ഏഴു കുട്ടികളുടെ മാതാവായ കാലിഫോര്‍ണിയ സ്വദേശി ഫ്‌ളോറന്‍സ് ഓവന്‍സ് തോംപ്‌സണ്‍ താടിയ്ക്ക് കൈയും കൊടുത്തിരിക്കുന്ന ചിത്രം ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ ഭീകരമുഖം വെളിപ്പെടുത്തുന്നവയില്‍ ഒന്നായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് ലോകമെമ്പാടും പടര്‍ന്നു പിടിച്ച മഹാസാമ്പത്തിക മാന്ദ്യത്തിന്റെ തീവ്രമുഖങ്ങളിലൊന്ന് 1936ല്‍ ഡെറോത്തിയ ലാംഗെര്‍ എന്ന ഫോട്ടോഗ്രാഫറാണ് ക്യാമറയില്‍ പകര്‍ത്തിയത്. കൊവിഡ് 19 മഹാമാരി താണ്ഡവമാടാന്‍ തുടങ്ങിയിട്ട് എട്ട് മാസം പിന്നിടുമ്പോള്‍ ലോകസാമ്പത്തിക രംഗത്തെ ആകെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. ആഗോളസാമ്പത്തിക രക്ഷാദൗത്യം അനിവാര്യമാണെന്ന് ശാസ്ത്ര ചരിത്രക്കാരനായ യുവാല്‍ നോഹ ഹരാരി അടക്കമുള്ള പ്രമുഖര്‍ അഭിപ്രായപ്പെടുന്നു. 2008ലെ സാമ്പത്തികമാന്ദ്യം ലോകത്തെ ആകെ ഒരു പോലെ ബാധിച്ചിരുന്നില്ല. കൊവിഡ്19ന്റെ കാലഘട്ടം പക്ഷേ വ്യത്യസ്തമാണ്. ഇതുവരെ രണ്ട് കോടിയിലധികം ആളുകളെ ബാധിച്ച വൈറസ് ലോകത്തെ നിശ്ചലമാക്കി. ലോക്ക് ഡൗണും വ്യവസായിക തൊഴില്‍ സേവന മേഖലയിലുണ്ടായ സ്തംഭനാവസ്ഥയും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. കൊവിഡ് മൂലം ഇന്ത്യയില്‍ ആഗസ്റ്റ് വരെ രണ്ടു കോടി പേര്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടായെന്ന് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ഇക്കോണമി പുറത്തുവിട്ട സര്‍വേയില്‍ പറയുന്നു. ജൂലായില്‍ മാത്രം 50 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. മാസശമ്പള വിഭാഗത്തിലുള്ളവരാണ് ഇതില്‍ ഭൂരിഭാഗവും. രാജ്യത്തെ ആകെ തൊഴിലാളികളുടെ 32 ശതമാനത്തോളം മാസശമ്പള വിഭാഗമാണ്. ഇതില്‍ 75 ശതമാനം പേരെ ലോക്ക്ഡൗണ്‍ ബാധിച്ചു. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെയും ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്കിന്റെയും സര്‍വേ പ്രകാരം തൊഴില്‍ നഷ്ടമായവരില്‍ 41 ലക്ഷവും യുവാക്കളാണ്. കൊവിഡ് 19 യെ തുടര്‍ന്ന് വരാനിരിക്കുന്നത് സാമ്പത്തിക സുനാമിയായിരുക്കുമെന്ന് അമേരിക്കയിലെ ഫിനാന്‍ഷ്യല്‍ അനലിറ്റിക്കല്‍ കമ്പനിയായ മൂഡിസ് അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയായിരുന്നു ‘ഗ്രേറ്റ് ഡിപ്രഷന്‍ ‘ അഥവാ ‘മഹാമാന്ദ്യം’. 1929 മുതല്‍ 1932 വരെ ലോകമെമ്പാടും പടര്‍ന്നുപിടിച്ച മാന്ദ്യത്തിന് അമേരിക്കയിലെ വാള്‍സ്ട്രീറ്റിലെ ഓഹരിവിപണിയില്‍ നിന്നാണ് തുടക്കമായത്. 1929 ഒക്ടോബര്‍ 24 വ്യാഴാഴ്ച ആണ് മഹാസാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ പുറത്തു വന്ന് തുടങ്ങിയത്. അന്ന് നിക്ഷേപകര്‍ അമിതവിലയുള്ള ഓഹരികള്‍ കൂട്ടത്തോടെ വില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ചിലര്‍ ഭയപ്പെട്ടിരുന്നു. 12.9 ദശലക്ഷം ഷെയറുകളാണ് ഈ ദിവസം ട്രേഡ് ചെയ്യപ്പെട്ടത്. നാല് ദിവസത്തിന് ശേഷം ഒക്ടോബര്‍ 29ന് 16 ദശലക്ഷം ഓഹരികള്‍ കൂടി വില്‍ക്കപ്പെട്ടതോടെ അമേരിക്കന്‍ ഓഹരി വിപണി തകര്‍ന്നടിഞ്ഞു. ഇത് സാമ്പത്തിക ചരിത്രത്തില്‍ ‘കറുത്ത ചൊവ്വ ‘ എന്നാണ് അറിയപ്പെടുന്നത്. ദശലക്ഷക്കണക്കിന് ഓഹരികള്‍ വിറ്റുപോയില്ല. കടമെടുത്ത പണവുമായി ഓഹരികള്‍ വാങ്ങിയവര്‍ അടക്കം ദശലക്ഷക്കണക്കിന് നിക്ഷേപകരെ തുടച്ചുനീക്കുകയും ചെയ്തു. ഓഹരി വിപണി തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഉപഭോക്തൃ ആത്മവിശ്വാസം ഇല്ലാതായി. ചെലവിലെയും നിക്ഷേപത്തിലെയും മാന്ദ്യം ഫാക്ടറികളെയും മറ്റ് ബിസിനസുകളെയും ഉല്‍പാദനത്തെ കാര്യമായി ബാധിച്ചു. തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും ഇത് കാരണമായി. വ്യവസായത്തെ അമിതമായി ആശ്രയിച്ചിരുന്ന വന്‍ നഗരങ്ങള്‍ക്കാണ് മാന്ദ്യത്തിന്റെ ആദ്യപ്രഹരം ഏറ്റത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പല രാജ്യങ്ങളിലും പൂര്‍ണമായും സ്തംഭിച്ചു. ധാന്യവിളകള്‍ക്ക് 60 ശതമാനം വരെ വിലയിടിവ് സംഭവിച്ചത് കൃഷിയേയും ഗ്രാമപ്രദേശങ്ങളേയും ബാധിച്ചു. കുത്തനെ ഇടിഞ്ഞ തൊഴില്‍ അവശ്യകതയും ഇതര തൊഴില്‍ അവസരങ്ങളുടെ അഭാവവും നാണ്യവിളകള്‍, ഖനികള്‍ തുടങ്ങിയ മേഖലകളെ ശക്തമായി ബാധിച്ചു.
ഈ മഹാസാമ്പത്തികമാന്ദ്യം ദരിദ്രരെന്നോ സമ്പന്നരെന്നോ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രങ്ങളെയും ബാധിച്ചു. മിക്ക രാജ്യങ്ങളിലും മഹാസാമ്പത്തികമാന്ദ്യം 1929 ഓടെ തുടങ്ങി 1930കളുടെ അവസാനമോ 1940 കളുടെ തുടക്കത്തിലോ അവസാനിച്ചു. 1933 ആയപ്പോഴേക്കും മഹാമാന്ദ്യം ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോള്‍ ഏകദേശം 15 ദശലക്ഷം അമേരിക്കക്കാര്‍ തൊഴില്‍രഹിതരായി. അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് 25 ശതമാനവും മറ്റ് ചില രാജ്യങ്ങളില്‍ ഇത് 33 ശതമാനം വരെയും വര്‍ദ്ധിച്ചു. രാജ്യത്തെ പകുതിയോളം ബാങ്കുകളും പരാജയപ്പെട്ടു. പട്ടിണിയും ആത്മഹത്യയും സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് അമേരിക്കയില്‍ രൂക്ഷമായതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. 1920കളില്‍ നീളം യു.എസ് സമ്പദ്വ്യവസ്ഥ അതിവേഗം വികസിച്ചു കൊണ്ടിരുന്ന സമയത്താണ് ഈ ആഘാതം ഉണ്ടായത്. 1920നും 1929 നും ഇടയില്‍ രാജ്യത്തിന്റെ മൊത്തം സമ്പത്ത് ഇരട്ടിയിലധികമായി. ഈ കാലഘട്ടത്തെ അലറുന്ന ഇരുപതുകള്‍ എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ വാള്‍സ്ട്രീറ്റിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കേന്ദ്രീകരിച്ചുള്ള സ്റ്റോക്ക് മാര്‍ക്കറ്റ് ഊഹക്കച്ചവടത്തിന്റെ വേദിയായിരുന്നു. അവിടെ കോടീശ്വരന്‍ വ്യവസായികള്‍ മുതല്‍ പാചകക്കാര്‍, ജാനിറ്റര്‍മാര്‍ വരെ എല്ലാവരും അവരുടെ സമ്പാദ്യം സ്റ്റോക്കുകളില്‍ നിക്ഷേപിച്ചിരുന്നു. തല്‍ഫലമായി ഓഹരി വിപണി അതിവേഗം വികസിക്കുകയും 1929 ആഗസ്റ്റില്‍ അതിന്റെ ഉന്നതിയിലെത്തുകയും ചെയ്തു. അപ്പോഴേക്കും ഉത്പാദനം കുറയുകയും തൊഴിലില്ലായ്മ ഉയരുകയും ചെയ്തു. സ്റ്റോക്ക് വിലകള്‍ അവയുടെ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ വളരെ ഉയര്‍ന്നതായിരുന്നു. കൂടാതെ അക്കാലത്തെ വേതനം കുറവായതിന് പുറമെ ഉപഭോക്തൃ കടം വര്‍ദ്ധിച്ചുവരിയും ചെയ്തു. വരള്‍ച്ചയും ഭക്ഷ്യവസ്തുക്കളുടെ വിലയും കാരണം കാര്‍ഷിക മേഖല ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ച് വരികയായിരുന്നു. 1929 ലെ വേനല്‍ക്കാലത്ത് അമേരിക്കന്‍ സമ്പദ്വ്യവസ്ഥ നേരിയ സാമ്പത്തിക മാന്ദ്യത്തിലമര്‍ന്നു. വില്‍ക്കപ്പെടാത്ത വസ്തുക്കള്‍ കുന്നുകൂടിയത് ഫാക്ടറികളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. ഇതെല്ലാം ഓഹരിവിപണി തകര്‍ച്ചയിലേക്കും വന്‍ സാമ്പത്തിക മാന്ദ്യത്തിലേക്കും നയിച്ചു. പതിനായിരങ്ങള്‍ ആഹാരത്തിനായി ക്യൂ നില്‍ക്കുന്നതും ഉള്ളതെല്ലാം വിറ്റുപെറുക്കാന്‍ നെട്ടോട്ടം ഓടുന്നതുമെല്ലാം സാമ്പത്തിക മാന്ദ്യത്തിന്റെ നേര്‍കാഴ്ചകളായിരുന്നു.
സാമ്പത്തിക ലോകം ഇതിനെക്കുറിച്ച് അറിയാനും തുടര്‍ന്ന് കാരണങ്ങളെ വിശകലനം ചെയ്യാനും തുടങ്ങി. മാന്ദ്യത്തിന് കൃത്യമായ ഉത്തരം നല്‍കിയത് ജോണ്‍ മെയ്നാര്‍ഡ് കെയിന്‍സ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ്. ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ ജീന്‍ ബാപ്റ്റിസ്റ്റ് സേ മുന്നോട്ടുവച്ച ‘സേയ്സ് ലോ ‘ എന്ന വിപണിനിയമം അനുസരിച്ച് ഉത്പാദനം ഡിമാന്‍ഡ് സൃഷ്ടിക്കുമെന്നും അതിനാല്‍ ഉത്പാദിത വസ്തുക്കളെല്ലാം വിറ്റുപോവും വിപണിയില്‍ സ്തംഭനാവസ്ഥ ഉണ്ടാവുകയുമില്ല എന്നും സ്ഥാപിച്ചു.പക്ഷേ, മഹാമാന്ദ്യത്തിനു മുന്നില്‍ ഉത്പാദിത വസ്തുക്കള്‍ വിറ്റുപോവാതെ കുന്നുകൂടിയപ്പോള്‍ ഈ സിദ്ധാന്തം പൊളിഞ്ഞുവെന്നും അതിന് കാരണമായത് മൊത്ത ഉപഭോഗത്തില്‍ വന്ന കുറവാണെന്നും കെയിന്‍സ് സമര്‍ത്ഥിച്ചു. വിവിധ സര്‍ക്കാരുകള്‍ നടപ്പിലാക്കിയ വ്യത്യസ്ത നയങ്ങളില്‍ നിന്നാണ് പിന്നീട് ആ ദുരന്തത്തില്‍നിന്ന് ലോകരാഷ്ട്രങ്ങള്‍ കരകയറിയത്. സാമ്പത്തിക മാന്ദ്യത്തിന്റെ അടയാളമായി അന്താരാഷ്ട്രവ്യാപാരം കുറയുകയും തൊഴിലില്ലായ്മ വര്‍ധിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ അത് വീണ്ടും ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഉത്പാദിത വസ്തുക്കള്‍ വിറ്റുപോകാതിരിക്കുമ്പോള്‍ അവ അമിതമായി കെട്ടിക്കിടക്കുകയും അതുവഴി വില കുറയ്ക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. അത് ഉത്പാദകനെ താങ്ങാനാവാത്ത നഷ്ടത്തിലേക്ക് എത്തിക്കുന്നു. നഷ്ടമുണ്ടാകുമ്പോള്‍ ഉത്പാദനം കുറയ്ക്കാന്‍ ഉത്പാദകര്‍ നിര്‍ബന്ധിതരാവും. തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെടുകയും വരുമാനം കുറയുകയും ജീവിതം ദുസഹമാവുകയും ചെയ്യുന്ന അവസ്ഥയില്‍ എത്തിച്ചേരുമെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു.