കൊവിഡ് 19 മഹാമാരി ലോകരാജ്യങ്ങളുടെ സാമ്പത്തിക അടിത്തറയ്ക്ക് വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. തൊഴിലില്ലായ്മയും ഭക്ഷ്യക്ഷാമവും അടക്കമുള്ള പ്രത്യാഘാതങ്ങള്‍ ഭീഷണിയായി നില്‍ക്കുമ്പോഴും ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെക്കുറിച്ചുള്ള നല്ല വാര്‍ത്തകളാണ് പുറത്തുവരുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. നിലവില്‍ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. 2025 എത്തുമ്പോഴേക്കും ബ്രിട്ടനെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് ഉയരും. തുടര്‍ന്ന് 2030 ഓടെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ചുവടുവെയ്ക്കുമെന്നും സെന്റര്‍ ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ചിന്റെ (സി.ഇ.ബി.ആര്‍) വാര്‍ഷിക പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 2019ല്‍ ബ്രിട്ടണിനെ പിന്നിലാക്കി ഇന്ത്യ അഞ്ചാമതെത്തിയിരുന്നു. എന്നാല്‍ കൊവിഡ് 19 പ്രതിസന്ധിയില്‍ സമ്പദ്വ്യവസ്ഥ താറുമാറായതോടെ വീണ്ടും ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഇന്ത്യന്‍ രൂപയുടെ വിനിമയനിരക്ക് ഇടിഞ്ഞത് ബ്രിട്ടന് കാര്യങ്ങള്‍ എളുപ്പമാക്കി. 2021 ഓടെ രാജ്യത്തെ സമ്പദ്ഘടന 9 ശതമാനം വികസിക്കുമെന്നും 2022 ല്‍ വളര്‍ച്ചാ നിരക്ക് ഏഴു ശതമാനം തൊടുമെന്നാണ് വിലയിരുത്തല്‍. 2025ല്‍ ബ്രിട്ടനെയും പിന്നീട് രണ്ട് വര്‍ഷത്തിനുള്ളില്‍ ജര്‍മ്മനിയെയും 2030ല്‍ കൂടി ജപ്പാനെയും ഇന്ത്യ പിന്നിലാക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മറുഭാഗത്ത് 2028 ഓടെ അമേരിക്കയെ മറികടന്ന് ചൈന ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും പ്രവചനമുണ്ട്. നേരത്തെ 2033 ഓടെയാണ് അമേരിക്കയെ ചൈന മറികടക്കുമെന്ന് കരുതിയത്. എന്നാല്‍ കൊവിഡ് പ്രതിസന്ധിയില്‍ നിന്നും ചൈന അതിവേഗം തിരിച്ചുവരികയാണ്. അമേരിക്കയുടെ തിരിച്ചുവരവാകട്ടെ മന്ദഗതിയിലും തുടരുന്നു. ഈ പശ്ചാത്തലത്തില്‍ കരുതിയതിലും അഞ്ച് വര്‍ഷം മുന്‍പ് ചൈന അമേരിക്കയെ പിന്നിലാക്കുമെന്നാണ് നിഗമനം.
ഡോളറുമായുള്ള വിനിമയ നിരക്ക് അടിസ്ഥാനപ്പെടുത്തുമ്പോള്‍ 2030 വരെ ജപ്പാന്‍ തന്നെയായിരിക്കും ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തി. 2030ന്റെ തുടക്കത്തില്‍ തന്നെ ഈ സ്ഥാനം ഇന്ത്യ സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൊവിഡ് 19 പ്രതിസന്ധിക്ക് മുമ്പ് തന്നെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങിയിരുന്നതായി സി.ഇ.ബി.ആര്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2019ല്‍ കഴിഞ്ഞ പത്തു വര്‍ഷത്തെ ഏറ്റവും താഴ്ച്ചയിലാണ് ആഭ്യന്തര ഉത്പാദനം രേഖപ്പെടുത്തിയത്. 2018 ല്‍ 6.1 ശതമാനം കുറിച്ച ജി.ഡി.പി 2019 പിന്നിട്ടപ്പോള്‍ 4.2 ശതമാനമായി ചുരുങ്ങി. 2016 കാലഘട്ടത്തില്‍ 8.3 ശതമാനമായിരുന്നു ഇന്ത്യയുടെ ആഭ്യന്തരവളര്‍ച്ച. ബാങ്കിംഗ് വ്യവസ്ഥയിലെ തകര്‍ച്ചയും രാജ്യാന്തര വ്യാപാരത്തില്‍ സംഭവിച്ച മെല്ലപ്പോക്കും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയാന്‍ കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
സാമ്പത്തിക രംഗത്ത് ലോകത്തിലെ ഒന്നാം നമ്പറുകാരായ അമേരിക്കയെ മലര്‍ത്തിയടിക്കാന്‍ ചൈന കുതിച്ചു തുടങ്ങി. അമേരിക്കയുടെ സ്ഥാനം ചൈന കൈയടക്കും എന്നു നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിട്ടുളളതാണ്. 2030ന് ശേഷമാകും സംഭവിക്കുക എന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കു കൂട്ടിയിരുന്നത്. എന്നാല്‍ അതിനും അഞ്ച് വര്‍ഷം മുന്‍പേ തന്നെ ചൈന സാമ്പത്തിക കുതിപ്പില്‍ അമേരിക്കയെ മലര്‍ത്തിയടിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് 19 മഹാമാരിയാണ് അമേരിക്കയ്ക്ക് തിരിച്ചടിയായത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും കൊവിഡ് മരണങ്ങളും അമേരിക്കയിലാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കൊവിഡും അതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ചൈനയ്ക്ക് അനുകൂലമായിട്ടാണ് വന്നിരിക്കുന്നത്. നേരത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചും മറ്റും കൊവിഡിനെ വിദഗ്ധമായി മാനേജ് ചെയ്യാന്‍ സാധിച്ചതാണ് ചൈനയ്ക്ക് നേട്ടമായത്. 2021 മുതല്‍ 2025 വരെയുളള കാലയളവില്‍ ഏകദേശം 5.7 ശതമാനം വരെ സാമ്പത്തിക വളര്‍ച്ചയാണ് ചൈനയില്‍ പ്രതീക്ഷിക്കുന്നത്. 2026നും 2030നും ഇടയില്‍ പക്ഷേ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 4.5ലേക്ക് താഴാനും സാധ്യതയുണ്ട്. സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും 2021ല്‍ അമേരിക്ക കരകയറിത്തുടങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2022നും 2024നും ഇടയില്‍ അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ച 1.9 ശതമാനം ആയേക്കുമെന്നും അതിന് ശേഷം 1.6 ലേക്ക് കുറയുമെന്നുമാണ് കണക്കുകൂട്ടല്‍.