പടവുകിണറുകളുടെ പേരില്‍ അറിയപ്പെടുന്ന രാജസ്ഥാന്‍ ഗ്രാമമായ ജുന്‍ജുനുവും കോട്ടയം-ആലപ്പുഴ ജില്ലകളിലൂടെ ഒഴുകുന്ന കൊടൂര്‍ പുഴയും തമ്മിലൊരു ബന്ധമുണ്ട്. എച്ച്.ഡി പൈപ്പ് നിർമ്മാണ – വിതരണ രംഗത്തെ കേരളത്തിലെ അതികായന്‍മാരായ കൊടൂര്‍ എന്‍ജിനിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇവയെ തമ്മില്‍ തമ്മിപ്പിക്കുന്ന ഘടകം. സ്വാതന്ത്ര്യാനന്തരം ജുന്‍ജുനുവില്‍ നിന്ന് കേരളത്തില്‍ ബിസിനസ് ആരംഭിക്കാന്‍ വന്നതാണ് രാംകുമാര്‍ കെജ്രിവാള്‍. കേരളത്തിലൊരു സംരംഭം തുടങ്ങുമ്പോള്‍ മലയാളമണ്ണിന്റെ ഗന്ധം വേണം എന്ന നിര്‍ബന്ധമാണ് കെജ്രിവാള്‍ കുടുംബത്തെ കൊടൂര്‍ എന്ന പുഴയുടെ പേര് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. രാംകുമാര്‍ കെജ്രിവാള്‍ കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യത്തിന്റെ പുതുതലമുറയിലെ തിളക്കമുള്ള കണ്ണിയാണ് രാജേഷ് കെജ്രിവാള്‍. എച്ച്.ഡി പൈപ്പ് നിർമ്മാണ – വിതരണ മേഖലയില്‍ അരപതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള കൊടൂര്‍ എന്‍ജിനേഴ്‌സ് പുതിയ ഉയരങ്ങള്‍ താണ്ടുന്നത് രാജേഷ് കെജ്രിവാളിന്റെ നേതൃത്വത്തിലാണ്.
രാജേഷ് കെജ്രിവാളിന്റെ മുത്തച്ഛനായ രാംകുമാര്‍ കെജ്രിവാള്‍ 1955ല്‍ ആണ് കൊച്ചിയില്‍ എത്തിയത്. പത്ത് വര്‍ഷത്തിനു ശേഷം കെജ്രിവാള്‍ ഇന്‍ഡസ്ട്രീസ് എന്ന പേരില്‍ ഇരുമ്പ് ഡ്രം ഉത്പാദിപ്പിക്കുന്ന കമ്പനി ആരംഭിച്ചു. കൊച്ചിന്‍ റിഫൈനറിയ്ക്ക് വേണ്ടി നിരവധി ഡ്രമ്മുകള്‍ നിര്‍മ്മിച്ചു നല്‍കിയതോടെ ബിസിനസ് പച്ചപ്പിടിച്ചു. രാംകുമാര്‍ കെജ്രിവാളിനൊപ്പം രാജേഷ് കെജ്രിവാളിന്റെ പിതാവായ കേശവ് ദേവ് കെജ്രിവാളും സജീവമായി ഉണ്ടായിരുന്നു. 1970ല്‍ ആണ് എച്ച്.ഡി പൈപ്പ് നിര്‍മ്മാണ രംഗത്ത് ചുവടുറപ്പിച്ച് കൊടൂര്‍ എന്‍ജിനേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പിറവി കൊണ്ടത്. ഇരുമ്പ് ഡ്രമ്മിന്റെ ഡിമാന്‍ഡ് കുറയുന്നതും പുതിയ ബിസിനസ് പടുത്തുയര്‍ത്താന്‍ കെജ്രിവാള്‍ കുടുംബത്തെ പ്രേരിപ്പിച്ചു. 2000ല്‍ കെജ്രിവാള്‍ ഇന്‍ഡ്രസ്ട്രീസ് പ്രവര്‍ത്തനം പൂർണ്ണമായും കൊടൂര്‍ എന്‍ജിനേഴ്‌സിലേക്കു മാറി.
എച്ച്.ഡി പൈപ്പ് ബിസിനസിലെ സജീവ സാന്നിദ്ധ്യമായ കൊടൂര്‍ കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അര ഇഞ്ച് മുതല്‍ എട്ട് ഇഞ്ച് വരെയുള്ള പൈപ്പുകളാണ് ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയും കൂടാതെ ഐ.എസ്.ഐ മാര്‍ക്കോടുകൂടി കമ്പനി നിര്‍മ്മിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ സജീവമായ കൊടൂര്‍ എന്‍ജിനിയേഴ്‌സ് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ കേരളത്തിലെ വ്യവസായ രംഗത്ത് ഒഴിച്ചു കൂടാനാകാത്ത നാമമായി മാറിക്കഴിഞ്ഞു. ഇന്‍ഫോ പാര്‍ക്ക്, കണ്ണൂര്‍ എയര്‍പോര്‍ട്ട് തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ അവരുടെ സാന്നിദ്ധ്യം ഉണ്ട്. പെട്രോളിയത്തിന്റെ ഉപോത്പന്നം ഉപയോഗിച്ചാണ് എച്ച്.ഡി പൈപ്പുകള്‍ നിര്‍മ്മിക്കുന്നത്. ഉത്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുവിന്റെ തൊണ്ണൂറ്റിയഞ്ച് ശതമാനവും ഇന്ത്യയില്‍ നിന്നാണ് ലഭിക്കുന്നത്. ഗ്യാസ് അതോറിട്ടി ഓഫ് ഇന്ത്യ, ഹാല്‍ദിയ പെട്രോള്‍ കെമിക്കല്‍സ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, റിലയന്‍സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നാണ് പ്രധാനമായും റോ മെറ്റീരിയല്‍സ് ലഭ്യമാകുന്നത്.
കൊടൂര്‍ എന്‍ജിനേഴ്‌സിന്റെ അമരക്കാരനും കേശവ് ദേവ് കെജ്രിവാളിന്റെ മകനുമായ രാജേഷ് കെജ്രിവാള്‍ ഷെയര്‍ മാര്‍ക്കറ്റ് ബിസിനസില്‍ നിന്നാണ് പിതാവിനെ സഹായിക്കാന്‍ എത്തിയത്. കൊല്‍ക്കത്തയില്‍ ജനിച്ച രാജേഷ് പഠിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിലാണ്. എറണാകുളം സെന്റ് ആല്‍ബര്‍ട്ട് സ്‌കൂള്‍, കോളേജ് എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ബികോം ബിരുദത്തിന് ശേഷം ഷെയര്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ ത്രീ ഇന്‍വെസ്റ്റ്‌മെന്റ് എന്ന കമ്പനി പത്ത് വര്‍ഷത്തോളം നടത്തിയിട്ടുണ്ട്. പഠനകാലത്ത് തന്നെ ബിസിനസാണ് തന്റെ വഴി എന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നുവെന്ന് രാജേഷ് കെജ്രിവാള്‍ പറയുന്നു. 1998ല്‍ പിതാവിനൊപ്പം രാജേഷ്, കൊടൂര്‍ എന്‍ജിനേഴ്‌സില്‍ ചേര്‍ന്നു. പിന്നീട് കമ്പനിയുടെ സാരഥ്യം ഏറ്റെടുക്കുകയായിരുന്നു.
ഗുണമേന്മയാണ് കൊടൂര്‍ പൈപ്പുകളുടെ പ്രധാനപ്പെട്ട സവിശേഷതയെന്ന് രാജേഷ് പറയുന്നു. ഒരിക്കല്‍ ഉപോയാഗിച്ചവര്‍ തലമുറകള്‍ക്ക് ശേഷം വീണ്ടും അന്വേഷിച്ച് എത്തുന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. നാല് ഇഞ്ച് വീതിയില്‍ നൂറ് മീറ്ററിലധികം സിംഗിള്‍ റോള്‍ ആയിട്ട് ലഭിക്കുന്ന ആദ്യത്തെ എച്ച്.ഡി പൈപ്പ് കൊടൂര്‍ ആണെന്നും രാജേഷ് കെജ്രിവാള്‍ പറയുന്നു. കുടിവെള്ളത്തിന് എച്ച്.ഡി പൈപ്പുകള്‍ സര്‍ക്കാരുകള്‍ നിര്‍ദേശിക്കുന്നതിനെയും പുതിയ സാമ്പത്തിക വര്‍ഷത്തെയും ഏറെ പ്രതീക്ഷയോടെയാണ് രാജേഷ് നോക്കികാണുന്നത്.
കുടുംബത്തിലേയും സമുദായത്തിലേയും മുതിർന്ന അംഗങ്ങളുടെ നിർദ്ദേശപ്രകാരം അഗർവാൾ യുവാ മണ്ഡൽ എന്ന സംഘടന രൂപീകരിക്കുമ്പോൾ യുവാക്കളുടെ ഉന്നമനവും സമുദായ ഐക്യവുമായിരുന്നു ലക്‌ഷ്യം. കേരളത്തിൽ താമസിക്കുന്ന ഹിന്ദി സംസാരിക്കുന്ന വടക്കേ ഇന്ത്യക്കാരെ ഉൾപ്പെടുത്തി കഴിഞ്ഞ ഇരുപതു വർഷമായി കൂട്ടായ്മകളും സ്‌പോർട്സ് ഇനങ്ങളിൽ മത്സരങ്ങളും നടത്തിവരുന്നത് രാജേഷ് കെജ്‌രിവാളിന്റെ നേതൃത്ത്വത്തിലാണ്. ആദ്യ വർഷങ്ങളിൽ കേരളത്തിലെ മാത്രം അഗർവാൾ വിഭാഗത്തിൽപ്പെട്ടവരെ ഉൾപ്പെടുത്തിയുള്ള മത്സരങ്ങളായിരുന്നു നടത്തിയിരുന്നത്.
വീട് കൊച്ചിയിലെ കലൂർ ആസാദ് റോഡിലാണെങ്കിലും അദ്ദേഹത്തിന്റെ സ്നേഹ സേവനങ്ങൾ സ്വീകരിച്ചവർ കൊച്ചിയിൽ പലയിടങ്ങളിലായുണ്ട്. ഇതേക്കുറിച്ചു നാട്ടുകാർ പറയുമ്പോഴും അദ്ദേഹം മൗനം പൂണ്ടു നിന്നതേയുള്ളൂ. വർഷങ്ങളായി വിവിധയിടങ്ങളിൽ എത്രയോ കുട്ടികളുടെ പഠന സൗകര്യങ്ങളൊരുക്കുന്നു – ആരെന്ന് അവർ പോലുമറിയാതെ. വീടുനിർമ്മിച്ചുകൊടുക്കുന്നതിനും വിവാഹം നടത്തിക്കൊടുക്കുന്നതിനുമെല്ലാം അണിയറയിൽ രാജേഷ് കെജ്‌രിവാൾ ഉണ്ടാകും – പലപ്പോഴും അരങ്ങും ആൾക്കൂട്ടവുമറിയാതെ.
വെള്ളപ്പൊക്കെത്തെ തുടർന്നുണ്ടായ കെടുതികളിൽ നാടിനും ജനങ്ങൾക്കും നൽകിയ കരുതലിനും സംരക്ഷണത്തിനും അധികാരികളുടെ അഗീകാരം തേടിയെത്തി. ഇദ്ദേഹത്തിന്റെ സാമൂഹ്യ പ്രവത്തനങ്ങളോടുള്ള മതിപ്പുകൊണ്ടാവാം പിരിവിനായി എത്തുന്ന രാഷ്ട്രീയക്കാർ പോലും വർഷങ്ങളായി ഒന്നും വാങ്ങാതെ കൈ കൂപ്പി പുഞ്ചിരിയോടെ മടങ്ങുകയാണ് പതിവ്.
അഞ്ജു കെജ്രിവാളാണ് രാജേഷിന്റെ ഭാര്യ. മകള്‍ രഞ്ജന കെജ്രിവാള്‍ എം.ബി.എ കഴിഞ്ഞ് പിതാവിനെ ബിസിനസില്‍ സഹായിക്കുന്നു. മകന്‍ ഋഷി കെജ്രിവാള്‍ പൂനെയില്‍ ബി.ബി.എ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്.