ഭൂമിയ്ക്ക് അപ്പുറമുള്ള ഗ്രഹങ്ങളിലേക്ക് യാത്രപോകണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ മറ്റുഗ്രഹങ്ങളിലേതിന് സമാനമായ നിരവധി സ്ഥലങ്ങള്‍ ഭൂമിയിലുള്ളപ്പോള്‍ നാം എന്തിന് സ്വപ്‌നം വേണ്ടെന്നു വയ്ക്കണം ? ചൊവ്വയും ചന്ദ്രനും ശുക്രനുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. മറ്റു ഗ്രഹങ്ങളോട് സാമ്യം തോന്നുന്ന തരത്തിലാണ് ഈ പ്രദേശങ്ങളിലെ ഭൂപ്രകൃതിയും അന്തരീക്ഷവുമൊക്കെ. ചൊവ്വയുടെ ഭൂപ്രകൃതിയോടും കാലാവസ്ഥയും രൂപത്തോടുമെല്ലാം അവിശ്വസനീയമായ വിധത്തില്‍ സാമ്യമുള്ള പ്രദേശമാണ് അമേരിക്കയിലെ തെക്കന്‍ യൂട്ടയിലെ ചുവന്ന മരുഭൂമി. ചൊവ്വയിലെ മരുഭൂമി ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം കൂടിയാണ് ഈ പ്രദേശം. ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള മരുഭൂമി പ്രദേശത്താണ് ബ്രൈസ് കാന്യോണ്‍ നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. യാത്രാ പ്രേമികള്‍ക്ക് അവരുടെ സ്വീകരണമുറിയില്‍ ഇരുന്ന് സണ്‍സെറ്റ് പോയിന്റിലെ കാഴ്ച്ചകള്‍ ആസ്വദിക്കാനും അവസരം ലഭിക്കുന്നു. ഇതിന് പുറമെ രാത്രിയിലെ കാഴ്ചകളും ആസ്വദിക്കാനാകും.
ശാസ്ത്രം പുരോഗതിയ്ക്കനുസരിച്ച് മനുഷ്യര്‍ക്ക് എപ്പോഴെങ്കിലും ശുക്രനില്‍ എത്തിച്ചേരാന്‍ കഴിഞ്ഞേക്കും. പക്ഷേ ഒരിക്കലും അതിന്റെ അഗ്‌നിപര്‍വത പ്രതലത്തില്‍ ഇറങ്ങാന്‍ കഴിയില്ല. നിരന്തരം പെയ്യുന്ന സള്‍ഫ്യൂറിക് ആസിഡ് മഴയും 880 ഡിഗ്രി ഫാരന്‍ഹീറ്റില്‍ ചുട്ടു പൊള്ളുന്ന പുറംതോടുമെല്ലാം അങ്ങോട്ടേയ്ക്കുള്ള യാത്ര ദുഷ്‌കരമാക്കും. എന്നാല്‍ ഇതിനും ശാസ്ത്രം വഴി കണ്ടെത്തി കഴിഞ്ഞു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ലൗഡ് നഗരങ്ങളാണ് നാസ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതുപയോഗിച്ച് ക്ലൗഡ് നഗരങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ഒരു ദിവസം ഉപരിതലത്തിന് മുകളില്‍ പൊങ്ങിക്കിടക്കും. ഹൈപ്പോതെറ്റികള്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് വീനസ് ഓപ്പറേഷന്‍ കണ്‍സെപ്റ്റ് (HAVOC) എന്നാണിതിനെ വിളിക്കുന്നത്. ഉയര്‍ന്ന ഉയരത്തില്‍ താപനിലയും മറ്റ് അവസ്ഥകളും സന്ദര്‍ശകര്‍ക്ക് താങ്ങുവാന്‍ കഴിയുന്ന വിധത്തിലുള്ളവയായിരിക്കും. ഇത്തരത്തിലുള്ള അനുഭവമാണ് ആല്‍ബുക്കര്‍ക് ഇന്റര്‍നാഷണല്‍ ബലൂണ്‍ ഫിയസ്റ്റയിലൂടെ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്നത്. ശുക്രനിലേക്കുള്ള യാത്രയ്ക്ക് സമാനമായ പല അനുഭവങ്ങളും ആസ്വദിക്കാം. മെക്‌സിക്കോയിലാണ് ഈ ഫെസ്റ്റിവല്‍ നടക്കുന്നത്. 500 ഓളം ബലൂണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. എല്ലാ വര്‍ഷവും ഒക്ടോബറില്‍ നടക്കുന്ന ഫെസ്റ്റിവല്‍ 1972ല്‍ ആണ് തുടക്കം കുറിച്ചത്.
ഭൂമിയില്‍ ചന്ദ്രനിലേതിനു സമാനമായ പല ഇടങ്ങളും ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. അതില്‍ പ്രസിദ്ധമാണ് ഹവായ് ദ്വീപിലെ മൗന കീ എന്ന നിഷ്‌ക്രിയ അഗ്‌നിപര്‍വതം. ഇവയുടെ വലിയൊരു ഭാഗവും കടലിനടിയിലാണ്. ഉയരം കണക്കാക്കിയിരിക്കുന്നത് സമുദ്രനിരപ്പുതൊട്ടുള്ള പര്‍വതഭാഗം മാത്രം പരിഗണിച്ചാണ്. പരമ്പരാഗത രീതിയില്‍ നിന്ന് മാറിയാണ് ഉയരം കണക്കാക്കിയിരുന്നതെങ്കില്‍ മൗനകീയും എവറസ്റ്റിനെയും കടത്തിവെട്ടിയേനെ. മിഷന്‍ അപ്പോളോ 11 ല്‍ ചന്ദ്രനിലേക്ക് പോയ ബഹിരാകാശ സഞ്ചാരികള്‍ക്കായി പല പരീക്ഷണങ്ങളും മൂണ്‍ വാക്ക് അടക്കമുള്ള പരിശീലനങ്ങളും നടത്തിയത് ഇവിടെവച്ചായിരുന്നു. അപ്പോളോ വാലി എന്നു ഈ സ്ഥലത്തെ ആളുകള്‍ വിളിക്കുന്നു. ചാന്ദ്ര ദൗത്യത്തിനാവശ്യമായ പല പരീക്ഷണങ്ങളും പഠനങ്ങളും നടന്നിരുന്നു. ഇതില്‍ പ്രധാനം ബഹിരാകാശ സഞ്ചാരികള്‍ക്കുള്ള പരിശീലനങ്ങള്‍ തന്നെയായിരുന്നു.
വ്യാഴത്തിന്റെ രണ്ടാമത്തെ വലിയ ഉപഗ്രഹവും സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഉപഗ്രഹവുമാണ് കാലിസ്റ്റോ. 17ാം നൂറ്റാണ്ടില്‍ ഗലീലിയോ ആണ് ഇത് കണ്ടുപിടിക്കുന്നത്. സിലിക്ക പാറകളും ജല ഐസുമാണ് കാലിസ്റ്റോയുടെ പ്രധാന ഘടകങ്ങള്‍. സൗരയൂഥത്തിലെ ഏറ്റവും ഗര്‍ത്തങ്ങള്‍ നിറഞ്ഞ പ്രതലമാണ് കാലിസ്റ്റോയുടേത്. ഇവിടെ നില്‍ക്കുന്നതിനു സമാനമായ അനുഭവം നല്‍കുന്ന ഒരിടം ഭൂമിയിലുണ്ട്. ദക്ഷിണാഫ്രിക്കയിലെ പര്‍വതനിരകളുടെ വളയമായ വെേ്രഡ ഫോര്‍ട്ട് ഉല്‍ക്കാഗര്‍ത്തം. ഗര്‍ത്തത്തിന്റെ ശേഷിപ്പുകള്‍ ദക്ഷിണാഫ്രിക്കയിലെ ഫ്രീ സ്റ്റേറ്റ് പ്രവിശ്യയിലാണുള്ളത്. വ്രെഡേഫോര്‍ട്ട് എന്ന നഗരത്തിന്റെ പേരാണ് ഗര്‍ത്തത്തിനും നല്‍കിയിരിക്കുന്നത്. ചന്ദ്രനുദിക്കുന്ന നാടാണ് കാശ്മീരിലെ ലാമയാരു. ഭൂമിയുടെ രൂപത്തേക്കാളും ചന്ദ്രന്റെ ഉപരിതല കാഴ്ചകളോടാണ് ഈ പ്രദേശത്തിന് കൂടുതല്‍ സാമ്യം. ലഡാക്കിലെ മൂണ്‍ ലാന്‍ഡ് എന്നാണ് ഈ പ്രദേശത്തെ അറിയപ്പെടുന്നത്. ഇവിടുത്തെ മണ്ണും മലയും ചേര്‍ന്ന ഭൂപ്രകൃതി ഓര്‍മ്മിപ്പിക്കുന്നത് ചന്ദ്രന്റെ ഉപരിതലത്തെയാണ്. ഒരു മനുഷ്യജന്മത്തില്‍ കണ്ടുതീര്‍ക്കാന്‍ സാധിക്കാത്തയത്ര വൈവിധ്യങ്ങള്‍ ഭൂമി ഒളിപ്പിച്ചു വച്ചിട്ടുണ്ട് അതില്‍ ചിലതുമാത്രമാണ് അന്യഗ്രങ്ങളോട് സാമ്യം തോന്നുന്ന ഈ പ്രദേശങ്ങള്‍.