മനുഷ്യന്റെ ഗോളാന്തര സ്വപ്നങ്ങള്‍ക്ക് പുതിയ വാതായനം തുറന്നു നല്‍കിയ എലോണ്‍ റീവ് മസ്‌ക് ഒടുവില്‍ ഭൂമിയിലെ ഏറ്റവും വലിയ സമ്പന്നനായി. 2017 മുതല്‍ ആമസോണ്‍ തലവന്‍ ജെഫ് ബസോസ് കൈയടക്കി വച്ചിരുന്ന സിംഹാസനമാണ് ടെസ്‌ല സ്ഥാപകന്‍ മസ്‌ക് സ്വന്തമാക്കിയത്. ബ്ലൂംബെര്‍ഗിന്റെ പുതിയ ശതകോടീശ്വരന്‍മാരുടെ സൂചിക പ്രകാരം ടെസ്‌ലയുടെ ഓഹരി നേട്ടങ്ങള്‍ ഉള്‍പ്പടെ മസ്‌കിന്റെ ആകെ ആസ്തി 188.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നതോടെയാണ് ജെഫ് ബെസോസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ബെസോസിനേക്കാള്‍ 1.5 ബില്യണ്‍ ഡോളര്‍ കൂടുതലാണ് മസ്‌കിന്റെ ആകെ ആസ്തി. ജനുവരി ആറിലെ കണക്ക് പ്രകാരം ഇലോണ്‍ മസ്‌കിന്റെ ആകെ ആസ്തി 184.5 ബില്യണ്‍ ഡോളറായിരുന്നു. അന്ന് ബെസോസിനേക്കാള്‍ മൂന്ന് ബില്യണ്‍ ഡോളറിന്റെ കുറവ് മാത്രമാണ് ഉണ്ടായത്. 2020ല്‍ മാത്രം ടെലസലയുടെ ഓഹരി മൂല്യത്തില്‍ 743 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്. കോടികള്‍ സമ്പാദിക്കുന്നതില്‍ മാത്രമല്ല സ്വകാര്യ ബഹിരാകാശ മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള മത്സരത്തിലും മസ്‌കും ബെസോസും സജീവമായിരുന്നു. മസ്‌കിന്റെ സ്പേസ് എക്സ്പ്ലോറേഷന്‍ ടെക്നോളജീസ് കോര്‍പ്പറേഷന്‍ (സ്പേസ് എക്സ്), ബെസോസിന്റെ ബ്ലൂ ഓറിജിന്‍ എല്‍.എല്‍.സി എന്നിവയാണ് ഈ മേഖലയിലെ മുന്‍നിരക്കാര്‍. കഴിഞ്ഞവര്‍ഷം മാത്രം 150 ബില്യണ്‍ ഡോളറിലധികമാണ് ഇലോണ്‍ മസ്‌ക് സമ്പാദിച്ചത്. ചുരുങ്ങിയ സമയംകൊണ്ട് ഇത്രയധികം ധനസമ്പാദനം നടത്തിയ മറ്റൊരു വ്യവസായി ചരിത്രത്തിലുണ്ടായിട്ടില്ല. 2020ല്‍ അഞ്ച് ലക്ഷത്തിലധികം കാറുകളാണ് വൈദ്യുത വാഹന നിര്‍മ്മാതാക്കളായ ടെസ്ല പുറത്തിറക്കിയത്. മറ്റൊരു വാഹന നിര്‍മ്മാതാവിനും എത്താന്‍ കഴിയാത്ത ഉയരങ്ങളിലാണ് ഇപ്പോള്‍ ടെസ്ലയുടെ വിപണിമൂല്യവും.
സ്വപ്‌നം കാണാന്‍ പഠിപ്പിച്ച മസ്‌ക്
അതിരുകളില്ലാത്ത സ്വപ്നങ്ങള്‍ കാണുകയും അതിനു പിന്നാലെ പായുകയും ചെയ്യുന്ന മസ്‌ക് ബിസിനസ് ലോകത്തും സൂപ്പര്‍ ഹീറോയാണ്. ഒരിടത്തു നിന്നും യാത്രക്കാരെ മറ്റൊരിടത്തു എത്തിക്കാനുള്ളതാണ് ടാക്സി. ഭൂമിയില്‍ നിന്നും ആളുകളെ ബഹിരാകാശത്തു എത്തിക്കുവാനും അവിടെ ഇറക്കി പിന്നെയും പോയി കൂട്ടിക്കൊണ്ടിവരാനും കഴിയുന്ന ബഹിരാകാശ ടാക്സികളെക്കുറിച്ചു ഭൂമിയില്‍ അന്നുവരെ ആരും ചിന്തിച്ചിരുന്നില്ല. എന്നാല്‍ ഒരാള്‍ ചിന്തിച്ചു എലോണ്‍ മസ്‌ക്. ചൊവ്വയെ ഭൂമിയുടെ കോളനി ആക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. കേട്ടവരെല്ലാം മൂക്കത്തു വിരല്‍വച്ചു മുഴുഭ്രാന്തെന്നും അതിരുകടന്നതെന്നും വിലയിരുത്തി. തന്റെ ബാല്യകാല ഹീറോ ആയിരുന്ന നീല്‍ ആംസ്ട്രോംഗ് ഉള്‍പ്പടെയുള്ള തലതൊട്ടപ്പന്മാര്‍ പോലും ആശയത്തെ തള്ളിപ്പറഞ്ഞു. എന്നിട്ടും പിന്മടക്കമില്ലാതെ എല്ലാ ഗുരുത്വാകര്‍ഷണ വലയങ്ങളെയും ഭേദിച്ചുകൊണ്ട്, അയാള്‍ പുത്തന്‍ ഭ്രമണപഥങ്ങളിലേക്കു കുതിക്കാന്‍ തന്റെ സ്വപ്നങ്ങള്‍ക്കു തീകൂട്ടി. 2018 ഫെബ്രുവരി ആറിന് മനുഷ്യനിര്‍മ്മിതമായ ഏറ്റവും കരുത്തേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി ബഹിരാകാശത്തേയ്ക്ക് അയച്ച് മസ്‌ക് മാനവരാശിയെ വിസ്മയിപ്പിച്ചു.
1971 ജൂണ്‍ 28ന് ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയില്‍ ആയിരുന്നു മസ്‌കിന്റെ ജനനം. പിതാവ് തെക്കന്‍ ആഫ്രിക്കന്‍ വംശജനും മാതാവ് കനേഡിയന്‍ വംശജയും ആയിരുന്നു. ദമ്പതികളുടെ മൂന്നുമക്കളില്‍ മൂത്തവനായ മസ്‌ക് മറ്റുള്ളവരില്‍ നിന്നും അലപം വ്യത്യസ്തനായിരുന്നു. പത്താം വയസുമുതല്‍ കമ്പ്യൂട്ടറിനോട് അവന് അഭിനിവേശം തോന്നിതുടങ്ങി. പന്ത്രണ്ടാം വയസില്‍ ബ്ലാസ്റ്റര്‍ എന്ന് പേരില്‍ കമ്പ്യൂട്ടര്‍ ഗെയിം വികസിപ്പിക്കുകയും അത് വില്‍ക്കുകയും ചെയ്തു. മസ്‌കിനു 17 വയസുള്ളപ്പോള്‍ കുടുംബം ദക്ഷിണാഫ്രിക്കയില്‍ നിന്നും കാനഡയിലേക്ക് കുടിയേറി. അവിടെ രണ്ടു വര്‍ഷത്തെ പഠനത്തിനു ശേഷം അമേരിക്കയിലെ പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ ഭൗതികശാസ്ത്രവും ബിസിനസും പഠിക്കാന്‍ പോയി. അതിനു ശേഷം സ്റ്റംഫോര്‍ഡില്‍ പി.എച്ച.്ഡി ചെയ്യാന്‍ പോയെങ്കിലും പൂര്‍ത്തിയാക്കിയില്ല. ഇന്റര്‍നെറ്റിന്റെ അനന്ത സാദ്ധ്യതകള്‍ മനസിലാക്കിയ മസ്‌ക് സഹോദരനൊപ്പം സിപ് 2 എന്ന സോഫ്റ്റ്വെയര്‍ കമ്പനി ആരംഭിച്ചു. നാല് വര്‍ഷത്തിനു ശേഷം 1999 ല്‍ കമ്പനി വില്‍ക്കുമ്പോള്‍ 307 മില്യണ്‍ ഡോളര്‍ ലഭിച്ചു. ഇതാണ് ബിസിനസില്‍ വലിയ സ്വപ്നങ്ങള്‍ കാണാന്‍ എലോണിന് പ്രചോദനമായത്. വൈകാതെ ഒരു ഓണ്‍ലൈന്‍ പണമിടപാടു സ്ഥാപനം ആരംഭിച്ചു. അതാണ് പില്‍ക്കാലത്ത് പേയ്പാല്‍ എന്നറിയപ്പെട്ടത്.
2002ലാണ് മസ്‌കിന്റെ സ്വപ്ന കമ്പനിയായ സ്പേസ് എക്സിനു തുടക്കം കുറിക്കുന്നത്. ബഹിരാകാശ യാത്രയുടെ ഭീമമായ ചെലവ് കുറയ്ക്കുക എന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി 2018 ഫെബ്രുവരി ആറിന് മനുഷ്യനിര്‍മ്മിതമായ ഏറ്റവും കരുത്തേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി ബഹിരാകാശത്തേയ്ക്ക് കുതിച്ചു. സ്്പേസ് എക്സിന്റെ ഏറ്റവും അഭിമാനകരമായ മുഹൂര്‍ത്തമായിരുന്നു ഇത്. പരമ്പരാഗത വാഹനസങ്കല്പങ്ങളെ കാറ്റില്‍ പറത്തി ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ല 2003ല്‍ മസ്‌ക് സ്ഥാപിച്ചു. വൈദ്യുതി കാറുകളുടെ ഡിസൈന്‍, നിര്‍മ്മാണം, വില്പന എന്നിവ കമ്പനി നിര്‍വഹിച്ചു വരുന്നു. ഭൗതിക ശാസ്ത്രജ്ഞന്‍ ആയ നിക്കോള ടെസ് ലയുടെ പേരാണ് കമ്പനിയ്ക്ക് നല്‍കിയത്. ആഗോള വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റമാണ് ടെസ്ല നടത്തിയത്. ടെസ്ല റോഡ്സ്റ്റര്‍ എന്ന പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സ്പോര്‍ട്സ് കാര്‍ നിര്‍മിച്ചതോടെയാണ് കമ്പനി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.