ഘാനയെന്ന പദത്തിന്റെ അര്‍ത്ഥം പോരാളികളുടെ രാജാവ് എന്നാണ്. പാവപ്പെട്ട സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിനും സ്ത്രീശാക്തീകരണത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച എസ്തര്‍ അഫുവ ഒക്ലുവാണ് ഘാനക്കാരുടെ യഥാര്‍ത്ഥ പോരാളി. ഇരുമ്പുപണിക്കാരനായ ജോര്‍ജിന്റെയും കൃഷിപ്പണിക്കാരിയായ ജോര്‍ജിനയുടെയും മകളായി ഘാനയിലെയൊരു ദരിദ്ര ചേരിയിലായിരുന്നു എസ്തറിന്റെ ജനനം. സാമ്പത്തികമായി വളരെ പിന്നിലായിരുന്നു ഇവരുടെ കുടുംബം. ചെറുപ്പത്തില്‍ മുഴു പട്ടിണിയായിരുന്നു അവള്‍ക്ക് കൂട്ട്. പഠിക്കാന്‍ മിടുക്കിയായിരുന്ന എസ്തര്‍ പ്രെസ്ബറ്റേറിയന്‍ പ്രൈമറി സ്‌കൂളിലാണ് പ്രഥമിക വിദ്യാഭ്യാസം നേടിയത്. തുടര്‍ന്നു പഠിക്കാന്‍ വീട്ടിലെ സാമ്പത്തിക സ്ഥിതി അനുവദിക്കില്ലെന്നു എസ്തറിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടവള്‍ കൂടുതല്‍ മിടുക്കിയായി പഠിച്ച് അക്കിമോട്ടോ കോളേജില്‍ നിന്ന് തുടര്‍ പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കി.
കഷ്ടപ്പാടുകള്‍ നിരന്തരം വേട്ടയാടുമ്പോഴും വലിയ സ്വപ്നങ്ങള്‍ കാണാനും അതിലേക്കുള്ള പാത തെളിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടേയിരുന്നു. ചെറുപ്പം മുതലെ സംരംഭകയാകണമെന്ന ആഗ്രഹം മനസില്‍ കൊണ്ടു നടന്ന എസ്തര്‍ കൗമാരകാലഘട്ടത്തില്‍ ചെറിയ ചെറിയ ബിസിനസ് ചെയ്യാന്‍ ആരംഭിച്ചു. കൈയ്യില്‍ അവശേഷിച്ച ഏതാനും ചില്ലറത്തുട്ടുകള്‍ കൊണ്ട് കുറച്ച് ഓറഞ്ചും പഞ്ചസാരയും സംഘടിപ്പിച്ച് ജ്യൂസുണ്ടാക്കി വിറ്റുകൊണ്ടായിരുന്നു തുടക്കം. താമസിയാതെ താന്‍ പഠിച്ച സ്‌കൂളില്‍ നിന്നും ജാമും ജ്യൂസും ഉണ്ടാക്കിക്കൊടുക്കാനുള്ള കരാര്‍ എസ്തറിന് ലഭിച്ചു. പിന്നീട് ബിസിനസ് വിപുലീകരിക്കാന്‍ ബാങ്ക് ലോണുകളും ലഭിച്ചതോടെ പച്ചപിടിച്ചു തുടങ്ങി. ബിസിനസിനൊപ്പം പഠനത്തിലും ശ്രദ്ധചെലുത്താന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചു. ബ്രിസ്റ്റള്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഭക്ഷ്യസംസ്‌കരണത്തില്‍ ബിരുദാനന്തര ബിരുദം നേടി. ഇതൊടൊപ്പം പാവങ്ങളായ ആഫ്രിക്കന്‍ വനിതകളെ സഹായിക്കാന്‍ എസ്തര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവരെ സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രോത്സാഹിപ്പിക്കുകയും അതിനുള്ള സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. താമസിയാതെ ഘാന വ്യവസായ ഫെഡറേഷന്റെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ദേശീയ ഫുഡ് ആന്‍ഡ് ന്യൂട്രീഷ്യന്‍ ബോര്‍ഡ് ചെയര്‍പേഴ്സണായി അവരെ നിയമിച്ചു. മൈക്രോഫിനാന്‍സിലൂടെ തന്റെ രാജ്യത്തെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്ന പ്രവര്‍ത്തനങ്ങളായിരുന്നു എസ്തര്‍ ആദ്യം ചെയ്തത്.
1960ല്‍ വസ്ത്രനിര്‍മ്മാണ രംഗത്തും എസ്തര്‍ സാിന്നിദ്ധ്യം അറിയിച്ചു. സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഫലമായി 1975-ല്‍ മെക്സിക്കോയില്‍ നടന്ന ആദ്യ ലോക വനിതാ കോണ്‍ഫറന്‍സിന്റെ ഉപദേശകയായി എസ്തറിനെ നിയമിച്ചു. സ്ത്രീകള്‍ക്ക് ചെറിയ സാമ്പത്തിക വായ്പകള്‍ നല്‍കി വ്യവസായ രംഗത്ത് വളര്‍ത്തേണ്ടതിന്റെ ആവശ്യകത കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇതിന്റെ ഫലമായിട്ടാണ് അടുത്ത വര്‍ഷം വുമണ്‍ വേള്‍ഡ് ബാങ്ക് സ്ഥാപിതമായത്. എസ്തര്‍ ബാങ്കിന്റെ സഹ സ്ഥാപകരില്‍ ഒരാളായി. ഇന്ന് വുമണ്‍ വേള്‍ഡ് ബാങ്ക് 24 മില്യണ്‍ മൈക്രോ സംരംഭങ്ങളുമായി 28 രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്നു. ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ ആദ്യചെയര്‍മാനായി എസ്തര്‍ തെന്നയാണ് നിയമിക്കപ്പെട്ടത്.
1978 രണ്ട് വര്‍ഷം ഘാനയുടെ ദേശീയ സുരക്ഷാ ഉപദേശക സമിതി അംഗമായും എസ്തര്‍ നിര്‍ണായക പങ്കുവഹിച്ചു.1985 ല്‍ ഓള്‍ വുമണ്‍ അസോസിയേഷന്‍ അവാര്‍ഡ്, 1995ല്‍ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് ,1999ല്‍ മില്ലേനിയം എക്സലന്‍സ് അവാര്‍ഡ് ഫോര്‍ വുമണ്‍, നാഷണല്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ അവാര്‍ഡ് എന്നിവയൊക്കെ എസ്തറെ തേടിയെത്തിയിട്ടുണ്ട്. കൊറോണ മഹാമാരി ലോകത്തെ സമ്പദ് വ്യവസ്ഥയാകെ തകിടം മറിച്ച് താണ്ഡവമാടുമ്പോള്‍ നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളുടെ വെളിച്ചം പലരിലും അന്യമാണ്. ഇതും അതിജീവിക്കും നമ്മള്‍ എന്ന് താളം മാനവരാശിയുടെ ഉള്ളില്‍ നിലനിര്‍ത്തുന്നത് തന്നെ എസ്തറിനെ പോലുള്ള ജീവിതങ്ങള്‍ ഉള്ളതുകൊണ്ടാണ്.