ബ്രസീലില്‍ നിന്ന് അമേരിക്കയിലേക്കുള്ള ദൂരം ഏഴായിരത്തോളം കിലോമീറ്ററാണ്. എന്നാല്‍ ബ്രസീലിലെ അലഗോസില്‍ ജനിച്ച മാര്‍ത്തയും കാലിഫോര്‍ണിയിലെ മേഗന്‍ റാപ്പിനോയും തുല്യതയിലെത്താന്‍ ഇനിയും കാത്തിരിക്കണം. ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം ആരെന്ന ചോദ്യത്തിന് ജര്‍മ്മന്‍ താരം മിറോസ്ലാവ് ക്ലോസയുടെ പേരാകും മനസില്‍ ആദ്യം ഓടിയെത്തുക. എന്നാല്‍ 17 ഗോള്‍ നേടിയ മാര്‍ത്ത വിയേര ഡാ സില്‍വ എന്ന മാര്‍ത്തയാണ് ഈ റെക്കോഡിന് അവകാശി എന്ന് പലരും മറക്കും. വനിതാ ഫുട്‌ബോളിനും താരങ്ങള്‍ക്കും അര്‍ഹമായ പ്രാധാന്യം ലഭിക്കാത്തതുകൊണ്ടാണ് മാര്‍ത്തയെയും മേഗന്‍ റാപ്പിനോയെയും അലക്‌സ് മോര്‍ഗനെയും പോലുള്ളവരെ നാം ശ്രദ്ധിക്കാതെ പോകുന്നത്.പുരുഷന്‍മാരുടെ ലോകകപ്പില്‍ ക്ലോസോ ആണ് വേട്ടക്കാരനെന്ന ബഹുമതിയ്ക്ക് അര്‍ഹനെങ്കില്‍ ഇരുവിഭാഗത്തിലും മാര്‍ത്തയാണ് ഗോള്‍ റാണി. 2019ലെ ഫിഫയുടെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കയുടെ മേഗന്‍ അന്ന റാപ്പിനോയെ കളിക്കളത്തിലെ മികവുകൊണ്ട് മാത്രമല്ല ലോകം ശ്രദ്ധിച്ചത്. തുല്യവേതനം, വംശീയത, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള അവകാശങ്ങള്‍ എന്നിവയിലൊക്കെ മുഴങ്ങി കേട്ട ഉറച്ച ശബ്്ദത്തിനുടമ എന്ന നിലയില്‍ കൂടിയാണ്. മൈതാനത്തിലും പുറത്തും ഈ പിങ്ക്മുടിക്കാരി കൊടുങ്കാറ്റായി.
2015ല്‍ അമേരിക്കന്‍ വനിതാ സോക്കര്‍ ടീം തുല്യവേതനത്തിനായുള്ള ചരിത്രപരമായ ഒരു പോരാട്ടത്തിന് തുടക്കംകുറിച്ചു. മേഗന്‍ അടക്കമുള്ള താരങ്ങളായിരുന്നു അതിന്റെ മുന്നണി പോരാളികള്‍. ടീമില്‍ ഏറ്റവും ഉയര്‍ന്ന വേതനം ലഭിക്കുന്ന കളിക്കാരിയെക്കോള്‍ 1.12 കോടി രൂപ കൂടുതലാണ് പുരുഷ ടീമില്‍ ഏറ്റവും ഉയര്‍ന്ന വേതനം ലഭിക്കുന്ന കളിക്കാരന് നല്‍കിയിരുന്നത്.ഈ അനീതിക്കെതിരെയുള്ള പോരാട്ടത്തിനുമുമ്പില്‍ ഫെഡറേഷന് മുട്ടുമടക്കേണ്ടി വന്നെങ്കിലും തുല്യവേതനം നടപ്പായിട്ടില്ല. 2019 ഫിഫ വനിതാ ലോകകപ്പിന്റെ ഫൈനലില്‍ നെതര്‍ലന്‍ഡിനെതിരെ അമേരിക്ക കളിക്കുമ്പോള്‍ ഫ്രാന്‍സിലെ ഒളിമ്പിക് സ്‌റ്റേഡിയത്തില്‍ നിന്ന് മുഴങ്ങിക്കേട്ട മുദ്രാവാക്യം തുല്യവേതനത്തിന് വേണ്ടിയായിരുന്നു. പതിനായിരക്കണക്കിനു സ്ത്രീകള്‍ ഒരേ ആരവത്തോടെ കൈയുയര്‍ത്തി വിളിച്ചത് തുല്യവേതനമെന്നായിരുന്നു. ഇതിന് ഊര്‍ജം പകര്‍ന്ന ക്യാപ്റ്റന്‍ മേഗന്‍ റാപ്പിനോയാകട്ടെ ലോകത്തെതന്നെ പ്രകമ്പനം കൊള്ളിച്ച പ്രകടനവുമായി സ്‌റ്റേഡിയത്തില്‍ നിറഞ്ഞാടി. സൂപ്പര്‍ താരം നെയ്മറിനും മാര്‍ത്തയ്ക്കും ഓരേ പ്രതിഫലം നല്‍കി ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിപ്ലവകരമായ ചുവടുവയ്പ്പ് നടത്തിയപ്പോള്‍ ഇതിനായി ലോകത്ത് ഏറ്റവും കൂടുതല്‍ ശബ്ദിച്ച മേഗന്‍ റാപ്പിനോയും കൂട്ടരും ഇപ്പോഴും പോരാട്ടത്തിലാണ്. ബ്രസീലിനു പുറമെ ഇംഗ്ലണ്ടും പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യ വേതനം നടപ്പാക്കി കഴിഞ്ഞു. ന്യൂസിലന്‍ഡാണ് ആദ്യമായി തുല്യവേതനം ഏര്‍പ്പെടുത്തിയത്. പിന്നാലെ നോര്‍വേ, ആസ്‌ട്രേലിയ ഫുട്‌ബോള്‍ ഫെഡറേഷനുകളും തുല്യവേതനം നല്‍കി തുടങ്ങി. ഇതോടൊപ്പം മത്സരചിത്രങ്ങള്‍ക്ക് തുല്ല്യമായ കോപ്പിറൈറ്റ് അവകാശം നല്‍കും. ടീമിന്റെ യാത്രയും ഹോട്ടല്‍ റൂം സൗകര്യവുമൊക്കെ ഒരുപോലെയായിരിക്കും.
നിരോധിച്ച് വനിതാ ഫുട്‌ബോള്‍
വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ കൂടുതല്‍ മുത്തം ചാര്‍ത്തിയിട്ടുള്ളത് അമേരിക്കയാണ്. ഒമ്പതു ലോകകപ്പുകളില്‍ നാലെണ്ണവും അവര്‍ക്ക് സ്വന്തം. പുരുഷവിഭാഗത്തില്‍ ഇരുപത്തിയൊന്നു ടൂര്‍ണമെന്റുകളില്‍ നിന്ന് അഞ്ചെണ്ണം സ്വന്തമാക്കിയ നേടിയ ബ്രസീലാണ് ഈ നേട്ടത്തിനുടമ. 1991ല്‍ ചൈനയില്‍ കിക്കോഫായ പ്രഥമ വനിതാ ഫുട്‌ബോളില്‍ തുടങ്ങിയതാണ് അമേരിക്കയുടെ തേരാട്ടം. പുരുഷ ടീം സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത നേട്ടം സ്വന്തമാക്കിയിട്ടും വനിതാ ടീമും താരങ്ങളും വിവേചനം നേരിട്ടുകൊണ്ടേയിരിക്കുന്നു. ഫുട്‌ബോള്‍ ദേശീയ പതാകയില്‍ ആലേഖനം ചെയ്ത ബ്രസീലു പോലും വനിതാ ടീമിന് ഈയടുത്തുവരെ അര്‍ഹമായ പ്രാധാന്യം നല്‍കിയിരുന്നില്ല. നിയമപോരാട്ടങ്ങളിലൂടെയാണ് അവര്‍ തുല്യവേതനം അടക്കമുള്ള അവകാശങ്ങള്‍ നേടിയെടുത്തത്. ലോക ഫുട്‌ബോളില്‍ പറയത്തക്ക നേട്ടങ്ങള്‍ അവകാശപ്പെടാനില്ലാത്തവരാണ് ന്യൂസിലന്‍ഡ് ടീം. എന്നാല്‍ ലോകത്ത് ആദ്യമായി താരങ്ങള്‍ക്ക് തുല്യവേതനം നല്‍കാന്‍ തീരുമാനിച്ചത് അവരാണ്. മൈതാനത്തെ പോരാട്ടങ്ങളോ നേട്ടങ്ങളുടെ പെരുമയോ അല്ല വിവേചനങ്ങളെ ഇല്ലായ്മ ചെയ്യുന്ന തീരുമാനങ്ങള്‍ക്ക് പിന്നിലെന്നു വ്യക്തം. ഓരോ രാജ്യത്തെയും രാഷ്ട്രീയ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും തീരുമാനങ്ങള്‍. ഇന്ത്യയെ പോലെ തന്നെ രാഷ്ട്രീയതാല്‍പ്പര്യമുള്ളവരാണ് പല രാജ്യങ്ങളുടെയും ഫുട്‌ബോള്‍ ഫെഡറേഷനുകളുടെ തലപ്പത്ത്. ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനയായ ഫിഫ തന്നെ പോലും വിവേചന കാണിക്കുന്നുവെന്നതാണ് മറ്റൊരു വസ്തുത. പുരുഷ ലോകകപ്പ് വിജയികള്‍ക്ക് 40 കോടി ഡോളര്‍ നല്‍കുമ്പോള്‍ വനിതാ ടീമിന് മൂന്ന് കോടി ഡോളറാണ് സമ്മാനം. ടൂര്‍ണമെന്റുകളില്‍ നിന്നുള്ള വരുമാനങ്ങള്‍ കൂടി പരിഗണിച്ചാണ് ഫിഫ സമ്മാനതുക നല്‍കുന്നത്. അതാത് ഫുട്‌ബോള്‍ ഫെഡറേഷനുകളുടെ വരുമാനത്തില്‍ നിന്നാണ് താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത്. സാമ്പത്തിക ശേഷികുറഞ്ഞ രാജ്യങ്ങള്‍ ഇതൊരു കാരണമായി പറയുമെങ്കിലും അമേരിക്കയ്ക്ക് പുറമെ സമ്പന്ന ഫെഡറേഷനുകളുള്ള ജര്‍മ്മനി, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്, കാനഡ, ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളൊന്നും തുല്യവേതനത്തിന്റെ കാര്യത്തില്‍ മൗനവൃതം തുടരുകയാണ്. ഫുട്‌ബോളിലെ ലിംഗവിവേചന കാര്യത്തില്‍ മാധ്യമങ്ങള്‍ക്കും സുപ്രധാന പങ്കാണുള്ളത്. മത്സരങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തില്‍ പലപ്പോഴും നല്‍കാറില്ല. മത്സരത്തിന്റെ സംപ്രേക്ഷണം നാമ മാത്രമാകുന്നത് പരസ്യദാദാക്കളെ ആകര്‍ഷിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. പക്ഷേ ഇതൊന്നും താരങ്ങളുട തുല്യവേതനം എന്ന ആവശ്യത്തിനുള്ള മറുപടിയാകില്ല.

1890 മുതലാണ് വനിതാ ഫുട്‌ബോള്‍ ചരിത്രം ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ ഡിക്ക് കെര്‍സ് ലേഡീസ്, സെന്റ് ഹെലന്‍ ലേഡീസ് എന്നിവയൊക്കെ ആദ്യകാല ക്ലബ്ബുകളാണ്. പുരുഷന്മാരുടെ ചില ഫുട്‌ബോള്‍ മത്സരങ്ങളേക്കാള്‍ ജനപ്രിയമായിരുന്നിട്ടും (ഒരു മത്സരത്തില്‍ 53,000 കാണികള്‍) 1921ല്‍ ഇംഗ്ലണ്ടിലെ വനിതാ ഫുട്‌ബോള്‍ മത്സരങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ കളി സ്ത്രീകള്‍ക്ക് അനുയോജ്യമല്ല പ്രോത്സാഹിപ്പിക്കപ്പെടേണ്ടതില്ല എന്നതായിരുന്നു നിലപാട്. ഇംഗ്ലീഷ് ലേഡീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ രൂപീകരിച്ച് കളി റഗ്ബി മൈതാനത്തേക്ക് മാറ്റി. 1971 വരെ ഈ നിരോധനം നിലനിന്നിരുന്നു. അതേ വര്‍ഷം തന്നെ ഓരോ രാജ്യത്തിലെയും ദേശീയ അസോസിയേഷനുകള്‍ വനിതാ ഗെയിം നിയന്ത്രിക്കണമെന്ന് യുവേഫ ശുപാര്‍ശ ചെയ്തു. ലോകകപ്പ്, യുവേഫ വുമണ്‍സ് ചാമ്പ്യന്‍ഷിപ്പ്, എഫ്.എ കപ്പ് തുടങ്ങി നിരവധി വനിതകള്‍ക്ക് പ്രതിഭ തെളിയിക്കാന്‍ ടൂര്‍ണമെന്റുകളുണ്ടെങ്കിലും തുല്യവേതനം എന്ന നീതി അഞ്ച് രാജ്യങ്ങളിലെ നടപ്പായുള്ളൂ. അതിന് മേഗന്‍ റാപ്പിനോയെ പോലുള്ള താരങ്ങള്‍ മൈതാനത്തും പുറത്തും പോരാട്ടം തുടര്‍ന്നു കൊണ്ടേയിരിക്കണം.
