ഹൃദയവും ലെന്‍സും ചേര്‍ത്തു വച്ച് രചിക്കുന്ന കവിത. ചലച്ചിത്രത്തിന് കിം കി ഡുക് എന്ന മാന്ത്രിക സംവിധായകന്‍ നല്‍കിയ നിര്‍വചനം. പ്രകൃതിയുടെ ഒരു കോശമാണ് മനുഷ്യന്‍. ഭൂമിയുടെ കറക്കത്തിന് അനുസരിച്ച് ഋതുഭേദങ്ങള്‍ മാറി വരുന്നതിന്റെ പ്രതിഫലനം മനുഷ്യ ജീവിതത്തിലും ഉണ്ടാകുന്നു. ബാല്യവും കൗമാരവും യൗവനും വാര്‍ദ്ധക്യവുമെല്ലാം ഇരുളും വെളിച്ചവും കലര്‍ന്ന ഋതുക്കളാണ്. സ്പ്രിംഗ്, സമ്മര്‍, വിന്റര്‍, ഫാള്‍…ആന്‍ഡ് സ്പ്രിംഗ്… മനുഷ്യകുലത്തിന്റെ ഋതുഭേദങ്ങളെയും വിചാര വികാരങ്ങളെയും ആത്മചേതനകളെയും പ്രകൃതിയോട് സന്നിവേശിപ്പിച്ച് അഭ്രപാളിയില്‍ കൊത്തിയിട്ട കൊറിയന്‍ വസന്തമാണ് കിം കി ഡുക്. സ്പ്രിംഗ്, സമ്മര്‍, വിന്റര്‍, ഫാള്‍…ആന്‍ഡ് സ്പ്രിംഗ്, ത്രീ അയണ്‍, പിയാത്ത, ടൈം, ദി ബോ, സമാരിറ്റന്‍ ഗേള്‍, ഹ്യൂമന്‍, സ്‌പേസ്, ദ ഐല്‍, വൈല്‍ഡ് ആനിമല്‍ തുടങ്ങിയ ഒരുപിടി ക്ലാസിക് ചിത്രങ്ങളിലൂടെ കിം ചലച്ചിത്ര പ്രേമികളുടെ മനസില്‍ ഇടം പിടിച്ചു. ആഖ്യാന ശൈലിയും അവതരണത്തിലെ വ്യത്യസ്തതയും പ്രമേയങ്ങള്‍ നല്‍കുന്ന പുതുമയും കിമ്മിന്റെ സിനിമകളെ എന്നും വ്യത്യസ്തമാക്കി. ഭാഷക്ക് അപ്പുറത്തേക്ക് ദൃശ്യഭംഗി കൊണ്ടും സംവിധാന മികവുകൊണ്ടും സിനിമയെ നയിച്ച പ്രതിഭാധനനായിരുന്നു അദ്ദേഹം.
കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവ സവിശേഷതകള്‍ കൊണ്ട് ശ്രദ്ധേയമാണ് കിമ്മിന്റെ സെല്ലുലോയ്ഡുകള്‍. വ്യക്തിപരമായ മാനസിക സംഘര്‍ഷങ്ങളുടെയും പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെയും ചിത്രീകരണമാണ് മറ്റൊരു പ്രത്യേകത. സെന്‍ ബുദ്ധിസവും മനുഷ്യരുടെ സ്വയംശുദ്ധീകരണ സംബന്ധിയായ കാര്യങ്ങളുമാണ് ആദ്യകാലത്തെ കിം സിനിമകളില്‍ പ്രതിപാദ്യവിഷയമായതെങ്കില്‍ പിന്നീടത് വയലന്‍സിലേക്ക് വഴിമാറി. പ്രകൃതിയോടും മനുഷ്യബന്ധങ്ങളോടും മൃദുസമീപനം പുലര്‍ത്തിയിരുന്ന കിമ്മിന്റെ സിനിമകളിലെ വയലന്‍സിന്റെ അതിപ്രസരം നിരൂപകരുടെ വിമര്‍ശനത്തിന് വഴിത്തെളിച്ചു. മൊബ്യൂസും വണ്‍ ഓണ്‍ വണും ഇത്തരത്തില്‍ വയലന്‍സ് നിറഞ്ഞാടിയ കിം ചിത്രങ്ങളായിരുന്നു. ” ഞാന്‍ ഹൃദയത്തില്‍ നിന്നാണ് സിനിമ പിടിക്കുന്നത്. ഹിംസയും അഹിംസയും തുല്യമാണ്. അഥവാ അത് ഒരൊറ്റ ഏകകത്തില്‍ നിന്ന് വരുന്നവയാണ്. വയലന്‍സ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. തന്റെ സിനിമകളില്‍ ബുദ്ധിസത്തെ പ്രതിപാദിക്കുന്നതുപോലെ തന്നെ അക്രമോത്സുകതയേയും വരച്ചുകാട്ടാറുണ്ട് ” ഇതായിരുന്നു വിമര്‍ശകര്‍ക്ക് കിമ്മിന്റെ മറുപടി.
മലയാളികളായ സിനിമാപ്രേമികള്‍ക്ക് കിം കി ഡുക് എന്ന കൊറിയക്കാരനോട് വല്ലാത്ത ഒരു സ്നേഹവും അഭിനിവേശവുമാണ്. ചുരുക്കം നാളുകള്‍ക്കിടയില്‍ മലയാളി നെഞ്ചേറ്റിയ അപൂര്‍വ വിദേശ സംവിധായകരില്‍ ഒരാളാണ് കിം. കേരളത്തിലെ അന്താരാഷ്ട്ര ചലിച്ചിത്രോത്സവത്തില്‍ കിമ്മിന്റെ ചിത്രങ്ങള്‍ സ്ഥിരസാന്നിധ്യമായിരുന്നു. എത്ര വെയിലുകൊണ്ടും അദ്ദേഹത്തിന്റെ സിനിമകള്‍ക്കായി പ്രേക്ഷകര്‍ വരിനിന്നു.
2005 മുതലാണ് ഐ.എഫ്.എഫ്.കെയില്‍ കിമ്മിന്റെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പിന്നീട് അദ്ദേഹത്തിന്റെ ഓരോ ചിത്രവും സിനിമാ പ്രേമികള്‍ക്ക് ആഘോഷമായിരുന്നു. 2013ല്‍ തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മുഖ്യാതിഥിയായി കിം എത്തിയപ്പോള്‍ ഉത്സവപ്രതീതിയായിരുന്നു. ദക്ഷിണകൊറിയയില്‍ നിരോധിച്ച മൊബ്യൂസ് അടക്കമുള്ള ചിത്രങ്ങള്‍ മലയാളക്കര ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളും ഭാവങ്ങളും ഈ കാലാവസ്ഥകള്‍ കൊണ്ട് പ്രതിനിധീകരിക്കപ്പെടുന്ന സ്പ്രിംഗ്, സമ്മര്‍, വിന്റര്‍, ഫാള്‍…ആന്‍ഡ് സ്പ്രിംഗ് എന്ന ചിത്രമാണ് മലയാളികളെ കിമ്മിലേക്ക് അടുപ്പിച്ചത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ബുദ്ധക്ഷേത്രത്തില്‍ ഒരു ഭിക്ഷു തന്റെ ശിഷ്യന് വിജ്ഞാനവും സഹജീവികളോടുള്ള കാരുണ്യവും അനുഭങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും പകര്‍ന്നു കൊടുന്നതാണ് ചലച്ചിത്രത്തിന്റെ ഇതിവൃത്തം.
ഉരുക്കു ഫാക്ടറിയില്‍ നിന്ന് വെള്ളിത്തിരയിലേക്ക്
1960 ഡിസംബര്‍ 20ന് ദക്ഷിണ കൊറിയയിലെ ക്യോങ്‌സങ് പ്രവിശ്യയിലെ ബോംഗ്വയിലാണ് കിം കി ഡുക് ജനിച്ചത്. കുട്ടിക്കാലവും കൗമാരവും വേദനകള്‍ നിറഞ്ഞതായിരുന്നു. മീശമുളച്ചു തുടങ്ങിയപ്പോള്‍ ജീവിതം ഉരുക്ക് ഫാക്ടറിയിലേക്ക് പറിച്ചുനടപ്പെട്ടു. തൊഴിലിടം പീഡനത്തിന്റെയും വേദനയുടെയും വേലിയേറ്റക്കാലം കൂടിയായിരുന്നു. ഉരുക്കു കമ്പനിയില്‍ നിന്ന് ഡുക് തന്റെ ജീവിതം ചിത്രശാലയിലേക്കാണ് പറിച്ചു നട്ടു. 1990ല്‍ പാരിസിലേക്ക് ഫൈന്‍ ആര്‍ട്‌സ് പഠിക്കാന്‍ തിരിച്ചു. ചിത്രകലയിലെ ജന്മവാസന പുതുക്കിപ്പണിയാന്‍ നവനഗരത്തില്‍ മൂന്നുവര്‍ഷം ഫൈന്‍ ആര്‍ട്‌സ് പഠനം കഴിഞ്ഞ് മടങ്ങിയത്തെിയ ഡുകിന്റെ ഉള്ളില്‍ ജീവന്‍ തുളുമ്പുന്ന ചിത്രങ്ങളായിരുന്നു. കാന്‍വാസുകളും കടലാസും മതിയാവാതെവന്നു സ്വന്തം ചിത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കാന്‍. ഓരോ രാത്രികളിലും പകല്‍ക്കാഴ്ചയില്‍ കണ്ട ചിത്രങ്ങള്‍ വരച്ചുവെച്ചു. പിന്നെ ആ ചിത്രങ്ങള്‍ കാന്‍വാസിന്റെ വെള്ള ചതുരത്തില്‍ ഒതുങ്ങാതായി.
വലിയ വലിയ ജീവിത ചിത്രങ്ങള്‍ കഥാപാത്രങ്ങളായ വെള്ളിത്തിരയിലേക്ക് ആ രചനകള്‍ നടന്നു കയറി. 1995ല്‍ കൊറിയന്‍ ഫിലിം കൗണ്‍സില്‍ നടത്തിയ മത്സരത്തില്‍ അദ്ദേഹത്തിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് വഴിത്തിരിവായി. 1996ല്‍ ക്രോക്കോഡില്‍ എന്ന കന്നിച്ചിത്രം കുറഞ്ഞ ചെലവില്‍ അദ്ദേഹം പുറത്തിറക്കി. ആ ചിത്രത്തിന് ദക്ഷിണ കൊറിയയിലെ ചലച്ചിത്ര നിരൂപകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചു. 2003ല്‍ സ്പ്രിങ,് സമ്മര്‍,ഫാള്‍,വിന്റര്‍, ആന്‍ഡ്…സ്പ്രിങ് എന്ന മാസ്റ്റര്‍പീസിലൂടെ ഡുക് ലോക സിനിമാ ചരിത്രത്തില്‍ തന്റെ പേര് സ്വര്‍ണലിപികളില്‍ കൊത്തിവച്ചു. തന്റെ എക്കാലത്തെയും മികച്ച സിനിമ സ്പ്രിങ് സമ്മര്‍ തന്നെയാണെന്ന് പറയുമ്പോഴും ത്രീ അയേണ്‍, ബ്രീത്ത്, ഡ്രീം എന്നിവ എന്നും സന്തോഷം നല്‍കുന്ന മക്കളാണെന്നാണ് ഡുക് പറഞ്ഞത്. 2008ല്‍ പുറത്തിറങ്ങിയ ഡ്രീം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നായികയ്ക്കു സംഭവിച്ച അപകടം കിമ്മിനെ വിഷാദരോഗിയാക്കി. മൂന്നു വര്‍ഷത്തോളം ഒരു കുന്നില്‍ ചെരുവില്‍ ഒറ്റയ്ക്ക് ആരുമറിയാതെ താമസിച്ചു. ടെന്റില്‍ സ്ഥാപിച്ച ക്യാമറ കിമ്മിന്റെ ഏകാന്തതയും ഭ്രാന്തും പകര്‍ത്തി. 2011 തന്റെ ഏകാന്ത വാസം പ്രമേയമാക്കിയ അരിരംഗ് എന്ന ചിത്രവുമായെത്തി പ്രേക്ഷകരെ ഞെട്ടിച്ചു.
ഋതുക്കള്‍ നിറഞ്ഞാടുന്ന കിമ്മിന്റെ സിനിമകള്‍ ഫിലിം ഫെസ്റ്റിവലുകളില്‍ എന്നും ആഘോഷമായിരുന്നു. ലോക സിനിമയിലെ തന്നെ എണ്ണം പറഞ്ഞ ചലച്ചിത്രകാരന്മാരില്‍ ഒരാളായ കിം കി ഡുക്കിന്റെ ചിത്രങ്ങള്‍ വിഖ്യാതമായ മേളകളായ വെനീസ്, കാന്‍സ്, ബെര്‍ലിന്‍ എന്നിവടങ്ങില്‍ പുരസ്‌കാരങ്ങള്‍ നേടിട്ടുണ്ട്. അദ്ദേഹത്തിന്റെ രണ്ടു ചിത്രങ്ങള്‍ കൊറിയന്‍ നിന്നുമുള്ള ഓസ്‌കാര്‍ നോമിനേഷന്‍ ആയി തിഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. 2004ല്‍ കിം കി ഡുക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. സമരിറ്റന്‍ ഗേള്‍ എന്ന ചിത്രത്തിന് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും ത്രീ അയേണ്‍ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവുമായിരുന്നു അവ.അമ്പത്തൊമ്പതുകാരനായ കിം റെസിഡന്‍സി പെര്‍മിറ്റ് ലഭിക്കുന്നതായി സ്ഥലം വാങ്ങാന്‍ എത്തിയതായിരുന്നു ലാത്വിയയില്‍. ജുര്‍മല എന്ന സ്ഥലത്തൊരു വീട് വാങ്ങുകയായിരുന്നു ലക്ഷ്യം. മുന്‍കൂട്ടി നിശ്ചയിച്ച മീറ്റിങ്ങില്‍ കിം എത്താതെ വന്നതോടെ സുഹൃത്തുക്കള്‍ അദ്ദേഹത്തെ അന്വേഷിച്ചപ്പോഴാണ് കൊറിയന്‍ വസന്തം ഈ ലോകത്തു നിന്ന് മാഞ്ഞ വിവരം അറിയുന്നത്. കിമ്മിന്റെ ശരീരം മാത്രമേ ഇല്ലാതാകുന്നുള്ളൂ, അദ്ദേഹം സൃഷ്്ടിച്ച സിനിമയുടെ ഋതുക്കള്‍ തലമുറകളായി തുടര്‍ന്നു കൊണ്ടിരിക്കും.