സിനിമയെക്കുറിച്ച് സംസാരിക്കുന്നത് ഹരവും, സിനിമ കാണാന്‍ പോകുന്നത് ഉത്സവവും കാണുന്നത് ലഹരിയുമാണ് എന്നും. ഇരുട്ടിന്റെ മറവില്‍ മാത്രം ഒരു പ്രത്യേക സ്ഥലത്തിരുന്ന് ആസ്വദിക്കാവുന്ന സിനിമ ഇന്ന് പ്രേക്ഷകന്റെ വിരല്‍ത്തുമ്പത്ത് എത്തിയിരിക്കുന്നു
ഓലമേഞ്ഞ കൊട്ടകയുടെ ഉച്ചിയില്‍ സ്ഥാപിച്ച കോളാമ്പിയില്‍ നിന്ന് പരുപരുത്ത ശബ്ദത്തില്‍ പഴയ മലയാളം-തമിഴ് പാട്ടുകള്‍ ഇടമുറിയാതെ പുറത്തു വരുന്നു. കൊട്ടകയ്ക്ക് സമീപം അങ്ങിങ്ങായി പ്രായഭേദ്യമന്യേ കുടുംബമായും അല്ലാതെയും അളുകള്‍ സൊറ പറഞ്ഞു നില്‍ക്കുന്നു. ചിലര്‍ കൂട്ടമായി എത്തുന്നതേയുള്ളൂ. ഇടയ്ക്ക് പാട്ടിനെ മുറിച്ചൊരു അനൗണ്‍സ്‌മെന്റ് കേള്‍ക്കുന്നു. പെട്ടെന്ന് ടിക്കറ്റിനായുള്ള ബെല്ല് മുഴങ്ങുകയാണ്. പഴയ ഓലക്കീറുകള്‍ക്കിടയില്‍ പേപ്പറുകൊണ്ട് മറച്ചു വച്ച കൗണ്ടറുകള്‍ക്കിടയില്‍ കൈകള്‍ നീളുന്നു. കൗണ്ടറിന് മുന്നിലെ ക്യൂ പെട്ടെന്ന് നീളും. കളിയും ചിരിയും തമാശകളും പറഞ്ഞവര്‍ ടിക്കറ്റുമായി കൊട്ടകയുടെ ഉള്ളിലേക്ക്… ഗൃഹാതുരമായ ഓര്‍മകളാണ് മലയാളിക്ക് എന്നും സിനിമാ കൊട്ടകകള്‍. വഴി നീളെ മതിലുകളില്‍ നിറയുന്ന സിനിമാ പോസ്റ്ററുകളും തിയേറ്ററുകളിലെ ആരവവും നിലച്ചിട്ട് മാസങ്ങളാകുന്നു. ഇരുട്ടിലെ വിസ്മയമായിരുന്നു മാനവരാശിയ്ക്ക് സിനിമ. കാലഘട്ടത്തിനും സാങ്കേതിക പുരോഗതിയ്ക്കും അനുസരിച്ച് സിനിമ എന്ന കലയും മാധ്യമവും ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുകയാണ്. സിനിമയെക്കുറിച്ച് സംസാരിക്കുന്നത് ഹരവും, സിനിമ കാണാന്‍ പോകുന്നത് ഉത്സവവും കാണുന്നത് ലഹരിയുമാണ് എന്നും. ഇരുട്ടിന്റെ മറവില്‍ മാത്രം ഒരു പ്രത്യേക സ്ഥലത്തിരുന്ന് ആസ്വദിക്കാവുന്ന സിനിമ ഇന്ന് പ്രേക്ഷകന്റെ വിരല്‍ത്തുമ്പത്ത് എത്തിയിരിക്കുന്നു. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെ ഭാഗമായി കാഴ്ചക്കാരന് ഇഷ്ടമുള്ള സമയത്ത് സ്ഥലത്ത് സിനിമ ആസ്വദിക്കാം. അതിന് തിയേറ്ററുകളില്‍ പോകണമെന്നോ ഇരുട്ടിന്റെ മറ വേണമെന്നോ ഇല്ല. കൊവിഡ് 19 മഹാമാരി ലോകത്തിന്റെ സാമ്പത്തിക സ്ഥിതിയാകെ തകിടം മറിച്ചിരിക്കുകയാണ്. അതില്‍ കൂടുതല്‍ ആഘാതം ഏല്‍ക്കേണ്ട വന്ന മേഖലകളിലൊന്ന് സിനിമയും അതുമായി ബന്ധപ്പെട്ട വ്യവസായങ്ങളുമാണ്.
രാജ്യത്ത് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ രാജ്യത്ത് അടച്ചിട്ട തിയേറ്ററുകള്‍ ഇനിയും പൂര്‍ണമായും തുറന്നിട്ടില്ല. ഇത്ര നാള്‍ കൂടി ഈസ്ഥിതി തുടരുമെന്ന് കൃത്യമായി പറയാനും സാധിക്കില്ല. മാസങ്ങളായി നിരവധി സിനിമകള്‍ അണിയറയില്‍ റിലീസ് കാത്തിരിക്കുകയാണ്. സിനിമാ പ്രേമികള്‍ സമീപകാലത്തൊന്നും തിയേറ്ററുകളിലേക്ക് മടങ്ങാന്‍ സാധ്യത കുറഞ്ഞതോടെ ഡിജിറ്റല്‍ റിലീസാണ് പല നിര്‍മ്മാതാക്കളുടെയും മുന്നിലുള്ള മാര്‍ഗം. ഒ.ടി.ടി (ഓവര്‍-ദ -ടോപ്പ്) പ്ലാറ്റ് ഫോമിലൂടെ സിനിമകള്‍ പ്രേക്ഷകന്റെ സ്വീകരണമുറിയിലെ മൊബൈല്‍ ഫോണിലോ ലാപ്‌ടോപ്പിലോ ചിത്രങ്ങള്‍ റിലീസ് ചെയ്യാം. കോവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി ചിത്രങ്ങളാണ് ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്‌സ്റ്റാര്‍, സീ ഫൈവ് തുടങ്ങിയ നിരവധി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്ത്. സിനിമയെ സ്വകാര്യ അനുഭവമാക്കുന്നതില്‍ തിയേറ്ററുകള്‍ക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. തടസമില്ലാതെ, ഒറ്റ ഇടവേളയില്‍ തുടര്‍ച്ചയായൊരു കലാനുഭവം ഒരുക്കുന്നതില്‍ അവ കാര്യമായ പങ്കാണ് വഹിച്ചിരുന്നത്. ഒ.ടി.ടിയില്‍ ഇത്തരം സാധ്യതകള്‍ കുറവാണ്. അവിടെ നിങ്ങള്‍ സിനിമാ കാണുന്നത് ചിലപ്പോള്‍ മൊബൈലിലാകാം അല്ലെങ്കില്‍ ലാപ്‌ടോപ്പിലോ ടെലിവിഷനിലോ ആകാം. ഒ.ടി.ടി വ്യൂവര്‍ഷിപ്പില്‍ അഥവാ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലെ കാഴ്ച്ചക്കാരുടെയും കേള്‍വിക്കാരുടെയും എണ്ണത്തില്‍ വലിയ വര്‍ധനയാണ് ലോക്ക്ഡൗണ്‍ കാലത്ത് ഉണ്ടായത്. സ്‌കൂളുകളും കോളേജുകളും അടച്ചതും പ്രൊഫഷണല്‍സിനും തൊഴിലാളികള്‍ക്കും വീടിനുള്ളില്‍ കഴിയേണ്ടി വന്നതും കാരണം കൂടുതല്‍ പേര്‍ സ്ട്രീമിംഗ് സേവനം ഉപയോഗിക്കുന്ന പ്രവണതയുണ്ടായി.
സൂഫിയുടെ വഴിയെ ഹലാലാകുന്ന മലയാള സിനിമ
ഫ്രൈഡേ ഫിലിംസിന്റെ ജസസൂര്യ ചിത്രം സൂഫിയും സുജാതയുമാണ് മലയാളത്തില്‍ ആദ്യമായി ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത്. നൂറ് ദിവസത്തെ സിനിമാ വരള്‍ച്ചക്കുശേഷം ജൂലായ് മൂന്നിനാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. നിരവധി വിവാദങ്ങള്‍ക്കും വിപ്ലവകരമായ ചില മാറ്റങ്ങങ്ങള്‍ക്കും ചിത്രം കാരണമായി. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സിനിമയെ നിരവധി പ്രേക്ഷകര്‍ അന്വേഷിച്ചെത്തി. ബോളിവുഡില്‍ അമിതാഭ് ബച്ചന്‍-ആയുഷ്മാന്‍ ഖുറാന ടീമിന്റെ ഗുലാബി സിതാബോ, വിദ്യബാലന്റെ ശകുന്തളദേവി തുടങ്ങിയ സിനിമകളും ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ ആദ്യം റിലീസായ പ്രമുഖ ചിത്രങ്ങളാണ്. തമിഴില്‍ ജ്യോതിക പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൊന്‍മകള്‍ വന്താല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തു. പിന്നീട് കീര്‍ത്തി സുരേഷ് മുഖ്യകഥാപാത്രമായെത്തിയ പെന്‍ഗ്വിനും വിജയ് സേതുപതിയുടെ കാ പേ റാണസിങ്കവും ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എത്തി.
സൂഫിയും സൂജാതയുടെയും ചുവട് പിടിച്ച് മലയാളത്തില്‍ വീണ്ടും ഡിജിറ്റല്‍ റിലീസുകളുണ്ടായി. ടൊവീനോ നായകനായെത്തിയ ജിയോ ബേബി സംവിധാനം ചെയ്ത കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഓണചിത്രമായി ഏഷ്യനെറ്റിലാണ് റിലീസ് ചെയ്തത്. മഹേഷ് നാരായണന്റെ ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം ക്യു യു സൂണ്‍ സെപ്തംബര്‍ ഒന്നിനാണ് ആമസോണ്‍ പ്രൈമില്‍ എത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാവായ മണിയറയിലെ അശോകന്‍, സുഡാനി ഫ്രം നൈജീരിയ അണിയിച്ചൊരുക്കിയ സക്കരിയുടെ ഹലാല്‍ ലൗ സ്റ്റോറി എന്നിവയാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസായ മറ്റു മലയാള ചലച്ചിത്രങ്ങള്‍. ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ക്ക് തിയേറ്റര്‍ പ്രദര്‍ശനം നിലവില്‍ സാധ്യമാകില്ല. പക്ഷേ തിയേറ്ററില്‍ റിലീസായ ചിത്രങ്ങള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ മികച്ച പ്രതികരണം ലഭിക്കാറുണ്ട്. ഈയൊരു രീതിയാണ് കൊവിഡ് 19 മഹാമാരി മാറ്റി മറിച്ചത്. ജയസൂര്യയുടെ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം തിയേറ്ററില്‍ പരാജയമായിരുന്നെങ്കിലും ഒ.ടി.ടിയില്‍ വന്‍ വിജയമായിരുന്നു. കോളിവുഡില്‍ സൂര്യയുടെ സൂരെയ് പൊട്രു, അന്ധകാരം, കീര്‍ത്തി സുരേഷിന്റെ തെലുങ്ക് ചിത്രം മിസ് ഇന്ത്യ, ബോളിവുഡില്‍ അക്ഷയ്കുമാറിന്റെ ലക്ഷ്മി ബോംബ്, അജയ് ദേവ് ഗണിന്റെ ഭുജ് എന്നിവയൊക്കെയാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസാകാന്‍ കാത്തിരിക്കുന്ന പ്രമുഖ ചലച്ചിത്രങ്ങള്‍.
ചെറിയ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ വിറ്റുപോയാല്‍ മുതല്‍ മുടക്കെങ്കിലും കിട്ടുമെന്നാണ് ഇടത്തരം നിര്‍മാതാക്കളുടെ പക്ഷം. ബിഗ് ബജറ്റ് മൂവികള്‍ പലതും മുമ്പ് തിയേറ്റര്‍ റിലീസിനു പുറമെ ഒ.ടി.ടി റിലീസിലൂടെ നേട്ടമുണ്ടാക്കിയത് ഇക്കാര്യത്തില്‍ മലയാളത്തിന് പ്രചോദനമാണ്. ലൂസിഫറാണ് ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ ഏറ്റവുമധികം തുകയ്ക്ക് വിറ്റുപോയ മലയാളം ചലച്ചിത്രം. തിയേറ്റര്‍ റിലീസ് കൂടാതെ അഞ്ച് കോടി രൂപയ്ക്കാണ് ആമസോണ്‍ ലൂസിഫറിനെ സ്വന്തമാക്കിയത്. മാറിയ മലയാളിയുടെ ആസ്വാദന തലത്തിലും കാര്യമായ വ്യത്യാസം വന്നിട്ടുണ്ട്. അന്യഭാഷാ ചിത്രങ്ങളും സിരീസുകളും ഒ.ടി.ടി പ്ലാറ്റ്ഫോമുകളെല്ലാം മലയാളി പ്രേക്ഷകര്‍ക്ക് ഇന്ന് സുപരിചിതമായി കഴിഞ്ഞിരിക്കുന്നു. ബോളിവുഡിലെയും ടോളിവുഡിലെയും പോലെ മലയാള താരങ്ങള്‍ക്കും ഒ.ടി.ടി സിരീസുകളിലേക്ക് അവസരങ്ങളും വന്നെത്തുന്നു. ഇന്ദ്രജിത് ക്വീന്‍ എന്ന സിരീസില്‍ വേഷമിട്ടതും നീരജ് മാധവ് ദി ഫാമിലി മാന്‍ എന്ന ആമസോണ്‍ പ്രൈം ഒറിജിനല്‍ സിരീസില്‍ പ്രധാന വില്ലനായതും അവസരങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ലോകമെമ്പാടുമുള്ള വിവിധ മേഖലകള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ സിനിമാ മേഖലയിലെ ഈ മാറ്റവും സിനിമാ ചരിത്രത്തില്‍ ഇടം നേടുകയാണ്. ബാഹുബലി പോലുള്ള ബിഗ്ബഡ്ജറ്റ് ചിത്രങ്ങള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ ഒതുങ്ങുമോ എന്ന് കാത്തിരുന്ന് കാണേണ്ട കാഴ്ച തന്നെയാണ്.
ഒ.ടി.ടി റിലീസ് ചിത്രത്തിനും ഓസ്‌കാര്‍
ട്വിസ്റ്റുകള്‍ നിറഞ്ഞൊരു ത്രില്ലര്‍ സിനിമയുടെ പ്ലോട്ട്‌ലൈനിനേക്കാള്‍ വേഗത്തിലാണു കൊവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്നു സിനിമാ വ്യവസായം മാറിക്കൊണ്ടിരിക്കുന്നത്. ചലച്ചിത്രമേഖലയില്‍ പലതും പരീക്ഷിക്കാനുള്ള അവസരമായിട്ടാണ് അമേരിക്കയിലെ ഏറ്റവും പഴയ ഫിലിം സ്റ്റുഡിയോകളിലൊന്നായ യൂണിവേഴ്‌സല്‍ പിച്ചേഴ്‌സ് കൊറോണ പ്രതിസന്ധിയെ കാണുന്നത്. അവരുടെ മൂന്ന് ചിത്രങ്ങള്‍ അമേരിക്കയില്‍ തിയേറ്ററുകളടച്ച് നാല് ദിവസം കഴിയുമ്പോഴേയ്ക്കും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തിരുന്നു. ഒ.ടി.ടി വ്യൂവര്‍ഷിപ്പില്‍ ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ കാലത്ത് വന്‍ വര്‍ദ്ധനവാണുണ്ടായത്. ആമസോണും നെറ്റ്ഫ്‌ളിക്‌സും ഉള്‍പ്പെടെ 40 ലധികം ഒ.ടി.ടി സേവനം ലഭ്യമാക്കുന്ന കമ്പനികളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമേ സ്പോട്ടിഫൈ ഉള്‍പ്പെടെ 10 ഓളം മ്യൂസിക് സ്ട്രീമിംഗ് ആപ്പുകളുമുണ്ട്.
ഇന്ത്യയിലെ തങ്ങളുടെ 70 ശതമാനം വരിക്കാരും ആഴ്ചയിലൊരിക്കല്‍ സിനിമ കാണുന്നുവെന്നാണ് നെറ്റ്ഫ്‌ളിക്‌സിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചലച്ചിത്രങ്ങള്‍ക്ക് ചരിത്രപരമായി മൂന്നു പ്ലാറ്റ്‌ഫോമുകളാണ് ഇതുവരെയുണ്ടായിട്ടുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ തിയേറ്ററുകളില്‍ മാത്രമേ സിനിമ കാണാന്‍ സാധിക്കുവായിരുന്നുള്ളൂ. 1930 മുതല്‍ ടെലിവിഷനുകളില്‍ ചലച്ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. യുട്യൂബിന്റെ കടന്നു വരവോടെ 2000 മുതലാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ സിനിമകള്‍ സജീവമായി മാറിയത്. 2010ന് ശേഷമാണ് ലോകമെമ്പാടും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ രൂപം കൊള്ളുന്നത്. 2018 നും 2019 നും ഇടയില്‍ ഡിജിറ്റല്‍ സ്ട്രീമിംഗ് വ്യവസായം ഇന്ത്യയുടെ ചലച്ചിത്ര വ്യവസായത്തെ വലുതാക്കി. രാജ്യത്തെ ഒ.ടി.ടി വ്യവസായം 240 ശതമാനം വളര്‍ച്ചയാണ് ഈ സമയത്ത് കൈവരിച്ചത്. ഒരു ഉപഭോക്താവെന്ന നിലയില്‍ ഏതെങ്കിലും പ്ലാറ്റ്‌ഫോമുകളില്‍ സിനിമ കാണണമെങ്കില്‍ പണമടച്ച് അത് സബ്സ്‌ക്രൈബ് ചെയ്യണം. കുറഞ്ഞത് ഒരു മാസത്തേയ്ക്കാണ് സാധാരണ സബ്‌സ്‌ക്രിപ്ഷന്‍. ഇന്ത്യയില്‍ മാര്‍ച്ച് മുതല്‍ ജൂലായ് വരെ എഴ് ലക്ഷം പെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ഉണ്ടായത്.ഇത്തവണ പ്രത്യേക സാഹചര്യം പരിഗണിച്ചു കൊണ്ട് ഓസ്‌കാറിലും ഒ.ടി.ടി റിലീസ് ചിത്രങ്ങള്‍ പരിഗണിക്കാന്‍ തീരുമാനമായി. ലോസ് എയ്ഞ്ചലസ് കൗണ്ടിയില്‍ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ മാത്രമാണ് ഓസ്‌കര്‍ പുരസ്‌കാരത്തിന് ഇതുവരെ പരിഗണിച്ചിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധിയെതുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യം പരിഗണിച്ച് നിബന്ധനയില്‍ അക്കാഡമി ഇളവ് വരുത്തുകയായിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത സിനിമകളും ഇത്തവണ അവാര്‍ഡിനായി പരിഗണിക്കും. ചരിത്രത്തില്‍ ആദ്യമായാണ് നിബന്ധനയില്‍ ഇളവു വരുത്താന്‍ അക്കാഡമി തയ്യാറാവുന്നത്. എന്നാല്‍ ഈ ഇളവ് താല്‍ക്കാലിക തീരുമാനം മാത്രമാണെന്നും ഈ വര്‍ഷം റിലീസ് ചെയ്ത സിനിമകള്‍ക്കു മാത്രമായിരിക്കും ഈ മാനദണ്ഡം ബാധകമാകുകയെന്നും അക്കാഡമി പറയുന്നു. തിയേറ്ററില്‍ റിലീസ് നിശ്ചയിച്ചിരുന്നതും കോവിഡ് മൂലം ഡിജിറ്റല്‍ റിലീസ് ചെയ്ത ചിത്രങ്ങളെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുക.