വന ഗായികേ വാനില്‍ വരൂ നായികേ,വാനില്‍ വരൂ നായികേ…പാവപ്പെട്ടവളായ ലക്ഷ്മിയെ വിദ്യാസമ്പന്നനും പണക്കാരനുമായ സോമന്‍ പ്രണയിച്ച് വിവാഹം കഴിക്കുന്നു. തുടര്‍ന്ന് ഇവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ജീവിതനൗക എന്ന ചലച്ചിത്രത്തിന്റെ ഇതിവൃത്തം. ബാല്യകാലം മുതലുള്ള അവരുടെ പ്രണയം സാഫല്യമായെങ്കിലും പിന്നീട് ലക്ഷ്മി അനുഭവിക്കേണ്ടി വന്ന നരകയാതനകള്‍ മലയാളിയുടെ മനസില്‍ കനലായി നീറിയതോടെ മലയാള സിനിമാ ചരിത്രത്തിലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് പിറവി കൊണ്ടു. അഞ്ച് ലക്ഷം രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ജീവിതനൗക എന്ന സിനിമ ബോക്‌സ് ഓഫീസില്‍ നിന്ന് 30 ലക്ഷം കളക്ഷന്‍ നേടി ! കെ.വേമ്പു സംവിധാനം ചെയ്ത ചിത്രം കെ ആന്‍ കെ പ്രൊഡക്ഷന്റെ ബാനറില്‍ കുഞ്ചാക്കോയും കെ.വി കോശിയും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. 1951 മാര്‍ച്ച് 15 റിലീസ് ചെയ്ത ചിത്രത്തിന് എഴുപത് വയസ് തികയുകയാണ്. തിരുവനന്തപുരത്ത് 284 ദിവസം തുടര്‍ച്ചയായി ചിത്രം പ്രദര്‍ശിപ്പിച്ചു. എറണാകുളത്ത് 107 ദിവസവും കോഴിക്കോട്ട് 175 ദിവസവും കൊല്ലം, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ 100 ദിവസവും നിറഞ്ഞോടി. ജീവിതനൗകയുടെ വിജയത്തോടെ തിക്കുറിശ്ശി മലയാളത്തിലെ ആദ്യ സൂപ്പര്‍സ്റ്റാറായി വാഴ്ത്തപ്പെട്ടു. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റപ്പെട്ടു. മലയാളത്തില്‍ നിന്ന് മൊഴിമാറ്റുന്ന ആദ്യ സിനിമയെന്ന ബഹുമതി കൂടി ജീവിതനൗക സ്വന്തമാക്കി.
വിഗതകുമാരന്‍, മാര്‍ത്താണ്ഡവര്‍മ്മ എന്നി നിശബ്ദ ചിത്രങ്ങള്‍ക്കു ശേഷം മലയാളം സംസാരിച്ചെത്തിയ ആദ്യ സിനിമ ബാലന്‍ റിലീസ് ചെയ്തത് 1938 ല്‍
ആണ്. പിന്നാലെ ജ്ഞാനാംബിക, പ്രഹ്ലാദന്‍, നിര്‍മല, വെള്ളിനക്ഷത്രം തുടങ്ങിയ ചിത്രങ്ങളും പുറത്തിറങ്ങി. 1942ല്‍ മലയാളത്തില്‍ സിനിമകള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെ, ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപമാണ് ഉദയ പിക്‌ചേഴ്‌സ് എന്ന സംരംഭത്തിന് കുഞ്ചാക്കോ തുടക്കമിട്ടത്. അഞ്ച് വര്‍ഷത്തിനു ശേഷം ഉദയ സ്റ്റുഡിയോയ്ക്കു തറക്കല്ലിട്ടു. 1949 ല്‍ വെള്ളിനക്ഷത്രം എന്ന സിനിമയിലൂടെയാണ് ഉദയയുടെ കടന്നുവരവ്. ഉദയയുടെ ബാനറില്‍ ഒരു ലക്ഷത്തോളം രൂപ മുതല്‍ മുടക്കില്‍ കുഞ്ചാക്കോയും തിരുവല്ലക്കാരന്‍ കെ.വി.കോശിയും ചേര്‍ന്ന് 1950ല്‍ നിര്‍മിച്ച നല്ലതങ്ക എന്ന ചിത്രം സാമ്പത്തികമായി വിജയമായിരുന്നു. സിനിമയുടെ വിജയം ഇരുവര്‍ക്കും ആവേശം പകര്‍ന്നു. തുടര്‍ന്നാണ് മലയാളത്തിലെ ആദ്യ സൂപ്പര്‍ഹിറ്റ് സിനിമയുടെ പണിപ്പുരയിലേക്ക് കടന്നത്. ജീവിതനൗകയ്ക്ക് കഥയ്ക്ക് തിരക്കഥയും സംഭാഷണങ്ങളുമെഴുതിയത് മുതുകുളം രാഘവന്‍പിള്ളയാണ്. മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലന്റെ തിരക്കഥാകൃത്തും നടനും ഗാനരചയിതാവുമെല്ലാമായിരുന്നു അദ്ദേഹം. തിക്കുറുശി, ബി.എസ് സരോജ, പങ്കജവല്ലി, എസ്.പി പിള്ള, ആദിമൂലം, നാണുക്കുട്ടന്‍ തുടങ്ങിയവായിരുന്നു പ്രധാന അഭിനേതാക്കള്‍. അഭയദേവിന്റെ വരികള്‍ക്ക് വി.ദക്ഷിണാമൂര്‍ത്തി ഈണം നല്‍കിയ പതിനാല് ഗാനങ്ങളാണ് ചിത്രത്തിലുണ്ടായിരുന്നത്. പി.ലീല, കവിയൂര്‍ രേവമ്മ, മെഹബൂബ്, ചന്ദ്രിക, തിരുച്ചി ലോകനാഥന്‍, സുന്ദരം എന്നിവരായിരുന്നു ഗായകര്‍. പി.ലീലയും മെഹബൂബും ആലപിച്ച വനഗായികേ വാനില്‍ വരൂ നായികേ, വാനില്‍ വരൂ നായികേ… എന്ന ഗാനം എന്നും മലയാളികള്‍ മൂളി നടക്കുന്നുണ്ട്. പ്രശസ്ത ഗായകന്‍ മെഹബൂബിന്റെ സിനിമാപ്രവേശവും ഈ ചിത്രത്തിലൂടെയായിരുന്നു. മഹാകവി വള്ളത്തോളിന്റെ മഗ്ദലന മറിയം മഹാകാവ്യത്തിലെ വരികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കവിത ഉള്‍പ്പെടുത്തിയതിലെ പ്രതിഫലത്തെ ചൊല്ലി നിര്‍മ്മാതാക്കളും കവിയുമായി കേസ് തര്‍ക്കമുണ്ടായിട്ടുണ്ട്.
വിജയഫോര്‍മുലയുടെ നൗക
നര്‍മ മുഹൂര്‍ത്തങ്ങളും ജീവിതഗന്ധിയായ സന്ദര്‍ഭങ്ങളും ഗാനങ്ങളുമെല്ലാം കൃത്യമായ ഫോര്‍മുലയില്‍ പാകപ്പെടുത്തി ആദ്യമായിറങ്ങിയ ചിത്രമെന്ന നിലയില്‍ ജീവിത നൗകയെ ജനങ്ങള്‍ ഹൃദയം കൊണ്ട് സ്വീകരിച്ചു. പ്രണയം മാത്രമായിരുന്നില്ല ജീവിത നൗകയുടെ കഥയിലെ കാമ്പ്. അക്കാലത്തെ സാമൂഹികാവസ്ഥ പ്രതിഫലിപ്പിക്കുന്ന ചിത്രം പ്രേക്ഷകരുമായി വേഗത്തില്‍ സംവദിച്ചു. ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം ജാതിയും സാമ്പത്തും ഒന്നും നോക്കാതെ സോമനും ലക്ഷ്മിയും വിവാഹിതരായെങ്കിലും ക്രൂരയായ ചേട്ടത്തിയമ്മയുടെ പീഡനം ലക്ഷ്മിക്കു താങ്ങാനാകാതെയായി. ഇതോടെ അവര്‍ മകന്‍ ഗോപിയെയും കൂട്ടി ലക്ഷ്മിയുടെ കുടിലിലേക്കു താമസം മാറി. പട്ടിണി സഹിക്കവയ്യാതെ സോമന്‍ ജോലിയന്വേഷിച്ചു പോയി. പലയിടത്തും നിരാശയായിരുന്നു ഫലം. അതിനിടയില്‍ ഒരു മുതലാളിയുടെ കാറിടിച്ച് സോമനു പരുക്കേറ്റു. പിന്നീട് അവരുടെ എസ്റ്റേറ്റ് മാനേജരായി സോമന് ജോലി ലഭിച്ചു. ഇതിനിടയില്‍ സോമന്റെ ജ്യേഷ്ഠന്റെ ഭാര്യ ജാനുവും സഹോദരന്‍ ശങ്കുവും കൂടി നാട്ടിലെ ജന്മിയുടെ സഹായത്തോടെ ലക്ഷ്മിയുടെ കുടില്‍ കത്തിക്കുകയും അവരെയും ഗോപിയെയും നാട്ടില്‍ നിന്നോടിക്കുകയും ചെയ്തു. സോമന്‍ ലക്ഷ്മിക്ക് അയച്ച മണിയോര്‍ഡറുകള്‍ ജാനുവാണ് കൈപ്പറ്റിയിരുന്നത്. ലക്ഷ്മി യാചക സംഘം രൂപീകരിച്ച് അവരെ സഹായിച്ചാണ് ജീവിച്ചു പോയിരുന്നത്. ഇതിനിടെ സോമനെ എസ്റ്റേറ്റ് മുതലാളിയുടെ സഹോദരിക്കൊപ്പം കണ്ടു തെറ്റിദ്ധരിച്ച് ലക്ഷ്മി ജീവനൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നു മനസിലാക്കി അവള്‍ നാടകസംഘത്തില്‍ ചേരുകയാണ്. സോമന്റെ സഹോദരന്‍ രാജു കബളിപ്പിക്കപ്പെട്ട് പൊലീസിന്റെ പിടിയിലാകുകയും ലക്ഷ്മിയെയും മകനെയും ഒപ്പം കൂട്ടാനെത്തിയ സോമന്‍ കൊലക്കുറ്റത്തിന് ജയിലല്‍ ആകുകയും ചെയ്യുന്നതോടെ കഥയില്‍ വഴിത്തിരിവുണ്ടാകുന്നു. ഒടുവില്‍ യഥാര്‍ഥ കുറ്റവാളിയെ പൊലീസ് അറസ്റ്റ് ചെയ്തതോടെ സോമന്‍ മോചിതനാകുന്നു. സോമനും ലക്ഷ്മിയും ഒന്നുചേര്‍ന്നു. എല്ലാം നഷ്ടമായി യാചകവേഷത്തിലെത്തിയ ജാനുവിനെ ലക്ഷ്മി കെട്ടിപ്പിടിച്ച് സ്വീകരിക്കുന്നതോടെ മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് തിരശീല വീഴുകയാണ്.സോമന്‍ എന്ന കഥാപാത്രത്തെ തിക്കുറിശി സുകുമാരന്‍ നായരാണ് അവതരിപ്പിച്ചത്. ബി.എസ്.സരോജ ലക്ഷ്മിയെന്ന കഥാപാത്രത്തെ ആനശ്വരമാക്കിയപ്പോള്‍ ജ്യേഷ്ഠന്‍ രാജുവിനെ സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ അവിസ്മരണീയമാക്കി. ക്രൂരയായ ചേട്ടത്തിയമ്മ ജാനുവായി പങ്കജവല്ലി നിറഞ്ഞാടി. പി.എല്‍.ജെ റൂമെസിന്റെ കലാസംവിധാനവും ബാലസുബ്രഹ്‌മണ്യത്തിന്റെ ഛായാഗ്രഹണവും കെ.ഡി.ജോര്‍ജിന്റെ എഡിറ്റിംഗും ചിത്രത്തിനു ജീവനേകി.