ഭക്ഷണപ്രിയരാണ് പൊതുവേ നാമെല്ലാവരും. ഭക്ഷണം രുചികരമാകുന്നതിനൊപ്പം ആകര്‍ഷകം കൂടിയാണെങ്കിലോ ഇരട്ടി മധുരമായിരിക്കും. ഭക്ഷണം കഴിക്കാന്‍ എത്തുമ്പോള്‍ പ്ലേറ്റില്‍ എത്തുന്നത് മിസ്റ്റര്‍ബീനും കടുവയും കുതിരയുമൊക്കെ നിറഞ്ഞാലോ ! കേള്‍ക്കുമ്പോള്‍ അതിശയോക്തി തോന്നുമെങ്കിലും ബെല്‍ജിയംകാരിയായ ജോലാന്‍ഡ സ്റ്റോക്കെര്‍മാന്‍ എന്ന വീട്ടമ്മയും അവരുടെ ഫുഡ് ആര്‍ട്ടും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മക്കളെ സന്തോഷിപ്പിക്കാനും ഭക്ഷണം കഴിപ്പിക്കാനും അമ്മമ്മാര്‍ പലതരത്തില്‍ വിഭവങ്ങള്‍ ഒരുക്കുമെങ്കിലും ജോലാന്‍ഡയുടെ കരവിരുതിനെ അത്ഭുതത്തോടെ മാത്രമേ കാണാന്‍ സാധിക്കൂ. രണ്ട് മക്കളും ഓമനനായ്ക്കളുമായി ബെല്‍ജിയത്തിലെ കൊര്‍സല്‍ എന്ന ഒരു ചെറുപട്ടണത്തില്‍ കഴിയുന്ന ജോലാന്‍ഡ ഇന്ന് കരവിരുതിന്റെ പര്യായമാണ്. കുട്ടികള്‍ക്കുള്ള ഭക്ഷണം അവര്‍ക്കിഷ്ടമാകുന്നതുപോലെ എങ്ങനെ പ്ലേറ്റില്‍ ഒരുക്കാം എന്ന് ആലോചിച്ച് തലപുകച്ചപ്പോഴാണ് ഫുഡ് ആര്‍ട്ട് പരീക്ഷിക്കാന്‍ തീരുമാനിച്ചത്. മിമിസ്റ്റര്‍ ബീന്‍, ബോബ്മാര്‍ലി, മണിഹെയ്സ്റ്റിലെ ടോക്കിയോ, ഫ്രോസനിലെ എല്‍സ, ഇറ്റിലെ ക്ലൗണ്‍, ജോക്കര്‍ ഇങ്ങനെ കുട്ടികള്‍ക്കിഷ്ടമാകുന്ന പലതരം കഥാപാത്രങ്ങള്‍ അവര്‍ തന്റെ പ്ലേറ്റുകളില്‍ നിറച്ചു. ആദ്യം കൗതുകത്തിന് തുടങ്ങിയ ഫുഡ് ആര്‍ട്ടിനെക്കുറിച്ച് വീട്ടുകാര്‍ നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു തുടങ്ങിയതോടെ കാര്യമായി എടുക്കാന്‍ ജോലാന്‍ഡ തീരുമാനിച്ചു.
അമ്മയുടെ കരവിരുതു കണ്ട മക്കളാണ് സോഷ്യല്‍ മീഡിയയില്‍ ഒരു അക്കൗണ്ട് തുടങ്ങാന്‍ ജോലാന്‍ഡയെ പ്രേരിപ്പിച്ചത്. ഡേ മീല്‍ പ്രിപ്പെര്‍ എന്ന അക്കൗണ്ട് തുടങ്ങി അതില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു തുടങ്ങി. വൈകാതെ ചിത്രം വരച്ചതുപോലെ തന്നെ തോന്നുന്ന ഫുഡ് ആര്‍ട്ടുകള്‍ക്ക് ലോകമെമ്പാടും നിരവധി ആരാധകരുണ്ടായി. റിയലസ്റ്റിക് ലുക്കിലാണ് ജോലാന്‍ഡ ചിത്രങ്ങള്‍ വരയ്ക്കുന്നത്. കഴിക്കാന്‍ പറ്റുന്ന സാധനങ്ങള്‍ മാത്രമാണ് അവര്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വിവിധ തരം മസാലക്കൂട്ടുകളാണ് ഫുഡ് ആര്‍ട്ടില്‍ നിറങ്ങള്‍ നല്‍കാനായി ചേര്‍ക്കുന്നത്. ഭക്ഷണം ഒരുക്കുന്നത് കുട്ടികള്‍ക്ക് വേണ്ടിയായതിനാല്‍ കൃത്രിമമായ സാധനങ്ങളൊന്നും ചേര്‍ക്കില്ലെന്ന് ജോലാന്‍ഡ പറയുന്നു.
പച്ചക്കറികള്‍, ടൊമാറ്റോസോസ്, നാച്ചുറല്‍ ഫുഡ് കളറിങ്, സോയിസോസ്, പാസ്ത, സ്പൈസസ്, ന്യൂഡില്‍സ്, ധാന്യങ്ങള്‍ എന്നിവയൊക്കെയാണ് കൂടുതലായും ഉപയോഗിക്കുന്നതെന്ന് ജോലാന്‍ഡ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഓരോ ചിത്രങ്ങള്‍ക്കുമൊപ്പം അവയിലെ ചേരുവകളുടെ വിവരവും തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യാറുണ്ട്. രണ്ട് മുതല്‍ നാല് മണിക്കൂര്‍ വരെയാണ് ഒരു പ്ലേറ്റ് സെറ്റ് ചെയ്യാനായി ജൊലാന്‍ഡയ്ക്ക് ചെലവഴിക്കുന്നത്. സിംഹം, കടുവ, സീബ്ര എന്നിവയൊക്കെയാണ് ജോലാന്‍ഡയ്ക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങള്‍. ഡേ മീല്‍ പ്രിപ്പെര്‍ ലക്ഷ്യമിടുന്നത് തിരക്കേറിയ കുടുംബങ്ങള്‍ക്കുള്ള ഡിന്നര്‍ ടിപ്പുകളാണ്. കൊറോണക്കാലത്ത് ഫുഡ് ആര്‍ട്ടില്‍ നിരവധി ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പുകളും ജൊലാന്‍ഡ സംഘടിപ്പിച്ചിരുന്നു. 16500 ലധികം ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ജോലാന്‍ഡയെ ഫോളോ ചെയ്യുന്നത്. സംഗതി ക്ലിക്കായതോടെ നിരവധി പേരാണ് ഫുഡ് ആര്‍ട്ടിന്റെ ആവശ്യക്കാരായി അവരെ സമീപിച്ചു കൊണ്ടിരിക്കുന്നത്.