വാനവില്ലേ നോക്കൂകില്ലേ കോടമഞ്ഞിന്‍ ചില്ലിലൂടെ… ആകാശത്തിലെ വിസ്മയത്തിന്റെ പൂക്കാലമാണ് മഴവില്ല്. പ്രപഞ്ചത്തോട് അസൂയത്തോന്നുംവിധം സുന്ദരമായ ഒരു ദൃശ്യമാണ് എക്കാലവും മാരിവില്ല് സമ്മാനിക്കുന്നത്. മഴയും ഇളംവെയിലും ചേരുമ്പോള്‍ തെളിയുന്ന ഏഴുനിറങ്ങളില്‍ തീര്‍ത്ത ദൃശ്യഭംഗി എക്കാലവും മനസില്‍ തങ്ങിനില്‍ക്കും. എന്നാല്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ ചെന്നാല്‍ മാനത്ത് മാത്രമല്ല നദിയിലും മഴവില്ല് കാണാന്‍ സാധിക്കും ! കാനോ ക്രിസ്‌ടെയില്‍സ് നദി മഴവില്ലിന്റെ നിറങ്ങള്‍ ചാലിച്ചാണ് ഒഴുകുന്നത്. ചുവപ്പ്, നീല, ഓറഞ്ച്, പച്ച, പിങ്ക് എന്നി നിറങ്ങളിലാണ് അതിസുന്ദരമായി നദി ദൃശ്യമാകുന്നത്. ഇതില്‍ തന്നെ പിങ്ക് നിറത്തിലുളള മാര്‍സീനിയ ക്ലാവീജെറ എന്ന സസ്യമാണ് നദിയിലെ നിറസാന്നിധ്യത്തിന് കാരണമെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍. ഈ സസ്യങ്ങള്‍ കൂടുതലായി വളരുന്ന ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുളള മാസങ്ങളിലും ജനുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങളിലുമാണ് നദിയില്‍ മഴവില്‍ നിറം കൂടുതലായി ദൃശ്യമാവുക. ജലത്തിലെ മഴവില്ല് എന്നറിയപ്പെടുന്ന കാനോ ക്രിസ്‌ടെയില്‍സ് ഗുയബൊറോ നദിയുടെ പോഷകനദി കൂടിയാണിത്.
ഇരുപതാം നൂറ്റാണ്ടിനെ തുടക്കം വരെ കൊളംബിയയിലെ ഒളിപ്പോരാളികളുടെ രഹസ്യതാവളമായിരുന്നു കാനോ ക്രിസ്‌ടെയില്‍സ് നദിക്കര. എത്തിപ്പെടാനുള്ള പ്രയാസവും വന്യജീവികളുടെ സാന്നിധ്യവും കൊടുംകാടിന്റെ പശ്ചാത്തലവും കാനോ ക്രിസ്‌ടെയില്‍സ് ഒളിപ്പോരാട്ട സംഘത്തിന് നല്ലൊരു സങ്കേതമൊരുക്കി. എന്നാല്‍ സൈന്യം പോലും പോകാന്‍ ഭയപ്പെട്ടിരുന്ന കാട്ടില്‍ അത്രയേറെക്കാലം തങ്ങാന്‍ അവര്‍ക്കായില്ല. കൊളംബിയന്‍ മിലിട്ടറിയുടെ ധീരമായ പോരാട്ടത്തിനൊടുവില്‍ സൈന്യം ഒളിപ്പോരാളികളെ നദീ തീരത്തെത്തി ആക്രമിച്ച് നാടുകടത്തി. രണ്ടായിരത്തിന് ശേഷമാണ് കാടിനു നടുവിലെ ഈ വിസ്മയത്തെക്കുറിച്ച് പുറം ലോകം അറിഞ്ഞു തുടങ്ങിയത്. അതോടെ മഴവില്‍ നദിയെ കാണാന്‍ സഞ്ചാരികള്‍ക്കും അനുവാദം ലഭിച്ചു.
കൊളംബിയയിലെ സെറാനിയ ഡീ ലാ മക്കാറീന എന്നി മലനിരകളിലാണ് നദി സ്ഥിതിചെയ്യുന്നത്. ആന്‍ഡീസ് പരവതനിര, ഈസ്റ്റേണ്‍ ലാനോസ് സമതലം, ആമസോണ്‍ മഴക്കാടുകള്‍ എന്നി വലിയ ആവാസവ്യവസ്ഥയുടെ അതിര്‍ത്തിയിലാണ് സെറാനിയ ഡി ലാ മക്കറീന മലനിര. അഞ്ഞൂറിലധികം ഇനം പക്ഷികള്‍, 100 ഇനം ഉരഗങ്ങള്‍, രണ്ടായിരത്തിലധികം ഇനത്തിലുള്ള സസ്യങ്ങള്‍, 1,200 ലധികം പ്രാണികള്‍ എന്നിവ ഇവിടെയുണ്ട്. നദീതീരത്തിന്റെ പല ഭാഗങ്ങളിലും ഭീമന്‍ കെറ്റില്‍സ് എന്നറിയപ്പെടുന്ന ചെറിയ വൃത്താകൃതിയിലുള്ള കുഴികള്‍ കാണാം. അവ കല്ലുകള്‍ അല്ലെങ്കില്‍ കട്ടിയുള്ള പാറകളുടെ കഷണങ്ങള്‍ കൊണ്ട് രൂപംകൊണ്ടതാണ്. ഈ കടുപ്പമുള്ള പാറ ശകലങ്ങളിലൊന്ന് അറകളില്‍ ഒന്ന് വീണുകഴിഞ്ഞാല്‍ അത് ജലപ്രവാഹം വഴി തിരിക്കുകയും അറയുടെ ഭിത്തിയില്‍ കൊത്തിയെടുക്കുകയും കുഴിയുടെ അളവുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വനങ്ങളാലും ചെറുനദികളാലും ചുറ്റപ്പെട്ട് 100 കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്ന നദി തീരത്തെത്താന്‍ പിന്നിടേണ്ടത് ദുര്‍ഘടമായ പാതയാണ്. അനാക്കോണ്ട പാമ്പിന്റെയും വന്യമൃഗങ്ങളുടെയും സാന്നിദ്ധ്യം സഞ്ചാരികള്‍ക്ക് വെല്ലുവിളിയാണ്. വിശാലമായ പുല്‍മേടുകളും വിവിധ ഇനങ്ങളിലുള്ള പക്ഷികളും മൃഗങ്ങള്‍ കാനോ ക്രിസ്‌ടെയില്‍സിന്റെ സവിശേഷതകളാണ്. 2017നും 2018 നും ഇടയില്‍ കാനോ ക്രിസ്‌ടെയില്‍സ് സന്ദര്‍ശിച്ചവരുടെ എണ്ണം 38 ശതമാനം വര്‍ദ്ധിച്ചു. 2017ല്‍ 15,000ത്തിലധികം വിനോദസഞ്ചാരികള്‍ ഇവിടം സന്ദര്‍ശിച്ചു.