മാനവരാശിയുടെ ഏറ്റവും മഹത്തരമായ കണ്ടുപിടിത്തങ്ങളിലൊന്നായിരുന്നു കമ്പ്യൂട്ടറിന്റേത്. കമ്പ്യൂട്ടര്‍ എന്ന ഇംഗ്ലീഷ് വാക്കിന്റെ ആര്‍ത്ഥം കണക്കുകൂട്ടുന്നത് എന്നാണ്. നമ്മള്‍ കീബോര്‍ഡിലും മൗസിലും ഒക്കെയായി നല്‍കുന്ന ഇന്‍പുട്ടുകളെ ബൈനറി സംഖ്യകളാക്കി മാറ്റി സങ്കീര്‍ണമായ ചില കണക്കുകള്‍ ചെയ്ത് അതിന്റെ ഫലം പുറത്തേക്ക് നല്‍കുകയാണ് കമ്പ്യൂട്ടര്‍ പ്രാഥമികമായി ചെയ്യുന്നത്. സംഖ്യകളെ ചിത്രമോ ശബ്ദമോ പോലുള്ള മറ്റ് കാര്യങ്ങളുടെ സൂചകങ്ങളായി ഉപയോഗിക്കാം എന്ന ആശയത്തിലൂടെ ആധുനിക കമ്പ്യൂട്ടറിനെ ആദ്യം വിഭാവനം ചെയ്തത് പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അഡ ലവ്‌ലേസ് എന്ന പെണ്‍ പ്രതിഭായായിരുന്നു. മനുഷ്യകുലത്തിലെ ആദ്യ പ്രോഗ്രാമര്‍ എന്ന് അഡ അഗസ്റ്റ കിംഗ് എന്ന അഡ ലവ്‌ലേസയെ വിശേഷിപ്പിക്കാം. പത്തൊന്‍പതാം നൂറ്റാണ്ടു മുതല്‍ രണ്ടാം ലോകമഹായുദ്ധ കാലം വരെ സ്ത്രീകളുടെ പണിയായിരുന്നു കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്.
” ഒരു നെയ്ത്ത് യന്ത്രം ഇലകളും പൂക്കളും തുണിയില്‍ നെയ്യുന്നത് പോലെയാണ് അനലറ്റിക്കല്‍ എഞ്ചിന്‍ ബീജഗണിത ക്രമവിന്യാസങ്ങള്‍ നെയ്യുന്നത്. എഞ്ചിന് അക്ഷരങ്ങളെയും സാമാന്യ ചിഹ്നരൂപങ്ങളെയും ചെയ്യുന്നത് പോലെ സംഖ്യകളെ വിന്യസിക്കാനും കൂട്ടിച്ചേര്‍ക്കുവാനും കഴിയും. ഒരുപക്ഷേ, വേണ്ടവിധം സജ്ജീകരണങ്ങള്‍ ഉണ്ടെങ്കില്‍ ഉത്തരം ബീജഗണിത ചിഹ്നങ്ങളിലും ഇതിനു നല്‍കാനാവും ” കമ്പ്യൂട്ടറിന്റെ ആദ്യരൂപമായ അനലിറ്റിക്കല്‍ എഞ്ചിനെക്കുറിച്ച് അഡ ലവ്‌ലേസിന്റെ അഭിപ്രായമാണിത്. ചാള്‍സ് ബാബേജിന്റെ അനലിറ്റികല്‍ എഞ്ചിന്റെ രൂപരേഖ തയ്യാറാക്കാന്‍ സഹായിച്ചതും ബാബേജിന്റെ ആശയങ്ങളെ ജനങ്ങളിലേക്കെത്തിച്ചതും ലേഡി അഡയായിരുന്നു. ലോകത്തെ ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയി പരിഗണിക്കപ്പെടുന്നതും അഡയെ തന്നെയാണ്.
ആന്‍ ഇസബെല്ല ബൈറന്റെയും പ്രശസ്ത കവി ബൈറന്‍ പ്രഭുവിന്റെയും പുത്രിയായി 1815 ഡിസംബര്‍ 10ന് അഡ അഗസ്റ്റ കിംഗ് ജനിച്ചു. ആണ്‍കുട്ടി ജനിക്കണം എന്ന ആഗ്രഹിച്ച ബൈറന്‍ ഒരു പെണ്‍കുട്ടി പിറന്നതില്‍ നിരാശനായിരുന്നു. ഏകദേശം നാല് മാസങ്ങള്‍ക്ക് ശേഷം ബൈറന്‍ അവരെ ഉപേക്ഷിച്ച് ഇംഗ്ലണ്ടില്‍ നിന്ന് യാത്ര തിരിച്ചു. ഗ്രീസില്‍ വച്ച് അദ്ദേഹം മരണപ്പെട്ടു. അന്ന് അഡയ്ക്ക് എട്ട് വയസായിരുന്നു പ്രായം. അച്ഛന്റെ ഭ്രാന്തന്‍ കവ്യജീവിതത്തിലേക്ക് തന്റെ മകള്‍ കടക്കുന്നതില്‍ അമ്മയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല. അവര്‍ അഡയ്ക്ക് കണക്കിലും ശാസ്ത്രത്തിലും പ്രത്യേകം അദ്ധ്യാപകരെ ഏര്‍പ്പെടുത്തി. സാമൂഹ്യ പരിഷ്‌ക്കര്‍ത്താവായിരുന്ന വില്യം ഫ്രെന്‍ഡ്, കുടുംബ ഡോക്ടര്‍ ആയിരുന്ന വില്യം കിംഗ്, സ്‌കോട്ട്‌ലന്‍ഡുകാരിയായ ഗണിതശാസ്ത്രജ്ഞയും വാനശാസ്ത്രജ്ഞയുമായ മറി സൊമര്‍വില്ലെ തുടങ്ങിയവര്‍ അഡയുടെ അദ്ധ്യാപകരായിരുന്നു. 1833ല്‍ പതിനേഴാം വയസിലാണ് അഡ ചാള്‍സ് ബാബേജിനെ പരിചയപ്പെടുന്നത്. കമ്പ്യൂട്ടറിന്റെ പിതാവായി ഇന്ന് കണക്കാക്കപ്പെടുന്ന ബാബേജ് കേംബ്രിഡ്ജ് യൂണിവേസിറ്റിയിലെ ഒരു ഗണിതശാസ്ത്ര പ്രൊഫസറായിരുന്നു. ബാബേജ് തന്റെ ഡിഫെറെന്‍സ് എഞ്ചിന്‍ എന്ന ഗണിതക്രിയകള്‍ ചെയ്യാന്‍ സഹായിക്കുന്ന യന്ത്രത്തെ പറ്റിയുള്ള ആശയം അഡയുമായി പങ്കുവച്ചു. ബാബേജ് അതിന്റെ പ്രാരംഭ രൂപം കാണുന്നതിന് അഡയെ ക്ഷണിച്ചു. അവള്‍ അതില്‍ അത്യന്തം ആകൃഷ്ടയായി. ബാബേജ് അഡയ്ക്ക് ഒരു സുഹൃത്തും വഴികാട്ടിയുമായി മാറി. ബാബേജ് വഴി ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസറായ അഗസ്ടസ് ഡീ മോര്‍ഗനെ അഡ പരിചയപ്പെടുകയും അദ്ദേഹത്തില്‍ നിന്ന് ഗണിതശാസ്ത്ര തുടര്‍പഠനത്തിന് സഹായം ലഭിക്കുകയും ചെയ്തു.
ലവ്‌ലേസ് പ്രഭുവുമായിള്ള വിവാഹശേഷം ബാബേജുമൊത്തുള്ള ഗവേഷണപ്രവര്‍ത്തനം ഒരു പരിധിവരെ അവസാനിച്ചെങ്കിലും കത്തുകള്‍ വഴി അവര്‍ ആശയവിനിമയം നടത്തിവന്നു. ബാബേജ് 1837 ല്‍ ആയിരുന്നു അനലറ്റിക്കല്‍ എഞ്ചിനെപ്പറ്റി ചിന്തിച്ചുതുടങ്ങിയത്. ഡിഫെറെന്‍സ് എഞ്ചിനേക്കാള്‍ സങ്കീര്‍ണമായ ക്രിയകള്‍ ചെയ്യാന്‍ ശേഷിയുള്ളതായിരുന്നു എഞ്ചിന്‍. 1842-43 കാലഘട്ടത്തില്‍ ഇറ്റാലിയന്‍ ഗണിതശാസ്ത്രജ്ഞന്‍ ലുയിഗി ഫെഡെരികൊ മെനബ്രിയ ബാബേജിന്റെ യന്ത്രങ്ങളെ പറ്റി എഴുതിയ ചില പ്രബന്ധങ്ങള്‍ അഡ തര്‍ജമ ചെയ്തിരുന്നു. അതില്‍ തന്റേതായ ചില കുറിപ്പുകള്‍ കൂടി അവര്‍ കൂട്ടി ചേര്‍ത്തു. ബാബേജിന്റെ ചില പിഴവുകള്‍ തിരുത്തുന്നതിനോടൊപ്പം പുതിയ യന്ത്രം ഉപയോഗിച്ച് ബെര്‍ണുള്ളീ നമ്പറുകള്‍ എന്നറിയപ്പെടുന്ന സംഖ്യാ ശ്രേണി നിര്‍മിക്കാം എന്നും അവര്‍ കണ്ടെത്തി. ചിത്രങ്ങളൂം ചാര്‍ട്ടുകളും ഉപയോഗിച്ച് അത് എങ്ങനെയെന്ന് അവര്‍ വിശദീകരിക്കുകയും ചെയ്തു. ആദ്യത്തെ കമ്പ്യൂട്ടര്‍ അല്‍ഗോരിതമായി ഇതിനെ കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമറെന്ന് അഡയെ വിശേഷിപ്പാം. ലവ്‌ലേസിന്റെ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെടുകയും ശാസ്ത്രസമൂഹത്തില്‍ അവ വന്‍തോതില്‍ സ്വീകരിക്കപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് പ്രശസ്ത ശാസ്ത്രജ്ഞനായ മൈക്കല്‍ ഫാരഡെ താന്‍ അഡയുടെയുടെ ആരാധകനായി എന്ന് പറയുകയുണ്ടായി.
1852 ല്‍ മുപ്പത്തിയാറാം വയസില്‍ അഡ ലവ്‌ലേസ് കാന്‍സര്‍ ബാധിതയായി ഈ ലോകത്തോട് വിട പറഞ്ഞു. ചെറുപ്പത്തില്‍ മീസില്‍സ് വന്നതുപോലെ പലതരം രോഗങ്ങള്‍ കൊണ്ട് ദുര്‍ബലയായിരുന്നിട്ട് പോലും ചരിത്രം മാറ്റിമറിച്ച് സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറിംഗിന് സൈദ്ധാന്തികമായി ആരംഭമിട്ടുകൊണ്ടാണ് എയ്ഡ തന്റെ ചെറിയ ജീവിതകാലം സ്മരണീയമാക്കിയത്. ലവ്‌ലേസിന്റെ ആഗ്രഹപ്രകാരം ഇംഗ്ലണ്ടിലെ നോട്ടിംഹാമിലെ സെന്റ് മേരി ദേവാലയത്തില്‍ ലോര്‍ഡ് ബൈറന്റെ കുഴിമാടത്തിന് സമീപം തന്നെ അവരെ അടക്കി. അവരുടെ കുറിപ്പുകള്‍ പുനഃപ്രസിദ്ധീകരിക്കപ്പെടുന്നതിനും ആധുനീക കമ്പ്യൂട്ടറുകള്‍ നിര്‍മിച്ചുതുടങ്ങുന്നതിനും വീണ്ടും ഏകദേശം 100 വര്‍ഷങ്ങള്‍ വരെ എടുത്തു. ആദ്യകാല പ്രോഗ്രാമിംഗ് ഭാഷയായ അഡയുടെ പേര് അഡ ലവ്‌ലേസിന്റെ സ്മരണയ്ക്കായി നല്‍കിയിരിക്കുന്നതാണ്.