എത്ര കണ്ടാലും തീരാത്തതാണ് ആകാശത്തെ വിസ്മയങ്ങള്‍. മലര്‍ന്നു കിടന്ന് മാനത്തുനോക്കി അത്ഭുതം കൂറാന്‍ കഴിയുന്ന ഒരേയൊരു ജീവി മനുഷ്യനാണ്, അതുകൊണ്ട് തന്നെ ആകാശക്കാഴ്ചകള്‍ എക്കാലത്തും അവന്റെ ഭാവനയെയും ജിജ്ഞാസയെയും ഉണര്‍ത്തിയിട്ടുമുണ്ട്. വേട്ടയാടിയും പെറുക്കി തിന്നും കഴിഞ്ഞിരുന്ന ആദ്യ നാളുകളില്‍ തന്നെ സൂര്യന്റെ ദിനചലനവും ചന്ദ്രന്റെശോഭയും നക്ഷത്രാവൃതമായ രാത്രി നഭസും മനുഷ്യനെ ആകര്‍ഷിച്ചിരുന്നിരിക്കും എന്നതില്‍ സംശയമില്ല. അതുകൊണ്ടാണ് മാനവചരിത്രത്തില്‍ ആദ്യം വികസിച്ച ശാസ്ത്രശാഖകളിലൊന്നായി ജ്യോതിശാസ്ത്രം മാറിയത്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും കോടിക്കണക്കിന് ഗ്രഹങ്ങളുമൊക്കെ ഉള്‍പ്പെടുന്നതാണ് മനുഷ്യനെന്നും ആകാംഷയോടെ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ബഹിരാകാശമെന്ന വിസ്മയ ലോകം. ജ്യോതിശാസ്ത്രത്തിലെ അപൂര്‍വ പ്രതിഭാസമായ വ്യാഴം, ശനി ഗ്രഹങ്ങളുടെ മഹാസംഗമാണ് ഡിസംബര്‍ 21 സാക്ഷിയായത്. 794 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും രണ്ടാം സ്ഥാനമുള്ള ശനിയും ഭൂമിയുടെ നേര്‍രേഖയില്‍ ദൃശ്യമായി. തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ സന്ധ്യയ്ക്ക് നഗ്‌ന നേത്രങ്ങള്‍ക്കൊണ്ട് ഈ പ്രതിഭാസം ഭൂമിയില്‍ നിന്ന് കാണാനും സാധിച്ചു. ഇനി ഇത്തരത്തിലൊരു കാഴ്ചയ്ക്കായി 2080 വരെ കാത്തിരിക്കണം.
അവസാനമായി വ്യാഴവും ശനിയും അടുത്തടുത്ത് വന്ന് മഹാസംഗമം ഭൂമിയില്‍ ദൃശ്യമായത് 1226 ലാണ്. 1623ല്‍ ഇതുപോലെ ഇരുഗ്രഹങ്ങളും അടുത്തു വന്നെങ്കിലും ശനി സൂര്യന് സമീപം വന്നതിനാല്‍ ഭൂമിയില്‍ നിന്ന് ദൃശ്യമായിരുന്നില്ല. ഗലിലിയോ ടെലസ്‌കോപ് കണ്ടെത്തി 14 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഈ കാഴ്ച്ച. ഭൂമിയില്‍ നിന്നും 735 ദശലക്ഷം കിലോമീറ്റര്‍ അകലെയാണ് ഇരു ഗ്രഹങ്ങളും സ്ഥിതി ചെയ്യുകയെങ്കിലും ഭൂമിയോട് ഏറ്റവും അടുത്തുള്ളതായി തോന്നും. പതുക്കെ സഞ്ചരിക്കുന്ന രണ്ട് ഗ്രഹങ്ങളായ വ്യാഴവും ശനിയും തമ്മിലുള്ള സംഗമം അപൂര്‍വമാണ്. അതുകൊണ്ടാണ് മഹാസംഗമം എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. സൂര്യനെ ഭ്രമണം ചെയ്യാന്‍ വ്യാഴത്തിന് 11.86 ഭൗമവര്‍ഷവും ശനിയ്ക്ക് 29.4 ഭൗമവര്‍ഷവും എടുക്കും. അതിനാല്‍ ഓരോ 19.85 ഭൗമവര്‍ഷത്തിലും ഇവ രാത്രി ആകാശത്ത് പരസ്പരം കടന്നുപോകുന്നതായി കണക്കാക്കപ്പെടുന്നു. എന്നാലും ഭൂമിയുടെയും വ്യാഴത്തിന്റെയും ശനിയുടെയും പാതകള്‍ തമ്മിലുള്ള ചരിവ് കാരണം അവ പലപ്പോഴും ഒരു നേര്‍രേഖയില്‍ വരാറില്ല.
വ്യാഴം ഏകദേശം 12 വര്‍ഷം കൊണ്ടും ശനി 30 വര്‍ഷം കൊണ്ടും സൂര്യനെ ചുറ്റിവരും. ഇതിനിടയില്‍ 20 വര്‍ഷം കൂടുമ്പോള്‍ വ്യാഴം ശനിയെ മറികടക്കും. ആ സന്ദര്‍ഭത്തില്‍ അവ തമ്മില്‍ ആകാശത്ത് കോണളവില്‍ ചെറിയ അകലമേ ഉണ്ടാകൂ. ഇതാണ് മഹാസംഗമത്തിന് കാരണം. ഈ സമയം ഈ ഗ്രഹങ്ങള്‍ തമ്മിലുള്ള കോണീയ ദൂരം അന്ന് 0.1 ഡിഗ്രിയായി കുറയും. പൂര്‍ണ ചന്ദ്രന്റെ വ്യാസം ഉണ്ടാക്കുന്ന കോണളവിന്റെ അഞ്ചിലൊന്നു മാത്രമാണിത്. അകലം ഇത്ര കുറയുന്നത് അത്യപൂര്‍വമാണ്. ഡിസംബര്‍ 21ന് ശേഷം വ്യാഴവും ശനിയും അടുത്തു വരുന്നത് 2040 നവംബര്‍ 5ന് ആയിരിക്കും. പക്ഷേ അന്നു ഇത്രയും അടുക്കില്ല. ഇത്തവണത്തെപ്പോലെ അടുപ്പം ഇനി വരുന്നത് 2080 മാര്‍ച്ച് 15 നായിരിക്കും. മഹാസംഗമത്തില്‍ വ്യാഴവും ശനിയും കാഴ്ചയില്‍ അടുത്തടുത്ത് നില്‍ക്കുന്നുവെന്ന് തോന്നുമെങ്കിലും അവ തമ്മിലുള്ള യഥാര്‍ത്ഥ ദൂരം ഏകദേശം 15 കോടി കിലോ മീറ്ററിലധികമാണ്.
നമ്മളൊക്കെ അതു കാണാന്‍ ആകാശത്തേക്കു താത്പര്യപൂര്‍വം നോക്കും എന്നതൊഴികെ മറ്റൊന്നും ഈ വിസ്മയ സംഗമത്തിന് ഇല്ല. വ്യാഴവും ശനിയും ഒരേദിശയില്‍ വരുമെങ്കിലും ഗുരുത്വബലത്തില്‍ കാര്യമായ വ്യത്യാസം വരില്ല. വ്യാഴവും ശനിയും ഭീമന്‍ ഗ്രഹങ്ങളാണെങ്കിലും സൂര്യനുമായി താരതമ്യം ചെയ്യുമ്പോള്‍ കുഞ്ഞന്‍മാരാണ്. ഇവരില്‍ കേമനായ വ്യാഴത്തിന്റെ മാസ് സൂര്യന്റെ മാസിന്റെ ആയിരത്തി ഒന്നില്‍ താഴെയാണ്. ദൂരമാണെങ്കില്‍ സൂര്യനെ അപേക്ഷിച്ച് വളരെ കൂടുതലും. അതിനാല്‍ സൂര്യന്‍ ചെലുത്തുന്നതിന്റെ 36000ല്‍ ഒരുഭാഗം ഗുരുത്വബലം മാത്രമാണ് വ്യാഴം പ്രയോഗിക്കുന്നത്. ശനിയുടേത് ഇതിലും വളരെ കുറവായിരിക്കും. ഗുരുത്വബലമല്ലാതെ കാര്യമായ മറ്റൊരു ബലവും ഈ ഗ്രഹങ്ങള്‍ ഭൂമിയില്‍ പ്രയോഗിക്കുന്നില്ല.