ure Desk
വെള്ളസാരിയുടുത്ത് ചുണ്ടില്‍ ചെറുചിരിയുമായി മുഖത്തൊരു വട്ടപൊട്ടൊക്കെ വച്ച് ഒരു മുത്തശി മലകയറുന്നൊരു ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മനസില്‍ ആഗ്രഹമുണ്ടെങ്കില്‍ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്നു എഴുപതുകാരിയായ ആ മുത്തശി നമ്മേ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. മുത്തശിയുടെ സാഹസികതയുടെ ആഴം അറിയണമെങ്കില്‍ അവര്‍ കയറിയ സ്ഥലത്തെക്കുറിച്ച് അറിയണം. ട്രക്കിംഗ് ഹരമായി കൊണ്ടു നടക്കുന്നവരുടെ സ്വര്‍ഗഭൂമികളിലൊന്നായ ഹരിഹര്‍ കോട്ടയാണത്. ഇടുങ്ങിയതും 80 ഡിഗ്രിയോളം ചെരിവിലും കൊത്തിയെടുത്ത ഹരിഹര്‍ കോട്ടയിലേക്കുള്ള പടികള്‍ കയറുന്നത് യുവജനങ്ങള്‍ക്ക് വരെ ബാലികേറാമലയാവുന്ന സാഹചര്യത്തിലാണ് മുത്തശി ഏവരെയും വിസ്മയിപ്പിച്ചത് ! മഹാരാഷ്ട്രയിലെ നാസിക്കിനു സമീപം ഇഗത്പുരിയ്ക്ക് വടക്കു ഭാഗത്തായി ത്രയംബക് റേഞ്ചില്‍ ത്രികോണാകൃതിയിലുള്ള മലകള്‍ക്കു മുകളിലായാണ് ഹരിഹര്‍ കോട്ട സ്ഥിതി ചെയ്യുന്നത്. കൈപിടിച്ച് തൂങ്ങിവേണം കയറാന്‍. പിടിവിട്ടാല്‍ താഴെ വീണ് ചിന്നിച്ചിതറാം. അതാണ് ഹരിഹര്‍ കോട്ട ! കുത്തനെയുള്ള കല്‍പ്പടവുകള്‍ കയറി എത്തുന്ന ഈ കോട്ട സഞ്ചാരികളുടെ ആകര്‍ഷണമാണ്. വര്‍ഷം തോറും ആയിരക്കണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്. ദൂരെ നിന്ന് നോക്കിയാല്‍ കാണാം ആകാശത്തെ തൊട്ട് മേഘങ്ങളെ തലോടി നില്‍ക്കുന്ന ഒരു കുന്നിനെ. കുറച്ചു കൂടി അടുത്തെത്തിയാല്‍ മനസിലാകും കുന്ന് മാത്രമല്ല ഒരു കോട്ട കൂടിയുണ്ടെന്ന്.
ശ്വാസമടക്കി പിടിച്ച് 117 പടികള്‍
പതിമൂന്നാം നൂറ്റാണ്ടില്‍ സേവുന രാജവംശത്തിന്റെ ഭരണകാലത്താണ് സമുദ്രനിരപ്പില്‍ നിന്ന് 3676 അടി ഉയരത്തിലുള്ള ഹരിഹര്‍ കോട്ടയുടെ നിര്‍മ്മാണം നടക്കുന്നത്. ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ശത്രു സൈന്യത്തിന് പെട്ടെന്ന് അതിക്രമിച്ച് കടക്കാന്‍ കഴിയാത്ത രീതിയിലുള്ള രൂപകല്പനയാണ് ഇതിനായി തിരഞ്ഞെടുത്തത്. അതിനായി വീതി കുറഞ്ഞ കുത്തനെയുള്ള പടിക്കെട്ടുകള്‍ നിര്‍മ്മിച്ചു. 1636ല്‍ ഖാന്‍ സമാം എന്ന രാജാവിന് ഈ കോട്ട അടിയറവ് വയ്ക്കേണ്ടി വന്നു. ഇതോടൊപ്പം ത്രയംബക് കോട്ടയും പൂനെ കോട്ടകളും കൂടി കൊടുക്കേണ്ടു വന്നു. പിന്നീട് 1818 ല്‍ ക്യാപ്റ്റന്‍ ബ്രിഗ്സ് മറ്റ് 17 കോട്ടകള്‍ പിടിച്ചെടുക്കന്നതോടൊപ്പം ഹരിഹര്‍ കോട്ടയും പിടിച്ചെടുത്തു. ഇന്ന് കോട്ടയുടെ ചെറിയ ഒരു ഭാഗം മാത്രമെ അവശേഷിക്കുന്നുള്ളൂ. ത്രയംബകേശ്വറില്‍ നിന്ന് വീണ്ടും 36 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ലക്ഷ്യത്തിലെത്താം. പ്രശസ്തമായ ത്രയംബകേശ്വര്‍ ക്ഷേത്രത്തിന്റെ പേരിലാണ് ത്രയംബകേശ്വര്‍ അറിയപ്പെടുന്നത്. ഇവിടെ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള ഹര്‍ഷെവാടി എന്ന ഗ്രാമത്തിലാണ് ആദ്യം എത്തിച്ചേരേണ്ടത്. ഗോത്രവിഭാഗക്കാര്‍ വസിക്കുന്ന ഒരു വിജനമായ ഗ്രാമമാണിത്. അങ്ങിങ്ങ് ചെറിയ കുടിലുകളല്ലാതെ കാണാമെന്നല്ലാതെ കാണാന്‍ സാധിക്കില്ല. വഴി ചോദിക്കാന്‍ പോലും ആരുമുണ്ടാവില്ല.
കോട്ടയിലേക്ക് കയറി തുടങ്ങുമ്പോള്‍ ആദ്യം വലിയ അത്ഭുതം തോന്നില്ല. പുല്ലുകള്‍ വകഞ്ഞുമാറ്റി വഴിയുണ്ടാക്കി വേണം മുന്നോട്ട് നീങ്ങാന്‍. സാധാരണ ഒരു മലകയറ്റം മാത്രമാണിതെന്ന് അപ്പോള്‍ നമ്മള്‍ വിചാരിക്കും. പിന്നീട് കയറ്റം കുത്തനെയുള്ളതാകുമ്പോള്‍ ചങ്കിടിപ്പേറും. മുകളിലേക്ക് കയറുന്തോറും പടിക്കെട്ടുകളുടെ വീതിയും കുറയുന്നു. പടികള്‍ കയറി ചെല്ലുമ്പോള്‍ കോട്ടയുടെ കവാടത്തിലെത്തും. മിനാരത്തിന്റെ ആകൃതിയിലാണ് ഇത് പണികഴിപ്പിച്ചിട്ടുള്ളത്. ഇനിയാണ് ശരിക്കുള്ള ട്രക്കിംഗ്. പാറ തുരന്ന് നിര്‍മ്മിച്ച ഒരു തുരങ്കത്തിനുള്ളിലൂടെ വേണം ഇനി നടക്കാന്‍. നിവര്‍ന്ന് നടക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കേണ്ട. നടുവളച്ചു വേണം ഇതിലൂടെ നടന്നു പോകാന്‍. ഇവിടെ നിന്ന് മുകളിലേക്ക് ഇനി കുത്തനെയുള്ള ഗോവണിയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പടിക്കെട്ടുകള്‍ കാണാം. വളഞ്ഞു പുളഞ്ഞു കിടക്കുന്ന പടിക്കെട്ടുകള്‍ ചവിട്ടി വീണ്ടും മുകളിലേക്ക്. നല്ല ചെരിവുള്ളതിനാല്‍ സൂക്ഷിച്ച് കയറണം. പടികള്‍ കയറി ചെല്ലുന്നത് കോട്ടയുടെ സമതലമായ പ്രദേശത്താണ്. അവിടെ ചതുരാകൃതിയിലുള്ള ഒരു ജലസംഭരണി കാണാം. ശുദ്ധജലം സംഭരിക്കാന്‍ നിര്‍മ്മിച്ചതാണ് ഇത് കോട്ടയുടെ ഏറ്റവും ഉയരമുള്ള പാറയിലേക്കുള്ള കയറ്റമാണ് ഇനി. പേടിയുള്ളവര്‍ക്ക് യാത്ര ഇവിടെ നിര്‍ത്തി താഴ്വാരകളുടെ സൗന്ദര്യമൊക്കെ ആസ്വദിച്ച് മടങ്ങി മടങ്ങാം. പാറയില്‍ പിടിച്ച് തൂങ്ങിവേണം ഇനി മുകളിലേക്ക് കയറാന്‍. പലരും ഈ ഘട്ടത്തിലെത്തി പിന്മാറാറുണ്ട്. തിരിഞ്ഞു നോക്കിയാല്‍ അഗാതമായ താഴ്വാര കാണാം. ശ്വാസമടക്കി പിടിച്ച് 117 പടികള്‍ താണ്ടിയാല്‍ കോട്ടയുടെ ഉച്ചിയിലെത്താം.
മുകളിലെത്തിയാല്‍ അവിടത്തെ കാഴ്ച്ച മനംമയക്കുന്നതാണ്. സമീപത്തെ ആല്‍വാന്ദ് അണക്കെട്ടും ഏക്കര്‍കണക്കിന് ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കൃഷിയിടങ്ങളും കാണാനാകും. വിശാലമായ ഒരു കുന്നിന്‍പുറവും പാറയില്‍ കൊത്തിയ കുളവുമുണ്ട്. 360 ഡിഗ്രി വ്യൂവിലാണ് കാഴ്ചകള്‍. അങ്ങകലെ മുംബയ് നഗരവും വനങ്ങളുടെയുമെല്ലാം കണ്ണിമ ചിമ്മാതെ നോക്കി നില്‍ക്കാം. കല്ലില്‍ കൊത്തിയും തുരന്നും നിര്‍മ്മിച്ചിരിക്കുന്ന പടികള്‍ അപകടകാരികളാണ്. പ്രത്യേകിച്ചും മഴക്കാലങ്ങളില്‍. കുന്നിന്റെ മുകളില്‍ നിന്നുള്ള വെള്ളം താഴേക്ക് പടികള്‍ വഴി ഒലിച്ചിറങ്ങുന്നതിവാല്‍ മിക്കപ്പോവും വഴുക്കലാണ്. അതിനാല്‍ വളരെ ശ്രദ്ധിച്ചു മാത്രമേ കോട്ടയിലേക്ക് കയറാന്‍ സാധിക്കൂ. ഹരികര്‍ കോട്ട കയറുന്നതിനെക്കാള്‍ പ്രയാസം തിരിച്ചിറങ്ങുന്നതാണെന്നു അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.