ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കോസിന്റെ ” ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ ” എന്ന വിഖ്യാത നോവലില്‍ മാക്കോണ്ട എന്ന സങ്കല്പനഗരത്തിലേക്ക് വര്‍ഷംതോറും പുതിയ അത്ഭുത ജാലവിദ്യകളുമായി എത്തുന്ന ഒരു കൂട്ടം മനുഷ്യരെക്കുറിച്ച് പറയുന്നുണ്ട്. ദേശരാഷ്ട്ര വംശ സങ്കല്പത്തിന് അതീതരായി എത്തുന്ന മനുഷ്യര്‍. ലോകത്ത് എല്ലായിടത്തും ചെറിയ കൂട്ടങ്ങളായി ജിപ്സികളുണ്ട്. കറുത്ത മുടിയും ഇരുണ്ട ശരീരവുമായി അലഞ്ഞു നടക്കുന്ന ഇവര്‍ വിസ്മയക്കാഴ്ചയാണ്. ജിപ്സികള്‍ സ്വയം വിളിക്കുന്നത് ‘റോമ’ എന്നും അവര്‍ സംസാരിക്കുന്ന ഭാഷ റൊമാനിയയുമാണ്. പൊതുവായ അര്‍ത്ഥത്തില്‍ ജിപ്സി എന്ന ഇംഗ്ലീഷ് വാക്കിന്റെ അര്‍ത്ഥം അലഞ്ഞു തിരിയുന്ന സ്വഭാവമോ ഉത്ഭവമോ ഉള്ള ഒരു വ്യക്തി എന്നാണ്. ചരിത്രപരമായി ജിപ്സികള്‍ ഇന്ത്യന്‍ വംശജരും ഇവരുടെ ഭാഷ സംസ്‌കൃതവുമായി ബന്ധപ്പെട്ടതുമാണ്. പത്താം നൂറ്റാണ്ടില്‍ ഇവര്‍ ഇന്ത്യയില്‍ നിന്നും പേര്‍ഷ്യയിലേക്ക് കുടിയേറിയെന്നാണ് വിശ്വസിക്കപ്പെടുന്നത്. പേര്‍ഷ്യയിലെത്തിയ ഇവര്‍ രണ്ട് ഗ്രൂപ്പുകളായി മാറി. അതിലൊന്ന് വടക്കുപടിഞ്ഞാറ് സഞ്ചരിച്ച് ഈജിപ്തില്‍ എത്തിയെന്നും രണ്ടാം വിഭാഗം നോര്‍ത്ത് ആഫ്രിക്കയില്‍ എത്തിച്ചേര്‍ന്നുവെന്നും കരുതപ്പെടുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ ബ്രിട്ടനിലെത്തിയ ഒരു കൂട്ടം ജിപ്സികള്‍ തങ്ങള്‍ ഈജിപ്തില്‍ നിന്നു വരികയാണെന്ന് പറയുകയും അങ്ങനെ അവര്‍ക്ക് ‘ ജിപ്സി ‘കള്‍ എന്ന് പേര് വീഴുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. ഇന്ന് ഗ്രൂപ്പുകളായി ലോകം ചുറ്റുന്നവരെയെല്ലാം ജിപ്സികളെന്നാണ് വിളിക്കുന്നത്. പൊതുവേ ഈ കൂട്ടരെ സംശയത്തോടെയും ഭയത്തോടെയുമാണ് ലോകം വീക്ഷിക്കുന്നത്.
ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള നാസിവംശഹത്യകളെക്കുറിച്ച് പറയുമ്പോള്‍ യൂറോപ്പില്‍ അവര്‍ കൊന്നൊടുക്കിയ ആറ് ദശലക്ഷം ജൂതന്മാരെക്കുറിച്ചാണ് പ്രധാനമായും അനുസ്മരിക്കപ്പെടുന്നത്. യൂറോപ്പിലെ മൂന്നില്‍ രണ്ട് വിഭാഗം ജൂതന്മാരെ നാസികള്‍ കൊന്നൊടുക്കി. എന്നാല്‍ അതോടൊപ്പം തന്നെ നാസികള്‍ കൊന്നൊടുക്കിയ രണ്ടര ദശലക്ഷം ജിപ്‌സികളെക്കുറിച്ച് പൊതുവെ പരാമര്‍ശിച്ചു കാണാറില്ല. ചരിത്രത്തിന്റെ താളുകളില്‍ പോലും അലഞ്ഞു തിരിയാനാണ് ജിപ്‌സികളുടെ യോഗം.
റൊമാനി, സിന്തി എന്നി ഇന്‍ഡോ-യൂറോപ്യന്‍ ഭാഷാകുടുംബത്തില്‍പ്പെട്ട പഞ്ചാബി ഭാഷയോട് സാമ്യം പുലര്‍ത്തുന്ന ഭാഷ3കളാണ് ജിപ്‌സികള്‍ സംസാരിക്കുന്നത്. ജനിതക തെളിവുകളില്‍ നിന്നും ജിപ്‌സികള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ളവരാണെന്ന് ഗവേഷകര്‍ പറയുന്നു. പഞ്ചാബ്, സിന്ധ് പ്രവിശ്യകളില്‍ നിന്നാണത്രേ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് റൊമാനി ജനതയുടെ പ്രയാണം ആരംഭിക്കുന്നത്. യൂറോപ്പിലും അമേരിക്കന്‍ ഭൂഖണ്ഡത്തിലുമായി അനേക രാജ്യങ്ങളില്‍ ജിപ്‌സികള്‍ ചിതറിക്കിടക്കുന്നു. ഭൂരിഭാഗവും യൂറോപ്പിലാണ്. ബാള്‍ക്കന്‍ രാജ്യങ്ങളായ റൊമാനിയ, ബള്‍ഗേറിയ, ഹംഗറി, സ്ലോവാക്യ, മാസിഡോണിയ എന്നിവിടങ്ങളിലാണ്. വ്യത്യസ്ത രാജ്യങ്ങളിലുള്ള ജിപ്‌സികള്‍ തമ്മില്‍ സാംസ്‌കാരികവും ഭാഷാഭേദപരവുമായ വ്യത്യാസമുണ്ട്. കല്‍ദറാഷ്, ഗിത്താനോ, മാനുഷ്, റോമനിക്കന്‍, വൈറ്റ് ജിപ്‌സി, ഐറിഷ് ട്രാവലേഴ്‌സ് എന്നിങ്ങനെ അവര്‍ ജീവിക്കുന്ന രാജ്യങ്ങളിലെ മതങ്ങളും ആചാരങ്ങളും സ്വീകരിച്ചുകൊണ്ട്. എന്നാല്‍ പരമ്പരാഗതമായ ജീവിതരീതിയും വിശ്വാസങ്ങളും കൈവിടാതെ ജീവിക്കുന്ന ജനതയാണ് റൊമാനികള്‍. അതിനാല്‍ത്തന്നെ ഒരു രാജ്യത്തിന്റെയും അതിര്‍ത്തികള്‍ ബാധകമല്ലാതെ മധ്യകാലഘട്ടം മുതല്‍ അവര്‍ രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് സഞ്ചരിച്ചുപോന്നു. പാരമ്പര്യമായി പതിഞ്ഞു കിട്ടിയിട്ടുള്ള നാടോടി ജീവിതവും ഇത്തരമൊരു അലഞ്ഞു തിരിയല്‍ ജീവിതത്തിലേക്ക് അവരെ കൊണ്ട് ചെന്നെത്തിക്കുന്നു.തുറസായ സ്ഥലങ്ങളില്‍ ടെന്റുകളില്‍ കഴിയുകയും നൃത്തവും സംഗീതവും കരകൗശല വിദ്യകളുംകൊണ്ട് ഉപജീവനം കഴിച്ച് മാറിവരുന്ന സീസണുകള്‍ക്കൊപ്പം പലയിടങ്ങളിലേക്കും സഞ്ചരിക്കുക എന്നതാണ് റൊമാനികളുടെ രീതി.
അതിരുകളില്ലാതെ സഞ്ചരിച്ച നാടോടികളുടെ ജീവിതത്തിന് വിലങ്ങുതടി വീഴുന്നത് പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ആവിര്‍ഭവിച്ച ദേശരാഷ്ട്ര സങ്കല്പവും അതേ തുടര്‍ന്നുണ്ടായ വംശീയതയുമാണ്. വ്യവസായ വിപ്ലവത്തിന്റെ ഫലമായി ഫാക്ടറികള്‍ നിലവില്‍ വരികയും കാര്‍ഷിക ഉപകരണങ്ങളടക്കം വ്യാപകമായി നിര്‍മ്മിക്കപ്പെടുകയും ചെയ്തതോടെ ജിപ്‌സികളുടെ കരകൗശല വിദ്യകള്‍ക്ക് പ്രധാന്യം കുറഞ്ഞു വന്നു. അലഞ്ഞു തിരിയുന്നുവെങ്കിലും ഒരു സമൂഹമെന്ന ചട്ടക്കൂട് ജിപ്‌സികള്‍ക്കുണ്ടായിരുന്നു. താമസിയാതെ അവര്‍ ശിഥിലീകരിക്കപ്പെടുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങളില്‍ മുഖ്യധാരാവിഭാഗങ്ങളില്‍ നിന്നുമാണ് ജൂതരെപോലെ പല രാജ്യങ്ങളിലും ന്യൂനപക്ഷങ്ങളായി ജീവിച്ച റൊമാനികള്‍ ഒറ്റപ്പെട്ടു. 1926ല്‍ ബവേറിയയില്‍ ജിപ്‌സികള്‍ക്കും അലഞ്ഞുതിരിയുന്നവര്‍ക്കുമെതിരായ നിയമം നിലവില്‍ വന്നു. സ്ഥിരമായി ഒരിടത്തുതന്നെ താമസിക്കുവാനും ടെന്റുകളില്‍ താവളമടിക്കുന്നത് നിര്‍ത്തലാക്കുവാനും സ്ഥിരം തൊഴില്‍ ചെയ്യാനും നിര്‍ബന്ധിതരായി. ഇതിനെത്തുടര്‍ന്ന് ജര്‍മന്‍ പ്രവിശ്യയില്‍ 1927ല്‍ റൊമാനികള്‍ക്ക് നിര്‍ബന്ധിത തിരിച്ചറിയല്‍ കാര്‍ഡുകള്‍ നടപ്പിലാക്കി.
1933ല്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ അധികാരത്തില്‍ വന്നതോടെ അപകടകരമായ ആവാസ കുറ്റവാളികള്‍ക്കെതിരെയുള്ള നിയമം നടപ്പിലാക്കിയ നാസികള്‍ ജിപ്‌സികളെ വേട്ടയാടി. നാസി വാഴ്ച അതിന്റെ അതിക്രൂരമായ ഘട്ടങ്ങളിലേക്ക് വളര്‍ന്നപ്പോള്‍ വംശശുദ്ധീകരണത്തിനായി ഒരു വകുപ്പ് തന്നെ ആരംഭിച്ചു. വിചിത്രവും ക്രൂരവുമായ ഭ്രാന്തന്‍ മെഡിക്കല്‍ പരീക്ഷണങ്ങളുടെ കാലമായിരുന്നു പിന്നീട് ജിപ്‌സികളെ കാത്തിരുന്നത്. 1936ല്‍ റുമാനികള്‍ക്ക് ‘ശുദ്ധമായ ജിപ്‌സി രക്ത’മല്ലെന്ന് ‘വംശീയ ശുചിത്വ’ വകുപ്പ് പ്രഖ്യാപിച്ചു.
യൂറോപ്പിലെ മൊത്തം റൊമാനികളുടെ 10 ശതമാനം വരുന്ന ജര്‍മനിയിലെ ജിപ്‌സികളെ ജര്‍മന്‍ വംശീയ ശുദ്ധിക്ക് ഭീഷണിയായതിനാല്‍ നാടുകടത്തുകയോ ഉന്മൂലനം ചെയ്യുകയേ വേണമെന്ന് തീരുമാനിച്ചു. ഹിറ്റ്‌ലറുടെ ‘ശുദ്ധ ആര്യന്‍വംശ’ സിദ്ധാന്തമനുസരിച്ച് മധ്യേഷ്യയില്‍ നിന്നുവന്ന ആര്യന്മാരാണ് യഥാര്‍ത്ഥ ജര്‍മന്‍ വംശജര്‍ എന്നായിരുന്നു. ഇതോടെ മധ്യേഷ്യയില്‍ നിന്നുതന്നെ യൂറോപ്പിലെത്തിയ റൊമാനികള്‍ അശുദ്ധരായി മാറി. 1935 സെപ്റ്റംബര്‍ 15ന് പാസാക്കിയ ആദ്യ ന്യൂറംബര്‍ഗ് നിയമ പ്രകാരം ജൂതന്മാരും ജര്‍മന്‍കാരുമായുള്ള വിവാഹബന്ധവും വിവാഹേതര ബന്ധങ്ങളും വിലക്കി. നവംബര്‍ 26ന് ഇവ റൊമാനികള്‍ക്കും ബാധകമാക്കി. 1936ല്‍ ജൂതന്മാര്‍ക്കും റൊമാനികള്‍ക്കും വോട്ടവകാശവും എടുത്തുകളഞ്ഞു. 1936ല്‍ തന്നെ ഹിറ്റ്‌ലര്‍ കുറ്റകൃത്യങ്ങള്‍ തടയല്‍ ഉത്തരവ് പ്രകാരം ജിപ്‌സികളെ തടങ്കല്‍ പാളയങ്ങളിലേക്ക് മാറ്റാന്‍ തുടങ്ങി. നാസികള്‍ പോളണ്ട്, ഈസ്റ്റ് യൂറോപ്പ്, ഫ്രാന്‍സ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് അധിനിവേശം വ്യാപിപ്പിച്ചപ്പോള്‍ അവിടെയെല്ലാമുള്ള ജൂതരെയും ജിപ്‌സികളേയും തടങ്കല്‍ പാളയത്തിലാക്കി. 1942ല്‍ ജിപ്‌സികളെ ഓഷ്വിറ്റ്‌സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് കൂട്ടത്തോടെ മാറ്റുവാന്‍ തീരുമാനമായി. കിഴക്കന്‍ യൂറോപ്പിലേയും റഷ്യയിലേയും ഗ്രാമങ്ങളിലേക്ക് കൊലയാളി സംഘങ്ങളെ അയച്ച് യാതൊരു തെളിവുമവശേഷിപ്പിക്കാതെ ജിപ്‌സികളെ കൊന്നൊടുക്കി.
ക്രൊയേഷ്യ, ബോസ്നിയ, ഹെര്‍സഗോവിന എന്നിവിടങ്ങളിലെ കുപ്രസിദ്ധമായ ഉസ്താസി ഭരണകൂടം ജൂതന്മാര്‍, റൊമാനികള്‍, ക്രോട്ടുകള്‍, മുസ്ലിങ്ങള്‍ ഇവരെയെല്ലാം കൂട്ടക്കൊല ചെയ്തു. 25000ത്തോളം റൊമാനികള്‍ ഇവിടങ്ങളില്‍ മാത്രം കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 26000ത്തോളം പേരെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് നാടുകടത്തി. ഓഷ്വിറ്റ്‌സ് ക്യാമ്പില്‍ ക്രൂരമായ മെഡിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയതിന് പുറമെ രാസവസ്തുപ്രയോഗങ്ങള്‍ക്കും ജിപ്‌സികള്‍ ഇരയായിട്ടുണ്ട്. റൊമാനിയയിലെ ജനവിഭാഗങ്ങളില്‍ ചെറിയൊരു വിഭാഗം ജിപ്‌സികളാണ്. റൊമാനിയാണ് ഇവരുടെ ഭാഷ. റൊമാനിയയുടെ ഔദോഗിക ഭാഷയായ റൊമാനിയനുമായി ഇവയ്ക്ക് ബന്ധമില്ല. റൊമാനിയയിലെ 79 ഗ്രാമങ്ങളിലും ഒരു പട്ടണത്തിലും റൊമാനി ഔദ്യോഗികഭാഷയാണ്.തങ്ങള്‍ ജീവിക്കുന്ന രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് നല്‍കിയ ഗുണങ്ങളൊന്നും ലഭിക്കാതെ അന്യരായി കഴിയേണ്ടിവരുന്ന ജനവിഭാഗമായി ജിപ്‌സികള്‍ ഇന്നും ജീവിക്കുന്നു. അലച്ചിലാണ് അവരുടെ ജീവിതമുദ്ര. ആധുനിക ദേശരാഷ്ട്ര സങ്കല്പം തന്നെ ജിപ്‌സികള്‍ക്ക് അന്യമാണ്. പോകുന്നിടമെല്ലാം അവരുടെ രാജ്യമാണ്. ഒരിക്കലും ഉറച്ച് നില്‍ക്കാതെ പൊതുധാരകളില്‍ നിന്നെല്ലാം വിട്ട് വംശീയതയുടെയും അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും ഭൂതകാലത്തെയും അതിജീവിച്ച് സംഗീതവും നൃത്തവുമായി യാത്ര അവര്‍ തുടരുകയാണ്.