രണ്ടാം ലോകമഹായുദ്ധം തുടങ്ങുമ്പോള്‍ സോവിയറ്റ് യൂണിയനും മംഗോളിയും മാത്രമാണ് സോഷ്യലിസ്റ്റ് രാജ്യങ്ങളായി ഉണ്ടായിരുന്നത്. യുദ്ധാനന്തരം യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ പലതും സോഷ്യലിസത്തിന്റെ പാത തിരഞ്ഞെടുത്തു. ഇക്കാലത്ത് ജര്‍മ്മനി നാല് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഓരോ ഭാഗവും ഫ്രാന്‍സ്, അമേരിക്ക, ബ്രിട്ടണ്‍, സോവിയറ്റ് യൂണിയന്‍ എന്നിവയുടെ നിയന്ത്രണത്തിലായി. പിന്നീട് ആദ്യത്തെ മൂന്ന് രാഷ്ട്രങ്ങളുടെ നിയന്ത്രണത്തിലുള്ള ഭാഗങ്ങളെ സംയോജിപ്പിച്ച് പശ്ചിമജര്‍മ്മനി രൂപവത്കരിച്ചു. സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലുള്ള ഭാഗം കിഴക്കന്‍ ജര്‍മ്മനിയായി മാറി. ഇരു രാഷ്ട്രങ്ങളെയും വേര്‍തിരിക്കുന്ന അതിര്‍ത്തിയായി ബര്‍ലിന്‍ മതില്‍ ഉയര്‍ന്നുവന്നു. രണ്ട് വിരുദ്ധരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഈ രാജ്യങ്ങളില്‍ സംഘര്‍ഷം പതിവായിരുന്നു. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും 1980കളുടെ ആദ്യപകുതിയില്‍ തന്നെ കാര്യമായ മാറ്റങ്ങള്‍ പ്രകടമായി. സമ്പദ്‌വ്യവസ്ഥയെ രൂക്ഷമായ പ്രതിസന്ധി കീഴടക്കിയപ്പോള്‍ അടിസ്ഥാനപരമായ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളില്‍ ഈ രാജ്യങ്ങള്‍ വെള്ളം ചേര്‍ത്തു. സമ്പദ്ഘടനയെ കമ്പോളവത്കരിക്കാന്‍ ശ്രമം നടത്തിയ ഗോര്‍ബച്ചോവ് ഒരു പ്രബല രാഷ്ട്രത്തിന്റെ പതനത്തിന് വഴിയൊരുക്കി. കിഴക്കന്‍ യൂറോപ്പിലെ പല രാജ്യങ്ങളും സോഷ്യലിസം ഉപേക്ഷിക്കാന്‍ തുടങ്ങി. സോഷ്യലിസ്റ്റ് ഭരണക്രമം ഉപേക്ഷിച്ച കിഴക്കന്‍ ജര്‍മ്മനി പശ്ചിമ ജര്‍മ്മനിയുമായി ലയിച്ചു. ഈ ചരിത്രപശ്ചാത്തലത്തില്‍ നിന്നാണ് ‘ഗുഡ് ബൈ ലെനിന്‍ ‘ എന്ന ജര്‍മ്മന്‍ ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. ഭൗതികസുഖങ്ങളില്‍ ആകൃഷ്ടരായി കിഴക്കന്‍ ജര്‍മ്മനിയില്‍ നിന്നും പശ്ചിമജര്‍മ്മനിയിലേക്ക് പലായനം ആരംഭിച്ചു. ഇതോടെ ജനങ്ങള്‍ക്ക് പശ്ചിമജര്‍മ്മനിയിലേക്ക് യാത്രചെയ്യാന്‍ വിസ നിര്‍ബന്ധിതമാക്കി ക്രെന്‍സ് സര്‍ക്കാര്‍. 1989 നവംബര്‍ ഒമ്പതിനാണ് ചരിത്ര പ്രസിദ്ധമായ ബെര്‍ലിന്‍ മതില്‍ തകരുന്നത്. അടുത്ത വര്‍ഷം ഒക്ടോബറില്‍ ജര്‍മ്മനിയുടെ ഏകീകരണം പൂര്‍ത്തിയായി.

കിഴക്കന്‍ ജര്‍മ്മനിയിലെ കുടുംബത്തിന്റെ രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്ന വൈകാരിക പ്രത്യാഘാതങ്ങളിലൂടെയാണ് ഗുഡ്‌ബൈ ലെനിന്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായ വോള്‍ഫ് ഗാംഗ്‌ബെക്കര്‍ ക്യാമറ ചലിപ്പിക്കുന്നത്. സോഷ്യലിസ്റ്റ് ഭരണക്രമം നിലനിന്നിരുന്ന കിഴക്കന്‍ ജര്‍മ്മനിയിലെ സജീവരാഷ്ട്രീയ പ്രവര്‍ത്തകയായിരുന്നു അലക്‌സിന്റെ അമ്മ ക്രിസ്റ്റീന്‍. ബെര്‍ലിന്‍ മതില്‍ തകര്‍ന്ന ദിവസം ഹൃദയാഘാതം വന്ന് അവര്‍ അബോധാവസ്ഥയിലായതാണ്. എട്ടുമാസത്തിനുശേഷം അവര്‍ ബോധത്തിലേക്ക് ഉണരുന്നു. അവരുടെ ഹൃദയം വളരെ ദുര്‍ബലമാണെന്നും ചെറിയ ആഘാതംപോലും മരണത്തിനിടയാക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞ് അലക്‌സ് അറിയുന്നു. ബര്‍ലിന്‍ മതിലിന്റെ പതനവും മുതലാളിത്തത്തിന്റെ വിജയവും അമ്മ അറിയാതിരിക്കാന്‍ പാടുപെടുകയാണ് അയാള്‍. അലക്‌സ് വീട്ടിനുള്ളില്‍ പഴയ സോഷ്യലിസ്റ്റ് ജര്‍മ്മനി പുനഃസൃഷ്ടിക്കുകയാണ്. ഓരോ ദിവസം കഴിയുംതോറും അമ്മയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. ടി.വി. വാര്‍ത്ത കാണണമെന്ന് അമ്മ ആവശ്യപ്പെടുന്നു. ഓരോ ചെറിയ കളവും വലിയ നുണകള്‍ക്ക് കാരണമാകുന്നു. സോഷ്യലിസ്റ്റ് ജര്‍മ്മനി വീടിനുള്ളില്‍ പുനഃസൃഷ്ടിക്കാനുള്ള ശ്രമങ്ങളത്രയും കടുത്ത പ്രതിബന്ധങ്ങളാണ് അലക്‌സിന് സമ്മാനിക്കുന്നത്. കിടപ്പുമുറിയുടെ ജനലിലൂടെ കാണാവുന്ന കൊക്കോകോളയുടെ ബാനര്‍ അയാളെ പരിഭ്രമിപ്പിക്കുന്നു. പഴയ കിഴക്കന്‍ ജര്‍മ്മന്‍ ഉല്പന്നങ്ങളെല്ലാം മാര്‍ക്കറ്റില്‍ ദുര്‍ലഭമായതും അയാളെ വെട്ടിലാക്കി.

ജര്‍മ്മനിയുടെ രാഷ്ട്രീയ ഭൂതകാലം അമ്മയ്ക്കുവേണ്ടി പരിരക്ഷിക്കുന്ന അലക്‌സ് മികച്ച പാത്രനിര്‍മ്മിതിയാണ്. പുതിയ തലമുറ പ്രതിനിധിയായിട്ടും സോഷ്യലിസ്റ്റ് വാഴ്ചയുടെ ഭൂതകാലം അമ്മയ്ക്കു നല്കിയ സമരതീക്ഷ്ണമായ അനുഭവങ്ങളോട് അവന് ആഭിമുഖ്യമുണ്ട്. രാഷ്ട്രീയമായ ദിശാമാറ്റം തികഞ്ഞ രാഷ്ട്രീയബോധമുള്ള പ്രവര്‍ത്തകരില്‍ സൃഷ്ടിച്ചേക്കാവുന്ന വൈകാരിക പ്രത്യാഘാതങ്ങളെക്കുറിച്ച് അവന്‍ ബോധവാനാണ്. അപ്പാര്‍ട്ട്‌മെന്റിനു പുറത്തുള്ള ലോകം അമ്മയ്ക്ക് അജ്ഞാതമായി നിലനിര്‍ത്താനുള്ള അലക്‌സിന്റെ പരിശ്രമങ്ങള്‍ അയാളെ വഞ്ചനയുടെ ആഴക്കയങ്ങളിലേക്ക് തള്ളുന്നു. നുണകള്‍കൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മൂടുപടം സൂക്ഷിക്കാനുള്ള അലക്‌സിന്റെ പ്രയത്‌നങ്ങള്‍ അയാള്‍ക്കു തന്നെ ഭാരമാകുന്നു. അമ്മ മരിച്ചുപോയെങ്കില്‍ എന്നുപോലും അയാള്‍ ഒരു ദുര്‍ബലനിമിഷത്തില്‍ ആലോചിക്കുന്നുണ്ട്.

യുവജനങ്ങള്‍ ആദര്‍ശരാഹിത്യത്തിന്റെയും ഉപഭോഗസംസ്‌കാരത്തിന്റെയും സുഖലോലുപതയില്‍ കഴിയുകയാണ്. അലക്‌സിന്റെ സഹോദരി ആരിയാന്‍ ഈ മനസ്ഥിതിയുടെ പ്രതീകമാണ്. അഗാധമായ രാഷ്ട്രീയവിവക്ഷകളുളള ചരിത്രസംഭവത്തെ നര്‍മത്തിലൂടെ അനുഭവിപ്പിക്കുകയാണ്. ഡാനിയേല്‍ ബ്രുഹില്‍, കാട്രിന്‍ സാസ്, അലക്‌സാന്‍ഡ്ര ബെയര്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. യൂറോപ്യന്‍ ഫിലിം അവാര്‍ഡ്, ജര്‍മ്മന്‍ ഫിലിം അവാര്‍ഡ് എന്നിവയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഗുഡ്‌ബൈ ലെനിനെ തേടിയെത്തിയിട്ടുണ്ട്.