ഇന്റര്‍നെറ്റ് സുതാര്യത നടപ്പായതോടെ മികച്ച വളര്‍ച്ച കൈവരിച്ച മേഖലകളിലൊന്ന് ഓണ്‍ലൈന്‍ വിപണികളാണ്. ലോകജനസംഖ്യയുടെ എഴുപത് ശതമാനവും ഇന്റര്‍നെറ്റ് സാക്ഷരത നേടിയതോടെ ഇ-കൊമേഴ്സിന് വിശാലമായ മേച്ചില്‍പ്പുറങ്ങളുണ്ടായി. വളരെ പ്രാദേശികമായൊരു ഉത്പന്നം പോലും കുറഞ്ഞ ചെലവില്‍ ആഗോളവിപണിയില്‍ വിറ്റഴിക്കാന്‍ ഇതിലൂടെ സാധ്യമാകും. കൊവിഡ് 19 മഹാമാരി പ്രതിസന്ധികള്‍ക്കിടയിലും ഇ-കൊമേഴ്സ് മേഖല കച്ചവടം പൊടിപ്പൊടിക്കുകയാണ്. ലോക്ക്ഡൗണിന്റെ ആദ്യഘട്ടങ്ങളില്‍ ഇടര്‍ച്ചയുണ്ടായിരുന്നെങ്കിലും വിപണി വേഗം തിരിച്ചു കയറി. ചെറുവ്യാപാര ഉത്സവങ്ങളാണ് ഈ മേഖലയ്ക്ക് ഉന്മേഷം പകരുന്നത്.
ഇന്ത്യയില്‍ 2020 ന്റെ അവസാന പാദത്തില്‍ ഇ കൊമേഴ്‌സ് വ്യാപാരം കുതിച്ച് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. 36 ശതമാനം വര്‍ധനവാണ് വ്യാപാരത്തില്‍ ഉണ്ടായിരിക്കുന്നത്. വാര്‍ഷിക വളര്‍ച്ച 30 ശതമാനമാണ്. അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2020 ലെ ശരാശരി ഓര്‍ഡറുകള്‍ 5 ശതമാനം കുറഞ്ഞുവെന്നാണ് ഇ-കൊമേഴ്‌സ് കേന്ദ്രീകരിച്ചുള്ള സപ്ലൈ ചെയിന്‍ സാസ് (സോഫ്റ്റ് വെയര്‍ ആസ്എ സര്‍വീസ്) ടെക്‌നോളജി പ്ലാറ്റ്‌ഫോമായ യൂണികോമേഴ്‌സും ആഗോള മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനം കെര്‍നിയും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പേഴ്സണല്‍ കെയര്‍, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് (പിസിബി, ഡബ്ല്യു), എഫ്എംസിജി, വിഭാഗമാണ് ഏറ്റവും വലിയ ഗുണഭോക്താക്കളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് നാലാം പാദത്തില്‍ 94 ശതമാനം വളര്‍ച്ച നേടി. ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ വില്പനയില്‍ 12 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ഫാഷന്‍ ഉത്പന്നങ്ങളുടെ വില്പനയാണ് ഏറ്റവും കൂടുതല്‍ ഉണ്ടായത്. 37 ശതാനമാണ് വളര്‍ച്ച. അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശരാശരി വളര്‍ച്ച ഏഴ് ശതമാനം കുറഞ്ഞു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലാണ് ഉപഭോക്താക്കള്‍ കൂടുതലായി ഓണ്‍ലൈന്‍ വിപണിയെ ആശ്രയിച്ച് തുടങ്ങിയത്. ടയര്‍ 2, ടയര്‍ 3 നഗരങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ 90 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇംഗ്ലണ്ടുകാരനായ മിഷേല്‍ ആല്‍റിഷ് 1979ല്‍ ബിസിനസ് ലോകത്ത് കൊണ്ടു വന്നതാണ് ഇ കൊമേഴ്‌സ് എന്ന വിപ്ലവം. ഉത്പന്നങ്ങള്‍ വാങ്ങാന്‍ കടകളില്‍ തന്നെ പോകണമെന്ന സമവാക്യത്തെ അദ്ദേഹം തിരുത്തിയെഴുതി. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കടകളില്‍ പോകാതെ അദ്ദേഹം ലോകത്തെ ആദ്യ ഓണ്‍ലൈന്‍ ഷോപ്പിംഗിന് വഴിയൊരുക്കി. പിന്നീട് ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ അത് ഇന്നു കാണുന്ന വിശാലമായ ഇ-കൊമേഴ്സ് മേഖലയായി പടര്‍ന്നു പന്തലിച്ചു.കോവിഡ് കാലത്ത് ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വ്യവസായം വലിയ മുന്നേറ്റമാണ് നടത്തിയത്. ഓണ്‍ലൈന്‍ റീട്ടെയില്‍ കേന്ദ്രീകരിച്ചുള്ള സാങ്കേതിക പ്ലാറ്റ്ഫോമായ യൂണികോമേഴ്‌സിന്റെ ‘ഇ-കൊമേഴ്‌സ് ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ട് 2020’ അനുസരിച്ച് ഇ-കൊമേഴ്‌സ് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിരിച്ചുവരുക മാത്രമല്ല ജൂണ്‍ വരെ 17 ശതമാനം വളര്‍ച്ച കൈവരിക്കുകയും ചെയ്തു. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഉപഭോക്തൃ സ്വഭാവത്തില്‍ മാറ്റം ഓണ്‍ലൈന്‍ ബിസിനസുകള്‍ക്ക് അനുകൂലമായി. വൈറസ് വ്യാപനഘട്ടത്തില്‍ പുറത്തിറങ്ങാന്‍ സാധിക്കാതെ വന്നതോടെ കൂടുതല്‍ പേരും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് തിരിഞ്ഞു. ആരോഗ്യം, മരുന്ന്, ഉപഭോക്തൃവസ്തുക്കള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ വാങ്ങല്‍ രീതികളില്‍ വലിയ മാറ്റമാണുണ്ടായത്. ഉത്പന്നങ്ങളുടെ റിട്ടേണ്‍ നിരക്ക് 10 മുതല്‍ 30 ശതമാനം വരെ കുറഞ്ഞു. ഇതോടെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികള്‍ മെട്രോപൊളിറ്റന്‍ നഗരങ്ങള്‍ക്കപ്പുറത്തുള്ള നഗരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും തുടങ്ങി.

അമേരിക്ക, ഇംഗ്ലണ്ട്, ജപ്പാന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ദക്ഷിണകൊറിയ, കാനഡ, ബ്രസീല്‍ എന്നി രാജ്യങ്ങളാണ് ലോകത്തിലെ പ്രധാനപ്പെട്ട ഇ-കൊമേഴ്സ് മാര്‍ക്കറ്റുകള്‍. ഇന്ത്യയിലെ ഒരു ഉപഭോക്താവിന് ശരാശരി റീട്ടെയില്‍ ഇ-കൊമേഴ്‌സ് വരുമാനം 2018 ലെ കണക്കനുസരിച്ച് 50 ഡോളറാണ്. 2024 ഓടെ ഇത് 75 ഡോളര്‍ വരെ ഉയരും. ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും വര്‍ദ്ധനവാണ് വളര്‍ച്ചയുടെ ആധാരം. 2021 ഓടെ രാജ്യത്തെ മൊത്തം ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 829 ദശലക്ഷമായി ഉയരുന്നതിന് പുറമെ ഇന്റര്‍നെറ്റ് സമ്പദ്വ്യവസ്ഥ 2017 ഏപ്രിലിലെ 125 ബില്യണ്‍ ഡോളറില്‍ നിന്ന് ഇക്കൊല്ലം 250 ബില്യണ്‍ ഡോളറിലെത്തും.സമൂഹമാധ്യമങ്ങളിലൂടെയാണ് ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ കൂടുതലും ഉപഭോക്താക്കളെ തേടിയെത്തുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയൊക്കെ സഹായത്തോടെ ഉപഭോക്താക്കളെ കൃത്യമായി കണ്ടെത്താനും അവരിലേക്ക് ഉത്പന്നങ്ങള്‍ എത്തിക്കാനും ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് സാധിക്കുന്നു.