”വായിച്ചാല്‍ വളരും, വായിച്ചില്ലേലും വളരും. വായിച്ചു വളര്‍ന്നാല്‍ വിളയും, വായിച്ചില്ലേല്‍ വളയും ” കുഞ്ഞുണ്ണി മാഷിന്റെ കവിത വായനയുടെ പ്രാധാന്യത്തെ നമ്മുക്ക് സരസമായി പറഞ്ഞു തരുന്നു. കാലഘട്ടത്തിന് അനുസരിച്ച് വായനയുടെ രീതിയും സങ്കേതവും മാറി. സമൂഹത്തെ നിരക്ഷരരാക്കി നിലനിര്‍ത്തുന്നതിനായി പുസ്തകങ്ങള്‍ കത്തിക്കുന്ന ഒരു ഫയര്‍മാന്റെ കഥ പറയുന്ന ബ്രാഡ്ബറിയുടെ പ്രശസ്തമായ നോവലാണ് ഫാരന്‍ഹീറ്റ് 451. കത്തിക്കുന്നതില്‍ വല്ലാത്തൊരു ‘ സംതൃപ്തിയുണ്ട് ‘ എന്ന വാക്യത്തോടെ ആരംഭിക്കുന്ന നോവല്‍ 1953ലെ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തില്‍ ഒരുപാട് വിമര്‍ശനങ്ങളും കോളിളക്കവും സൃഷ്ടിച്ചിട്ടുണ്ട്. പുസ്തകം നിരോധിക്കുന്നതില്‍ വരെ എത്തി കാര്യങ്ങള്‍.
വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രാഫിക് ഡിസൈനിംഗ് കമ്പനിയായ ചാള്‍സ് നിപെല്‍സ് ലാബും സൂപ്പര്‍ ടെറൈനിലെ ഗ്രാഫിക് ഡിസൈനര്‍മാരും ചേര്‍ന്ന് ആ പുസ്തകത്തിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി. പുസ്തകത്തിന്റെ അന്തസത്തപോലെ തന്നെ പുസ്തകം കത്തിച്ചാല്‍ മാത്രമേ വായിക്കാന്‍ സാധിക്കൂ!! കറുത്ത നിറത്തിലുള്ള പുസ്‌കത്തിന്റെ താളുകളില്‍ തീയേല്‍ക്കുമ്പോള്‍ അക്ഷരങ്ങള്‍ തെളിഞ്ഞു വരും. തീ അണയുമ്പോള്‍ വീണ്ടും പഴയതു പോലെ കറുത്ത നിറമാകും. സയന്‍സ് ഗേള്‍ എന്ന ട്വിറ്റര്‍ പേജിലും ജോ ഫ്രെന്‍കെന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലും പങ്കുവച്ച ഇതിന്റെ വീഡിയോ വൈറലായി. പുസ്തകത്തിന്റെ പുറംചട്ടയടക്കം കറുപ്പ് നിറത്തിലാണ്. ഒറ്റ നോട്ടത്തില്‍ ഇത് മാജിക്കാണെന്നു പോലും തോന്നിപോകും.
ഏതു തരത്തിലുള്ള പുസ്തകങ്ങളും കത്തിക്കാന്‍ ഇഷ്പ്പെടുന്ന ഒരു അഗ്‌നിശമന സേന പ്രവര്‍ത്തകന്റെ കഥയാണ് ഫാരന്‍ഹൈറ്റ് 451 എന്ന പുസ്തകം പ്രതിപാദിക്കുന്നത് എന്ന് ഈ മാജിക് ബുക്ക് വില്‍ക്കുന്ന സൂപ്പര്‍ ടെറൈന്‍ തങ്ങളുടെ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു.
തീപോലെ ചൂടുള്ള പദാര്‍ത്ഥങ്ങളുമായി ചേര്‍ന്നിരുന്നാല്‍ തെളിയുന്ന വിധത്തിലുള്ള പദാര്‍ത്ഥങ്ങള്‍ കൊണ്ടാണ് ഈ പുസ്തകത്തിന്റെ ഒരു പേജും തയ്യാറാക്കിയിരിക്കുന്നത്. അതേ സമയം എന്താണ് ഇതിന് പിന്നിലെ രഹസ്യമെന്ന് കമ്പനി വെളിപ്പെടുത്തുന്നില്ല. പുസ്തകത്തിന്റെ ഉള്ളടക്കവുമായി ബന്ധം പുലര്‍ത്തുന്ന പദാര്‍ത്ഥം കൊണ്ടാണ് പേജുകള്‍ നിര്‍മിച്ചിരിക്കുന്നത് എന്നും സൂപ്പര്‍ ടെറൈന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഫാരന്‍ഹൈറ്റ് 451 ന്റെ 100 കോപ്പികള്‍ മാത്രമാണ് സൂപ്പര്‍ ടെറൈന്‍ വില്പനയ്ക്ക് തയ്യാറാക്കിയിട്ടുള്ളത്. ഒരെണ്ണത്തിന്റെ വില 395 യൂറോ ആണ്, അതായത് ഏകദേശം 35,500 ഇന്ത്യന്‍ രൂപ.
ഫാരന്‍ഹൈറ്റ് 451 എന്ന ഈ സയന്‍സ് ഫിക്ഷന്‍ നോവലിലെ നായകനായ ഗൈ മോണ്ടാഗ് അഗ്നിശമന സേനയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. എന്നാല്‍ തീ അണയ്ക്കുന്നതിന് പകരം കത്തിക്കുന്നതിനാണ് അയാള്‍ക്ക് താല്‍പ്പര്യം. സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പിന്റെ ഏജന്റുമാര്‍ എന്ന നിലയില്‍ പുസ്തകങ്ങള്‍ സൂക്ഷിക്കുന്നവരുടെ വീടുകള്‍ കത്തിക്കുക എന്നതാണ് മോണ്ടാഗിന്റെ ലക്ഷ്യം. ഇത് 1950കളില്‍ അമേരിക്കയില്‍ നിലനിന്നിരുന്ന സാമൂഹ്യവസ്ഥയ്‌ക്കെതിരെയുള്ള പ്രതിഫലനമായിരുന്നു. നോവലിലെ കഥാപാത്രം കത്തച്ചുകളഞ്ഞതിലൊന്ന് ബൈബിള്‍ ആയിരുന്നുവെന്ന ആരോപണം ഈ പുസ്തകം നിരോധിക്കാന്‍ കാരണങ്ങളിലൊന്നായി. ഒരു പുസ്തകം കത്താന്‍ ആവശ്യമായ താപനിലയാണ് 451 ഫാരന്‍ഹീറ്റ്. ‘എല്ലാ കത്തിക്കുക, അഗ്നി ശോഭയുള്ളതും ശുദ്ധവുമാണ് ‘ ബ്രാഡ്ബറിയുടെ ചിന്തകളും നോവലിന്റെ ആത്മാവും പുതിയ സങ്കേതത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് കത്തിച്ച് വായിക്കുന്ന ഈ പുസ്തകത്തിലൂടെ.