എഴുപതിനായിരം വര്‍ഷം മുമ്പ് കഴുതയെയും കടുവയെയും പോലെ മറ്റൊരു ജീവി മാത്രമായിരുന്നു മനുഷ്യന്‍ ഇന്ന് ലോകത്തെ നിയന്ത്രിക്കുന്ന വര്‍ഗമായി മാറിയത് പലതും വെട്ടിപ്പിടിച്ചാണ്. കൃഷിയെ മാനവ ചരിത്രത്തിലെ വഴിത്തിരിവായി എല്ലാവരും വാഴ്ത്തുമ്പോള്‍ ഇസ്രയേല്‍ ശാസ്ത്ര ചരിത്രക്കാരനായ യുവാല്‍ നോഹ ഹരാരിയുടെ അഭിപ്രായത്തില്‍ വലിയ അബദ്ധമാണ്. മനുഷ്യനല്ല കൃഷിയെ മെരുക്കിയത്, പകരം കൃഷിയാണ് മനുഷ്യവംശത്തെ വരുതിയില്‍ നിര്‍ത്തിയത് എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഗോതമ്പിന്റെ കാര്യം തന്നെ എടുത്താല്‍ ഭൂഗോളത്തില്‍ ചിലയിടങ്ങളില്‍ മാത്രം കണ്ടു വന്നിരുന്ന ചെടിയെ മനുഷ്യന്‍ ലോകം മുഴുവന്‍ എത്തിച്ചു. അതിനായി മറ്റു ചെടികളും വനവും നശിപ്പിച്ചു പാടങ്ങളൊരുക്കി. അതുവരെ പല സസ്യങ്ങളില്‍ നിന്ന് ലഭിച്ചിരുന്ന പോഷണ വൈവിധ്യം വേണ്ടെന്നു വച്ചു. കുറച്ച് നേരം ജോലി ചെയ്ത് സന്തോഷത്തോടെ അലഞ്ഞു തിരിഞ്ഞുള്ള ജീവിതം അവസാനിപ്പിച്ച് ഗോതമ്പ് പാടത്തിനടുത്ത് മനുഷ്യന്‍ താമസം ഉറപ്പിച്ചു. കീടബാധയേറ്റോ പ്രകൃതിക്ഷോഭത്തിലോ കൃഷിനശിച്ചപ്പോള്‍ പട്ടിണി കിടന്ന് മനുഷ്യനും മരിച്ചു. യുവാല്‍ നോഹ ഹരാരി പറയുന്നു. കൃഷി,ഭാഷ, ശാസ്ത്ര സാങ്കേതികവിദ്യ എന്നിവയുടെയൊക്കെ സഹായത്തോടെ നരവംശം പുരോഗതിയിലേക്ക് ചുവടുവച്ചപ്പോള്‍ പ്രകൃതിയില്‍ ഏറ്റവും കൂടുതല്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വന്നത് സസ്യജാലങ്ങള്‍ക്കായിരുന്നു. സമൂഹമായി ജീവിക്കാന്‍ അവന്‍ പണ്ട് വേട്ടയാടി നടന്നിരുന്ന വനങ്ങളെ കുരുതിക്കൊടുത്തു. വികസനത്തിന്റെ പേരില്‍ ബാക്കിയുള്ള വനങ്ങളും നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അന്തരീക്ഷത്തില്‍ വിഷവാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെയും കാര്‍ബണ്‍ മോണോക്‌സൈഡിന്റെയുമൊക്കെ അളവ് ക്രമാതീതമായി കൂടിയ കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഓസോണ്‍പാളിയിലടക്കം വിള്ളല്‍ വീണു. കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രകൃതിയിലുണ്ടായ മാറ്റം അവിശ്വസനീയമായിരുന്നു.
മനുഷ്യര്‍ പുറത്തിറങ്ങാതെ കഴിയുന്നതിനാല്‍ ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗമായ ഭൂവല്‍ക്കത്തിലെ ചലനങ്ങള്‍ വന്‍തോതില്‍ കുറഞ്ഞുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വന്‍തോതിലുള്ള വാഹന ഗതാഗതം, ചരക്ക് നീക്കം, റിയല്‍ എസ്റ്റേറ്റ്, ഖനനം തുടങ്ങി എല്ലാ വ്യവസായങ്ങളും നിശ്ചലമായതാണ് ഈ പ്രതിഭാസത്തിന് കാരണം. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഭൂമിയുടെ ആയാസങ്ങള്‍ കുറയ്ക്കാന്‍ കാരണമായി. ഭൂവല്‍ക്കത്തിലെ സമ്മര്‍ദ്ദം ഒഴിവായതോടെ ചെറുഭൂചലനങ്ങളും അഗ്‌നിപര്‍വത പ്രവര്‍ത്തനങ്ങളുമുള്‍പ്പെടെയുള്ള ഭൗമ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ വളരെ എളുപ്പം സാധിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. വാഹനഗതാഗതം, വ്യവസായ ശാലകളിലെ യന്ത്രങ്ങളുടെ പ്രവര്‍ത്തനം എന്നിവ ഭൂവല്‍ക്കത്തില്‍ അനാവശ്യ ശബ്ദങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ഭൗമപഠനത്തെ കാര്യമായി ബാധിച്ചിരുന്നു. സമാനമായി മനുഷ്യന്‍ വീടുകളില്‍ കഴിയുന്നതും ഫാക്ടറികള്‍ അടച്ചിട്ടതും അന്തരീക്ഷ മലിനീകരണം വന്‍തോതില്‍ കുറയാന്‍ കാരണമായിട്ടുണ്ട്. ഇന്ത്യയിലെ ഡല്‍ഹി ഉള്‍പ്പെടെയുള്ള മലിനീകരണം കൂടിയ സ്ഥലങ്ങളില്‍ അന്തരീക്ഷ നിലവാരം തൃപ്തികരമായി മാറി. മാത്രമല്ല പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗംഗാ നദി മലിനീകരണ മുക്തമായി ഒഴുകിയതും ലോകം കണ്ടു.
”ലോകമേ തറവാട് തനിക്കീ ചെടികളും, പുല്‍ക്കളും, പുഴുക്കളും കൂടി തന്‍ കുടുംബക്കാര്‍ ” കവി പാടിയത് മറന്ന് ലോകത്തെല്ലായിടത്തും വീടു വയ്ക്കുന്നതില്‍ പല പരീക്ഷണങ്ങളും നടത്തുകയാണ് മനുഷ്യന്‍. അതോടൊപ്പം നശിപ്പിച്ചു കളഞ്ഞ സസ്യങ്ങളും ഹരിതാഭയും കൊണ്ടു വരാനും ശ്രമിക്കുന്നുണ്ട്. ഗ്രാമത്തിലെ കാടും പച്ചപ്പും നിറഞ്ഞ വീട് എന്ന സങ്കല്‍പ്പം വലിയ നഗരങ്ങളിലേക്കും പറിച്ചു നടപ്പെട്ടിരിക്കുകയാണ്. പ്രകൃതിയെ വീടിനുള്ളിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് വെര്‍ട്ടിക്കിള്‍ ഫോറസ്റ്റ് ഗാര്‍ഡന്‍ എന്ന ആശയത്തിന് രൂപം നല്‍കിയത്. കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലെ മുരടിപ്പിക്കുന്ന കൃത്രിമ ജീവിത സാഹചര്യങ്ങളെ ഒഴിവാക്കി ബാല്‍ക്കണിയിലും ടെറസിലും ഭിത്തിയിലുമെല്ലാം ചെടികള്‍ നട്ടുപിടിപ്പിച്ച് ഹരിതാഭമാക്കുന്ന ഗാര്‍ഡനിംഗ് സാങ്കേതിക വിദ്യയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ്. ബയോവാള്‍, ഗ്രീന്‍വാള്‍ എന്നീ പേരുകളിലും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ അറിയപ്പെടുന്നു. സാധ്യമായ സ്ഥലങ്ങളിലെല്ലാം നിറവൈവിധ്യവും പച്ചപ്പും നല്‍കുക എന്ന ആധുനിക കെട്ടിട നിര്‍മ്മാണ സാങ്കേതിക വിദ്യയുടെയും കുത്തനെ ഉയരത്തില്‍ ചെടികള്‍ വളര്‍ത്തി സ്ഥലപരിമിതി മറികടക്കുക എന്ന നവീന കാര്‍ഷിക സാങ്കേതിക വിദ്യയുടെയും സംയോജനമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍.
അയല്‍ക്കാരുടെയും വഴിപോക്കരുടെയും നോട്ടത്തില്‍ നിന്ന് രക്ഷപ്പെടാനും അനാകര്‍ഷകമായ ഭിത്തികളെയും പ്രതലങ്ങളെയും മറയ്ക്കുന്നതിനും വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ ഉപയോഗിക്കാം. ചുവരില്‍ ഒരുക്കുന്ന ഈ പൂന്തോട്ടത്തില്‍ അലങ്കാരച്ചെടികള്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നില്ല. പൂച്ചെടികളും പച്ചക്കറികളും മരുന്നു ചെടികളും വരെ ഇവിടെ വളര്‍ത്താം. വീടിനുള്ളിലും പുറത്തും ഇത് ശുദ്ധവായുവിന്റെ ലഭ്യത കൂട്ടും. ഇന്‍ഡോറിലും ഔട്ട്‌ഡോറിലും എല്ലാം വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ ഒരുക്കാം. തിരശ്ചീനമായി പുറത്തേക്ക് പടര്‍ന്നുവളരുന്നതിന് പകരം കുത്തനെ മുകളിലേക്ക് വളരുന്ന ഉദ്യാനമാണ് ഇത്. പൂന്തോട്ടം നിര്‍മ്മിക്കാന്‍ സ്ഥലം തീര്‍ത്തും കുറവായ നഗരപ്രദേശങ്ങളില്‍ സ്ഥലപരിമിതി ഇത് മറികടക്കും. ട്രെല്ലിസ്, അര്‍ബര്‍, ബെര്‍ഗോള എന്നിവയിലോ ഭിത്തിയിലോ വേലിയിലോ ട്രെയിനേജ് പൈപ്പിലോ മട്ടുപ്പാവിലോ എവിടെ വേണമെങ്കിലും വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ നിര്‍മ്മിക്കാം. നഗരങ്ങളിലെ കോണ്‍ക്രീറ്റ് കാടുകളുടെ വിരസതയും വായുമലിനീകരണവുമെല്ലാം അകറ്റി മനസിന് സന്തോഷവും ഹരിതാഭയും പകരുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ ലോകമെങ്ങും വ്യാപകമായി കൊണ്ടിരിക്കുകയാണ്. ചൈനയിലെ ചെംഗ്ഡുവിലെ ക്വിയി സിറ്റിയിലെ 826 അപ്പാര്‍ട്ടുമെന്റുകളോട് കൂടിയ ഫോറസ്റ്റ് ഗാര്‍ഡന്‍ ആണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം.
2018ല്‍ ആണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ഓരോ വീട്ടിലെ ബാല്‍ക്കണിയും വിവിധ ചെടികള്‍ നടുന്നതിനായി പ്രത്യേകം പണികഴിപ്പിച്ചതായിരുന്നു. പരിപാലിക്കാന്‍ വാടകക്കാരില്ലാതെ എട്ട് ടവറുകളിലെയും ബാല്‍ക്കണിയിലെ ചെടികള്‍ പുറത്തേയ്ക്ക് വളര്‍ന്നു നില്‍ക്കുകയാണ്. പക്ഷേ, പ്രകൃതി ഭംഗി ആസ്വദിച്ച് ഇവിടെ താമസിക്കാന്‍ എത്തിയവര്‍ക്ക് കൊതുകിന്റെ ഭീഷണി നേരിടുകയാണ്. കാട് മൂടിയിരിക്കുന്നതും പരിചരിക്കാന്‍ ആളുകളില്ലാത്തതും കൊതുകുകള്‍ പെരുകാന്‍ കാരണമായി. ബാല്‍ക്കണിയിലെ ചെടികള്‍ മുഴുവന്‍ വളര്‍ന്നു പന്തലിച്ചു കഴിഞ്ഞു. കൊതുകും പകര്‍ച്ചവ്യാധിയും ഭയന്ന് പത്തോളം കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നതെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നായ ബാബിലോണിലെ തൂക്കിക്കല്ലുകള്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന് ഉദാഹരണമാണ്. ബി.സി 600ല്‍ നെബൂഖദ്നേസര്‍ ഭാര്യ അമിറ്റിസിനായി നിര്‍മ്മിച്ചതാണ് ഈ സ്മാരകം. നിരനിരയായ പടവുകളില്‍ വച്ചു പിടിപ്പിച്ചിരിക്കുന്ന ഈ പൂന്തോട്ടം ആകാശത്തില്‍ തലയെടുപ്പോടെ ഉയര്‍ന്നു നിന്നിരുന്നു. മട്ടുപ്പാവുകളില്‍ നിന്ന് വെള്ളച്ചാട്ടം പോലെ സമൃദ്ധമായ സസ്യങ്ങള്‍, പുഷ്പങ്ങള്‍, പ്രതിമകള്‍ എന്നിവും ക്രമീകരിച്ചിട്ടുണ്ട്. സിങ്കപ്പൂരിലെ ട്രീ ഹൗസ്, കൊളംബിയിലെ സാന്റാലിയ, സിഡ്‌നിയിലെ സെന്‍ട്രല്‍ പാര്‍ക്ക്, ലണ്ടനിലെ റൂബന്‍സ് ഹോട്ടല്‍ എന്നിവയൊക്കെയാണ് ലോകത്തിലെ പ്രധാനപ്പെട്ട വെര്‍ട്ടിക്കള്‍ ഗാര്‍ഡന്‍ സമുച്ചയങ്ങള്‍. ഫ്രഞ്ച് സസ്യശാസ്ത്രജ്ഞനായ പാട്രിക്ക് ബ്ലാങ്ക് ആണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ രീതിയ്ക്ക് കൂടുതല്‍ സംഭാവന നല്‍കിയത്. ഇന്ന് ലോകജനസംഖ്യയുടെ പകുതിയിലേറെയും വസിക്കുന്നത് നഗരങ്ങളിലായതുകൊണ്ട് നവീന ഗാര്‍ഡനിംഗിന്റെയും ആധുനിക കാര്‍ഷിക സാങ്കേതിക വിദ്യയുടെയുമെല്ലാം പുതിയ മുഖമായി വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ മാറിയിട്ടുണ്ട്.