മെസി- റൊണാള്‍ഡോ ദ്വയത്തിന് പിന്നാലെയാണ് സമകാലിന ഫുട്‌ബോള്‍ ലോകം കുറച്ചുവര്‍ഷങ്ങളായി കറങ്ങിക്കൊണ്ടിരിക്കുന്നത്. ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഏറ്റവും കൂടുതല്‍ സ്വന്തമാക്കിയതും ഇവരാണ്. ഇതിനിടെ ലൂക്കാമോഡ്രിച്ചിനെയും കെയ്‌ലിയന്‍ എംപാബയെയും പോലുള്ള നിരവധി താരങ്ങള്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. മഹാമാരിയുടെ വര്‍ഷമായ 2020ല്‍ ഫിഫയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട റോബര്‍ട്ട് ലെവന്‍ഡോസ്‌കിയ്ക്ക് ഗോളടിച്ചു കൂട്ടുന്നതില്‍ ഉന്മാദം കണ്ടെത്തുന്നതിലാണ് ശ്രദ്ധ. ” ലയണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും മറികടന്ന് ഇത്തരമൊരു പുരസ്‌കാരം നേടുക എന്നത് എന്നെ സംബന്ധിച്ച് വിലമതിക്കാത്തതാണ് ‘ ഫിഫയുടെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം ലെവന്‍ഡോവ്സ്‌കിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 2013ല്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റയല്‍ മാഡ്രിഡിനെതിരെ ഹാട്രിക്, രണ്ട് വര്‍ഷത്തിനു ശേഷം ജര്‍മ്മന്‍ ബുണ്ടസ് ലീഗയില്‍ വോള്‍ഫ് വര്‍ഗിനെതിരെ ഒമ്പത് മിനിട്ടിനിടെ അഞ്ച് ഗോളുകള്‍ ! ഈ പ്രകടനങ്ങള്‍ മതി റോബര്‍ട്ട് ലെവന്‍ഡോസ്‌കി എന്ന പോളിഷ് സ്‌ട്രൈക്കറുടെ ബൂട്ടിന്റെ മൂര്‍ച്ചയറിയാന്‍. കഴിഞ്ഞ സീസണില്‍ ജര്‍മ്മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനു വേണ്ടി ലെവന്‍ഡോസ്‌കി 47 കളികളില്‍ നിന്ന് 55 ഗോളടിച്ചു കൂട്ടി ജര്‍മന്‍ ലീഗും ചാമ്പ്യന്‍സ് ലീഗുമെല്ലാം കൈപിടിയിലാക്കി.
പോളണ്ട് തലസ്ഥാനമായ വാഴ്‌സോയിലെ ലെഷ്‌നോ ഗ്രാമത്തില്‍ നിന്നുള്ള ലെവന്‍ഡോവ്‌സ്‌കി കുടുംബത്തില്‍ അത്ലറ്റിക് മികവിനൊപ്പം മറ്റൊരു ഗുണം കൂടി പാരമ്പര്യമായുണ്ട്. വരാനുള്ളത് മുന്‍കൂട്ടി കണ്ട് അതിനു വേണ്ടി ഒരുങ്ങാനുള്ള ശേഷി. മകന്‍ ഒരു കായിക താരമായി രാജ്യാതിര്‍ത്തികള്‍ കടക്കുമ്പോള്‍ പേരു കൊണ്ടൊരു പൊല്ലാപ്പ് ഉണ്ടാകരുത് എന്നു കരുതിയാണ് ജൂഡോ താരമായ ക്രിസ്റ്റോഫും വോളിബോള്‍ താരമായ ഇവോനയും റോബര്‍ട്ട് എന്ന ലളിതമായ പേരിട്ടത്. ” ആറുവയസുള്ളപ്പോള്‍ 1994 ലെ ലോകകപ്പില്‍ റോബര്‍ട്ടോ ബാഗ്ജിയോയെ ഞാന്‍ ഓര്‍ക്കുന്നു. പിന്നീട് അലസാന്‍ഡ്രോ ഡെല്‍ പിയേറോ എനിക്ക് ഏറ്റവും മികച്ച കളിക്കാരനായിരുന്നു. വൈകാതെ തിയറി ഹെന്റി എന്റെ മനസിലെ വിഗ്രഹമായി ” ലെവന്‍ഡോസ്‌കി ബാല്യകാലത്തെ തന്റെ ഫുട്‌ബോള്‍ അനുഭവങ്ങള്‍ പങ്കുവച്ചത് ഇങ്ങനെയാണ്.
പോളണ്ടിലെ ലെഗിയ വാര്‍സോ ക്ലബ്ബിലൂടെയാണ് ലെവന്‍ഡോവ്സ്‌കി കളി തുടങ്ങിയത്. 17-ാം വയസില്‍ അച്ഛനെ നഷ്ടപ്പെട്ട കൗമാരക്കാരന് പ്രാഫഷണല്‍ ഫുട്ബോളില്‍ ഗോഡ്ഫാദര്‍മാരുണ്ടായിരുന്നില്ല. പലപ്പോഴും ബെഞ്ചിലെ സ്ഥാനവും പരിക്കും വലച്ചു. എങ്കിലും കുഞ്ഞു ക്ലബ്ബുകളില്‍ പതറാതെ ലെവന്‍ഡോസ്‌കി പിടിച്ചുനിന്നു. അവസരം കിട്ടിയപ്പോള്‍ കരുത്തുകാട്ടി. 2009-10 സീസണില്‍ ലെക് പോസ്‌നയ്ക്കായി ബൂട്ടുകെട്ടിയ ലെവന്‍ഡോസ്‌കി ക്ലബ്ബിനെ പോളിഷ് ഫുട്‌ബോള്‍ ലീഗ് ചാമ്പ്യന്‍മാരാക്കി. അവിടെ നിന്ന് ജര്‍മ്മന്‍ ബുണ്ടസ് ലീഗില്‍ യുര്‍ഗന്‍ ക്ലോപ്പിന്റെ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ എത്തി. അവിടെയും തുടക്കം സൈഡ് ബെഞ്ചിലായിരുന്നു. പോളണ്ടുകാരന്റെ ഉള്ളറിയാന്‍ ക്ലോപിന് അധികസമയം വേണ്ടി വന്നില്ല. നാല് വര്‍ഷം ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ജേഴ്‌സിയണിഞ്ഞ ലെവന്‍ഡോവ്സ്‌കി 131 മത്സരങ്ങളില്‍ നിന്ന് 74 ഗോളുകള്‍ നേടി. രണ്ട് തവണ ക്ലബ്ബിനെ ജര്‍മ്മന്‍ ലീഗ് ചാമ്പ്യന്‍മാരാക്കി. 2013ലെ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിന് മുന്നിലാണ് ബൊറൂസിയയ്ക്ക് അടിതെറ്റിയത്. അടുത്ത വര്‍ഷം ലെവന്‍ഡോസ്‌കി ബയേണ്‍ കൂടാരത്തിലെത്തി. തുടര്‍ച്ചയായി അഞ്ച് വര്‍ഷം ബയേണ്‍ ജര്‍മന്‍ ലീഗ് കിരീടം നേടിയതിനു പുറമെ 2020ലെ യുവേഫ ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കി. 15 ഗോളുകളുമായി ലെവന്‍ഡോസ്‌കി ചാമ്പ്യന്‍സ് ലീഗിലെയും 34 ഗോളുകള്‍ അടിച്ചു കൂട്ടി ജര്‍മ്മന്‍ ബുണ്ടസ് ലീഗിലെയും ടോപ് സ്‌കോററാണ് മുപ്പത്തിരണ്ടുകാരനായ ഈ ഗോളടിയന്ത്രം. ബാഴ്‌സലോണയെ ചാമ്പ്യന്‍സ് ലീഗില്‍ രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് ബയേണ്‍ തകര്‍ത്തപ്പോള്‍ അതിലൊരെണ്ണം ലെവന്‍ഡോസ്‌കിയുടെ ബൂട്ടില്‍ നിന്നായിരുന്നു. 202 മത്സരങ്ങളില്‍ നിന്ന് 179 ഗോളാണ് ബയേണ്‍ ജേഴ്‌സിയില്‍ ഈ സ്‌ട്രൈക്കര്‍ അടിച്ചു കൂട്ടിയത്. പോളണ്ടിനു വേണ്ടി 116 മത്സരങ്ങളില്‍ നിന്ന് 63 ഗോള്‍ നേടിയിട്ടുണ്ട്.
ഇരയെ നിരീക്ഷിക്കുന്നതുപോലെ പന്തിനെ പിന്തുടരുന്ന പരുന്തിന്‍ കണ്ണാണ് ലെവന്‍ഡോവ്‌സ്‌കിയുടെ ഗുണം. ബാല്യകാല ക്ലബ്ബായ ഡെല്‍റ്റ വാര്‍സോ മുതല്‍ ഇപ്പോള്‍ ബയണ്‍ മ്യൂണിക്ക് വരെ ലെവന്‍ഡോവ്‌സ്‌കിയെ പരിശീലിപ്പിച്ച കോച്ചുമാരെല്ലാം മുതലെടുത്തത് ഈ മികവാണ്. ഇപ്പോള്‍, മെസിയെയും റൊണാള്‍ഡോയെയും മറികടന്ന് ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കാന്‍ ലെവന്‍ഡോവ്‌സ്‌കിയെ സഹായിച്ചതും അതു തന്നെ. കഴിഞ്ഞ സീസണില്‍ ബയണ്‍ മ്യൂണിക്ക് ജേതാക്കളായ ചാംപ്യന്‍ഷിപ്പുകളിലെല്ലാം ടോപ്‌സ്‌കോറര്‍ ലെവന്‍ഡോവ്‌സ്‌കിയായിരുന്നു. കളിച്ച ഓരോ 76 മിനിറ്റിലും ഒരു ഗോള്‍ എന്നതായിരുന്നു ശരാശരി. ഫിഫയുടെ സൂറിച്ചിലെ ആസ്ഥാനത്ത് ഓണ്‍ലൈന്‍ ചടങ്ങിലൂടെയാണ് ഇത്തവണത്തെ പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞവര്‍ഷം ജൂലായ് 20 മുതല്‍ ഈ ഒക്ടോബര്‍ ഏഴുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. ദേശീയ ടീം പരിശീലകര്‍ക്കും ക്യാപ്റ്റന്മാര്‍ക്കും പുറമെ ആരാധകരും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് വോട്ടെടുപ്പിലൂടെയാണ് ജേതാവിനെ നിര്‍ണയിച്ചത്.