ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഭക്ഷിക്കുന്ന ധാന്യമാണ് അരി. ആഗോള ഉത്പാദനത്തിന്റെ സിംഹഭാഗവും ഇന്ത്യയിലും ചൈനയിലുമാണ്. ഇന്ത്യോനേഷ്യ, ബംഗ്ലാദേശ്, വിയറ്റ്‌നാം, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും അരി ഉത്പാദനത്തില്‍ മുന്നിട്ടു നില്‍ക്കുന്നു. കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇന്ത്യന്‍ അരിക്ക് ആഗോളവിപണയില്‍ വന്‍ സ്വീകാര്യകതയാണ് ലഭിച്ചത്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ അരി കയറ്റുമതി വരുമാനം 1000 കോടി ഡോളര്‍ കവിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനം വര്‍ധനവാണിത്. ഇന്ത്യയുടെ ബസ്മതി അരിയ്ക്കാണ് ലോകമാര്‍ക്കറ്റില്‍ ഏറെ പ്രിയം. ബസ്മതി അരി മാത്രം 274 ടണ്‍ കയറ്റുമതി ചെയ്തു. മറ്റു വിഭാഗത്തില്‍പ്പെട്ട 612 ടണ്‍ അരികളും. ആന്ധ്രയിലെ കാകിനാഡ തുറമുഖത്ത് നിന്നാണ് ബസ്മതി ഇതര അരി കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്.
മഹാമാരിയുടെ കാലത്ത് ചൈനയാണ് ഇന്ത്യയില്‍ നിന്ന് അരി കൂടുതല്‍ വാങ്ങിയത്. മൂന്നു പതിറ്റാണ്ടിന് മുമ്പ് അരിക്ക് ഗുണമേന്മയില്ലെന്ന് ചൂണ്ടിക്കാട്ടി ഇറക്കുമതി ഇറക്കുമതി നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ഇന്ത്യന്‍ അരിയുടെ ഗുണമേന്മ പരിശോധിച്ച ശേഷം അടുത്ത വര്‍ഷവും അരി ഇറക്കുമതി ചൈന വര്‍ധിപ്പിക്കുമെന്നാണ് വിവരം. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ഒരു ലക്ഷം ടണ്‍ അരിയാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്. 40 ലക്ഷം ടണ്‍ അരിയാണ് ഓരോ വര്‍ഷവും ചൈന ഇറക്കുമതി ചെയ്യുന്നത്. ബംഗ്ലാദേശ്, മലേഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങളായ കാമറൂണ്‍, കോംഗോ, മൊസാംബിക്, മഡഗാസ്‌കര്‍ എന്നി രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ അരിക്ക് ഡിമാന്‍ഡ് കൂടുതലാണ്. പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയ്ക്കും ആവശ്യം ഏറി വരികയാണ്. ലോകത്തെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമാണ് ഇന്ത്യ. ഏറ്റവും കൂടുതല്‍ അരി ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയാണ്. ഇന്ത്യയ്ക്ക് പുറമെ തായ്ലന്‍ഡ്്, വിയറ്റ്നാം, മ്യാന്‍മര്‍, പാകിസ്താന്‍ എന്നി രാജ്യങ്ങളാണ് ചൈനയിലേക്ക് നിലവില്‍ അരി കയറ്റുമതി ചെയ്യുന്നത്. ഹിമാലയന്‍ അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും കൊമ്പുകോര്‍ക്കല്‍ തുടരുന്നതിനിടെയാണ് വീണ്ടും അരി വാങ്ങാന്‍ തുടങ്ങിയത് എന്നതും ശ്രദ്ധേയമാണ്.
ബസ്മതി, മണമുള്ള അരി
ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ കൃഷിചെയ്യുന്ന ഒരു സുഗന്ധ നെല്ലിനമാണ് ബസ്മതി. ബസ്മതിയുടെ ഏറ്റവും കൂടുതല്‍ ഉല്‍പാദനവും ഉപഭോഗവും ഇന്ത്യയിലാണ്. എന്നാല്‍ പല രാജ്യങ്ങളും പ്രാദേശികമായി ഇത് കൃഷി ചെയ്യുന്നുമുണ്ട്. അരിയിലെ ഏറ്റവും മികച്ച ഇനങ്ങളിലൊന്നായാണ് ബസ്മതിയെ കണക്കാക്കുന്നത്. രാജ്യത്തെ വടക്കന്‍ ഭാഗത്താണ് ഇത് കൂടുതലും ഉപയോഗിക്കുന്നത്. നേര്‍ത്തതും നീളമുള്ളതുമായ ധാന്യ അരിയാണ് ഇത്. ഇന്ത്യയിലാണ് ലോകത്തെ ബസ്മതി ഉത്പാദനത്തിന്റെ 70ശതമാനവും. ഇതിന്റെ ഒരു ചെറിയ ഭാഗം ജൈവരീതിയിലാണ് കൃഷി ചെയ്യപ്പെടുന്നത്. ഖേത്തി വിരാസത്ത് മിഷന്‍ പോലെയുള്ള സംഘടനകള്‍ പഞ്ചാബില്‍ ഇതിന്റെ ഉത്പാദനം കൂട്ടാന്‍ ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നു. ഇന്ത്യയില്‍ പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നി സംസ്ഥാനങ്ങളില്‍ ബസ്മതി അരി കൃഷി ചെയ്തു വരുന്നു. 2016-17 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയിലെ ആകെ ബസ്മതി ഉത്പാദനം 108.86 ദശലക്ഷം ടണ്‍ ആണ്. ഹരിയാന ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ഉത്പാദകര്‍. ഇന്ത്യയുടെ മൊത്തം ബസ്മതി ഉത്പാദനത്തില്‍ 60 ശതമാനത്തിലേറെ ഇവിടെ നിന്നാണ്.
ബസ്മതി എന്ന വാക്കിന് ‘മണമുള്ള’ എന്നാണ് അര്‍ത്ഥം. ഈ അരി നൂറ്റാണ്ടുകളായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കൃഷി ചെയ്യപ്പെട്ടു വരുന്നതാണെന്ന് കരുതുന്നു. ഇതിനെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം 1776 ലെ ഹീര്‍ രന്‍ഝ എന്ന പഞ്ചാബി കൃതിയില്‍ ആണ്. ഹിന്ദു വ്യാപാരികളാണ് മധ്യപൗരസ്ത്യദേശങ്ങളില്‍ ബസ്മതി അരി പ്രചരിപ്പിച്ചത്. ദക്ഷിണേഷ്യന്‍ പാചകക്രമങ്ങള്‍ക്കു പുറമെ പേര്‍ഷ്യന്‍, അറബി തുടങ്ങിയ മധ്യപൗരസ്ത്യദേശങ്ങളിലെ പാചകക്രമങ്ങളിലും ഇന്ന് ബസ്മതി അരി ഒരു പ്രധാന ചേരുവയാണ്. വിവിധയിനം ബസ്മതി അരികള്‍ ഉണ്ട്. പരമ്പരാഗത ഇന്ത്യന്‍ ഇനങ്ങള്‍ ബസ്മതി 370, ബസ്മതി 385, ഡെറാഡൂണി ബസ്മതി, തരാവോരി ബസ്മതി തുടങ്ങിയവയാണ്.
രംഭ അഥവാ ബിരിയാണികൈതയുടെ രുചിയുള്ള ബസ്മതി അരിയ്ക്ക് 2-അസെറ്റില്‍-1-പൈരോലിന്‍ എന്ന രാസവസ്തുവാണ് ഈ രുചി കൊടുക്കുന്നത്. ബസ്മതി അരിമണികളില്‍ ഏതാണ്ട് 0.09 പി.പി.എം അളവില്‍ ഈ സംയുക്തം അടങ്ങിയിട്ടുണ്ട്. മറ്റുള്ള അരികളെ അപേക്ഷിച്ചു ഇത് 12 മടങ്ങോളം അധികമാണ്. ഈ സംയുക്തത്തിന്റെ ഇത്ര ഉയര്‍ന്ന അളവാണ് ബസ്മതി അരിയ്ക്ക് ഈ പ്രത്യേക രുചിയും മണവും നല്‍കുന്നത്. ഈ സംയുക്തം ചില തരം പാല്‍ക്കട്ടികളിലും പഴങ്ങളിലും മറ്റു ചില ധാന്യവര്‍ഗങ്ങളിലും കണ്ടു വരുന്നു. യൂറോപ്പിലും അമേരിക്കയിലും ഇത് ബേക്കറി പദാര്‍ത്ഥങ്ങളുടെ സ്വാദു കൂട്ടാനുള്ള ഒരു ചേരുവയായി അംഗീകരിയ്ക്കപ്പെട്ടിട്ടുണ്ട്. കനേഡിയന്‍ ഡയബറ്റിക് അസോസിയേഷന്‍ ബസ്മതി അരിയ്ക്ക് കല്പിച്ചിരിയ്ക്കുന്ന ഗ്ലൈസെമിക് ഇന്‍ഡക്‌സ് 56 നും 69 നും ഇടയ്ക്കാണ്. സാധാരണ അരിയുടെ ഇന്‍ഡക്‌സ് 89 ആണ്. അതിനാല്‍ വിറ്റാമിനുകളുടെയും ഫൈബറിന്റെയും ഉറവിടമായ ബസ്മതി പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്.