രൂക്ഷമായ ആഭ്യന്തരയുദ്ധത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന ഒരു രാജ്യവും അവിടുത്തെ സംഭവവികാസങ്ങളും കുട്ടികളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന സിനിമയാണ് കളേഴ്‌സ് ഓഫ് ദി മൗണ്ടന്‍. കാര്‍ലോസ് സെസാര്‍ അര്‍ബലെസ് സംവിധാനം ചെയ്ത ഈ കൊളംബിയന്‍ ചിത്രം ഗൗരവമേറിയ പ്രമേയം ഹൃദയസ്പര്‍ശവും ലളിതവുമായി അവതരിപ്പിച്ചിരിക്കുന്നു. കൊളംബിയന്‍ പര്‍വതപ്രദേശമായ ലംപ്രഡേയിലെ അതിര്‍ത്തി ഗ്രാമമാണ് കഥയുടെ പശ്ചാത്തലം. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഗറില്ലകളുടെ കുഴിബോംബു പാടത്തില്‍ കുടുങ്ങിയ പന്തെടുക്കാന്‍ ശ്രമിക്കുന്ന സുഹൃത്തുക്കളായ മാനുവല്‍, ജൂലിയന്‍, പൊക്കലൂസ് എന്നി കുട്ടികളുടെ ജീവിതവും സ്വപ്‌നങ്ങളുമാണ് സിനിമയുടെ പ്രമേയം. മാനുവല്‍ എന്ന ഒന്‍പതുവയസുകാരന്റെയും അവന്റെ കൂട്ടുകാരുടെയും ജീവിതത്തിലൂടെ ആ ഗ്രാമത്തിലെ രാഷ്ട്രീയ അന്തരീക്ഷവും അരക്ഷിതാവസ്ഥയും പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് സംവിധായകന്‍. മാനുവലിനും കൂട്ടുകാര്‍ക്കും ഫുട്‌ബോള്‍ എന്നാല്‍ ജീവനാണ്. കുന്നുകള്‍ക്കിടയിലെ നിരപ്പില്‍ ഫുട്‌ബോള്‍ കളിക്കാനാണ് അവര്‍ക്കിഷ്ടം. എന്നാല്‍ ഏതു നിമിഷവും യുദ്ധമുണ്ടാകുമെന്നതിനാല്‍ കളിക്കാന്‍ പലപ്പോഴും സാധിക്കാറില്ല.
മാനുവലിന്റെ പിതാവ് ഒരുദരിദ്രകര്‍ഷകനാണ്. ഓരോ നിമിഷവും ഭയത്തിന്റെ പിടിയില്‍ ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു ആ ഗ്രാമവാസികള്‍. മലയിലെ ഗറില്ല പോരാളികളും സര്‍ക്കാരിന്റെ പട്ടാളക്കാരും തമ്മില്‍ നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഗ്രാമവാസികള്‍ പലരും അവിടം വിട്ടു പോയിരുന്നു. ഗറില്ലാ പോരാളികളെ പേടിച്ച് സ്‌കൂള്‍ പൂട്ടിയിട്ടിരിക്കുകയാണ്. അമ്മ എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെടാമെന്ന് മാനുവലിന്റെ അച്ഛന്‍ ഏണസ്‌റ്റോയോട് പറയുന്നുണ്ടെങ്കിലും കന്നുകാലികളേയും കൃഷിയും ഉപേക്ഷിക്കാന്‍ അയാള്‍ ഒരുക്കമായിരുന്നില്ല.
ബാല്യത്തിന്റെ ആഘോഷങ്ങളും നിഷ്‌കളങ്കതയും നഷ്ടങ്ങളും എല്ലാം മാനുവലിന്റെയും അവന്റെ കൂട്ടുകാരിലൂടെയും പ്രേക്ഷകര്‍ക്ക് അനുഭവച്ചറിയാം.
‘ജനങ്ങളെ ആയുധമാക്കുക ! വിജയമോ മരണമോ ‘ ഗ്രാമത്തിലെ ഒറ്റമുറി സ്‌കൂളിന്റെ ചുവരില്‍ എഴുതി വച്ചിരിക്കുന്ന ഈ വാചകത്തില്‍ തന്നെ ഗ്രാമത്തിലെ അന്തരീക്ഷം എങ്ങനെയെന്നു മനസിലാകും. ആ സ്‌കൂളിലേക്ക് പുതിയ ടീച്ചറെത്തുന്നതോടെ കഥയില്‍ വഴിത്തിരിവുണ്ടാകുന്നു. ഇതിനിടെ മാനുവലിന്റെ വീട്ടില്‍ അച്ഛനെ കാണാനെത്തുന്ന അപരിചിതര്‍ തങ്ങളുടെ അടുത്ത മീറ്റിംഗില്‍ നിര്‍ബന്ധമായും പങ്കെടുത്തിരിക്കണമെന്ന് ഓര്‍മ്മിപ്പിച്ച് മടങ്ങുന്നു. മാനുവലിന്റെയും ഏണസ്‌റ്റോയുടെയും മുഖത്ത് മിന്നിമറിയുന്ന ഭയം കാഴ്ചക്കാരുടെ മനസില്‍ നിരവധി ചോദ്യങ്ങള്‍ക്ക് കളമൊരുക്കുന്നു. പുതിയ ടീച്ചറുടെ ക്ലാസില്‍ പുസ്തകത്തില്‍ ചിത്രം വരച്ചുകൊണ്ടിരിക്കുന്ന മാനുവലിന് അടുത്തിരിക്കുന്ന പെണ്‍കുട്ടി ഒരു മഞ്ഞക്കളര്‍ പെന്‍സില്‍ നല്‍കി സ്‌കൂള്‍ വീണ്ടും തുറന്നതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു. ഒരു യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ടീച്ചര്‍ മാനുവലിന് കളര്‍പെന്‍സില്‍ കിറ്റ് സമ്മാനിക്കുന്നു. മാനുവലാകട്ടെ സന്തോഷത്തോടെ വീട്ടിലെത്തി ഗ്രാമത്തിന്റെ ചിത്രം വരയ്ക്കുകയാണ്. സിനിമയിലെ മലനിരകള്‍ നിഗൂഢതയുടെ മരണത്തിന്റെ തയ്യാറെടുപ്പുകള്‍ നടക്കുന്നയിടമാണെങ്കിലും മാനുവലിന്റെ ചിത്രത്തില്‍ അവ നീലാകാശം തൊട്ടുനില്‍ക്കുന്ന പച്ചമലകളാണ്. ഇതിനിടെ മാനുവലിന്റെ കൂട്ടുകാരന്റെ ചേട്ടന്‍ വീടുവിട്ടു പോയെന്നും അയാള്‍ മലമുകളില്‍ ഗറില്ലകളോടൊപ്പം ചേര്‍ന്നെന്നുമുള്ള രഹസ്യം അവര്‍ അറിയുന്നു. അച്ഛനോടൊപ്പം ചന്തയിലെത്തുന്ന മാനുവല്‍ ഓരോ നിമിഷവും ഭയപ്പെട്ടാണ് ജീവിക്കുന്നതെന്നു മനസിലാക്കുന്നു. അന്നു രാത്രി മാനുവലിന്റെ വീട്ടില്‍ ലളിതമായ ഒരു പിറന്നാളാഘോഷം നടക്കുന്നുണ്ട്. അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നായിരുന്നു അത്. പിറന്നാള്‍ സമ്മാനമായി അച്ഛന്‍ നല്‍കിയ ഫുട്‌ബോളിന്റെയും ഗ്ലൗസിന്റെയും സന്തോഷത്തിലാണ് അവന്‍.

മലമുകളില്‍ സായുധ വിപ്ലവത്തിനുള്ള പടയൊരുക്കത്തിലാണ് ഒളിപ്പോരാളികള്‍. ഗ്രാമത്തിലുള്ളവരെ ഭീഷണിപ്പെടുത്തി തങ്ങളോടൊപ്പം ചേര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നു. മറുവശത്ത് പട്ടാളമാകട്ടേ ഗറില്ലകളോട് അനുഭാവമുണ്ടെന്നു സംശയിക്കപ്പെടുന്നവരെ കൊന്നൊടുക്കുന്നു. ഒരു ദിവസം മാനുവലും കൂട്ടുകാരും ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് കുഴിബോംബ് കുഴിച്ചിട്ട ചതുപ്പ് പ്രദേശത്ത് അകപ്പെടുന്നു. മൈനുകള്‍ നിറഞ്ഞ കളിസ്ഥലത്തു നിന്നും പന്ത് വീണ്ടെടുക്കാന്‍ മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് സാഹസികമായി ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. രാത്രി വീടിനു മുകളില്‍ റോന്തു ചുറ്റുന്ന ഹെലികോപ്ടര്‍ മാനുവലിനെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ഇതിനിടയില്‍ സ്‌കൂള്‍ ചുവരിലെ യുദ്ധത്തിന്റെ അക്ഷരങ്ങള്‍ മായിച്ച് ടീച്ചറും കുട്ടികളും അവിടെ ഗ്രാമത്തിന്റെ ചിത്രം വരയ്ക്കുന്നു. പട്ടാളക്കാരുടെ കൈയില്‍ പെടുന്ന ജൂലിയാന്റെ അച്ഛനും കാണാതാകുന്ന കുടുംബവും കഥയില്‍ ഞെട്ടിക്കുന്ന വഴിത്തിരിവുകള്‍ സമ്മാനിക്കുന്നു. തകര്‍ന്ന വീട്ടില്‍ തന്റെ സുഹൃത്തായ ജൂലിയാനെ തിരയുന്ന മാനുവലിന് ആകെ ലഭിക്കുന്നത് അവന്റെ ഒരു ഷൂസ് മാത്രമാണ്. ഭയത്തിന്റെ ഇരുട്ടില്‍ കിടക്കുന്ന ഒരു ഗ്രാമത്തിലെ കുട്ടികള്‍ക്ക് പ്രതീക്ഷയുടെ വെളിച്ചം നല്‍കിയ ടീച്ചര്‍ക്കും അവസാനം ജീവനില്‍ ഭയന്നു അവിടെ നിന്നും രക്ഷപ്പെടേണ്ടിവരുന്നു. സ്‌കൂള്‍ ചുവരിലെ മനോഹരമായ ഗ്രാമത്തിന്റെ ചിത്രങ്ങള്‍ ബാക്കിയാക്കി ഫുട്‌ബോള്‍ വീണ്ടെടുക്കാന്‍ നടത്തിയ രസഹ്യശ്രമങ്ങള്‍ ആരെയുമറിയിച്ചില്ല എന്നു മാനുവലിന് വാക്കു കൊടുത്ത് ടീച്ചര്‍ യാത്രയായി.
ഒടുവില്‍ ഗറില്ല പോരാളികളുടെയും പട്ടാളക്കാരുടെയും ഇടയില്‍ നിന്ന് രക്ഷപ്പെടാന്‍ എണസ്റ്റോയും കുടുംബവും തീരുമാനിക്കുന്നു. പക്ഷേ അയാള്‍ പിടിക്കപ്പെടുന്നു. തകര്‍ന്ന വീട്ടില്‍ അച്ഛനെ തിരയുന്ന മാനുവലിന് അമ്മയുടെ കരച്ചിലാണ് ലഭിച്ച മറുപടി. പിന്നീട് ഗ്രാമത്തില്‍ നിന്നും പോകും മുമ്പേ മാനുവല്‍ തന്റെ ഫുട്‌ബോള്‍ വീണ്ടെടുക്കുന്നു. ഗ്രാമത്തില്‍ നിന്നും പലായനം ചെയ്തു പോകുന്ന കുടുംബങ്ങള്‍ക്കൊപ്പം വാഹനത്തില്‍ ഉറച്ച ലക്ഷ്യബോധത്തോടെ മാനുവല്‍ തന്റെ പന്ത് മാറോട് ചേര്‍ത്തു പിടിച്ചിട്ടുണ്ട്. മാനുവലിന്റെ യാത്ര മരണത്തിലേക്കല്ല പുത്തന്‍ ജീവിതത്തലേക്കാണ് എന്ന പ്രതീക്ഷ പ്രേക്ഷകര്‍ക്ക് തരുന്നുണ്ട്. യുദ്ധത്തിനു മേല്‍ ജയിക്കുന്ന മനുഷ്യത്വത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുകയും രാഷ്ട്രീയ അരക്ഷിതാവസ്ഥകള്‍ കുട്ടികളുടെ വീക്ഷണകോണില്‍ നിന്നവതരിപ്പിച്ച് അതിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്യുന്ന കളേഴ്‌സ് ഓഫ് ദി മൗണ്ടന്‍ നിരവധി ചലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. പതിനാറാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം നേടിയതും ഈ സ്പാനിഷ് ഭാഷ ചിത്രമായിരുന്നു. 2011ലെ ഓസ്‌കാര്‍ അവാര്‍ഡില്‍ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള പുരസ്‌കാര പട്ടികയില്‍ ഇടം പിടിക്കാനും കളേഴ്‌സ് ഓഫ് മൗണ്ടനായി.