2003 മുതലുള്ള അനുഭവസമ്പത്ത് കൈമുതലാക്കി സ്വന്തം സംരംഭത്തില്‍ കാലുകുത്തി നില്‍ക്കുമ്പോള്‍ പ്രതിസന്ധികളും യാതനകളും പിന്നിട്ടപാതയില്‍ താണ്ടിയ പടവുകള്‍ മാത്രമായി രാജീവിന് തോന്നി. കൊച്ചി, കോഴിക്കോട്, തൃശൂര്‍ എന്നിവടങ്ങള്‍ക്ക് പുറമെ തിരുവനന്തപുരത്ത് പുതിയ ബ്രാഞ്ച് തുറക്കുന്നതും ഫ്രാഞ്ചൈസികള്‍ നല്‍കുന്നതും ബ്രൈറ്റ് മേക്കേഴ്‌സിന്റെ പുതിയ പദ്ധതികളാണ്
ജീവിതം ഒരു ചോക്ലേറ്റ് ബോക്സ് പോലെയാണ്, അതില്‍ നിന്ന് എന്താണ് ലഭിക്കുന്നതെന്ന് നമുക്ക് മുന്‍കൂട്ടി അറിയാന്‍ സാധിക്കില്ല ” ജോര്‍ജിയ സവന്നയിലെ ബസ് സ്റ്റോപ്പില്‍ ഇരിക്കുമ്പോള്‍ ഫോറസ്റ്റ് ഗമ്പിന്റെ മനസില്‍ അമ്മ പറഞ്ഞ വാചകം വെയിലൊളി പോലെ തിളങ്ങുന്നുണ്ടായിരുന്നു. നമ്മുടെയെല്ലാം ജീവിതവും ഒരു ചോക്ലേറ്റ് ബോക്സ് പോലെയാണെന്ന് റോബര്‍ട്ട് സെമിക്സിന്റെ ക്ലാസിക്ക് സിനിമയായ ഫോറസ്റ്റ് ഗമ്പ് കണ്ടവര്‍ മനസില്‍ കോറിയിട്ടിട്ടുണ്ടാകും. പാലക്കാട് കാറല്‍മണ്ണയിലെ കെ.ആര്‍ രാജീവ് എന്ന യുവാവിന്റെ ജീവിതത്തിലെ ചോക്ലേറ്റ് ബോക്സിലും വിസ്മയങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഫോറസ്റ്റ് ഗമ്പ് പറയുന്നതു പോലെ ജീവിതം ഒരു ഓട്ടമാണ്, ദിശതെറ്റാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങുക, നിങ്ങളെ കാത്ത് അത്ഭുതങ്ങളുണ്ടാകും. കാര്‍ഷിക കുടുംബത്തില്‍ ജനിച്ച് ക്രിക്കറ്റിനെ പ്രണയിച്ച് പ്രതിസന്ധികളോട് പടവെട്ടി സ്വന്തമായി ബിസിനസ് പടുത്തുയര്‍ത്തിയ വ്യക്തിയാണ് പ്രമുഖ കാര്‍ ഡീറ്റെയ്ലിംഗ് സ്ഥാപനമായ ബ്രൈറ്റ് മേക്കേഴ്സിന്റെ അമരക്കാരന്‍ കെ.ആര്‍ രാജീവ്. ഒരു ട്വന്റി 20 ക്രിക്കറ്റ് മത്സരം പോലെ സസ്പെന്‍സ് നിറഞ്ഞതാണ് അദ്ദേഹത്തിന്റെ ജീവിതവും ബിസിനസും. കഴിവും അധ്വാനിക്കാനുള്ള ആത്മവിശ്വാസമുണ്ടെങ്കില്‍ എന്തും സാധ്യമാണെന്നു ലോകത്തിനു കാണിച്ചു തന്നത് 1983ല്‍ കപിൽ ദേവിന്റെ ചെകുത്താന്‍മാരാണ്. ഈയൊരു പാതയിലൂടെയാണ് രാജീവും സഞ്ചരിച്ചത്. വാഹനമെന്നത് മനുഷ്യന്റെ വൈകാരികതയും സ്വപ്നവുമാണ്. മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ക്ക് സൗന്ദര്യവും സംരക്ഷണവും നല്‍കുന്ന രാജീവ് സ്വന്തം കഴിവിലും കനവിലും ആത്മവിശ്വാസം പുലര്‍ത്തി മുന്നോട്ട് പോകുന്നു.
അപ്രതീക്ഷിതമായിട്ടാണ് രാജീവ് ബിസിനസിലേക്ക് കടന്നു വരുന്നത്. പത്താം ക്ലാസിന് ശേഷം ഐ.ടി.ഐയില്‍ പഠിച്ച് വേഗം ഒരു ജോലി നേടണമെന്നായിരുന്നു മനസില്‍. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടാണ് രാജീവിനെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ രജനി എന്ന അമ്മയ്ക്ക് മകനെ ഡിഗ്രിക്കാരന്‍ ആക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. പ്രീഡിഗ്രിക്ക് ചേര്‍ത്തെങ്കിലും രാജീവ് രണ്ട് തവണ ഗംഭീരമായി തോറ്റു. എന്നാല്‍ അമ്മയും ബന്ധുക്കളും തോല്‍ക്കാന്‍ തയ്യാറല്ലായിരുന്നു, അവനെ തോല്‍വിയ്ക്ക് വിട്ടുകൊടുക്കാനും. കോഴിക്കോടുള്ള അമ്മാവന്റെ അടുത്തുകൊണ്ടാക്കി രാജീവിനെ വീണ്ടും പ്രീഡിഗ്രിയ്ക്ക് ചേര്‍ത്തു. അദ്ധ്യാപികയായ അമ്മായിയുടെ മേല്‍നോട്ടം കൂടിയായപ്പോള്‍ രണ്ടായിരം പിറക്കുന്നതിന്റെ തലേവര്‍ഷം രാജീവ് പ്രീഡിഗ്രി പാസായി. ഇതോടെ ഡിഗ്രി സമ്പാദിക്കണമെന്ന മോഹമുണ്ടായി. തുടര്‍ന്ന് പ്രൈവറ്റായി ബി.കോമിനു ചേര്‍ന്നു. പത്താംക്ലാസു പോലും കടക്കില്ലെന്നു കരുതിയ കുട്ടി ഡിഗ്രിക്കാരനായപ്പോള്‍ പലര്‍ക്കും അത്ഭുതമായിരുന്നു. ബിരുദത്തിനു ശേഷം ജോലിയ്ക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. ഇതിനിടെ ചെന്നൈയില്‍ പോയി അക്കൗണ്ടിംഗുമായി ബന്ധപ്പെട്ട ടാലി സോഫ്റ്റ്വെയര്‍ പഠിച്ചു. നാലഞ്ചു മാസത്തെ വാസത്തിനു ശേഷം കോഴിക്കോട് തിരിച്ചെത്തിയ രാജീവിനെ തേടി ഡല്‍ഹിയില്‍ നിന്ന് അമ്മാവന്റെ മകന്‍ മാധവന്റെ വിളി എത്തി. അവിടെ ജോലി നോക്കാനാണ് അദ്ദേഹം ക്ഷണിച്ചത്. രാജീവ് രണ്ടാമതൊന്നു ആലോചിക്കാതെ ഇന്ദ്രപ്രസ്ഥത്തിലേക്ക് വണ്ടികയറി. എന്നാല്‍ അക്കൗണ്ട്സ് ജോലി ലഭിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. പാലക്കാടിന്റെ ഉള്‍ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന രാജീവിന് ഹിന്ദി ഭാഷയായിരുന്നു കണക്കിനെക്കാള്‍ വലിയ വെല്ലുവിളി. പരിചയസമ്പത്ത് നേടാന്‍ മൂന്നോളം ചാര്‍ട്ടേഡ് അക്കൗണ്ടിംഗ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. നവീന്‍ സിംഗ് എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ കീഴില്‍ ജോലി ചെയ്യവേ അദ്ദേഹം രാജീവിനെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്സ് ചെയ്യാന്‍ പ്രചോദനവും സഹായവും നല്‍കി. ഓഡിറ്റിംഗ് അടക്കം രാജീവിനെക്കൊണ്ട് അദ്ദേഹം ചെയ്യിപ്പിച്ചിരുന്നു. തന്റെ സ്ഥാപനത്തില്‍ നിന്ന് ഒരിക്കലും വിട്ടുപോകരുതെന്ന് നവീന്‍ സിംഗ് ആവശ്യപ്പെട്ടിരുന്നു. വീട്ടിലെ സാമ്പത്തിക പരാധീനതകള്‍ മറികടക്കാന്‍ ദുബായില്‍ നിന്ന് ഓഫര്‍ ലഭിച്ചാല്‍ പോകുമെന്നായിരുന്നു രാജീവിന്റെ മറുപടി. അക്കാലത്ത് ജീവിതം കരയറ്റാന്‍ പലരും തേടി പോയിരുന്നത് ഗള്‍ഫിലേക്കായിരുന്നു.
ഡല്‍ഹി ടു കൊച്ചി
ഡല്‍ഹി ജീവിതം ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഒരു വൈകുന്നേരം രാജീവിന് കോഴിക്കോട് നിന്ന് രാജേന്ദ്രന്‍ അമ്പാടി എന്ന കസിന്റെ കോള്‍ വരുന്നത്. എറണാകുളത്ത് എന്ന 3M ഓട്ടോമൊബൈല്‍ ഡീറ്റെയ്ലിംഗ് കമ്പനിയുടെ ഡീലര്‍ഷിപ്പ് നടത്തുകയായിരുന്നു അദ്ദേഹം. അവിടേയ്ക്ക് ജോലിയ്ക്കായിട്ടാണ് രാജീവിനെ വിളിച്ചത്. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി സ്വപ്നം ഉപേക്ഷിച്ച് മനസില്ലാ മനസോടെ നാട്ടിലേക്ക് വണ്ടി കയറുമ്പോള്‍ 2500 രൂപ ശമ്പളം കിട്ടുമല്ലോ എന്നായിരുന്നു ഏക ആശ്വാസം. 2003ല്‍ എറണാകുളത്ത് ഓപ്പറേഷന്‍ എക്സിക്യൂട്ടീവായി ജോലിയില്‍ പ്രവേശിച്ചു. വാഹനങ്ങളുടെ പോളിഷിംഗ് അടക്കമുള്ള സേവനങ്ങള്‍ ചെയ്യുന്ന 3M കമ്പനി പ്രാരംഭ ദശയിലായിരുന്നു അപ്പോള്‍. കൊച്ചിയ്ക്ക് പുറമെ തൃശൂരും ആലപ്പുഴയുമായിരുന്നു ഡിസ്ട്രിബ്യൂഷന്‍ മേഖലകള്‍. രാജേന്ദ്രന്‍ അമ്പാടിയുടെ വീട്ടില്‍ തന്നെ താസമിച്ച് രാജീവ് ജോലി ആരംഭിച്ചു. എല്ലാവിധ സ്വാതന്ത്ര്യത്തോടെയായിരുന്നു ജോലി എന്നതിനാല്‍ ബിസിനസിനെ കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചു.
പഠിക്കുന്ന സമയത്ത് ഓട്ടോമൊബൈല്‍ മേഖലയോട് താല്‍പ്പര്യം ഉണ്ടായിരുന്നെങ്കിലും വര്‍ക്ക്ഷോപ്പില്‍ തട്ടി സ്വപ്നങ്ങള്‍ നിന്നിരുന്നു. 2007ല്‍ കമ്പനിയുടെ പ്രവര്‍ത്തനം തൃശൂരിലേക്ക് വ്യാപിപ്പിച്ചപ്പോള്‍ കസിന്‍ രാജീവിനെ പാര്‍ട്ടണറാക്കി. അതിനുശേഷം അദ്ദേഹത്തിന്റെ എല്ലാ ബിസിനസിലും രാജീവിനെയും കൂടെക്കൂട്ടി. 3M ഡയറക്ട് ഫ്രാഞ്ചൈസി ആരംഭിച്ചപ്പോഴും രാജീവ് പാര്‍ട്ട്ണറായി ഒപ്പമുണ്ടായിരുന്നു. പത്ത് വര്‍ഷം രാജേന്ദ്രനൊപ്പം രാജീവും ബിസിനസില്‍ സജീവമായുണ്ടായിരുന്നു. 2010 വരെ വളരെ നില്ലനിലയില്‍ പോയിരുന്ന ബിസിനസ് പെട്ടെന്നാണ് തകിടം മറിയുന്നത്. 2010ല്‍ 3M ന്റെ ഡയറക്റ്റ് സ്റ്റോര്‍ തുറന്നിരുന്നു. പിന്നീട് ചില പ്രശ്നങ്ങളെ തുടര്‍ന്ന് 3M ന്റെ അടുക്കല്‍ നിന്ന് സ്റ്റോര്‍ മാറ്റേണ്ടി വന്നു. അതില്‍ വലിയ സാമ്പത്തിക നഷ്ടം രാജീവിനും രാജേന്ദ്രന്‍ അമ്പാടിയ്ക്കും സംഭവിച്ചു. ഇതിനിടെ മറ്റൊരു ബിസിനസ് തുടങ്ങാനുള്ള ശ്രമം നടത്തിയെങ്കിലും മറ്റൊരാള്‍ പണവുമായി മുങ്ങി. രാജീവിന്റെ വിവാഹം കഴിഞ്ഞ സമയം കൂടിയായിരുന്നു അത്. ഒന്നരക്കോടിയോളം രൂപയാണ് കടബാധ്യതയായി രാജീവിനും രാജേന്ദ്രനും മുന്നിലുണ്ടായിരുന്നത്. വട്ടിപ്പലിശക്കാരില്‍ നിന്നടക്കം കടം വാങ്ങിയതിനാല്‍ ഉറക്കം പോയ നാളുകളായിരുന്നു രാജീവിന് രണ്ട് കൊല്ലം. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയുടെ മുന്നില്‍ തോറ്റു പോകാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച നാളുകളില്‍ അമ്മയും ഭാര്യയും ബന്ധുക്കളും സുഹൃത്തുക്കളും കൂടെ നിന്നപ്പോള്‍ പ്രതിസന്ധിയോട് മുട്ടുമടക്കാതെ പൊരുതാന്‍ തീരുമാനിച്ചു. വയനാട്ടിലെ അമ്മയുടെ സ്ഥലം വിറ്റും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയും സാമ്പത്തിക ബാധ്യതകള്‍ ഒരുവിധം തീര്‍ത്തു. ബുദ്ധിമുട്ടുള്ള സമയത്താണ് യഥാര്‍ത്ഥ സൗഹൃദങ്ങളെ തിരിച്ചറിയാന്‍ സാധിക്കുവെന്നും പ്രതിസന്ധികളില്‍ നിന്നാണ് കൂടുതല്‍ പഠിക്കാനുള്ളതെന്നും രാജീവ് തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ സാക്ഷ്യപ്പെടുത്തുന്നു.
മാറുന്ന ജീവിതം, തെളിയുന്ന വഴികള്‍
എറണാകുളത്തെ ബിസിനസ് അവസാനിപ്പിച്ച് നാട്ടില്‍ പോയി രാജീവ് കാര്‍ഡീറ്റെയ്‌ലിംഗ് ഷോപ്പ് തുടങ്ങി. ഇതിനിടെ കൊച്ചിയിലെ ഡീലര്‍മാര്‍ വിളിച്ച് ഡീറ്റെയ്‌ലിംഗ് സര്‍വീസ് പുന:രാരംഭിക്കാന്‍ ആവശ്യപ്പെട്ടു. രാജീവിനൊപ്പം കോഴിക്കോട് ഇതേ ബിസിനസ് നടത്തിയിരുന്ന സുഹൃത്ത് വിപിന്‍ തന്റെ ബിസിനസ് എറണാകുളത്തേയ്ക്കും വ്യാപിപ്പിച്ച സമയം കൂടിയായിരുന്നു ഇത്. വിപിന്‍ രാജീവിനെ പാര്‍ട്ട്ണറാക്കാന്‍ നോക്കിയെങ്കിലും കുടുംബവുമായി കൊച്ചി നഗരത്തില്‍ ജീവിക്കുന്ന രാജീവിന് പെട്ടെന്നൊരു ജോലിയായിരുന്നു ആവശ്യം. ഡീലേഴ്സുമായി വര്‍ഷങ്ങളായിട്ടുണ്ടായിരുന്ന ബന്ധം ജോലിയില്‍ ഏറെ ഗുണം ചെയ്തു. ഇതിനിടെ 3M രാജീവിനെ ജോലിക്കാരനായിട്ട് പോലും എടുക്കാന്‍ പാടില്ലെന്നും ഒരിടത്തും കയറ്റരുതെന്നും വിപിനില്‍ സമ്മര്‍ദം ചെലുത്തി.
ഇതോടെ രാജീവ് 3Mന്റെ എതിരാളിയുടെ ഡീലര്‍ഷിപ്പെടുത്ത് 2013ല്‍ സ്വന്തമായി കാര്‍ ഡീറ്റെയ്ലിംഗ് ചെയ്യാന്‍ തുടങ്ങി. ഡീലര്‍മാരുടെ ഭാഗത്തുനിന്നടക്കം മികച്ച പിന്തുണയാണ് ലഭിച്ചത്. 2015-16 കാലഘട്ടത്തിലാണ് സ്വന്തമായൊരു സ്ഥാപനം എന്ന ആശയം ആഴത്തില്‍ ആളിക്കത്താന്‍ തുടങ്ങിയത്. തുടര്‍ന്ന് ഒരു വര്‍ഷത്തോളം അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുമായിട്ട് മുന്നോട്ട് പോയി. 2018ല്‍ രാജീവിന്റെ സ്വപ്നമായ ബ്രൈറ്റ് മേക്കേഴ്സ് എന്ന കാര്‍ ഡീറ്റെയ്ലിംഗ് സ്ഥാപനം യാഥാര്‍ത്ഥ്യമായി. 2019ല്‍ ഔദ്യോഗികമായിട്ട് കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. 3Mന്റെ ഡീലര്‍ഷിപ്പ് വന്നതു മുതലുള്ള സ്വപ്‌നമായിരുന്നു സ്വന്തമായൊരു കാര്‍ഡീറ്റെയ്‌ലിംഗ് സ്ഥാപനമെന്ന് രാജീവ് പറഞ്ഞു.
2003 മുതലുള്ള അനുഭവ സമ്പത്ത് കൈമുതലാക്കി സ്വന്തം സംരംഭത്തില്‍ കാലുകുത്തി നില്‍ക്കുമ്പോള്‍ പ്രതിസന്ധികളും യാതനകളും പിന്നിട്ട പാതയില്‍ താണ്ടിയ പടവുകള്‍ മാത്രമായി രാജീവിന് തോന്നി. സഹായിക്കാന്‍ കുറെ ആളുകള്‍ ഉണ്ടായതു കൊണ്ട് രണ്ടാമതും ബിസിനസില്‍ ഇറങ്ങിയപ്പോള്‍ ഭയം തോന്നിയില്ലെന്ന് രാജീവ് പറയുന്നു. അമ്മയ്ക്ക് കുറച്ചു സ്ഥലം മേടിച്ചുകൊടുക്കാന്‍ സാധിച്ചതും കൊച്ചിയില്‍ സ്വന്തമായൊരു ഫ്‌ളാറ്റ് സ്വന്തമാക്കിയതും പുതിയ ബിസിനസിലൂടെയാണെന്നു അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കാര്‍ഡീറ്റെയ്‌ലിംഗില്‍ ശോഭിക്കുമ്പോഴും രാജീവിന് എല്ലാ വാഹനങ്ങളും ഒരു പോലെയാണ്. പഠിക്കുന്ന കാലത്ത് ഏറെ ഇഷ്ടം തോന്നിയതും ഒരിക്കല്‍ എങ്കിലും സ്വന്തമാക്കണമെന്ന് സ്വപ്‌നം കണ്ടതും ഫിയറ്റിന്റെ പുന്റോ ആയിരുന്നു. എന്നാല്‍ ഫിയറ്റിന്റെ ഒരു വാഹനം പോലും വാങ്ങിയിട്ടില്ല. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ അടുപ്പം തോന്നിയത് ഫോഡിന്റെ ഗ്ലോബല്‍ ഫിയസ്റ്റ കാറിനോടാണെന്നു രാജീവ് പറയുന്നു. രാം മോഹനും രജനിയുമാണ് രാജീവിന്റെ മാതാപിതാക്കള്‍. ഭാര്യ സജിത വീട്ടമ്മയാണ്. ബിസിനസില്‍ സപ്പോര്‍ട്ടും ചെയ്യുന്നു. മൂന്നാം ക്ലാസില്‍ പഠിക്കുന്ന നന്ദനും യു.കെ.ജിയില്‍ പഠിക്കുന്ന രേവതിയുമാണ് മക്കള്‍.
ഷൈനിംഗ് ബ്രൈറ്റ് മേക്കേഴ്സ്
കാര്‍ ഡീറ്റെയിലിംഗ് രംഗത്ത് തങ്ങളുടെതായ പാത വെട്ടിത്തെളിച്ച ബ്രൈറ്റ് മേക്കേഴ്സിന് ആയിരക്കണക്കിന് കസ്റ്റമേഴ്സാണുള്ളത്. കൊച്ചിയ്ക്ക് പുറമെ തൃശൂര്‍, കോഴിക്കോട് എന്നിവടങ്ങളിലും ബ്രാഞ്ചുകളുണ്ട്. കാര്‍ ഡീറ്റെയ്‌ലിംഗ് സര്‍വീസ് മേഖലയായതു കൊണ്ട് ട്രെയിനിംഗിനും മേല്‍നോട്ടത്തിനുമാണ് മുന്‍ഗണന. ഉത്പന്നത്തെക്കാള്‍ ഉപരി എങ്ങനെ സര്‍വീസ് ചെയ്യുന്നു എന്നതിലാണ് കാര്യം. തൊഴിലാളികളുടെ വൈദഗ്ധ്യം, പ്രോസസിംഗ് രീതി, ഉപയോഗിക്കുന്ന മെറ്റീരിയല്‍ എന്നിവയുടെ സമന്വയം ഈ ബിസിനസില്‍ പ്രധാനമാണ്. സ്റ്റാഫുകളുടെ കൃത്യമായ പരിശീലനവും സാങ്കേതിക വിദ്യയ്ക്കും വലിയ പങ്കാണുള്ളത്. ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഉത്പന്നങ്ങളെയും സര്‍വീസിനെയും അതിന്റെ സവിശേഷതകളെയും കുറിച്ച് ഉപഭോക്താക്കള്‍ക്ക് കൃത്യമായി മനസിലാക്കി കൊടുക്കാറുണ്ട്. അവരാണ് സേവനം തിരഞ്ഞെടുക്കുന്നതെന്ന് ബ്രൈറ്റ് മേക്കേഴ്സ് എം.ഡി കെ.ആര്‍ രാജീവ് പറഞ്ഞു.
കാര്‍ ഡീറ്റെയ്‌ലിംഗിന് പ്രധാനമായും ഇന്റീരിയല്‍, എക്സ്റ്റീരിയല്‍, ആന്റികൊറേസി ട്രീറ്റ്‌മെന്റ് എന്നി ഭാഗങ്ങളാണുള്ളത്. ഒരു വാഹനം കാണുമ്പോള്‍ തന്നെ ഏതു തരത്തിലുള്ള സംരക്ഷണമാണ് നല്‍കേണ്ടതെന്നതിനെക്കുറിച്ച് കൃത്യമായ ഐഡിയ ലഭിക്കും. എക്സ്റ്റീരിയലില്‍ പെയിന്റ് സംരക്ഷണമാണ് പ്രധാനം. പെയിന്റ് പ്രൊട്ടക്ടീവ് ഫിലിം (പി.പി.എഫ്) ഇക്കൂട്ടത്തിലെ അഡ്വാന്‍സ് ടെക്നോളജിയാണ്. ഫിലിം കൊണ്ട് പെയിന്റിനെ സംരക്ഷിക്കുകയാണ്. 20 മൈക്രോണ്‍ വരെയുള്ള സ്‌ക്രാച്ചുകള്‍ താനെ മാഞ്ഞു പോകും. സെറാമിക് കോട്ടിംഗ്, നോര്‍മല്‍ പെയിന്റ് പ്രൊട്ടക്ഷന്‍ എന്നിവയാണ് പെയിന്റ് സംരക്ഷണത്തിലെ മറ്റു രീതികള്‍. ഇന്റീരിയലില്‍ ക്ലീനിംഗ്, ഫോര്‍മാറ്റ്, സീറ്റ് കവര്‍ എന്നിവയുടെ സംരക്ഷണമാണ് പ്രധാനപ്പെട്ടവ. ഇന്റീരിയല്‍ അണുവിമുക്തമാക്കുന്നതും ശ്രദ്ധ ചെലുത്തണം. എഞ്ചിന്‍, ഡോര്‍, വാഹനങ്ങളുടെ അടിഭാഗം തുടങ്ങിയിടങ്ങളില്‍ തുരുമ്പ് പിടിക്കാതെയിരിക്കാന്‍ നല്‍കുന്നതാണ് ആന്റികൊറോസിന്‍ ട്രീറ്റ്‌മെന്റ്. റബറൈസ്ഡ്, ഇന്റേണല്‍ പാനല്‍ പ്രൊട്ടക്ഷന്‍, സൈലന്‍സര്‍ പ്രൊട്ടക്ഷന്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ വരുന്ന ട്രീറ്റ്മെന്റുകള്‍. കാര്‍ഡീറ്റെയ്‌ലിംഗ് മേഖലയും അതിലെ സാങ്കേതികവിദ്യയും അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പെയിന്റ് പ്രൊട്ടക്ഷന്‍, സണ്‍കണ്‍ട്രോള്‍ ഫിലിം, അണ്ടര്‍ബോഡി എന്നി ട്രീറ്റ്‌മെന്റുകളാണ് നേരത്തെ പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഇന്ന് സൈലന്‍സര്‍ കോട്ടിംഗ്, എലിയെ തുരത്താനുള്ള റാറ്റ് റിപ്പലെന്റ്, എഞ്ചിന്‍ ട്രീറ്റ്‌മെന്റ് തുടങ്ങി നിരവധി ട്രീറ്റ്‌മെന്റുകള്‍ കാര്‍ ഡീറ്റെയ്‌ലിംഗിലുണ്ട്. എല്ലാ നൂതന സാങ്കേതിക വിദ്യയും ബ്രൈറ്റ് മേക്കേഴ്‌സ് ഉപയോഗിക്കുന്നുണ്ട്.
വാഹനം ഒരു വൈകാരിക വസ്തുവായതു കൊണ്ട് ഈ ബിസിനസില്‍ വിശ്വാസ്യതയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. എല്ലാ വാഹനങ്ങളെയും ഓരേ രീതിയിലാണ് സമീപിക്കുന്നതെങ്കിലും വ്യത്യസ്ത സവിശേഷതകളാണുള്ളത്. ഹോണ്ടയുടെയോ മാരുതിയുടേയോ പോലെയല്ല ബെന്‍സിന്റെ പെയിന്റ്. സമീപന രീതിയിലല്ല, മറിച്ച് ഉപയോഗിക്കുന്ന മെറ്റീരിയല്‍സിലാണ് മാറ്റം വരുന്നത്. കെ.ആര്‍ രാജീവ് പറയുന്നു. വാഹനങ്ങളുടെ ടെക്‌നോളജി അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. എഞ്ചിനും ഉപയോഗിക്കുന്ന ഇന്ധനവും മറ്റു സാങ്കേതിക വിദ്യയെല്ലാം മാറിയാലും ബോഡി ക്ലീനിംഗിലും സംരക്ഷണത്തിലും മാറ്റം വരുന്നില്ല. ഇന്‍വെസ്റ്റ്‌മെന്റിന്റെ രണ്ടാമത്തെ ഭാഗമായ വാഹനങ്ങള്‍ ഒരാളുടെ വ്യക്തിത്വത്തിന്റെ അടയാളം കൂടിയാണ്. ഈ മേഖലയിലേക്ക് താന്‍ കടന്നു വരുമ്പോള്‍ മാരുതിയാണ് ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റത്. പിന്നീട് ഹുണ്ടായ്, ടാറ്റ, ടൊയോട്ട തുടങ്ങി നിരവധി കമ്പനികള്‍ കേരളത്തിന്റെ മാര്‍ക്കറ്റില്‍ സജീവ സാന്നിദ്ധ്യമായി. കൊച്ചിയില്‍ മാത്രം ഒരുമാസം ഏകദേശം ആയിരത്തോളം വാഹനങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് രാജീവ് കൂട്ടിച്ചേര്‍ത്തു. മികച്ച ട്രെയിനിംഗ് ലഭിച്ച ബ്രൈറ്റ് മേക്കേഴ്‌സിലെ 200ലധികം സ്റ്റാഫുകള്‍ ഉപഭോക്താക്കളുടെ സംതൃപ്തിയ്ക്ക് അനുയോജ്യമായ സേവനം നല്‍കി വരുന്നു. വീടുകളില്‍ പോയി വാഷ് ചെയ്യുന്ന രീതിയും ബ്രൈറ്റ് മേക്കേഴ്സിനുണ്ട്. കഴിഞ്ഞ പതിനേഴ് വര്‍ഷത്തിനിടെ ബിസിനസിലുണ്ടായ കാര്യമായ മാറ്റം ഡീലര്‍ ടു ഡീലറില്‍ നിന്ന് കസ്റ്റമേഴ്സിന്റെ ഇടയിലേക്ക് വരാന്‍ സാധിച്ചു എന്നുള്ളതാണെന്ന് രാജീവ് പറയുന്നു. കൊച്ചി,കോഴിക്കോട്, തൃശൂര്‍ എന്നിവടങ്ങള്‍ക്ക് പുറമെ തിരുവനന്തപുരത്ത് പുതിയ ബ്രാഞ്ച് തുറക്കുന്നതും ഫ്രാഞ്ചൈസികള്‍ നല്‍കുന്നതും ബ്രൈറ്റ് മേക്കേഴ്‌സിന്റെ പുതിയ പദ്ധതികളാണ്.