” നിങ്ങള്‍ക്ക് ചിലരെ ചിലപ്പോള്‍ വഞ്ചിക്കാന്‍ കഴിയും, പക്ഷെ നിങ്ങള്‍ക്ക് എല്ലാക്കാലത്തെയും ആളുകളെ വിഡ്ഢികളാക്കാന്‍ കഴിയില്ല, ഇപ്പോള്‍ നമുക്ക് പ്രകാശം കാണുന്നു ! റഗെ എന്ന നാടോടി സംഗീതത്തെ പ്രതിരോധത്തിന്റെ വാള്‍മുനയാക്കി ബോബ് മാര്‍ലി ഉറക്കെ പാടി. പീഡിതരും നിന്ദിതരുമായ മനുഷ്യരോട് നിങ്ങളുടെ അവകാശങ്ങള്‍ക്കായി നിവര്‍ന്നുനില്‍ക്കാനും പോരാട്ടം ഒരിക്കലും കൈവിട്ടുകളയാതിരിക്കാനും മാര്‍ലിയുടെ സംഗീതം ഓര്‍മ്മിപ്പിച്ചു. കറുപ്പിന്റെ ഉലയില്‍ ഉയിര്‍ത്തതിന്റെ കൂര്‍പ്പുണ്ടായിരുന്നു വരികള്‍ക്ക്. അടിച്ചമര്‍ത്തപ്പെട്ടവന്റെ, അവസരങ്ങള്‍ നിഷേധിക്കപ്പെട്ടവന്റെ, ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള ആഹ്വാനമായിരുന്നു ആ സംഗീതം. പതിനാലാം വയസുമുതല്‍ സംഗീതത്തില്‍ സജീവമായ റോബര്‍ട്ട് നെസ്റ്റ മാര്‍ലി എന്ന ബോബ് മാര്‍ലി ഇരുപത് വര്‍ഷം കൊണ്ട് ഒരു നൂറ്റാണ്ടിന്റെ തന്നെ സംഗീതം സൃഷ്ടിച്ചു. വര്‍ണവെറി, സാമ്രാജ്യത്വ ചിന്തകള്‍, അടിച്ചമര്‍ത്തലുകള്‍ മുതല്‍ വര്‍ത്തമാനകാലത്തെ ഫാസിസത്തെ വരെ എതിര്‍ക്കുവാന്‍ സംഗീതത്തിലൂടെ അദ്ദേഹത്തിന് സാധിച്ചു. പാട്ടിന്റെ തീക്കടലിലൂടെ നടന്ന ബോബ് മാര്‍ലി എന്ന സംഗീതത്തിലെ വിപ്ലവ നക്ഷത്രം ഭൂമിയില്‍ ഉദയം കൊണ്ടിട്ട് 76 വര്‍ഷം കഴിഞ്ഞു. മുപ്പത്തിയാറാം വയസില്‍ അര്‍ബുദത്തിന് കീഴടങ്ങി മരണം വരിച്ചെങ്കിലും ഇന്നും ലോകമെങ്ങുമുള്ള സംഗീതപ്രേമികളുടെയും സ്വപ്നം കാണുന്നവരുടെയും വേദനിക്കുന്നവരുടെ മനസില്‍ കൊടുങ്കാറ്റായി ബോബ് മാര്‍ലിയും അദ്ദേഹത്തിന്റെ സംഗീതവുമുണ്ട്.
1945 ഫെബ്രുവരി ആറിന് ജമൈക്കയിലെ നോര്‍വെല്‍ സിംക്ലെയര്‍ മാര്‍ലിയുടെയും സിസെല്ല ബുക്കറുടെയും മകനായി നയന്‍മൈല്‍സ് എന്ന സുന്ദരമായ ഗ്രാമത്തിലാണ് മാര്‍ലി ജനിച്ചത്. അച്ഛന്‍ ബ്രിട്ടീഷ് മിലിട്ടറി ഓഫീസറായ വെളുത്ത വര്‍ഗക്കാരനായിരുന്നു. അമ്മയാകട്ടെ കറുത്ത വര്‍ഗക്കാരിയും. കുഞ്ഞ് ജനിച്ചതോടെ നോര്‍വെല്‍ ബന്ധം മതിയാക്കി. ഇതോടെ അമ്മയും മകനും കിങ്‌സറ്റണിലെ ചേരിപ്രദേശത്തേക്കു മാറി. ദാരിദ്ര്യവും അപമാനവും നിത്യാനുഭവങ്ങളായി. അമ്മയുടെ ജനിതകമാണ് തന്റെ സിരകളിലെന്ന് അവനെപ്പോഴും കരുതി. അടുത്തുള്ള വെല്‍ഡറുടെ കൂടെ പണി പഠിക്കാന്‍ ചേര്‍ന്നെങ്കിലും വൈകാതെ മടങ്ങി. സ്വന്തം തിക്താനുഭവങ്ങളും ജമൈക്കയുടെ രാഷ്ട്രീയ സാഹചര്യവും മാര്‍ലിയുടെ സംഗീതത്തെയും ജീവിതത്തെയും തത്ത്വചിന്തയെയും പാകപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. നിലവിലുള്ള വ്യവസ്ഥകളോട് നിരന്തരം സമരം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ഒരു ജീവിതക്രമത്തെ സ്വാഭാവികമായും മാര്‍ലി കൂട്ടുപിടിച്ചു.
ജമൈക്കയെ കോളനിയാക്കിയിരുന്ന ബ്രിട്ടീഷുകാര്‍ 1655 കാലയളവില്‍ ധാരാളം ആഫ്രിക്കന്‍ വംശജരെ അടിമകളാക്കി അവരുടെ തോട്ടങ്ങളില്‍ പണിയെടുക്കാനായി എത്തിച്ചു. 1838ല്‍ ഈ അടിമകള്‍ സ്വതന്ത്രരായെങ്കിലും കോളനിവത്കരണത്തിന്റെ ബാക്കിപത്രമായി അസ്വസ്ഥമായ ഒരു കൂട്ടമായി ഇവര്‍ നിലനിന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ചേരിതിരിവ് രാജ്യത്തെ സ്ഥിതി കൂടുതല്‍ ദയനീയമാക്കി. ഈയൊരു സാഹചര്യമാണ് മാര്‍ലിയുടെ ഗാനങ്ങളും അദ്ദേഹത്തിന്റെ ജീവിതശൈലിയെയും ചിട്ടപ്പെടുത്തുന്നതില്‍ നിര്‍ണായകമായത്. അടിച്ചമര്‍ത്തപ്പെട്ട, അവസരങ്ങള്‍ നിഷേധിക്കപ്പെട്ട, കറുത്തവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള ആഹ്വാനമായി ആ സൃഷ്ടികള്‍ അങ്ങനെ പുറത്തുവന്നു. ഇത്തരം ഗാനങ്ങള്‍ അദ്ദേഹത്തെ മഹത്ത്വത്തിലേക്കുയര്‍ത്തിയ കാലഘട്ടവും കൂടിയായിരുന്നു അത്.
പതിനാലു വയസുള്ളപ്പോള്‍ അര്‍ധസഹോദരനൊപ്പം സംഗീത പരിപാടികള്‍ നടത്തി തുടങ്ങി. ഗിറ്റാറും ഹാര്‍മോണിയവും സാക്സഫോണും ഒരുപോലെ വഴങ്ങുമായിരുന്ന മാര്‍ലി പതിനാറാം വയസില്‍ രണ്ടു ഗാനങ്ങള്‍ പുറത്തിറക്കിയെങ്കിലും ദയനീയമായി പരാജയപ്പെട്ടു. ഗായികയായ റീത്ത ആന്‍ഡേഴ്സണെ വിവാഹം ചെയ്ത ബോബ് മാര്‍ലി ജീവിക്കാനുള്ള പണം കണ്ടെത്താനായി അമേരിക്കയിലേക്കു പോയി. കുറച്ചു പണമുണ്ടാക്കിയ ശേഷം ജമൈക്കയിലേക്കു മടങ്ങി. 1964ല്‍ ബണ്ണി ലിവിങ്സ്റ്റണ്‍, പീറ്റര്‍ ടോഷ് എന്നിവരുമായി ചേര്‍ന്ന് മാര്‍ലി രൂപീകരിച്ച ‘ വൈലേഴ്സ’ എന്ന സംഗീത ട്രൂപ്പ് നിരവധി ഗാനങ്ങള്‍ ഒരുക്കി. റഗെയെന്ന ജമൈക്കന്‍ നാടോടി സംഗീത വഴക്കത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് മാര്‍ലി പാടുകയും പാട്ടെഴുതുകയും ചെയ്തപ്പോള്‍ ജനത അതു ഹൃദയത്തില്‍ ഏറ്റുവാങ്ങി. ആദ്യ ആല്‍ബം സോള്‍ റിബല്‍ എഴുപതില്‍ പുറത്തിറങ്ങിയതോടെ വെയ്ലേഴ്സ് ട്രൂപ്പ് കൊടുങ്കാറ്റായി മാറി. ഇംഗ്ലണ്ടിലും അമേരിക്കയിലും പര്യടനങ്ങള്‍ നടത്തി. ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അഭിമുഖങ്ങള്‍ വന്നു. യുദ്ധവിരുദ്ധ പ്രസ്ഥാനത്തിനും സാമൂഹിക അസമത്വങ്ങള്‍ക്കെതിരായ പോരാട്ടത്തിനും മാര്‍ലിയുടെ പാട്ട് കൂട്ടായി. 1974 ല്‍ ലോകവ്യാപകമായി റിലീസുചെയ്ത ‘ ബേണിങ് ‘ എന്ന ആല്‍ബം മാര്‍ലിക്ക് അന്താരാഷ്ട്ര തലത്തില്‍ ഏറെ പ്രശസ്തി നേടിക്കൊടുത്തു.
ശബ്ദമില്ലാത്തവരുടെ ശബ്ദം ഇത്ര തീവ്രമായി മാര്‍ലിയിലൂടെ ലോകം ആദ്യമായി കേള്‍ക്കുകയായിരുന്നു. ‘ ബഫല്ലോ സോള്‍ജിയര്‍, ഗെറ്റ് അപ് സ്റ്റാന്‍ഡ് അപ് , ത്രീ ലിറ്റില്‍ ബേഡ്‌സ്, എന്നിവയെല്ലാം ബോബ് മാര്‍ലിയുടെ എക്കാലത്തെയും വലിയ ഹിറ്റുകളാണ്. ബഫല്ലോ സോള്‍ജ്യര്‍ എന്ന ഈ പാട്ടില്‍ മാര്‍ലിയുടെ വരികള്‍ വിപ്ലവകരമാകുന്നുണ്ട്. അമേരിക്കന്‍ സേനയിലെ പത്താം റെജിമെന്റിനെപ്പറ്റിയാണ് ഈ പാട്ട്. കറുത്തവര്‍ഗകാരുടെ ഈ റെജിമെന്റ് നീഗ്രോ കവല്‍റി എന്നാണ് അറിയപ്പെട്ടിരുന്നത്. അവരെയാണ് അമേരിക്കക്കാര്‍ ബഫല്ലോ സോള്‍ജ്യര്‍ എന്ന് വിളിച്ചത്. ആഫ്രിക്കയില്‍ നിന്ന് അടിമക്കച്ചവടത്തിലൂടെ അമേരിക്കയിലെത്തിയ കറുത്തവര്‍ഗക്കാരെയും മാര്‍ലി ഈ പാട്ടില്‍ ഓര്‍മ്മിക്കുന്നുണ്ട്. സംഗീതം കൊണ്ട് ലോകം വെട്ടിപ്പിടിച്ച മാര്‍ലി പിറന്ന മണ്ണിലേക്കു വീരനായകനെപ്പോലെ മടങ്ങി. മാര്‍ലിയുടെ ജനപ്രീതിയില്‍ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയന്നു. വോട്ടുപിടിക്കാനോ അട്ടിമറി നടത്താനോ പോന്ന കരുത്തുണ്ടായിരുന്നു ആ പാട്ടിന്. ജമൈക്കന്‍ പൊതുതിരഞ്ഞെടുപ്പു നടക്കുന്ന സമയത്തു തന്നെ സ്മൈല്‍ ജമൈക്ക എന്ന പേരില്‍ വന്‍ സംഗീത അവതരണത്തിനു മാര്‍ലി കോപ്പുകൂട്ടി. അതിനുള്ള ഒരുക്കങ്ങള്‍ മുറുകുന്നതിനിടെ അദ്ദേഹത്തിന് വെടിയേറ്റു. കരിയാത്ത മുറിവുകളുമായി ബോബ് മാര്‍ലി ജമൈക്കയുടെ തെരുവുകളില്‍ പാടി.
കത്തോലിക്കാമതവിശ്വാസിയായി വളര്‍ത്തപ്പെട്ട മാര്‍ലി ക്രമേണ റസ്റ്റഫാരിയിസത്തില്‍ ആകൃഷ്ടനായി. 1930ല്‍ ജമൈക്കയിലാരംഭിച്ച ഒരു ആത്മീയപ്രസ്ഥാനമാണ് റസ്തഫാരി. പാശ്ചാത്യസമൂഹത്തെ നിരാകരിക്കുക എന്നതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ മുഖമുദ്ര. പിന്നീട് റസ്തഫാരിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുകയും ചെയ്്തു. 1977ലാണ് കാന്‍സര്‍ ബാധിതനാണ് ബോബ് മാര്‍ലി എന്ന സത്യം സംഗീതലോകം അവിശ്വസനീയതയോടെ കേട്ടത്. വൈദ്യലോകം ശസ്ത്രക്രിയ വിധിച്ചു. പക്ഷേ റസ്റ്റഫാറിയന്‍ വിശ്വാസങ്ങള്‍ക്ക് എതിരായതിനാല്‍ ശസ്ത്രക്രിയ എന്ന ഉപദേശത്തെ മാര്‍ലി തിരസ്‌കരിച്ചു. പകരം റസ്റ്റഫാറിയന്‍സിന്റെ വിശുദ്ധ നാടായ എത്യോപ്യയിലേക്കു തീര്‍ഥയാത്ര പോയി. കാലക്രമേണ കാന്‍സര്‍ ശ്വാസകോശങ്ങളെയും മസ്തിഷ്‌കത്തെയും ബാധിച്ചു തുടങ്ങി. പക്ഷേ, അപ്പോഴും തന്റെ സംഗീത സപര്യ അദ്ദേഹം തുടര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍ 1981 മേയ് 11ന് മുപ്പത്തിയാറാം വയസില്‍ ആ സംഗീതം നിലച്ചു. മൂന്നു വര്‍ഷത്തിനു ശേഷം പുറത്തിറങ്ങിയ മാര്‍ലിയുടെ ലെജന്‍ഡ് എന്ന ആല്‍ബത്തിന്റെ രണ്ടരകോടിയിലധികം കോപ്പികളാണ് ലോകമെമ്പാടും വിറ്റഴിഞ്ഞത്. 1999ല്‍ ടൈം മാസിക അദ്ദേഹത്തിന്റെ എക്സോഡസ് എന്ന ആല്‍ബം ഇരുപതാം നൂറ്റാണ്ടിലെ മികച്ച ആല്‍ബമായി തിരഞ്ഞെടുത്തു. പിന്നീട് ഗ്രാമി അവാര്‍ഡും തേടിയെത്തി. ചായക്കോപ്പകളിലും ടി-ഷര്‍ട്ടുകളിലും അടിച്ചമര്‍ത്തപ്പെട്ടിട്ടുണ്ടാകാം ബോബ് മാര്‍ലി. പക്ഷേ, പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഞരമ്പുകളെ ത്രസിപ്പിക്കുന്ന വന്യവും ചടുലവുമായ ആ സംഗീതത്തെ തൊട്ടുനോവിക്കാന്‍ പോലും വിപണിക്കു കഴിഞ്ഞില്ല. ബോബ് മാര്‍ലി എന്നാല്‍ കഞ്ചാവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആരോ ആണെന്നുള്ളതാണ് പലരുടെയും ധാരണ; പാശ്ചാത്യ സംഗീതമെന്നാല്‍ ലൈംഗിക അരാജകത്വവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണെന്നും. എന്നാല്‍ ചരിത്രം പൊള്ളിച്ചു കൊണ്ടിരുന്ന ഒരുവന്റെ നിലനില്‍പ്പിന്റെ ഭാഷയായിരുന്നു ബോബ് മാര്‍ലിയുടെ സംഗീതം.