തിരഞ്ഞെടുപ്പിൽ അപരന്മാർ സാധാരണയാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി ഡോ . ജോ ജോസഫിന്റെ രൂപസാദൃശ്യമുള്ള വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്താണ് വ്യത്യസ്തനായ അപരൻ. ഈ തിരഞ്ഞെടുപ്പിന് മുൻപ് വി കെ പ്രശാന്തിനെ നേരിൽ കണ്ടവർ മണ്ഡലത്തിൽ വളരെ കുറവ്.
ഒറ്റനോട്ടത്തിൽ പലർക്കും സംശയമില്ല- സ്ഥാനാർഥി തന്നെ. സ്‌ക്വാഡ് പ്രവർത്തിനിടയിൽ കൂടെ പോകുന്ന എൽ ഡി എഫ് നേതാക്കൾ വോട്ടർമാരോട് ചോദിക്കുന്നു-മനസ്സിലായില്ലേ..? പലപ്പോഴും മറുപടി ഒന്നുതന്നെ- അറിയാം ഡോക്ടറല്ലേ..?
തിരഞ്ഞെടുപ്പ് സാഹചര്യത്തിലുമുണ്ട് സമാനതകൾ. വി കെ പ്രശാന്ത് ആദ്യമായി എം എൽ എ ആകുന്നതു ഒരു ഉപതെരഞ്ഞെടുപ്പിലൂടെയാണ്. ലോക്സഭയിലേക്ക് മത്സരിക്കാനായി കെ മുരളീധരൻ രാജിവച്ച വട്ടിയൂർക്കാവായിരുന്നു മണ്ഡലം. തൃക്കാക്കരയെപ്പോലെതന്നെ യു ഡി എഫിന്റെ പൊന്നാപുരം കോട്ടയായിരുന്നു വട്ടിയൂർക്കാവും.
അങ്കത്തിനിറങ്ങുമ്പോൾ എൽ ഡി ഫ് മൂന്നാം സ്ഥാനത്തായിരുന്നു. തിരുവനന്തപുരം മേയറായിരുന്ന പ്രശാന്ത് 14500 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു ഡി എഫിന്റെ മോഹൻ കുമാറിനെ തോല്പിച്ചത്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 22000 ആയുർന്നു.
വോട്ടു തേടിയുള്ള യാത്രക്കിടയിൽ സഹപ്രവർത്തകർക്കൊപ്പം നിന്നുകൊണ്ടുള്ള ചായകുടി രണ്ടുപേർക്കുമുണ്ട്. നട്ടുവർത്തമാനവും വോട്ടുതേടലും ചായകുടിയുമെല്ലാം സമാനതകൾ കൂട്ടുന്നു. പ്രസംഗങ്ങളിൽ ജോ ജോസഫ് പലപ്പോഴും ഉദാഹരണമായി എടുത്തുപറയുന്നതും വട്ടിയൂർക്കാവിലെ വിജയമാണ്.
വീടുകളിലെത്തുന്ന എം എൽ എ യെ സ്ഥാനാർത്ഥിയെപ്പോലെയാണ് ഇപ്പോഴും പലരും സ്വീകരിക്കുന്നത്. തിരിച്ചറിയുമ്പോൾ അന്ധാളിക്കുന്ന വോട്ടർമാരോട് വികെ പ്രശാന്തിന്റെ അഭ്യർത്ഥന- ഡോക്ടർ നേരിൽ വന്നുവെന്നുതന്നെ കരുതണം, വോട്ടു ചെയ്യണം.