1962 ല്‍ ടെറന്‍സ് യങ് സംവിധാനം ചെയ്ത ഡോ. നോ എന്ന ഹോളിവുഡ് ചിത്രത്തിലൂടെ രണ്ട് അവതാരങ്ങളുണ്ടായി. സൃഷ്ടാവിനെക്കാള്‍ അതിപ്രശസ്തനായ ജെയിംസ് ബോണ്ട് കഥാപാത്രവും അതിനെ അവതരിപ്പിച്ച ഷോണ്‍ കോണറി എന്ന നടനും. ബ്രിട്ടനിലെ അതിസമ്പന്നര്‍ക്ക് മാത്രം സ്വപ്നം കാണാന്‍ കഴിയുന്ന ഈറ്റണ്‍ കോളേജില്‍ പഠിച്ചിറങ്ങിയ ആഡംബര സ്‌പോര്‍ട്സ് കാറായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഓടിക്കുന്ന സുന്ദരിമാര്‍ക്കൊപ്പം ആടിപ്പാടുന്ന സിനിമയിലെ ജെയിംസ് ബോണ്ടിനെ പോലെയായിരുന്നില്ല ആ കഥാപാത്രത്തിന് ജന്മം നല്‍കിയ ഷോണ്‍ കോണറിയുടെ ആദ്യകാല ജീവിതം. സ്‌കോട്ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ ഫാക്ടറിത്തൊഴിലാളിയായ ജോസഫ് കോണറിയുടെയും ശുചീകരണത്തൊഴിലാളിയായ യുഫേമിയയുടെയും മകനായി ജനിച്ച ഷോണ്‍ കോണറി ഉപജീവനത്തിനായാണ് അഭിനയം ഒരു തൊഴിലായി സ്വീകരിച്ചത്. പതിമൂന്നാം വയസില്‍ സ്‌കൂളിന്റെ പടിയിറങ്ങിയ കോണറി മൂന്നു വര്‍ഷം കഴിഞ്ഞ് റോയല്‍ നേവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എച്ച്.എം.എസ് ഫോര്‍മിഡബിള്‍ എന്ന യുദ്ധക്കപ്പലില്‍ ഏബിള്‍ സീമാന്റെ തസ്തികയില്‍ നിയമിതനായെങ്കിലും രണ്ട് വര്‍ഷത്തിനുശേഷം അനാരോഗ്യം മൂലം നേവി വിടേണ്ടി വന്നു. പിന്നെ പാല്‍വിതരണം, സ്വിമ്മിങ്പൂളില്‍ ലൈഫ്ഗാര്‍ഡ്, ബോഡി ബില്‍ഡിങ്, ചിത്രകലാ കോളേജില്‍ മോഡലിംഗ് എന്നിവയുമായി മുന്നോട്ട് പോയി. പതിനെട്ടാം വയസില്‍ ബോഡി ബില്‍ഡിങ് ഹോബിയായി എടുത്തു. 1953-ല്‍ ലണ്ടനില്‍ നടന്ന മിസ്റ്റര്‍ യൂണിവേഴ്സ് മത്സരത്തിന്റെ ഫൈനല്‍ റൗണ്ട് വരെ കോണറി എത്തി.

അഭിനയത്തിന് പുറമെ മികച്ചൊരു ഫുട്ബോള്‍ താരം കൂടിയായിരുന്നു അദ്ദേഹം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാനേജര്‍ കോണറിയോട് ആഴ്ചയില്‍ 25 പൗണ്ടിന് ക്ലബ്ബിനു വേണ്ടി കളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോണറി ആ ഓഫര്‍ നിരസിച്ചു. പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരത്തിന്റെ കരിയര്‍ ഏകദേശം മുപ്പത് വയസില്‍ അവസാനിക്കുമെന്ന ചിന്തയാണ് അതിന് കാരണമായത്. ആഴ്ചയില്‍ പത്തോ പതിനഞ്ചോ പൗണ്ട് മാത്രം പ്രതിഫലം വാങ്ങിക്കൊണ്ട് കിങ്സ് തിയേറ്ററില്‍ നാടക നടനായി ജോലി തുടങ്ങി. 1953 ന് ശേഷം സിനിമകളിലെ ചെറുവേഷങ്ങളും അദ്ദേഹത്തിന് ലഭിച്ചു തുടങ്ങി. നോ റോഡ് ബാക്ക്, റെക്വിം ഫോര്‍ എ ഹെവിവെയ്റ്റ്, ഹെല്‍ ഡ്രൈവേഷ്സ്, ആക്ഷന്‍ ഓഫ് ടൈഗര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. ഇതിനിടെയാണ് ബോണ്ട് പരമ്പര എത്തുന്നതും ഷോണ്‍ കോണറി ലോക പ്രശസ്തനാകുന്നതും.
ഇയാന്‍ ഫ്ളെെമിംഗിന്റെ നോവല്‍ സിനിമയാക്കാനുള്ള അവകാശം സ്വന്തമാക്കിയ നിര്‍മ്മാതാക്കളായ കബ്ബി ബ്രൊക്കോളിയും ഹാരി സാള്‍ട്ട്‌സ്മാനും ജെയിംസ് ബോണ്ടിനെ അവതരിപ്പിക്കാന്‍ ഒരു നടനെ തിരഞ്ഞു നടന്നു. റിച്ചാര്‍ഡ് ബര്‍ട്ടണ്‍, കാരി ഗ്രാന്റ്, റെക്‌സ് ഹാരിസണ്‍, ലൂക്കണ്‍ പ്രഭു, പീറ്റര്‍ സ്‌നോ തുടങ്ങി അക്കാലത്തെ പ്രമുഖ നടന്‍മാരെല്ലാം പരിഗണിക്കപ്പെട്ടു. ബ്രൊക്കോളിയുടെ ഭാര്യ ഡാനയാണ് കോണറിയെ നിര്‍ദേശിച്ചത്.

ആദ്യ ജെയിംസ് ബോണ്ട് ചിത്രമായ ഡോ. നോ ബോക്‌സോഫില്‍ വലിയഹിറ്റായതോടെ കോണറിയും ആ കഥാപാത്രവും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി വൈറ്റ് ഹൗസില്‍ ചിത്രത്തിന്റെ സ്‌ക്രീനിംഗ് വരെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 1967ലെ ‘ യൂ ഒണ്‍ലി ലിവ് ടൈ്വസ് ‘ എന്ന ജയിംസ് ബോണ്ട് സിനിമകളിലൂടെ കഥാപാത്രത്തെ ഷോണ്‍ കോണറി ഇതിഹാസ തലങ്ങളിലേക്ക് ഉയര്‍ത്തുകയും കഥാപാത്രത്തിന് ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു. ഫ്രം റഷ്യ വിത്ത് ലൗ, ഗോള്‍ഡ് ഫിംഗര്‍, തണ്ടര്‍ബോള്‍, യൂ ഓണ്‍ലി ലീവ് ടൈവസ്, ഡയമണ്ട് ആര്‍ ഫോറെവര്‍, 1983 ല്‍ റിലീസായ നെവര്‍ സേ നെവര്‍ എഗെയ്ന്‍ എന്നി ചിത്രങ്ങളിലാണ് അദ്ദേഹം ബോണ്ടായെത്തിയത്. ബോണ്ട് ചിത്രങ്ങള്‍ കൂടാതെ 1964ല്‍ പുറത്തിറങ്ങിയ ആല്‍ഫ്രെഡ് ഹിച്ച്കോക്ക് ചിത്രങ്ങളായ മാമി, മര്‍ഡര്‍ ഓണ്‍ ഓറിയന്റ് എക്‌സ്പ്രസ് എന്നി ചിത്രങ്ങളിലും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു. 1987ലെ ദി അണ്‍ടച്ചബള്‍സ് കോണറിയ്ക്ക് മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരവും നേടിക്കൊടുത്തു. ഇന്ത്യാന ജോണ്‍സ് ആന്‍ഡ് ദി ലാസ്റ്റ് ക്രുസേഡ് (1989) എന്ന ചിത്രത്തില്‍ ഹാരിസണ്‍ ഫോര്‍ഡിന്റെ പിതാവിന്റെ വേഷമായിരുന്നു. അഞ്ചു പതിറ്റാണ്ട് നീണ്ട കരിയറില്‍ രണ്ട് ബാഫ്ത അവാര്‍ഡുകളും മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളും അദ്ദേഹം നേടി.

2003 ല്‍ ഇറങ്ങിയ ദ ലീഗ് ഓഫ് എക്‌സ്ട്രാഡറിനറി ജെന്റില്‍മെന്‍ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. രണ്ടായിരത്തില്‍ സര്‍ പദവിക്കും അര്‍ഹനായി. ഒട്ടേറെ ആനിമേഷന്‍ സിനിമകളില്‍ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയും ശ്രദ്ധേയനായി. 1971ല്‍ ഡയമണ്ട്സ് ആര്‍ ഫോറെവര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചശേഷം താന്‍ ഇനി ബോണ്ടിന്റെ വേഷം കെട്ടില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. പിന്നീട് അരഡസന്‍ താരങ്ങളെങ്കിലും ബോണ്ടായി വേഷമിട്ടെങ്കിലും ഇന്നും പ്രേക്ഷകമനസില്‍ തങ്ങിനില്‍ക്കുന്ന ജെയിംസ് ബോണ്ട് കോണറിയുടെ തന്നെയാണ്. തെണ്ണൂറാം വയസില്‍ ഉറക്കത്തില്‍ ഈ ലോകം വിട്ട് പോകുമ്പോഴും ബോണ്ട് സിനിമകളിലെ സസ്‌പെന്‍സ് പരിവേഷമുണ്ടായിരുന്നു കോണറിയുടെ ജീവിതത്തിന്.