ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിനേക്കാള്‍ ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയുള്ളത് ഒരു ലോഹത്തിനാണ്. ഭൂമിയില്‍ അപൂര്‍വമായി മാത്രം കാണപ്പെടുന്ന ഇറിഡിയം ആണത്. ബിറ്റ്‌കോയിനേക്കാളും കൂടുതല്‍ വരുമാനം നല്‍കുന്നമെന്നതിനാലാണ് ഇറിഡിയത്തിന്റെ ഡിമാന്‍ഡ് ഉയര്‍ന്നത്. പ്ലാറ്റിനം, പലേഡിയം എന്നിവയുടെ ഖനനത്തിനിടെ ലഭിക്കുന്ന ഉപോത്പന്നമാണ് ഇറിഡിയം. ജനുവരി മുതലുള്ള കണക്കു പരിശോധിച്ചാല്‍ ഇറിഡിയം ലോഹത്തിന്റെ വില 131 ശതമാനം വര്‍ദ്ധിച്ചത് കാണാം. ബിറ്റ്കോയിന്‍ പോലും 85 ശതമാനം നേട്ടമേ ഇക്കാലയളവില്‍ കൈയടക്കിയുള്ളൂ. കോവിഡ് ഭീതിയെത്തുടര്‍ന്ന് വിതരണം മുടങ്ങിയതും ഇലക്ട്രോണിക് സ്‌ക്രീനുകളുടെ നിര്‍മാണാവശ്യങ്ങള്‍ക്കായി ഇറിഡിയത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതും ഈ ലോഹത്തിന്റെ മൂല്യം വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളാണ്. മറ്റു വിലയേറിയ ലോഹങ്ങളെ അപേക്ഷിച്ച് ഇറീഡിയത്തിന്റെ വിപണി ചെറുതാണ്. അതുകൊണ്ട് ഉത്പാദനത്തില്‍ സംഭവിക്കുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും ഇറിഡിയം ലോഹത്തിന്റ വിലയില്‍ വലിയ സ്വാധീനം ചെലുത്തും. ഇതേസമയം, സ്വര്‍ണമോ വെള്ളിയോ വാങ്ങുന്നതുപോലെ ഇറിഡിയത്തില്‍ നിക്ഷേപം നടത്താന്‍ സാധാരണ നിക്ഷേപകര്‍ക്ക് കഴിയില്ല. വ്യവസായ മേഖലയുമായി ബന്ധപ്പെട്ട നിക്ഷേപകരാണ് ഇറിഡിയം വാങ്ങാറ്. ഇടിഎഫുകള്‍ (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) ഇറിഡിയം വില്പന നടക്കാറുമില്ല. സാധാരണയായി മുന്‍നിര നിര്‍മാതാക്കളില്‍ നിന്നും നേരിട്ടാണ് ചില്ലറ നിക്ഷേപകര്‍ ഇറീഡിയം കൈക്കലാക്കാറ്. സ്പാര്‍ക്ക് പ്ലഗുകളുടെ നിര്‍മാണത്തിലും ഇറീഡിയം ഉപയോഗിക്കാറുണ്ട്. നിലവില്‍ ഔണ്‍സിന് 6,000 ഡോളറാണ് ഇറിഡിയത്തിന്റെ വില നിലവാരം. അതായത് സ്വര്‍ണത്തിന്റെ മൂന്നിരട്ടി വില.
സ്മിത്ത്‌സണ്‍ ടെനന്റ് എന്ന ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞനാണ് ഇറിഡിയം കണ്ടുപിടിച്ചതെങ്കിലും കാള്‍ ക്ലാസ് എന്ന രസതന്ത്രജ്ഞനാണ് ഇത് വേര്‍തിരിച്ചെടുത്തത്. പ്രകൃതിദത്തമായ പ്ലാറ്റിനത്തില്‍ നിന്നാണ് ഇറിഡിയം വേര്‍തിരിച്ചെടുക്കേണ്ടത്. ലവണ ലായിനികളുടെ വൈവിധ്യമാര്‍ന്ന നിറങ്ങള്‍ കണ്ടാണ് ഇതിന് മഴവില്ല് എന്നര്‍ത്ഥമുള്ള ഇറിഡിയം എന്ന പേര് നല്‍കിയത്. പ്രകൃതിയിലെ ഏറ്റവും സാന്ദ്രത കൂടിയ രണ്ടാമത്തെ മൂലകമാണ് ഇറിഡിയം പ്ലാറ്റിനം കുടുംബത്തില്‍പ്പെട്ട കാഠിന്യമേറിയ ഈ ലോഹത്തിന് ഒരിക്കലും തേയ്മാനമോ ദ്രവിക്കലോ സംഭവിക്കില്ല. വെള്ളി നിറത്തിലാണ് ഇവ കാണപ്പെടുക. ഉയര്‍ന്ന താപനില താങ്ങുവാനാകുന്ന ലോഹസങ്കരങ്ങള്‍ ഉണ്ടാക്കുവാനാണ് ഇറിഡിയം ഉപയോഗിക്കുന്നത്. ആസിഡുകളെ പ്രതിരോധിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്.
ദക്ഷിണാഫ്രിക്ക, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഇറിഡിയം കൂടുതലായും കാണപ്പെടുന്നത്. സര്‍ജിക്കല്‍ പിന്‍, പേനയുടെ നിബ്ബ് എന്നിവമുതല്‍ വാഹനങ്ങളിലെ സ്പാര്‍ക്ക് പ്ലഗ്, സെമി കണ്ടക്ടറുകളുടെ(ചിപ്പ്) പുനഃക്രിസ്റ്റല്‍ വത്കരണം, ബഹിരാകാശ വാഹനങ്ങളിലെ തെര്‍മോ ഇലക്ട്രിക് ജനറേറ്റര്‍ തുടങ്ങിയവയില്‍വരെ ഇത് ഉപയോഗിക്കുന്നു. പ്ലാറ്റിനവുമായി ചേര്‍ത്ത് ആഭരണമായും എക്സ് റേ ടെലിസ്‌കോപ്പിലും ഇവ ഉപയോഗിക്കുന്നുണ്ട്. മെക്‌സിക്കോയിലെ ചിക്‌സുലുബ് വിള്ളലില്‍ ശാസ്ത്രത്രജ്ഞര്‍ ഇറിഡിയത്തിന്റെ വന്‍ശേഖരം കണ്ടെത്തിയിട്ടുണ്ട്. ആറരക്കോടി വര്‍ഷം മുമ്പ് പത്തു കിലോമീറ്റര്‍ വ്യാസമുള്ള ക്ഷുദ്രഗ്രഹം പതിച്ചാണ് ഈ മേഖലയില്‍ വിള്ളലുണ്ടായത്.