''ജനന തീയതിയോ, ജന്മസ്ഥലമോ എനിക്ക് കൃത്യമായി പറയാന്‍ കഴിയില്ല. ഏതെങ്കിലുമൊരു സ്ഥലത്ത് ഏതെങ്കിലുമൊരു ദിവസം എന്നു ഞാന്‍ കരുതുന്നു'' ബുക്കര്‍ ടി വാഷിംഗ്ടണ്‍ തന്റെ ആത്മകഥയായ അപ് ഫ്രം സ്ലേവറിയില്‍ ഇങ്ങനെ കുറിച്ചു. ഏകാന്തതയും നിരാശയും ദുരന്തങ്ങളും വേട്ടയാടിയ ചുറ്റുപാടിലായിരുന്നു ബുക്കര്‍ തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പാഞ്ഞത്. അടിമയില്‍ നിന്നും ലോകം വാഴ്ത്തുന്ന ജീനിയസിലേക്കുള്ള ബുക്കര്‍ ടി. വാഷിംഗ്ടണിന്റെ വളര്‍ച്ച വിസ്മയങ്ങളുടെ ചെപ്പാണ് തുറക്കുന്നത്. അടിമച്ചന്തയില്‍ അടിമകളെ വാങ്ങാനെത്തിയാള്‍ക്ക് ബുക്കറിന്റെ അമ്മ ആകര്‍ഷണീയയായി തോന്നി. അങ്ങനെ അയാള്‍ ബുക്കറിന്റെയും സഹോദരങ്ങളുടെയും ഉടമസ്ഥനായി. അടുത്ത കൃഷിയിടത്തിലെ വെള്ളക്കാരനാണ് തന്റെ അച്ഛനെന്ന് പറഞ്ഞുകേട്ട അറിവ് മാത്രമേ ബുക്കറിന് ഉണ്ടായിരുന്നുള്ളു. ചോളം പൊടിക്കുന്നതിനായി മില്ലില്‍ കൊണ്ടുപോകുന്നതായിരുന്നു ബാല്യത്തില്‍ അവന്റെ ജോലി. യജമാനന്റെ വീട്ടില്‍ ഭക്ഷണസമയത്ത് തീന്‍മേശയിലെ ഈച്ചകളെ ആട്ടിയോടിക്കേണ്ട ജോലിയും ഉടമയുടെ കൊച്ചുമക്കളുടെ പുസ്തകങ്ങള്‍ ചുമന്ന് അവരെ സ്‌കൂളില്‍ എത്തിക്കേണ്ട ചുമതലയും ബുക്കറിനായിരുന്നു. വെള്ളക്കാരായ കുട്ടികള്‍ ക്ലാസ്മുറിയില്‍ പഠിക്കുന്ന ചിത്രം ചെറുപ്പത്തില്‍ അവന്റെ മനസില്‍ വലിയ കുറ്റബോധമുണ്ടാക്കി. ആഭ്യന്തരയുദ്ധം അവസാനിച്ചതോടെ അടിമകള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ദിനം വന്നു. അക്കാലത്ത് വെര്‍ജീനിയായിലെ ഏറ്റവും വലിയ വ്യവസായം ഉപ്പുഖനനമായിരുന്നു. ബുക്കറിന്റെ രണ്ടാനച്ഛന് അവിടെ ഉപ്പു ചൂളയിലായിരുന്നു ജോലി. അദ്ദേഹം അവിടേക്ക് ബുക്കറിനെയും അമ്മയേയും സഹോദരങ്ങളെയും കൊണ്ടുപോയി. രണ്ടാനച്ഛന്‍ ബുക്കറിനെയും സഹോദരനെയും ഉപ്പുചൂളയില്‍ ജോലിയ്ക്ക് ചേര്‍ത്തു. ഉപ്പുചൂളയില്‍ ജോലി ചെയ്യുന്ന സമയത്താണ് പുസ്തകങ്ങളുമായി ബുക്കര്‍ കൂട്ടുകൂടുന്നത്. ഉപ്പു നിറയ്ക്കുന്ന ഓരോരുത്തരുടെയും വീപ്പകളില്‍ പ്രത്യേകം നമ്പര്‍ രേഖപ്പെടുത്തിയിരുന്നു. ഓരോ ദിവസത്തേയും ജോലി അവസാനിക്കുമ്പോള്‍ ബോസ് വന്ന് ബുക്കറിന്റെയും സഹോദരന്റെയും വീപ്പകളില്‍ 18 എന്ന് രേഖപ്പെടുത്തുമായിരുന്നു. വൈകാതെ ഈ നമ്പര്‍ എവിടെ കണ്ടാലും അത് തിരിച്ചറിയാനും എഴുതാനും ബുക്കറിനായി. ഇതോടെ പഠിക്കണമെന്നുള്ള ആഗ്രഹം ബുക്കറിന്റെയുള്ളില്‍ തീവ്രമായി. നിരക്ഷരയായിരുന്നെങ്കിലും അമ്മയ്ക്ക് മക്കളെക്കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു. ബുക്കറിന്റെ ആവശ്യപ്രകാരം അവര്‍ അവന് ഒരു പഴയ ബുക്ക് വാങ്ങി കൊടുത്തു. അതില്‍ അക്ഷരമാലയും അര്‍ത്ഥമില്ലാത്ത കുറെ വാക്കുകളുമായിരുന്നു ഉണ്ടായിരുന്നത്. വൈകാതെ ബുക്കര്‍ വായിക്കാന്‍ പഠിച്ചു. ആയിടക്കാണ് കറുത്തകുട്ടികള്‍ക്കുവേണ്ടി ഒരു സ്‌കൂള്‍ അവന്റെ നാട്ടില്‍ തുടങ്ങിയത്. പക്ഷെ സ്‌കൂളില്‍ പോകാന്‍ രണ്ടാനച്ഛന്‍ അനുവദിച്ചില്ല. ഉപ്പുചൂളയില്‍ നിന്നും ലഭിക്കുന്ന വരുമാനം നിലയ്ക്കുമെന്നായിരുന്നു കാരണം പറഞ്ഞത്. ഒടുവില്‍ രാവിലെ ഒമ്പതുമണി വരെ ഉപ്പുചൂളയില്‍ ജോലി ചെയ്തതിന് ശേഷം സ്‌കൂളില്‍ പോകാന്‍ ബുക്കറിന് അനുവാദം ലഭിച്ചു. കല്‍ക്കരി ഖനിയല്‍ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്ത് അവിടുത്തെ രണ്ടു ജോലിക്കാര്‍ ഹംപ്ടണ്‍ എന്ന സ്‌കൂളിനെക്കുറിച്ച് സംസാരിക്കുന്നത് ബുക്കര്‍ കേട്ടു. വെര്‍ജീനിയയിലെവിടെയോ ആണ് കറുത്ത വര്‍ഗക്കാര്‍ക്കുവേണ്ടി മാത്രമുള്ള ഈ സ്‌കൂള്‍. പാവപ്പെട്ടവരും അര്‍ഹതയുള്ളവരുമായ കുട്ടികള്‍ക്ക് അവിടെ പഠിക്കാം. ഭക്ഷണചെലവ് മുഴുവനായോ ഭാഗികമായോ ജോലി ചെയ്തു നേടുന്നതിനൊപ്പം ഏതെങ്കിലും തൊഴിലോ വ്യവസായമോ പഠിക്കുകയും ചെയ്യാം. ഹംപ്ടണ്‍ സ്‌കൂളിനെക്കുറിച്ച് കേട്ടപ്പോള്‍ അവിടെ പോയി പഠിക്കണമെന്ന മോഹം ബുക്കറിനുണ്ടായി. ഹംപ്ടണില്‍ പോയി പഠിക്കണമെന്നുള്ള തന്റെ ആഗ്രഹം അവന്‍ ആദ്യം അറിയിച്ചത് അമ്മയെയായിരുന്നു. ഏതാനും വസ്ത്രങ്ങള്‍ ഒരു ചെറിയ കൈസഞ്ചിയിലാക്കി അവന്‍ വലിയ സ്വപ്‌നത്തിലേക്ക് യാത്രതിരിച്ചു. ഹംപ്ടണിലേക്ക് ഏകദേശം അഞ്ഞൂറ് മൈല്‍ ദൂരമുണ്ട്. പണമില്ലാത്തതിനാല്‍ കുതിരവണ്ടിയിലും നടന്നുമൊക്കെയാണ് ബുക്കര്‍ അവിടെ എത്തിയത്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ, കുളിക്കാതെ, വസ്ത്രം മാറാതെ എത്തിയ ബുക്കറിന് പ്രവേശനം നല്‍കാന്‍ ഹാംപ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രിന്‍സിപ്പള്‍ തയ്യാറായില്ല. അവനോട് പുറത്ത് കാത്തിരിക്കാന്‍ നിര്‍ദ്ദേശിച്ചു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പ്രിന്‍സിപ്പള്‍ ബുക്കറിനോട് പറഞ്ഞു: 'അടുത്ത മുറി തൂത്തുവൃത്തിയാക്കേണ്ടിയിരിക്കുന്നു, ചൂലെടുത്ത് അത് വൃത്തിയാക്കുക.'
ആ ലൈബ്രറി അവന്‍ മൂന്നു പ്രാവശ്യം തൂത്തു. ജോലി പൂര്‍ത്തിയാക്കിയപ്പോള്‍ അദ്ധ്യാപകര്‍ എത്തി മുറി പരിശോധിച്ചു. ഈ സ്ഥാപനത്തില്‍ പ്രവേശനം ലഭിക്കാന്‍ നിനക്ക് യോഗ്യതയുണ്ടെന്നു തോന്നുന്നു. അദ്ധ്യാപകര്‍ അവനോട് പറഞ്ഞു. ‘ഞാന്‍ പല പ്രവേശന പരീക്ഷകളും പാസായിട്ടുണ്ട്. പക്ഷെ ഏറ്റവും മഹത്തായ പരീക്ഷ ഇതായിരുന്നു’ ആത്മകഥയില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു. പഠനം വിജയകരമായി പൂര്‍ത്തിയാക്കി ബുക്കര്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചു വന്നു. അവിടെയുള്ള കറുത്ത പഠിപ്പിക്കാന്‍ ബുക്കര്‍ നിയോഗിക്കപ്പെട്ടു. ഇതിനിടയില്‍ അലബാമ സംസ്ഥാനത്തുള്ള ചെറുപട്ടണത്തില്‍ ടസ്‌കഗീയില്‍ കറുത്ത വര്‍ഗകാര്‍ക്കായി തുടങ്ങുന്ന വിദ്യാലയത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ ഹാംപ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവി ബുക്കര്‍ ടി. വാഷിംഗ്ടണിനോട് ആവശ്യപ്പെട്ടു. വേറിട്ട കര്‍മ്മ പദ്ധതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബുക്കര്‍ ടി. വാഷിംഗ്ടണ്‍ നടപ്പിലാക്കിയത്. ഗ്രാമങ്ങളില്‍ നിന്നാണ് കൂടുതല്‍ വിദ്യാര്‍ത്ഥികളെന്നു മനസിലാക്കിയ അദ്ദേഹം കൃഷിയില്‍ താല്‍പ്പര്യം ഉണ്ടാക്കിയെടുക്കുന്ന രീതിയാണ് ആവിഷ്‌കരിച്ചത്. 1881ല്‍ 30 വിദ്യാര്‍ത്ഥികളും ഒരു അദ്ധ്യാപകനുമായിരുന്നു ടസ്‌ക്ഗീയയില്‍ ഉണ്ടായിരുന്നത്. 1901ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്വന്തമായി 2300 ഏക്കര്‍ സ്ഥലമുള്ള വലിയ ക്യാമ്പസായി മാറി. അതില്‍ ആയിരം ഏക്കറില്‍ കൃഷി തുടങ്ങി. ഓരോ വര്‍ഷവും കുട്ടികളുടെ അദ്ധ്വാനം കൊണ്ട് നിര്‍മ്മിച്ചതും അല്ലാത്തതുമായ ചെറുതും വലുതുമായ 66 കെട്ടിടങ്ങള്‍ ഉയര്‍ന്നു. അക്കാഡമികവും മതപരവുമായ സമ്പൂര്‍ണ പരിശീലനത്തോടൊപ്പം 32 തൊഴിലുകളുമായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടങ്ങി. പഠനം കഴിഞ്ഞാല്‍ ഉടന്‍ ജോലി ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ നിലവില്‍ വന്നു. പിന്നീട് വിദ്യാര്‍ത്ഥികളുടെ എണ്ണം 30 ല്‍ നിന്ന് 1400ലേക്ക് ഉയര്‍ന്നു. ബുക്കര്‍ ടി. വാഷിംഗ്ടണ്‍ സ്ഥാപിച്ച ടസ്‌ക്ഗീ ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോള്‍ ടസ്‌ക്ഗീ യൂണിവേഴ്സിറ്റിയാണ്. 1896 ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി ബുക്കറിന് മാസ്റ്റേഴ്സ് ബിരുദം നല്‍കി ആദരിച്ചു. ഒരു കറുത്ത വര്‍ഗക്കാരന് ലഭിക്കുന്ന അത്തരത്തിലുള്ള പ്രഥമ അംഗീകാരമായിരുന്നു അത്. 1901 ല്‍ ഡാര്‍ട് മൗണ്ട് യൂണിവേഴ്സിറ്റി ബുക്കര്‍ ടി. വാഷിംഗ്ടണിനെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.1940 ല്‍ ബുക്കര്‍ ടി. വാഷിംഗ്ടണിന്റെ പേരില്‍ അമേരിക്കന്‍ തപാല്‍ വകുപ്പ് ഒരു സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. ഇന്ന് അമേരിക്കയില്‍ നിരവധി വിദ്യാലയങ്ങള്‍ ബുക്കര്‍ ടി. വാഷിംഗ്ടണിന്റെ പേരില്‍ സ്ഥാപിക്കപ്പെട്ടു. അദ്ധ്യാപകന്‍, എഴുത്തുകാരന്‍, പ്രാസംഗികന്‍, അമേരിക്കയിലെ ഒന്നിലധികം പ്രസിഡന്റുമാരുടെ ഉപദേശകന്‍ ബുക്കര്‍ ടി. വാഷിംഗ്ടണിന് വിശേഷണങ്ങള്‍ അനവധിയാണ്. അടിമത്തത്തില്‍ ജനിച്ച കറുത്ത അമേരിക്കന്‍ നേതാക്കളുടെ അവസാന തലമുറയില്‍ നിന്നുമുള്ള അദ്ദേഹം മുന്‍കാല അടിമകളുടെയും അവരുടെ പിന്‍ഗാമികളുടെയും ഉറച്ച ശബ്ദമായി ഇന്നും മുഴങ്ങുന്നു.