മുയലുകളുടെ ശല്യത്തെ തുടര്‍ന്ന് പൊറുതിമുട്ടിയ രാജ്യമായിരുന്നു ആസ്ട്രേലിയ ഒരു കാലത്ത്. ഏകദേശം 200 ദശലക്ഷം മുയലുകള്‍ ഉണ്ടായിരുന്നു എന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. അന്നത്തെ ആസ്ട്രേലിയന്‍ ജനസംഖ്യയുടെ പത്തിരട്ടി വരുമായിരുന്നു ഇത്. 1788ലാണ് മുയലുകള്‍ ഇവ എത്തിപ്പെട്ടത്. ഇംഗ്ലീഷ് കര്‍ഷകന്‍ വേട്ടയാടല്‍ വിനോദത്തിനുവേണ്ടി തുറന്നുവിട്ട 24 മുയലുകളില്‍ നിന്നാണ് മുയലുകളുടെ കൂട്ടം ആസ്ട്രേലിയയെ കീഴടക്കിയത്. വിഷം വച്ചും കെണിവച്ചും മുയലുകളെ കൊന്നൊടുക്കാനുള്ള കര്‍ഷകരുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. രാജ്യമെങ്ങും ദശലക്ഷക്കണക്കിനു ഡോളര്‍ വരുമാനനഷ്ടം ഉണ്ടാക്കിക്കൊണ്ടിരുന്ന ഇവയുടെ ശല്യം തടയാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഒരു കമ്മിഷനെ സര്‍ക്കാര്‍ നിയമിച്ചു. പടിഞ്ഞാറന്‍ ആസ്ട്രേലിയയിലെ ഫലഭൂയിഷ്ഠമായ കാര്‍ഷിക മേഖലയെ മുയലിന്റെ ആധിക്യമുള്ള കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി രാജ്യത്തിനു കുറുകെ 3250 കിലോമീറ്ററിലധികം നീളമുള്ള വേലി കെട്ടുക എന്നതായിരുന്നു കമ്മിഷന്‍ കണ്ടെത്തിയ ഉപാധി. ലോകത്തെ ഏറ്റവും നീളം കൂടിയവേലി സംരക്ഷിക്കാന്‍ സംരക്ഷകരെയും നിയമിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ കൈക്കൊണ്ട ഈ പ്രത്യേക തീരുമാനവും അതേത്തുടര്‍ന്ന് ഒരു വിഭാഗം മനുഷ്യര്‍ നേരിട്ട ഭീകരമായ വേട്ടയാടലിന്റെയും ചരിത്രമാണ് ഡോറിസ് പില്‍ക്കിന്‍ണിന്റെ ഫോളോ ദി റാബിറ്റ് പ്രൂഫ് ഫെന്‍സ് എന്ന പുസ്തകം. ഇതിനെ ആധാരമാക്കി ഫിലിപ്പ് നോയ്‌സ് സംവിധാനം ചെയ്ത ക്ലാസിക്ക് ചലച്ചിത്രമാണ് റാബിറ്റ് പ്രൂഫ് ഫെന്‍സ്. വെള്ളക്കാരായ ജോലിക്കാര്‍ വേലിയുടെ സമീപം താമസിച്ചിരുന്ന മാര്‍ദു എന്ന ആദിവാസി സമൂഹത്തിലെ സ്ത്രീകളുമായി സൗഹൃദത്തിലാകുന്നു. ഈ ബന്ധത്തില്‍ അവര്‍ക്ക് കുട്ടികള്‍ ജനിക്കുന്നു. ഇത്തരത്തില്‍ ജനിച്ച കുട്ടികളെ നല്ല ഭക്ഷണവും വിദ്യാഭ്യാസവും കൊടുത്തു അവരിലെ ആദിവാസി സംസ്‌കാരത്തെ അവരുടെ രക്തത്തില്‍ നിന്ന് പൂര്‍ണമായും ഇല്ലാതാക്കി യൂറോപ്യന്‍ സംസ്‌കാരത്തില്‍ വളര്‍ത്തിയെടുക്കാന്‍ വേണ്ടി നിര്‍ബന്ധമായി അവരുടെ വീടുകളില്‍ നിന്നു പിടിച്ചു കൊണ്ടുപോകാന്‍ വെള്ളക്കാര്‍ പദ്ധതി തയ്യാറാക്കി. നൂറുകണക്കിന് കിലോമീറ്ററുകള്‍ അകലെ പെര്‍ത്തിനു സമീപമുള്ള മോര്‍ റിവര്‍ സെറ്റില്‍മെന്റ് എന്ന ഹോസ്റ്റലിലേക്കായിരുന്നു ഈ കുട്ടികളെ കൊണ്ടുപോയിരുന്നത്. ഈയൊരു വേര്‍പെടുത്തല്‍ ആ കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും അളവില്ലാത്ത വേദനയും ദുരിതങ്ങളുമാണ് സമ്മാനിച്ചത്.

പടിഞ്ഞാറന്‍ ആസ്ട്രേലിയയിലെ ജിഗലോംഗ് എന്ന ദേശത്ത് താമസമാക്കിയിരുന്ന ആദിവാസി വിഭാഗത്തില്‍പെട്ട മൂന്ന് പെണ്‍കുട്ടികളെ പിടികൂടുവാന്‍ അധികൃതര്‍ പദ്ധതിയിടുന്നത് മുതലാണ് റാബിറ്റ് പ്രൂഫ് ഫെന്‍സ എന്ന ചലച്ചിത്രം ആരംഭിക്കുന്നത്. പിതാക്കന്മാര്‍ വെള്ളക്കാര്‍ ആയിരുന്ന പതിനാല് വയസുകാരിയായ മോളി ക്രെയ്ഗും, അവളുടെ എട്ടുവയസുകാരിയായ സഹോദരി ഡെയ്സിയും, കസിനായ ഗ്രെയ്സിയുമായിരുന്നു പെണ്‍കുട്ടികള്‍. തങ്ങളുടെ കുട്ടികള്‍ പിടിക്കപ്പെട്ടേക്കും എന്ന ഭയം ഉണ്ടായിരുന്നതിനാല്‍ അവരുടെ രക്ഷിതാക്കള്‍ അപരിചിതരുടെ മുന്നില്‍നിന്നും ഈ കുട്ടികളെ മറയ്ക്കുവാന്‍ ശ്രദ്ധിച്ചിരുന്നു. ആ കാലത്ത് അര്‍ദ്ധവര്‍ഗ നിയന്ത്രണനിയമം നടപ്പിലാക്കുവാന്‍ നിയമിക്കപ്പെട്ടിരുന്ന ഉന്നതഉദ്യോഗസ്ഥന്‍ നെവില്‍ രഹസ്യമായി ആ മൂന്ന് പെണ്‍കുട്ടികളെക്കുറിച്ചുള്ള വിവരം അറിഞ്ഞതു മുതല്‍ എത്രയും വേഗം അവരെ പിടികൂടുവാന്‍ കീഴുദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ വേലിയുടെ പശ്ചാത്തലത്തില്‍ വച്ചുതന്നെ പെണ്‍കുട്ടികള്‍ പിടിക്കപ്പെടുകയാണ്. അര്‍ദ്ധവര്‍ഗ നിയന്ത്രണ നിയമപ്രകാരം പിടിക്കപ്പെട്ട ആ പെണ്‍കുട്ടികളെ ജിഗലോംഗില്‍ നിന്ന് 1500 മൈലുകള്‍ക്ക് അപ്പുറത്തെ ‘മൂര്‍ റിവര്‍ നേറ്റീവ് സെറ്റില്‍മെന്റിലേയ്ക്കാണ് കൊണ്ടുപോകുന്നത്. ട്രെയിനിലും പിന്നീട് ട്രക്കിലുമായി ദിവസങ്ങള്‍ യാത്രചെയ്ത് അവര്‍ എത്തിച്ചേരുന്നത് തികച്ചും അപരിചിതവും എന്നാല്‍ തങ്ങളെപ്പോലെയുള്ള കുറെ പെണ്‍കുട്ടികള്‍ പാര്‍ക്കുന്നതുമായ ഒരു ക്യാമ്പിലേയ്ക്കാണ്. പുഞ്ചിരിയോടെ അവരെ ശുശ്രൂഷിക്കാനെത്തുന്ന വെള്ള വസ്ത്രധാരിണികളായ സന്യാസിനിമാര്‍ മുതല്‍ ഭീകരമായ മുഖഭാവത്തോടെ കുട്ടികളെ തുറിച്ചുനോക്കുകയും രക്ഷപെടാന്‍ ശ്രമിക്കുന്നവരെ നിര്‍ദാക്ഷിണ്യം തിരികെ പിടിച്ചുകൊണ്ടുവരികയും ചെയ്യുന്ന കറുത്ത വര്‍ഗക്കാരന്‍ മൂഡോ വരെയുള്ള എല്ലാവരും ആ പിഞ്ചുമനസുകളില്‍ അസ്വസ്ഥതയാണ് സൃഷ്ടിക്കുന്നത്.

ബലം പ്രയോഗിച്ച് അവരെ ക്യാമ്പില്‍ എത്തിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞുവെങ്കിലും ഏതുവിധേനയും നാട്ടില്‍ തിരികെ എത്തണമെന്ന് നിശ്ചയിച്ചിരുന്നു. തങ്ങള്‍ക്ക് മുമ്പേ അവിടെ എത്തിക്കപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാള്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതും എന്നാല്‍ പിടിക്കപ്പെടുകയും ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യുന്നതുമെല്ലാം ആശങ്കയോടെ വീക്ഷിച്ചിരുന്നുവെങ്കിലും മഴക്കാറുകള്‍ മൂടിയ ഒരു ദിവസം മോളി തന്റെ സഹോദരിമാരെയും കൂട്ടി തിരികെ പോകുവാന്‍ തീരുമാനിക്കുകയാണ്. ചെറുമൃഗങ്ങളെ വേട്ടയാടുന്നതിലും ലക്ഷണങ്ങളിലൂടെ കാടിനെ മനസിലാക്കുന്നതിലും വിദഗ്ദയായ മോളിക്ക് മഴയ്ക്ക് തങ്ങളെ ശത്രുക്കളില്‍ നിന്ന് മറയ്ക്കാനാവുമെന്ന് അറിയാമായിരുന്നു. വഴികളില്‍ കണ്ട വീടുകളില്‍ കയറി ഭക്ഷണം യാചിച്ചും അന്തിയുറങ്ങിയും അവര്‍ നടത്തം തുടര്‍ന്നു. യാത്ര പുറപ്പെട്ട് ഏതാണ്ട് 800 കിലോമീറ്ററുകള്‍ പിന്നിട്ടപ്പോള്‍ അവര്‍ മുയലുകളെ തടയാന്‍ നിര്‍മ്മിച്ച വേലിയുടെ അടുത്ത് എത്തുന്നു. ഇത്രയും നടന്നു കഴിഞ്ഞെങ്കിലും അവര്‍ ഇപ്പോഴും പകുതിവഴിയെ പിന്നിട്ടിട്ടുണ്ടായിരുന്നുള്ളൂ. നടന്നു കാലിലെ മുറിവുകള്‍ പഴുത്തുതുടങ്ങി. മോളിയും ഗ്രേയ്‌സിയും കുഞ്ഞു ഡെയ്സിയെ മാറി മാറി എടുത്തുകൊണ്ടു നടന്നു. വിശപ്പും ദാഹവും ക്ഷീണവും അവരെ അലട്ടി. പക്ഷെ, വീട്ടിലെത്താനുള്ള ത്വര എല്ലാം മറന്നു മുന്നോട്ടുപോകാന്‍ അവര്‍ക്കു ശക്തി നല്‍കി. അതേ സമയം ഈ കുട്ടികളെത്തേടി പൊലീസും അന്വേഷണം തുടങ്ങിയിരുന്നു. പത്രങ്ങളിലെല്ലാം വാര്‍ത്ത വന്നു. ഒളിച്ചും പാത്തും കുട്ടികള്‍ വീട്ടിലേക്കുള്ള പ്രയാണം തുടര്‍ന്നുകൊണ്ടിരുന്നു. കുഴപ്പമില്ലെന്ന് തോന്നിക്കുന്നവരുടെ അടുത്തു മാത്രമേ മോളി സഹായം ചോദിച്ചുള്ളൂ. താഴ്ന്നു പറന്നു അന്വേഷണം നടത്തുന്ന വിമാനങ്ങളില്‍ നിന്ന് രക്ഷപെടാന്‍ അവര്‍ മരച്ചില്ലകളുടെ ഇടയില്‍ ഒളിച്ചു.

യാത്രാമദ്ധ്യേ ഒരു വ്യക്തിയാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട് വഴിമാറി സഞ്ചരിക്കുന്ന ഗ്രെയ്സി ഒറ്റപ്പെട്ട ഒരു റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച് പിടിക്കപ്പെടുന്നു. അവളെ അധികൃതര്‍ ബലമായി പിടിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുമ്പോള്‍ മറഞ്ഞിരുന്ന് അത് വീക്ഷിക്കുന്ന മോളി, തന്റെ അനുജത്തിയോട് പറയുന്നു, ‘അവള്‍ പോയി. ഇനി ഒരിക്കലും വരില്ല’. കുട്ടികളുടെ യാത്രയ്ക്കിടെ അവരെ മനസറിഞ്ഞ് സഹായിക്കുന്നവരും പിടിച്ചുകൊടുക്കുവാന്‍ ശ്രമിക്കുന്നവരുമുണ്ട്. അവരെ കണ്ടെത്തുവാന്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു. അപ്രകാരം ഒരു കെണിയിലാണ് ഗ്രെയ്സി അകപ്പെടുന്നത്. ഒമ്പത് ആഴ്ചകള്‍ നീണ്ട നടത്തത്തിനൊടുവില്‍ 1500 മൈലുകള്‍ പിന്നിട്ട് ഒടുവില്‍ അവര്‍ ജിഗാലോഗില്‍ തിരിച്ചെത്തി കുടുംബത്തോടു ചേര്‍ന്നു. കുട്ടികള്‍ രക്ഷപ്പെട്ടു നാലു വര്‍ഷങ്ങള്‍ക്കു ശേഷം മോസ്ലി റോയല്‍ കമ്മിഷന്‍ മോര്‍ റിവര്‍ സെറ്റില്‍മെന്റ് സന്ദര്‍ശിക്കുകയും അവിടത്തെ പരിതാപകരമായ അവസ്ഥ മനസിലാക്കി ആ ഹോസ്റ്റല്‍ അടച്ചുപൂട്ടുകയും ചെയ്യുന്നു. 2002ല്‍ പുറത്തിറങ്ങിയ റാബിറ്റ് പ്രൂഫ് ഫെന്‍സില്‍ മോളിയെ അനശ്വരമാക്കിയത് എവര്‍ലിന്‍ സാംപിയാണ്. ഡെയ്സി ക്രെയ്ഗിനെ ടിയാന സാന്‍സ്ബറിയും ഗ്രെയ്സി ഫീല്‍ഡ്സിനെ ലോറ മോനഗനും അവതരിപ്പിച്ചിരിക്കുന്നു.