മഹാമാരി, പ്രളയം, യുദ്ധം…. മാനവരാശി കൂടുതല്‍ സമയം ഒട്ടിയ വയറുമായി കഴിയേണ്ടി വരുന്ന സന്ദര്‍ഭങ്ങളാണ് ഇവയെല്ലാം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരി താണ്ഡവമാടുമ്പോള്‍ ജോലി നഷ്ടപ്പെട്ട് ഉള്ളതു ചെയ്യാന്‍ സാഹചര്യമില്ലാതെ വീടിനുള്ളില്‍ തന്നെ ഒതുങ്ങി കഴിയേണ്ടി വന്നു ഭൂരിഭാഗം പേര്‍ക്കും. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ഭക്ഷണത്തിന്റെ അഭാവമാണ് ഏറ്റവും വലിയ വെല്ലുവിളി. കൊവിഡ് 19 അപഹരിച്ച ജീവനുകളെക്കാള്‍ ഭീകരമാണ് വിശന്നു മരിക്കുന്നവരുടെ എണ്ണം. ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കനുസരിച്ച് ഇക്കൊല്ലം ഏഴ് ലക്ഷത്തോളം ആളുകള്‍ പട്ടിണി കിടന്നു മരിക്കുമെന്നാണ്. കോവിഡ് 19 മഹാമാരി ആഗോള സമ്പദ്വ്യവസ്ഥയെ പിടിച്ചുലച്ച കാലത്താണ് വിശപ്പിന്റെ വിളിക്കെതിരെയുള്ള പോരാട്ടം ശ്രദ്ധേയമാകുന്നത്. കോവിഡിന് മുമ്പുള്ള കണക്കുകളെ അപേക്ഷിച്ച് മഹാമാരിമൂലം 2020 ല്‍ 132 ദശലക്ഷം പേര്‍ അധികമായി ദാരിദ്ര്യത്തിന്റെ ചുഴിയിലേക്ക് തള്ളപ്പെടുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണ്ടെത്തല്‍. ഇതിന്റെ അലകള്‍ കാലങ്ങളോളം തുടരുകയും ചെയ്യും.
ഈ സാഹചര്യത്തില്‍ ഇത്തവണത്തെ സമാധാന നൊബേല്‍ പുരസ്‌കാരത്തിന് ഏറെ പ്രാധാന്യമുണ്ട്. 317 നാമനിര്‍ദ്ദേശങ്ങള്‍ പിന്തള്ളി ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് സമാധാന നൊബേല്‍ നല്‍കുമ്പോള്‍ സ്വീഡിഷ് അക്കാഡമി ശക്തമായ സന്ദേശമാണ് മുന്നോട്ട് വയ്ക്കുന്നത്. ലോകജനസംഖ്യയില്‍ 69 കോടി പേര്‍ കടുത്ത പട്ടിണിയിലും ഒമ്പതിലൊരാള്‍ ഒഴിഞ്ഞ വയറുമായും കഴിയുമ്പോള്‍ ഭരണകൂടങ്ങളുടെ നിലപാടുകളിലും പ്രവര്‍ത്തനങ്ങളിലും ചില പൊളിച്ചെഴുത്തലുകള്‍ അനിവാര്യമായി വരും. 2030 ഓടുകൂടി പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 909 ദശലക്ഷമായി ഉയരുന്ന സാഹചര്യം കൂടി നമ്മുടെ മുന്നിലുണ്ട്.
1961ല്‍ ഇറ്റലി ആസ്ഥാനമായി സ്ഥാപിതമായ സംഘടനയാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം. പട്ടിണിക്കെതിരെ പോരാടുന്ന ലോകത്തിലെ ഏറ്റവും വലിയ ഈ ഏജന്‍സി 88 രാജ്യങ്ങളിലായി 97 ദശലക്ഷം ദരിദ്രരിലേക്ക് ഭക്ഷണമെത്തിക്കുന്നതില്‍ ശ്രദ്ധപതിച്ചിരിക്കുന്നു. സംഘര്‍ഷമേഖലകളില്‍ ഭക്ഷണമെത്തിച്ച് സമാധാനം സ്ഥാപിക്കാനും വിശപ്പിനെ യുദ്ധത്തിനുള്ള ആയുധമാക്കുന്നത് തടയാനുമുള്ള ശ്രമങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് നൊബേല്‍. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുക മാത്രമല്ല, കൗമാരക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍, പ്രായമായവര്‍ എന്നിവരുടെ പോഷകാഹാര ആവശ്യങ്ങള്‍ പരിഹരിക്കുക എന്നിങ്ങനെയുള്ള മുന്‍ഗണനകള്‍ കൂടി ഭക്ഷ്യ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
1.3 ബില്യണ്‍ ടണ്‍ ഭക്ഷണം പാഴാകുന്നു
കോവിഡ് അനുബന്ധ ദാരിദ്ര്യം മൂലം പ്രതിദിനം 12000 പേര്‍ മരണമടയുന്ന അവസ്ഥയാണ് വരാന്‍ പോകുന്നതെന്നാണ് ഓക്സ്ഫാം ഇന്റര്‍നാഷണലിന്റെ കണ്ടെത്തല്‍. ഈ ദുരിതത്തിന്റെ ഇരകള്‍ കൂടുതലും സ്ത്രീകളും കുട്ടികളുമായിരിക്കും. ആഗോളതലത്തില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കിടയിലെ ഭക്ഷ്യ സുരക്ഷിതത്വമില്ലായ്മ 10 ശതമാനത്തിലധികമാണെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. സമ്പന്നരാജ്യമായ അമേരിക്കയില്‍ പോലും അഞ്ച് ദശലക്ഷം പേര്‍ക്ക് ആവശ്യത്തിന് പോഷകാഹാരമില്ലെന്ന് യു.എന്‍ പറയുമ്പോള്‍ ഇന്ത്യയില്‍ 78 ശതമാനം പേര്‍ക്കും ആരോഗ്യകരമായ പോഷകാഹാര ലഭിക്കുന്നില്ല.
ലോക ജനസംഖ്യയുടെ ഏതാണ്ട് 37 ശതമാനം കുട്ടികളാണ്. ഇതില്‍ 17 ശതമാനം കുട്ടികളും അപകടകരമായ വിശപ്പിലാണ് കഴിയുന്നത്. അതില്‍ ഭൂരിഭാഗവും അഞ്ച് വയസില്‍ താഴെയുള്ളവരാണ് എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ആഗോളതലത്തില്‍ ഏതാണ്ട് 35.6 കോടി കുട്ടികള്‍ ഭക്ഷണം കിട്ടാതെയാണ് ഉറങ്ങുന്നത്. പോഷഹാകാര കുറവ്, പ്രസവത്തിലെ പ്രശ്‌നങ്ങള്‍, മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്നത് എന്നിവയൊക്കെ വിശപ്പിന്റെ മറ്റു തലങ്ങളാണ്. തെക്കന്‍ ഏഷ്യയില്‍ 20 ശതമാനം അന്നന്നത്തെ അന്നം നിഷേധിക്കപ്പെട്ടവരാണ്. വരും തലമുറയുടെ ആരോഗ്യം എത്ര അപകടകരമാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ഭാവിയില്‍ ശക്തമായ ഒരു തൊഴില്‍ശക്തി ഉണ്ടാവാന്‍ സാധ്യതയില്ല എന്നതിന്റെ സൂചനയാണിത്. സമ്പന്നമായ പല രാജ്യങ്ങളിലെയും പട്ടിണിക്കാരായ കുട്ടികളുടെ സ്ഥിതി ഭീകരമാണ്. ഭക്ഷ്യോല്‍പ്പാദനമില്ലാത്തതുകൊണ്ടല്ല മറിച്ച് ഭക്ഷണം വ്യാപാരത്തിലൂടെ മറ്റെവിടെയൊ എത്തുന്നതോടെ മഹാഭൂരിപക്ഷത്തിനു നിഷേധിക്കപ്പെടുന്നു. ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ (FAO) കണക്കുപ്രകാരം ലോകത്താകമാനം പ്രതിവര്‍ഷം 1.3 ബില്യണ്‍ ടണ്‍ ഭക്ഷണമാണ് പാഴാക്കപ്പെടുന്നു എന്ന വസ്തുതയും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. പാഴാക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ മൂല്യം പ്രതിവര്‍ഷം 92000 കോടിയാണ് എന്ന് യു.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാഴായിപ്പോകുന്ന ഭക്ഷ്യവസ്തുക്കളുടെ നാലില്‍ ഒരു ഭാഗം മാത്രം മതി ലോകത്തെ 870 ദശലക്ഷം പേരുടെ ദാരിദ്ര്യമകറ്റാന്‍.
ആഗോളസാമ്പത്തിക ശക്തിയാകാനുള്ള കുതിക്കുന്ന ഇന്ത്യയില്‍ പട്ടിണിയുടെ കാര്യത്തില്‍ അത്രശുഭമല്ലാത്ത വാര്‍ത്തകളാണ് പുറത്തുവരുന്നത്. ആഗോള വിശപ്പ് സൂചികയില്‍ പാകിസ്ഥാനും ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയും അടക്കമുള്ള അയല്‍രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് മുന്നിലാണ്. ഏറ്റവും ദരിദ്രരായ കുട്ടികള്‍ ഉള്ള രാജ്യമായി ബംഗ്ലാദേശിനും പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. രാജ്യാന്തര സന്നദ്ധസംഘടനകളായ കണ്‍സേണ്‍ വേള്‍ഡ്വൈഡ്, വെല്‍ത് ഹംഗര്‍ ലൈഫ് എന്നിവ സംയുക്തമായി പട്ടിണിയും പോഷകാഹാരക്കുറവും മാനദണ്ഡങ്ങളാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പോഷകാഹാരക്കുറവ്, അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ്, ഭാരക്കുറവ്, ശിശുമരണനിരക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് സൂചിക. സൂചികയിലെ 107 രാജ്യങ്ങളില്‍ 94 ത്തേതാണ് ഇന്ത്യയുടെ സ്ഥാനം. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെയും ബ്രിക്സ് രാജ്യങ്ങളുടെയും കൂട്ടത്തിലും ഇന്ത്യ ഏറ്റവും പിന്നിലാണ്. ഉഗാണ്ട, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, ഹെയ്ത്തി, യമന്‍, ലൈബീരിയ, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയുടെ പിന്നിലുള്ളത്. ലോകത്ത് അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളില്‍ ഏറ്റവും കൂടുതല്‍ പട്ടിണിയുള്ളവര്‍ ഇന്ത്യയിലാണുള്ളത്. കുട്ടികളിലെ പോഷകാഹാര കറുവില്‍ 2015-19 കാലഘട്ടത്തില്‍ സ്ഥിതി കൂടുതല്‍ വഷളായി കുട്ടികളുടെ പട്ടിണിയുടെ വ്യാപനം 2010-14 ല്‍ 15.1 ശതമാനം ആയിരുന്നത് വീണ്ടും ഉയര്‍ന്ന് 17.3 ശതമാനമായി ഉയര്‍ന്നു. ഏഷ്യയില്‍ ഇന്ത്യയേക്കാള്‍ മോശമായ രാജ്യങ്ങള്‍ തിമോര്‍-ലെസ്റ്റെ, അഫ്ഗാനിസ്ഥാന്‍, ഉത്തര കൊറിയ എന്നിവയാണ്.
ഭക്ഷ്യസാധനങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം വിതരണ ശൃംഖലയില്‍ ശ്രദ്ധപുലര്‍ത്തിയാല്‍ മാത്രമേ വിശപ്പിനെതിരെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ. അര്‍ഹരായവര്‍ക്ക് ഭക്ഷണം എത്തുന്നുണ്ടോ എന്നു ഉറപ്പു വരുത്തുന്നതിനൊപ്പം പാഴാക്കുന്നത് കുറയ്ക്കുകയും വേണം. ഇതിന് ഭരണകൂടങ്ങള്‍ പൊതുവിതരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. 1990കളില്‍ ശ്രീലങ്കയിലെ പൊതുവിതരണം ദുര്‍ബലമാക്കിയതോടെ ചുരുങ്ങിയ കാലംകൊണ്ട് അവിടത്തെ ഭൂരിപക്ഷവും വിശപ്പിനടിമകളായി. പൊതുവിപണിയിലെയും പൊതുവിതരണ സംവിധാനത്തിലെയും വിലയുടെ അന്തരം കുറച്ചാല്‍ വിശപ്പിനെ ഒരു പരിധിവരെ പിടിച്ചുകെട്ടാനാകും. അതിന് ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാം പോലുള്ളവയ്ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്.