പ്രതിബന്ധതയുടെ പുഷ്പമാണ് ഡാലിയ. ജീവിതത്തില്‍ ഉടനീളം അത് പുഷ്പ്പിക്കുകയും ചെയ്യും. ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയുടെ ദേശീയ പുഷ്പവും ഡാലിയയാണ്. ആ രാജ്യത്തിന്റെ തനതായ സംസ്‌കാരത്തെ റിയലിസം, ബിംബാത്മകത, സര്‍റിയലിസം എന്നിവകൊണ്ട് സംയോജിപ്പിച്ച് ക്യാന്‍വാസില്‍ വിസ്മയങ്ങള്‍ തീര്‍ത്ത മെക്‌സിക്കന്‍ ഡാലിയയാണ് ഫ്രിദ കാഹ്‌ലോ. ‘ ഞാനെന്നെ വരയ്ക്കുന്നത് എനിക്കേറ്റവും അടുത്തറിയാവുന്നത് എന്നെയാണ് എന്നതു കൊണ്ടാണ് ‘ ഞാന്‍ എന്നതു കൊണ്ട് അവരെപ്പോഴും സംവദിക്കാന്‍ ശ്രമിച്ചത് തന്നിലെ സ്ത്രീയെ തന്നെയാണ്. ഫുട്‌ബോള്‍ മൈതാനങ്ങളില്‍ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകമാണ് മെക്‌സിക്കന്‍ തിരമാലകള്‍. എന്നാല്‍ കലയിലെയും ജീവിതത്തിലെയും യഥാര്‍ത്ഥ മെക്‌സിക്കന്‍ വീര്യമാണ് ഫ്രിദ. പറക്കാന്‍ ചിറകുള്ളപ്പോള്‍ എനിക്കെന്തിനു കാലുകള്‍. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയോട് അവര്‍ ഒരിക്കല്‍ തിരിച്ചു ചോദിച്ചു.
1907 ജൂലായില്‍ മെക്‌സിക്കോ സിറ്റിയിലെ കോയകാനിലാണു ഫ്രിദ ജനിച്ചത്. ജര്‍മ്മന്‍-മെക്‌സിക്കന്‍ വംശജരായ ദമ്പതികള്‍ക്ക് അവളെ കൂടാതെ രണ്ട് കുട്ടികളുമുണ്ടായിരുന്നു. സമൂഹവുമായിട്ട് അടുത്ത് ഇടപഴകാനാണ് അവള്‍ എന്നും ആഗ്രഹിച്ചിരുന്നത്. ‘എനിക്കന്ന് നാല് വയസായിരുന്നു പ്രായം, എന്റെ കണ്ണുകള്‍ കൊണ്ട് ആ ദിവസത്തിന് ഞാന്‍ സാക്ഷിയായിരുന്നു’ മെക്‌സിക്കന്‍ വിപ്ലവത്തിലെ ടെന്‍ ട്രാജിക് ഡേയ്‌സിനെക്കുറിച്ച് ഫ്രിദ ഡയറിയില്‍ ഇങ്ങനെ കുറിച്ചു. ‘അമ്മ വിപ്ലവകാരികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുന്നത് ഞാന്‍ കണ്ടിരുന്നു. തെരുവിലെ വെടിയൊച്ചകള്‍ എന്റെ കാതുകളില്‍ സദാമുഴങ്ങുന്നുണ്ടായിരുന്നു ‘ ഡയറിയിലെ വരികള്‍ തുടരുന്നു. പക്ഷേ അവളെ വിപ്ലവകാരിയാക്കിയത് കലയും ജീവിത സംഘര്‍ഘങ്ങളുമായിരുന്നു. ജീവിതം പിച്ചവച്ചു തുടങ്ങവേ ആറാമത്തെ വയസില്‍ ബാധിച്ച പോളിയോ സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി. വൈകാതെ വലതു കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടു. കൊച്ചു ഫ്രിദ നിലത്തിഴഞ്ഞ് കൂട്ടുകാരില്‍ നിന്നകന്ന് ഏകാകിയായി മാറാന്‍ തുടങ്ങിയത് മാതാപിതാക്കളുടെ നെഞ്ചു നീറിച്ചു. ഫോട്ടോഗ്രാഫറായ പിതാവ് തന്റെ മകളെ പരാജയത്തിന്റെ ആഴത്തിലേക്കു തള്ളിവിടാന്‍ ഒരുക്കമായിരുന്നില്ല. അദ്ദേഹം അവളെ എപ്പോഴും പ്രചോദിപ്പിച്ചു കൊണ്ടേയിരുന്നു. കഥകളും ചിത്രങ്ങളും നിറഞ്ഞൊരു ലോകം അവള്‍ക്കു മുന്നില്‍ മലര്‍ക്കെ തുറക്കപ്പെട്ടത് അപ്പോഴാണ്.
ഇതിനു പുറമെ സാഹിത്യവും തത്വശാസ്ത്രവും ഫോട്ടോഗ്രാഫിയുമൊക്കെ പഠിച്ച അവളെ കലാകായിക രംഗങ്ങളില്‍ സജീവമാകാനും പിതാവ് പ്രേരിപ്പിച്ചു. വിധിയുടെ വിളയാട്ടങ്ങള്‍ ജീവിതത്തിലുണ്ടാകുമ്പോള്‍ തളര്‍ന്നുപോകരുതെന്നു പിതാവു നിരന്തരം അവളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. അതായിരുന്നു ഫ്രിദയെ കരുത്തുറ്റ പോരാളിയാക്കി മാറ്റിയത്. തന്റെ ബാല്യം സുന്ദരമാക്കി തീര്‍ത്തതു പിതാവ് കാള്‍വില്ഹം കഹ്‌ലോ ആണെന്നു അവള്‍ എപ്പോഴും പറയുമായിരുന്നു. പിതാവിനോടൊപ്പം തെരുവുകളില്‍ കറങ്ങി നടക്കാനും ഫോട്ടോ എടുക്കാനുമൊക്കെയായിരുന്നു അവള്‍ക്ക് താല്‍പ്പര്യം. സഹോദരിമാര്‍ കോണ്‍വെന്റ് സ്‌കൂളില്‍ പഠിച്ചപ്പോള്‍ അവള്‍ ജര്‍മ്മന്‍ സ്‌കൂളിലായിരുന്നു.
1922ല്‍ നാഷണല്‍ പ്രിപ്പറേറ്ററി സ്‌കൂളില്‍ ചേര്‍ന്നു. 2000 വിദ്യാര്‍ത്ഥികളില്‍ 35 പെണ്‍കുട്ടികള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അവിടെ വച്ചാണ് അവളുടെ ചിന്തകള്‍ മാറിമറിയുന്നത്. അവിടെ പഠനവും വരയും വായനയും ചര്‍ച്ചയും കലഹവുമെല്ലാം നടന്നു. ഫ്രിദയിലെ പോരാളി സാമൂഹിക തിന്മകള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തി തുടങ്ങി. ഡോക്ടറായി സമൂഹത്തെ സേവിക്കണം എന്നതായിരുന്നു. അവളുടെ ഏറ്റവും വലിയ സ്വപ്‌നം. അതു നെയ്ത് അധികം വൈകാതെ ആ സ്വപ്‌നത്തിനുമേല്‍ 1925 സെപ്റ്റംബര്‍ 17നു വിധി ഒരു കഴുകനെപ്പോലെ പറന്നിറങ്ങി. ഫ്രിദ സഞ്ചരിച്ചിരുന്ന ബസ് അപടത്തില്‍പ്പെട്ടു. ഒട്ടേറെപ്പേരുടെ ജീവന്‍ തട്ടിയെടുത്ത ആ അപകടത്തില്‍ സാരമായി പരിക്കു പറ്റിയ അവള്‍ക്ക് 30ലധികം ശസ്ത്രക്രിയകള്‍ക്കു വിധേയയാകേണ്ടി വന്നു. പതിനെട്ടാമത്തെ വയസിലുണ്ടായ അപകടത്തില്‍ നട്ടെല്ലിനും വാരിയെല്ലിനും തോളെല്ലിനും കാലിനും പരുക്കേറ്റ് മാസങ്ങളോളം മെക്‌സിക്കന്‍ റെഡ്‌ക്രോസ് ആശുപത്രിയില്‍ അനങ്ങാനാവാതെ കിടന്നു. തുടര്‍ന്ന് രണ്ടുവര്‍ഷത്തോളം വീട്ടിലും. ഫ്രിദയുടെ അച്ഛന് വരയോട് എന്നും വല്ലാത്ത സ്‌നേഹമുണ്ടായിരുന്നു.അദ്ദേഹത്തിന്റെ സ്റ്റുഡിയുടെ മൂലയില്‍ എപ്പോഴും ഒരു ഓയില്‍ പെയ്ന്റ് ബോക്‌സ് കിടന്നിരുന്നു. പലവട്ടമത് അവളുടെ കണ്ണിലുടക്കിയെങ്കിലും ചോദിച്ചില്ല. ഒരിക്കല്‍ പ്രിയപ്പെട്ട കളിപ്പാട്ടം മറ്റൊരാള്‍ക്ക് നല്‍കുന്നതു പോലെ ആ പിതാവ് അത് അവള്‍ക്ക് കൊടുത്തു. അതില്‍ തുടങ്ങിയ വരയാണ് അവളെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചത്. സ്വന്തം ഛായാചിത്രം വരച്ച് അവള്‍ ക്യാന്‍വാസില്‍ നിറങ്ങള്‍ ചാലിച്ചു തുടങ്ങി.
വേദനകളില്‍ കെട്ടിപ്പടുത്തതാണ് ഫ്രിദയുടെ കലാജീവിതം. ഞാന്‍ വരയ്ക്കുന്നതൊന്നു തന്നെ സ്വപ്‌നങ്ങളല്ല, തന്റെ യാഥാര്‍ത്ഥ്യങ്ങളേയാണ് എന്നാണ് വരകളെക്കുറിച്ച് ഫ്രിദ ആദ്യം പറഞ്ഞത്. 1927ല്‍ മെക്‌സിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. മെക്‌സിക്കോയിലെ പ്രശസ്ത ഡീഗോ റിവേരയെ പരിചയപ്പെട്ടത് ജീവിതത്തില്‍ വഴിത്തിരിവായി. തന്നെക്കാള്‍ 21 വയസിന് മൂത്തയാളെ വിവാഹം കഴിച്ചതും ജീവിതത്തിലെ മറ്റൊരു വിപ്ലവമായിരുന്നു. അവര്‍ രണ്ടു പേരും ചേര്‍ന്ന് മെക്‌സിക്കോയിലും അമേരിക്കയിലും യാത്ര ചെയ്തു. യഥാര്‍ത്ഥ ജീവിതാനുഭവങ്ങളെ കൂടുതല്‍ അടുത്തറിഞ്ഞു. മെക്‌സിക്കന്‍ സംസ്‌കാരിക സമ്പന്നതയാണ് ഫ്രിദയുടെ ആദ്യകാല ചിത്രങ്ങളില്‍ കൂടുതല്‍ പ്രതിഫലിച്ചു കണ്ടത്. 1938ല്‍ ന്യൂയോര്‍ക്കിലും തൊട്ടടുത്ത കൊല്ലം പാരീസിലും വച്ചു നടത്തിയ ചിത്ര പ്രദര്‍ശനങ്ങള്‍ ഫ്രിദയിലെ കലാകാരിയെലോകം ഏറ്റെടുത്തു. ഇതില്‍ ‘ദ ഫ്രെയിം’ എന്ന ചിത്രം പാരീസിലെ പ്രശസ്തമായലോവ്‌റേ മ്യൂസിയം വാങ്ങി. 150 പെയിന്റിങ്ങുകളില്‍ അമ്പതിലധികം സ്വന്തം ചിത്രമാണു വരച്ചത്. വേദനയും ആത്മസംഘര്‍ഷങ്ങളുമാണ് വരകളില്‍ നിറഞ്ഞു നിന്നത്. ദ ബ്രോക്കണ്‍ കോളം, ഹെന്റി ഫോര്‍ഡ് ഹോസ്പിറ്റല്‍, പോര്‍ട്രെയിറ്റ് വിത്ത് ക്രോപ്പ്ഡ് ഹെയര്‍ എന്നിവയിലെല്ലാം അത് വ്യക്തവുമാണ്. പലതരം പീഢകളിലൂടെ കടന്നു പോയതാണ് ഫ്രദയുടെ മനസും ശരീരവും വേദനകൊണ്ടും ആത്മസംഘര്‍ഷം കൊണ്ടും അത് സദാ നീറിക്കൊണ്ടിരുന്നു. 1954ലെ മറ്റൊരു ജൂലായില്‍ നാല്‍പ്പത്തിയേഴാമത്തെ വയസില്‍ ഫ്രിദ ഈ ലോകം വിട്ട് പോകുന്നതുവരെ നിരവധി ചിത്രങ്ങള്‍ ക്യാന്‍വാസില്‍ വരച്ചുകൊണ്ടേയിരുന്നു. ഫ്രിദയുടെ വിസ്മയ ജീവിതത്തെ ആസ്പദമാക്കി അമേരിക്കന്‍ സംവിധായകയായ ജൂലി ടെയ്മര്‍ ഒരുക്കിയ സിനിമയാണ് ഫ്രിദ. മെക്‌സിക്കന്‍ നടി സല്‍മ ഹയാക്ക് ആണ് ഫ്രിഡയായി വേഷമിട്ടിരിക്കുന്നത്. ആല്‍ഫ്രഡ് മൊലിന ഡീഗോയായി എത്തുന്നു. 2002ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച മേക്കപ്പ്, ബെസ്റ്റ് ഒര്‍ജിനല്‍ സ്‌കോര്‍ എന്നി വിഭാഗങ്ങളില്‍ ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചു.