മാറാന്‍. വൈകാതെ വ്യാവസായിക അടിസ്ഥാനത്തില്‍ കോഴി മാര്‍ക്കറ്റില്‍ എത്തിത്തുടങ്ങി. ലോകത്തിലെ വലിയ ബിസിനസ് മേഖലകളില്‍ ഒന്നായി ചിക്കന്‍ഫാമുകള്‍ മാറി. ശാസ്ത്രം വീണ്ടും പുരോഗമിച്ചപ്പോള്‍ ഫ്രോസണ്‍ ചിക്കനായും കോഴിയുടെ വിവിധ ഭാഗങ്ങള്‍ വെവ്വേറെ പാക്കറ്റുകളിലായും ഫാക്ടറികളില്‍ നിന്ന് വീടുകളിലേക്ക് എത്തിത്തുടങ്ങി. ലോകത്ത് ദിവസവും 13 കോടി കോഴികള്‍ ഇറച്ചിയായി തീന്‍മേശയില്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. ഹോര്‍മോണ്‍ കുത്തി വയ്പ്പിന് വിധേയമാകാത്ത ഇറച്ചി എന്ന മേന്മ ലാബ് ചിക്കന് അവകാശപ്പെടാന്‍ സാധിച്ചേക്കും. കൂടാതെ കൊല്ലാനായി വളര്‍ത്തപ്പെടുന്ന മൃഗങ്ങളുടെ എണ്ണം ഗണ്യമായി കുറയുന്നതോടെ മാലിന്യങ്ങള്‍ കുറയ്ക്കാനും സാധിക്കും. ഈറ്റ് ജസ്റ്റ് കമ്പനിയുടെ ഉത്പന്നം ഉണ്ടാക്കാനായി ആവശ്യമായ കോശങ്ങള്‍ വളര്‍ത്തുക 1200 ലിറ്റര്‍ ബയോ റിയാക്ടറിലാണ്. പിന്നീട് അത് ചെടികളില്‍ നിന്നെടുത്ത ചേരുവകളുമായി കൂട്ടിച്ചേര്‍ക്കും. കോഴികളെ കൊല്ലാതെ ജീവനുള്ളവയില്‍ നിന്നെടുത്ത ബയോപ്സികളില്‍ നിന്ന് വികസിപ്പിക്കുന്ന കോശങ്ങള്‍ ഒക്കെ ഒരു സെല്‍ ബാങ്കില്‍ സൂക്ഷിക്കും. ആ ബാങ്കില്‍ നിന്നായിരിക്കും ഉത്പാദനത്തിന് വേണ്ട കോശങ്ങള്‍ എടുക്കുക.

വളരുന്ന കോശങ്ങള്‍ക്ക് വേണ്ട പോഷക ഘടകങ്ങള്‍ നല്‍കുക ചെടികളില്‍ നിന്ന് എടുത്തിട്ടായിരിക്കും. കോഴികളുടെ ഗര്‍ഭ പിണ്ഡത്തില്‍ നിന്നെടുത്ത രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന സെറവും കോശങ്ങള്‍ക്ക് വളരാനുള്ള മാധ്യമമായി മാറും. ഇത് കൂടാതെ ചെടികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന സെറവും ഉപയോഗിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഈ പ്രക്രിയ ചെലവ് കൂടിയതായത് കൊണ്ട് തുടക്കത്തില്‍ ലാബ് ചിക്കന് വില കൂടുമെങ്കിലും പിന്നീട് വന്‍തോതില്‍ ഉത്പാദനം നടക്കുമ്പോള്‍ വില കുറഞ്ഞേക്കും. സിംഗപ്പൂരിലെ റെസ്റ്റോറന്റുകളില്‍ മാത്രമായിരിക്കും ഈ ഉത്പ്പന്നം വില്‍ക്കപ്പെടുക. ഏതെങ്കിലും ഒരു രാജ്യത്തെ ഗവണ്മെന്റിന്റെ അംഗീകാരം കിട്ടുക എന്നതായിരുന്നു അമേരിക്കന്‍ കമ്പനിയുടെ മുമ്പിലെ ആദ്യത്തെ കടമ്പ. ഇനിയുള്ളത് ഉപഭോക്താക്കളെ എങ്ങനെ ഇതിന്റെ ഗുണഗണങ്ങള്‍ ബോധ്യപ്പെടുത്തും എന്നുള്ളതാണ്. ആഗോള തലത്തില്‍ ഇരുപത്തിയഞ്ചോളം കമ്പനികള്‍ പരീക്ഷണശാലയില്‍ മാംസം വളര്‍ത്തുന്ന പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്്. ചിക്കനും ബീഫും മാത്രമല്ല മീനും ഇത്തരത്തില്‍ പരീക്ഷണ ശാലയില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സംഗതി വിജയമായാല്‍, ഇപ്പോള്‍ വേട്ടയാടലിന്റെ പേരും വംശനാശത്തിന്റെ പേരിലും വിലക്കുള്ള ഇറച്ചികള്‍ പോലും പരീക്ഷണ ശാലകളില്‍ ഉത്പാദിപ്പിച്ച് വില്‍ക്കാനുള്ള സാഹചര്യം ഉണ്ടാകും.

ആഗോള ചിക്കന്‍ ഇറച്ചി വിപണിയില്‍ അടിക്കടി വളര്‍ച്ച രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അമേരിക്ക, ചൈന, ബ്രസീല്‍ എന്നി രാജ്യങ്ങളിലാണ് ആഗോള ഉപഭോഗത്തിന്റെ 40 ശതമാനവും. തൊട്ടുപിന്നില്‍ റഷ്യ, മെക്‌സിക്കോ, ഇന്ത്യ, ജപ്പാന്‍, ഇന്തോനേഷ്യ, ഇറാന്‍, ദക്ഷിണാഫ്രിക്ക, അര്‍ജന്റീന, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുമുണ്ട്. 2019 ല്‍ ആഗോള ചിക്കന്‍ മാംസത്തിന്റെ ഉത്പാദനം 119 മില്യണ്‍ ടണ്ണായി. തൊട്ടടുത്ത വര്‍ഷത്തെ അപേക്ഷിച്ച് നാല് ശതമാനത്തിന്റെ വളര്‍ച്ച. ബ്രസീല്‍, അമേരിക്ക, ഹോളണ്ട് എന്നി രാജ്യങ്ങളാണ് ആഗോള കയറ്റുമതിയുടെ 53 ശതമാനവും നിയന്ത്രിക്കുന്നത്. ആഗോള വിപണി വലുപ്പം 2019 ല്‍ ഏകദേശം 319.2 ബില്യണ്‍ ഡോളറിലെത്തി. 2015 മുതല്‍ 5.5 ശതമാനം കോമ്പൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിച്ചു പോരുന്നു. 2023 ഓടെ സി.എ.ജി.ആറില്‍ 6.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും 4023 ബില്യണ്‍ ഡോളറായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. 2025 ഓടെ ആഗോള കോഴി വിപണി വളര്‍ച്ചാ നിരക്ക് 7.2 ശതമാനമായി 465.7 ബില്യണ്‍ ഡോളറിലെത്തുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഈയൊരു അവസരത്തിലാണ് ലാബില്‍ പിറക്കുന്ന ചിക്കനുംകൂടി തീന്‍മേശയിലേക്ക് എത്തുന്നത്.