കനേഡിയന്‍ സ്പ്രിന്റര്‍ ബെന്‍ജോണ്‍സണും നവോത്ഥാന കാലത്തെ ഇംഗ്ലീഷ് നാടകകൃത്തും കവിയുമായിരുന്നു ബെന്‍ ജോണ്‍സണും ഓരേ തൂവല്‍ പക്ഷികളാണ്. ട്രാക്കിലെ കനേഡിയന്‍ ഇതിഹാസത്തിന്റെ നേട്ടങ്ങളില്‍ വിവാദങ്ങളുടെ കരിനിഴലാണ് പതിഞ്ഞതെങ്കില്‍ മറ്റൊരാള്‍ വില്യം ഷേക്‌സ്പിയറുടെ നിഴലില്‍ മറഞ്ഞു പോയി. ഷേക്‌സ്പിയറും ഗബ്രേിയേല്‍ സ്‌പെന്‍സറും നിറഞ്ഞു നിന്ന കാലഘട്ടത്തിലെ നാടകകൃത്ത് എന്ന അംഗീകാരം ലഭിക്കുന്നതിന് മുമ്പ് പരാജയങ്ങളുടെ കഥകളാണ് ഇംഗ്ലണ്ടിലെ ആദ്യത്തെ ആസ്ഥാന കവിയായ ബെന്‍ ജോണ്‍സണ് പറയാനുള്ളത്. പാണ്ഡിത്യം, നര്‍മ്മബോധം, ചടുലമായ വാക്ചാതുര്യം, സമകാലിക ജീവിതത്തെയും ആചാരങ്ങളെയും കുറിച്ചുള്ള ഉള്‍ക്കാഴ്ച, ശക്തമായ പരിഹാസപ്രയോഗ പാടവം തുടങ്ങി എല്ലാംനിറഞ്ഞ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥ പ്രതിഭയെന്ന വിളി വിരളമായി മാത്രമേ അദ്ദേഹം കേട്ടിട്ടുള്ളൂ. ബെഞ്ചമിന്‍ ജോണ്‍സണ്‍ എന്ന ബെന്‍ ജോണ്‍സണ്‍ പ്രധാനമായും അറിയപ്പെടുന്നത് വോള്‍പോണ്‍, ദി ആല്‍ക്കിമിസ്റ്റ്, ബര്‍ത്തലോമ്യാ ഫെയര്‍ തുടങ്ങിയ ഹാസ്യനാടകങ്ങളിലൂടെയാണ്. എലിസബത്തന്‍ കാലത്തിനു ശേഷം വന്ന ജേക്കബിയന്‍, കരോളിയന്‍, ക്രോംവെല്ലിയന്‍ കാലങ്ങളിലെ ഇംഗ്ലീഷ് നാടകകൃത്തുക്കളെയും കവികളെയും ജോണ്‍സണ്‍ വളരെയേറെ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ എണ്ണമറ്റ കൃതികളില്‍ ഹാസ്യം, ദുരന്തങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ കൃതികളില്‍ ഹാസ്യദുരന്തങ്ങള്‍ കൂട്ടിക്കലര്‍ത്താറില്ല. ഷേക്‌സ്പിയറുടെ അടക്കം റൊമാന്റിക് നാടകങ്ങളെ എതിര്‍ത്ത ജോണ്‍സണ്‍ ഗ്രീക്ക് നാടകങ്ങളുടെ പല അംശങ്ങളും സ്വീകരിക്കുകയുണ്ടായി. കോമഡി ഓഫ് ഹ്യൂമേഴ്സിന്റെ ഉപജ്ഞാതാവായും അദ്ദേഹത്തെ വിലയിരുത്തപ്പെടുന്നു. അസൂയ, അത്യാഗ്രഹം, പിശുക്ക് തുടങ്ങി ഏതെങ്കിലുമൊരു പ്രത്യേക ശീലമുള്ളവരായിരിക്കും കഥാപാത്രങ്ങളെന്നാണ് കോമഡി ഓഫ് ഹ്യൂമേഴ്സിന്റെ സവിശേഷത.
പതിനേഴാം നൂറ്റാണ്ട് മുഴുവന്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ തലയെടുപ്പുള്ള വ്യക്തിയായി ബെന്‍ ജോണ്‍സണെന്ന സാഹിത്യക്കാരന്‍ നിലകൊണ്ടു. ആഭ്യന്തരയുദ്ധത്തിനു മുമ്പ് ബെന്നിന്റെ ഗോത്രം അദ്ദേഹത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി. കവിതയില്‍ ജോണ്‍സന്റെ വഴി പിന്തുടര്‍ന്നവരും ബെന്നിന്റെ മക്കള്‍, ബെന്നിന്റെ ഗോത്രം എന്നൊക്കെ അറിയപ്പെട്ടിരുന്നവരുമായ റൊബര്‍ട്ട് ഹെറിക്ക്, റിച്ചാര്‍ഡ് ലോവ്ലേസ്, സര്‍ ജോണ്‍ സക്ക്‌ലിങ്ങ് തുടങ്ങിയവരുള്‍പ്പെട്ട യുവകവികളുടെ കൂട്ടം അക്കാലത്ത് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയിരുന്നു. ആഭ്യന്തരയുദ്ധത്തിനുശേഷമുള്ള പുന:സ്ഥാപനത്തിന്റെ കാലത്ത് ജോണ്‍സന്റെ ഹാസ്യനാടകങ്ങളും അവയിലെ കഥാപാത്രങ്ങളും വലിയ പ്രചാരം നേടി. പതിനെട്ടാം നൂറ്റാണ്ടില്‍ ജോണ്‍സന്റെ പ്രാധാന്യം കുറയാന്‍ തുടങ്ങി. കാല്പനിക യുഗത്തില്‍ ജോണ്‍സണിന്റെതുപോലെയുള്ള ഹാസ്യനാടകങ്ങളുടെ ആകര്‍ഷണം കുറഞ്ഞതോടെ അദ്ദേഹത്തെ ഷേക്‌സ്പിയറുമായി പ്രതികൂലമായ രീതിയില്‍ താരതമ്യം ചെയ്യുന്നത് പതിവായി. കാല്പനികര്‍ ചിലപ്പോഴൊക്കെ ജോണ്‍സനെ പ്രശംസിച്ചിട്ടുണ്ടെങ്കിലും പൊതുവേ ഷേക്‌സ്പിയറുടെ രീതിയില്‍ എഴുതാത്തതിന് അദ്ദേഹം വിമര്‍ശിക്കപ്പെടുകയാണുണ്ടായത്. ഇരുപതാം നൂറ്റാണ്ടിലാണ് വീണ്ടും ജോണ്‍സന്‍ മതിക്കപ്പെടാന്‍ തുടങ്ങിയത്.
1599ല്‍ എവരിമാന്‍ ഇന്‍ ഹിസ്ഹ്യൂമര്‍ എന്ന നാടകത്തിന്റെ വമ്പിച്ച വിജയത്തോടെയാണ് ബെന്‍ ജോണ്‍സണ്‍ ശ്രദ്ധേയനായത്. ലോഡ് ചേമ്പര്‍ ലെയ്ന്‍സ് മെന്‍ എന്ന പ്രശസ്ത നാടക കമ്പനിയാണ് ഈ നാടകം അവതരിപ്പിച്ചത്. ക്ലാസിക്കല്‍ റോമന്‍ കോമഡികളെ പിന്തുടരുന്ന നാടകത്തില്‍ തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷം നര്‍മ്മം കലര്‍ത്തി അവതരിപ്പിച്ചിരിക്കുന്നു. നര്‍മ്മ മനുഷ്യന്‍ എന്ന കഥാപാത്ര സങ്കല്പമാണ് ബെന്‍ ജോണ്‍സണിന്റെ ഒരു സവിശേഷ സംഭാവന. ആദ്യ നാടകാവതരണത്തിന്റെ വമ്പിച്ച വിജയം ആവര്‍ത്തിക്കാനായി ജോണ്‍സണ്‍ രചിച്ച എവരി മാന്‍ ഔട്ട് ഓഫ് ഹിസ് ഹ്യൂമര്‍ പരാജയപ്പെട്ടു.ഇത് നാടകകമ്പനിക്കാരും ജോണ്‍സണും തമ്മില്‍ വേര്‍പിരിയാനിടയായി. ഇക്കാലത്തു രൂപംകൊണ്ട ചില്‍ഡ്രന്‍ ഓഫ് ദി ക്വീന്‍സ് ചാപ്പല്‍ എന്ന നാടകക്കമ്പനിക്കുവേണ്ടി പല ഹാസ്യനാടകങ്ങള്‍ എഴുതി. ഇത് നാടക കമ്പനികള്‍ തമ്മിലുള്ള മത്സരത്തിന് വഴിതെളിച്ചു. ജോണ്‍സണിന്റെ ആദ്യ നാടകത്തിന്റെ പ്രശസ്തി നിലനിര്‍ത്താന്‍ തുടര്‍ന്നുള്ള സൃഷ്ടികള്‍ക്ക് സാധിച്ചില്ല. സിന്തിയാസ് റെവല്‍സ് എന്ന നാടകത്തില്‍ അദ്ദേഹം സ്വയം ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നു. സമൂഹത്തെയും കലാസൃഷ്ടികളെയും നിഷ്പക്ഷമായി വിലയിരുത്തുന്ന ഒരു ജഡ്ജി ആയിട്ടാണ് നാടകത്തില്‍ അദ്ദേഹം വേഷമിട്ടത്.
ജോണ്‍സണിന്റെ ദുരന്ത ചരിത്ര നാടകങ്ങളായ സൊജാനസ് ഹിസ് ഫാള്‍, കാറ്റിലീന്‍ ഹിസ് കോണ്‍സ്പിരസി എന്നി നാടകങ്ങള്‍ക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിച്ചില്ലെങ്കിലും നിരൂപക പ്രശംസ പിടിച്ചു പറ്റാനായി. ഇക്കാലയളവിലാണ് വിശ്വപ്രസിദ്ധമായ വോള്‍ പോണി ഓര്‍ ദി ഫോക്സ്, ദി ആല്‍ക്കെമിസ്റ്റ്, ബാര്‍ത്തലോമിയോ ഫെയര്‍ തുടങ്ങിയ ഹാസ്യനാടകങ്ങള്‍ക്ക് അദ്ദേഹം ജന്മം നല്‍കുന്നത്. ഈ നാടകങ്ങളിലെല്ലാം മനുഷ്യന്റെ വൈകല്യങ്ങളെ നാടകീയമായി അവതരിപ്പിക്കുന്നതില്‍ ജോണ്‍സണിന്റെ മികവ് പ്രകടമാകുന്നു. ദുരാചാരങ്ങളെ നിര്‍ദ്ദയം തുറന്നു കാട്ടുന്ന വോള്‍ പോണ്‍ പ്രബുദ്ധ സ്വഭാവമുളള ഒരു ക്ലാസിക്കല്‍ നാടകമാണ്. ബാര്‍ത്തലോമ്യാ ഫെയറില്‍ നാടകകൃത്ത് ക്ലാസിക്കല്‍ സന്മാര്‍ഗവാദിയുടെ വേഷം ഉപേക്ഷിച്ച് നര്‍മരസത്തോടെ പ്രേക്ഷകരെ രസിപ്പിക്കുന്നു. എണ്ണമറ്റ ഉപകഥകള്‍ ഉള്‍പ്പെടെ പറയുന്ന സങ്കീര്‍ണമായ ഇതിവൃത്തം ബെന്‍ ജോണ്‍സണിന്റെ നാടകങ്ങളുടെ പൊതുസ്വഭാവമാണ്. വൈകാരികാനുഭൂതിയെക്കാള്‍ ബൗദ്ധികമൂല്യങ്ങള്‍ക്കാണ് ജോണ്‍സണ്‍ പ്രാധാന്യം നല്‍കിയത്. 1616ല്‍ രചിച്ച വിരസമായ ദി ഡെവിള്‍ ഈസ് ആന്‍ ആസിനു ശേഷം 1625 വരെ നാടകവേദി വിട്ട് ജോണ്‍സണ്‍ മാസ്‌കുകള്‍ അഥവാ മുഖംമൂടി നാടകങ്ങളിലേക്കു തിരിഞ്ഞു. രാജസദസില്‍ അവതരിപ്പിക്കുന്നതായിട്ടാണ് മിക്കതും രചിച്ചത്. 1605ല്‍ ഇനിഗോ ജോണ്‍സണുമായി യോജിച്ച് ദി മാസ്‌ക് ഓഫ് ബ്ലാക്ക്നസ് എന്നൊരു മുഖംമൂടി നാടകം എഴുതിയിരുന്നു. ദി മാസ്‌ക് ഓഫ് ബ്യൂട്ടി, ദി മാസ്‌ക്ക് ഓഫ് ക്വീന്‍സ് , ഒബറോണ്‍ ദി ഫെയറി പ്രിന്‍സ് എന്നിവ പ്രശസ്തമായ മുഖംമൂടി നാടകങ്ങളാണ്. ജോണ്‍സന്റെ അവസാനകാല നാടകങ്ങള്‍ക്ക് വേണ്ടത്ര ജനശ്രദ്ധ നേടാനായില്ല. ഇവയില്‍ ദി സൈലന്റ് വിമന്‍, ദി ഡെവില്‍ ഈസ് ആന്‍ ആസ്, ദി സ്റ്റേപ്പിള്‍ ഓഫ് ന്യൂസ് എന്നിവ ശ്രദ്ധേയമാണ്.
1572ല്‍ വെസ്റ്റ് മിന്‍സ്റ്ററില്‍ ദാരിദ്ര്യത്തിന് നടുവിലാണ് ബെന്‍ ജോണ്‍സണ്‍ ജനിച്ചത്. ജനിക്കുന്നതിനു തൊട്ടുമുമ്പ് പിതാവ് മരിച്ചു. അമ്മ ഒരു ഇഷ്ടികത്തൊഴിലാളിയെ വീണ്ടും വിവാഹം കഴിച്ചു. ഭാഗ്യവശാല്‍ ബുദ്ധിമാനായ ഒരു ആണ്‍കുട്ടിക്ക് ഒരു അജ്ഞാത സുഹൃത്ത് വെസ്റ്റ്മിന്‍സ്റ്റര്‍ സ്‌കൂളില്‍ ചേരുന്നതിന് പണം നല്‍കി. സ്‌കൂള്‍ വിട്ടശേഷം ജോണ്‍സണ്‍ തന്റെ രണ്ടാനച്ഛനോടൊപ്പം ഒരു ഇഷ്ടികത്തൊഴിലാളിയാകാന്‍ ശ്രമിച്ചു. പക്ഷേ ഈ തൊഴില്‍ സ്വീകരിച്ചില്ല. ലിങ്കണ്‍ ഇന്നിന്റെ മതിലുകള്‍ പണിയുന്നതിനിടെ കുഞ്ഞു ജോണ്‍സണ്‍ ഹോമറിനെ പാരായണം ചെയ്തു കൊണ്ട് സാഹിത്യത്തിലെ താല്‍പ്പര്യം പ്രകടമാക്കി. പിന്നീട് കുറച്ചു കാലം ഡച്ചുകാരോടൊപ്പം ചേര്‍ന്നു സ്പാനിഷ് ആക്രമണകാരികള്‍ക്കെതിരെ പോരാടി. 1597 ലാണ് അദ്ദേഹത്തിന്റെ ആദ്യകാല നാടകം ദി കേസ് ഈസ് ആള്‍ട്ടര്‍ഡ് പെംബ്രോക്ക് കമ്പനി അവതരിപ്പിച്ചത്. 1597 ലെ വേനല്‍ക്കാലത്ത് തോമസ് നാഷെയുമായി ജോണ്‍സണ്‍ എഴുതിയ ഐല്‍ ഓഫ് ഡോഗ്‌സ് എന്ന ആക്ഷേപഹാസ്യ നാടകം അധികാരങ്ങളെ അസ്വസ്ഥമാക്കി. ഇതേ തുടര്‍ന്ന് മറ്റ് രണ്ട് അഭിനേതാക്കള്‍ക്കൊപ്പം ജോണ്‍സണും അറസ്റ്റിലായി. ഷേക്സ്പിയറുടെയും ബെന്‍ ജോണ്‍സണിന്റെയും സങ്കേതം മെര്‍മേയ്ഡ് റ്റാവേണ്‍ ആയിരുന്നു എന്നു മാത്രമല്ല അവര്‍ അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ മത്സരമായി. വിശ്വസാഹിത്യത്തില്‍ ഷോക്‌സ്പിയറിന്റെ നിഴലായി ആണ് ജോണ്‍സണിനെ വിലയിരുത്താറുള്ളത്. ജോണ്‍സന്റെ ദീര്‍ഘമായ തകര്‍ച്ച തുടങ്ങിയത് 1616ല്‍ ചെകുത്താന്‍ ഒരു കഴുതയാണ് എന്ന നാടകത്തിന്റെ പരാജയത്തോടെ ആണ്. എന്നാല്‍ തുടര്‍ച്ചയായുണ്ടായ ചില തിരിച്ചടികള്‍ അദ്ദേഹത്തിന്റെ ശക്തിക്ഷയത്തിനു കാരണമായി. ജോണ്‍സന്റെ ഗാനങ്ങള്‍ക്ക് വ്യക്തമായ ശൈലിയും ആസ്വാദ്യതയുമുണ്ടെങ്കിലും അവയ്ക്കു വികാര തീവ്രതയില്ലെന്നാണ് നിരൂപകരുടെ വാദം. സാധാരണക്കാര്‍ക്കിടയില്‍ കവിയെന്ന നിലയിലുള്ള ജോണ്‍സന്റെ പ്രശസ്തി ഏതാനും കവിതകളെ ആശ്രയിച്ചിരിക്കുന്നു. ദൈര്‍ഘ്യമുള്ളവയല്ലെങ്കിലും സൗന്ദര്യത്തിലും കൃത്യതയിലും അവയെ അതിശയിക്കുന്ന നവോത്ഥാനകാല കവിതകള്‍ അക്കാലത്ത് വേറേയില്ലായിരുന്നു.